+91 8590 373975
https://eucharistiamcbs.com/public/storage/images/kqeqFXjyYQsujEW6Ee8kNQUTjOkacwSvEsRg4ssa.jpg

പരിശുദ്ധ കുര്‍ബ്ബാന, ജീവനാകാനും ജീവനേകാനും: കൊറോണക്കാലത്തെ അതിജീവന ചിന്ത…

വാഴ്ത്തിമുറിച്ച് നല്‍കപ്പെടുന്ന പരിശുദ്ധ കുര്‍ബ്ബാന മാനവസമൂഹത്തിന്‍റെ ജീവനും ശക്തിയും കരുത്തുമാണ്. മരണത്തിന്‍റെ താഴ്വരയില്‍ ലോകം വലയുന്ന കാലത്ത് പുനരാചരിക്കപ്പെടേണ്ട ദിവ്യകാരുണ്യപ്രസക്തിയെക്കുറിച്ചാണ് ഈ കുറിപ്പ്.

2020 എന്ന കലണ്ടര്‍ വര്‍ഷത്തിന് ലോകം കവാടം തുറന്ന് കൊടുത്തപ്പോള്‍ കൂടെ കോവിഡ്-19 എന്ന പകര്‍ച്ച വ്യാധിക്ക് കാരണമായ കൊറോണ വൈറസ്സുമുണ്ടായിരുന്നു. മനുഷ്യരാശിയുടെ തെരുവുകളിലേക്ക് വീശുമുറവുമായി കിരീടാകൃതി ധരിച്ച നഗ്നനേത്രദര്‍ശിയല്ലാത്ത വൈറസ് ഇറങ്ങിയപ്പോള്‍ ജീവനും മരണത്തിനുമിടയില്‍ മാനവരാശി ഗതി കിട്ടാതെ പിടഞ്ഞു. പ്രാണന്‍റെ സങ്കേതങ്ങളില്‍ ശ്വാസം നിലച്ചതോടെ അനേകര്‍ മരണത്തിന് കീഴടങ്ങി. വുഹാനിലെ ആശുപ്പത്രിയില്‍ സംശയാസ്പതമെന്ന രീതിയില്‍ കണ്ടെത്തിയ നാല് പേരുടെ രോഗ റിപ്പോര്‍ട്ട് ആദ്യം ഒരു സാംക്രമിക രോഗം എന്ന നിലയിലാണ് ലോകം പരിഗണിച്ചത് . എന്നാല്‍ 2020 മാര്‍ച്ച് 11 - ന് കോവിഡ്-19 ഒരു സാംക്രമിക രോഗമല്ല പകര്‍ച്ചവ്യാധിയാണ് എന്ന ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡ്ഹനോം ഗെബ്രെയെസൂസ് നടത്തിയ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകമ്പോഴേക്കും 118 രാജ്യങ്ങളിലായി 1,18,000 രോഗബാധിതർ ഉണ്ടായിക്കഴിഞ്ഞിരുന്നു. പുതുവത്സരത്തിന്‍റെ ആലസ്യത്തില്‍ നിന്ന് ലോകം കണ്‍തുറന്ന് വരുമ്പോഴേക്കും ആഗോളവ്യാപകമായ നാശനഷ്ടം ഇത് സൃഷ്ടിച്ചിരുന്നുവെന്നര്‍ത്ഥം. ലോകം അക്ഷരാര്‍ത്ഥത്തില്‍ മരണത്തിന്‍റെ താഴ്വരയായി മാറുകയായിരുന്നു.

പീറ്റര്‍ ബ്രൂഗല്‍ 1560 കളില്‍ വരച്ച മരണത്തിന്‍റെ വിജയം എന്ന ചിത്രം മധ്യകാലഘട്ടങ്ങളില്‍ രോഗാണുക്കളുടെ വ്യൂഹം കെട്ടഴിച്ചുവിട്ട സംഹാര കൊടുങ്കാറ്റിന്‍റെ രൗദ്രഭാവവും ഭീകരതയും വര്‍ണ്ണിക്കുന്ന ചരിത്രത്തിന്‍റെ സാക്ഷ്യമാണ്. ചായക്കൂട്ടുകളില്‍ അടയാളപ്പെടുത്തപ്പെട്ട ഭീകരദൃശ്യത്തിന്‍റെ വ്യാപ്തിയെ വര്‍ണ്ണിക്കാന്‍ അക്ഷരങ്ങള്‍ക്ക് പരിമിതിയുണ്ട്. എങ്കിലും, മെക്സിക്കന്‍ എഴുത്തുകാരന്‍ ഹുവാന്‍ റൂള്‍ഫോയുടെ, പെദ്രോ പരാമോ എന്ന നോവലിലെ 'ഭൂമിക്കു മുകളില്‍ നരകത്തിന്‍റെ കല്‍ക്കരിക്കനല്‍ കോരിവിതറിയിരിക്കുന്ന നാട്' എന്ന് കൊമാല എന്ന ദേശത്തെക്കുറിക്കുന്ന വാക്കുകളാണ് ഏകദേശ രൂപവിവരണമായി കൊടുക്കാവുന്നത്. ഈ ചിത്രത്തില്‍ കാണുന്നതനുസരിച്ച് അങ്ങകലെയെവിടെയോ ഇനിയും ആളിക്കത്തുന്ന തീയുടെ പുകയും ചാരവും... കടലില്‍ തകര്‍ന്നു കൂനകൂടിക്കിടക്കുന്ന കപ്പലുകളുടെ നഷ്ടാവശിഷ്ടങ്ങള്‍ക്കും മുമ്പിലായി താഴ്വരയില്‍ നടത്തപ്പെടുന്ന മരണത്തിന്‍റെ ഭയാനകമായ തേര്‍വാഴ്ച... കറുപ്പ് നിറമണിഞ്ഞ മരണമണികള്‍ ഇനിയും മുഴക്കപ്പെടുന്നുണ്ട്... ഇലകൊഴിഞ്ഞ വന്‍മരങ്ങളുടെ കാഴ്ച മുമ്പെങ്ങോ ഇവിടെ ഉണ്ടായിരുന്ന പച്ചത്തുടിപ്പുകളെക്കുറിച്ചുള്ള നോവുണര്‍ത്തുന്നുണ്ട്... മരണത്തിന്‍റെ സൈന്യം അതിക്രമിച്ചുകയറുമ്പോള്‍ മുമ്പില്‍ നിന്നു തടയുകയാണോ, അതോ പലായനം ചെയ്യുകയാണോ ജീവനോടെ അവശേഷിക്കുന്നവര്‍ക്ക് മുമ്പിലുള്ള വഴിയെന്നുള്ള സംശയം കാഴ്ചക്കാരെ ഏറെ നാള്‍ അലട്ടുമെന്നുറപ്പാണ്. ചിത്രത്തില്‍ ജീവനോടെ അവശേഷിക്കുന്നവര്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയായിരുന്നു എന്ന കാഴ്ചക്കാരന്‍റെ കരുതലിനു മുമ്പേ കുതിച്ചെത്തുന്ന മരണവാഹനത്തിന്‍റെ മുമ്പില്‍ വീണുകിടക്കുന്ന സ്ത്രീയുടെ ദയനീയ മുഖം കാണാം. അവരുടെ കൈയ്യിലെ കുഞ്ഞിന്‍റെ മുഖത്തെ നായ് നക്കുകയും ചെയ്യുന്നു. ഇനി ഇവിടം വിടുക ആര്‍ക്കും സാധ്യമല്ല എന്ന ഞെട്ടിപ്പിക്കുന്ന ബോധ്യം ആണ് ചിത്രം കാണുന്നവരില്‍ ഭയമായി നിറയുന്നത്. വാക്കുകളില്‍ പുനസൃഷ്ഠിക്കാന്‍ ബുദ്ധിമുട്ടേറിയ കാര്യത്തെ ചായക്കൂട്ടുകളില്‍ പകര്‍ത്തി ചരിത്ര സാക്ഷ്യമായി അവശേഷിപ്പിക്കുമ്പോള്‍ പീറ്റര്‍ ബ്രൂഗല്‍ പറയാതെ പറഞ്ഞത് മരണത്തിന്‍റെ ദിഗ്വിജയം ഇനിയും ആവര്‍ത്തിക്കപ്പെടും എന്ന് ആയിരിക്കണം.

മാനവചരിത്രം മരണവാഹികളായ രോഗാണുക്കളുടെ ചരിത്രം കൂടിയാണ്. നഗ്നനേത്രദര്‍ശികളല്ലാത്ത ഇവ കെട്ടഴിച്ചു വിട്ട സംഹാരത്തിന്‍റെ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞാണ് മനുഷ്യ ചരിത്രം വളര്‍ന്നിട്ടുള്ളത്. ചരിത്രത്തിന്‍റെ പല തുരുത്തുകളിലും കൃത്യമായ ഇടപെടലുകളിലൂടെ വ്യക്തമായ ദിശാവ്യതിയാനമുളവാക്കാന്‍ ഇവയ്ക്ക് സാധിച്ചിട്ടുമുണ്ട്. അനേകം മനുഷ്യ ജീവനുകളാണ് ഇത്തരം ആക്രമണങ്ങളില്‍ നഷ്ടപ്പെട്ടിട്ടുള്ളത്. 2020 - ല്‍ ഭൂമുഖത്തെ സന്ദര്‍ശിച്ച അതിഥി ആയിരുന്നു കോവിഡ്-19 എന്ന രോഗത്തിന് കാരണമായ കൊറോണ വൈറസ്. മനുഷ്യവംശം ശാസ്ത്രസാങ്കേതിക വിദ്യ കൊണ്ട് ഇത്തരം രോഗാണുക്കള്‍ക്ക് മറുപടി കരുതിയിട്ടുണ്ടായിരുന്നു എന്ന പൊതുധാരണയെ തിരുത്തുന്നതായി മാറി എന്നു മാത്രമല്ല, തലമുറകളുടെ മൂല്യങ്ങള്‍ക്കും സമൂഹത്തിലെ പെരുമാറ്റ രീതികള്‍ക്കും ഇന്നും പ്രസക്തിയുണ്ടെന്ന് ബോധ്യപ്പെടുത്തുന്നത് കൂടെയായി ഈ കാലം മാറി. ഏവരും ഭയത്തിലും പ്രതിരോധത്തിലും ഉള്‍വലിഞ്ഞപ്പോള്‍ നന്മയുടെയും പ്രവര്‍ത്തനത്തിന്‍റെയും ശുഭാപ്തിവിശ്വാസത്തിന്‍റെയും മാതൃകകള്‍ പുനസ്ഥാപിക്കപ്പെടേണ്ടതുണ്ടായിരുന്നു. ജീവനെയും അതിന്‍റെ മൂല്യത്തെയും ആവര്‍ത്തിച്ച് പ്രഘോഷിക്കുന്ന സഭാസമൂഹത്തിന്‍റെ ഉത്തരവാദിത്വമായിരുന്നു സാമൂഹിക ധീരതയുടെ വക്താക്കളാകുക എന്നത്. സഭ ഈ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുക തന്നെ ചെയ്തു.

ആശങ്കയുടെ ആദ്യഘട്ടം

 2020 മാര്‍ച്ച് 27 - ന് വത്തിക്കാനിലെ വി. പത്രോസിന്‍റെ ചത്വരം പതിവിനു വിപരീതമായി ശൂന്യമായിരുന്നു. കൊറോണ രോഗം വിതച്ച മരണഭീതിയില്‍ മനുഷ്യര്‍ അകപ്പെട്ടിരുന്ന സമയം. അവിടെ മാനവരാശിക്കു മുഴുവനുമായി ദൈവസന്നിധിയില്‍ ഏകനായി മാധ്യസ്ഥ്യം വഹിക്കുന്ന പ്രധാനപുരോഹിതനായി ഫ്രാന്‍സിസ് പാപ്പാ. അദ്ദേഹത്തിന്‍റെ ഉയര്‍ത്തിയ കരങ്ങളില്‍ ദിവ്യകാരുണ്യമടങ്ങിയ അരുളിക്ക. സര്‍വ്വലോകത്തിനും വേണ്ടിയുള്ള പ്രത്യേക ശ്ലൈഹിക ആശിര്‍വ്വാദം ഉര്‍ബി എത്ത് ഓര്‍ബി അന്ന് നല്‍കപ്പെട്ടു. "കൊടുങ്കാറ്റില്‍ ഏകരായി ഭയന്നുവിറച്ച ശിഷ്യരനുഭവിച്ച അതേ ഏകാന്തതയും ഭയവും ഇന്ന് നമ്മെ പിടികൂടിയിരിക്കുന്നു" എന്ന് പറഞ്ഞ അദ്ദേഹം തുടർന്നു, "എന്നാല്‍ അന്ന് വള്ളത്തില്‍ അവരോടൊപ്പം ഉണ്ടായിരുന്ന യേശു ഇന്നും നമ്മോടൊപ്പമുണ്ട്, അവിടുന്ന് നമ്മോട് അരുളിച്ചെയ്യുന്നു 'ഭയപ്പെടേണ്ട.'" ധൈര്യത്തിന്‍റെയും ശക്തിയുടെയും വിശ്വാസത്തിന്‍റെയും ചൈതന്യം ലോകമനസ്സിന്‍റെ ധമനികളില്‍ നിറയുകയായിരുന്നു അന്ന്. തളര്‍ന്നിരുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെ ചിറകുകള്‍ അന്ന് നല്‍കപ്പെടുകയായിരുന്നു. അന്ന് രാവില്‍ മഴ നനഞ്ഞ് ഏകനായി നടന്ന ആ വലിയമുക്കുവന്‍റെ വാക്കുകള്‍ ലോകത്തിന് പുതുപ്രതീക്ഷ നല്‍കുകയായിരുന്നു. വിശ്വാസത്തിലും പ്രതീക്ഷയിലും മാനവസമൂഹത്തിന് ചിറകുകള്‍ നിര്‍മ്മിക്കപ്പെട്ടു. 

പ്രായോഗികതയുടെ വത്തിക്കാന്‍ മാതൃക; ജീവിതമാതൃകകള്‍

വത്തിക്കാനില്‍ കൊറോണ വ്യാപനത്തിന്‍റെ ആദ്യ സൂചനകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ ദൈവാലയങ്ങള്‍ അടച്ചിടാനുള്ള നിര്‍ദ്ദേശം പരിശുദ്ധ പിതാവ് പുറപ്പെടുവിച്ചിരുന്നു. രാഷ്ട്രനേതൃത്വത്തിന്‍റെ തീരുമാനത്തോട് ചേര്‍ന്ന് നില്‍ക്കാനും പൊതുസമൂഹത്തിന്‍റെ സുരക്ഷിതത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും സഭ തയ്യാറാണെന്നുള്ള സന്ദേശമായിരുന്നു ഇതിലൂടെ നല്‍കപ്പെട്ടത്. വിവേകത്തിന്‍റെയും സമചിത്തതയുടെയും ഈ തീരുമാനത്തെ പരിഹസിക്കാനായിരുന്നു കേരളത്തിലെ മാധ്യമങ്ങളടക്കം പലരും ശ്രമിച്ചത്. രാഷ്ട്രനേതൃത്വത്തെ എതിര്‍ത്ത് സഭ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ലഭിക്കാമായിരുന്ന വലിയ വിമര്‍ശനത്തിനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള അതിയായ മനക്ലേശം മാധ്യമസമൂഹത്തെ വലച്ചിരുന്നു എന്ന് വ്യക്തം. നന്മ ചെയ്താലും വിമര്‍ശിക്കാനും പരിഹസിക്കാനുമുള്ള മാധ്യമവ്യഗ്രത ഇവിടെ വെളിപ്പെടുകയും ചെയ്തു.ദൈവാലയങ്ങള്‍ അടയ്ക്കപ്പെട്ടപ്പോള്‍ വിശ്വാസത്തിന് പ്രസക്തി നഷ്ടപ്പെട്ടു എന്നതായിരുന്നു മാധ്യമ സമൂഹങ്ങള്‍ ഉയര്‍ത്തിയ ആരോപണം. കത്തോലിക്കാ സഭ ക്രിസ്തുവിശ്വാസത്തിലൂടെ തലമുറകളായി ആര്‍ജ്ജിച്ചിരിക്കുന്ന ആന്തരീകോര്‍ജ്ജത്തെക്കുറിച്ചുള്ള അജ്ഞത പൊതുസമൂഹത്തില്‍ എത്രമാത്രം ആഴത്തിലുള്ളതാണെന്ന് ഇത് വ്യക്തമാക്കി.

ദൈവാലയങ്ങളുടെ കതകുകള്‍ ചേര്‍ത്തടച്ച് മതില്‍ക്കെട്ടുകളുടെ സുരക്ഷിതത്തില്‍ മറഞ്ഞിരിക്കുകയല്ല തങ്ങളുടെ ദൗത്യമെന്ന് സഭയിലെ വൈദികരും സമര്‍പ്പിതരും വിശ്വാസികളും ഉറക്കെ വിളിച്ചുപറയുന്ന ദിനങ്ങള്‍ വരുന്നതേ ഉണ്ടായിരുന്നുള്ളു. അടച്ചിട്ട ദൈവാലയങ്ങളില്‍ ഗത്സമെന്‍ തോട്ടത്തില്‍ ഏകനായിരുന്ന് പ്രാര്‍ത്ഥിച്ച യേശുവിന്‍റെ ഒറ്റപ്പെടലിന്‍റെ നൊമ്പരത്തോടെ സമര്‍പ്പിതര്‍ ബലിയര്‍പ്പിച്ചു. അത് രോഗബാധയുടെ യുദ്ധമുഖത്ത് ക്രൂശിക്കപ്പെട്ട ലോകത്തിന്‍റെ മറുപുറത്ത് ക്രൂശിക്കപ്പെടാനും മരണം വരിക്കാനുമുള്ള നിലപാടുകള്‍ക്ക് ശക്തി ലഭിക്കാന്‍ വേണ്ടിയുമായിരുന്നു. അള്‍ത്താരയിലെ ബലി തെരുവിലെ ജീവിതബലിയുടെ മുന്നൊരുക്കമായിരുന്നു. സുരക്ഷിതരായി സ്വസ്ഥജീവിതം നയിക്കാമായിരുന്ന വൈദികരും സമര്‍പ്പിതരും തെരുവില്‍ രോഗികളെ സന്ദര്‍ശിക്കാനിറങ്ങി. കൊറോണയുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഇതിന്‍റെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കൃത്രിമ ശ്വസന സഹായി മറ്റൊരു രോഗിക്കായി മാറ്റി വച്ച് മരണത്തിലേക്ക് യാത്രയായ ഫാ. ജൂസെപ്പെ ബെരാര്‍ദെല്ലി എന്ന 72 വയസ്സുകാരന്‍ ഇറ്റാലിയന്‍ വൈദികനടക്കം അനേകര്‍ രോഗികളായവരെ സേവിക്കുന്നതിലൂടെയും സഹായിക്കുന്നതിലൂടെയും മരണത്തിലേക്ക് യാത്രയായി.

സേവനത്തിന്‍റെ ഭാരതമാതൃക

2020 മാര്‍ച്ച് 25 ന് ഭാരതത്തില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന Christian Health Association of India (CHAI), The Christian Medical Association of India (CMAI), Emmanuel Health Association (EHA), The Christian Medical Collages (CMC) of Vellore and Ludhiana എന്നിവ ഉള്‍ക്കൊള്ളുന്ന The Christian Coalition of Health (CCH) മുതലായ ക്രിസ്തീയ സംഘടനകള്‍   ബഹു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച് കത്തില്‍ കൊറോണയ്ക്ക് തിരെ രാജ്യം മുഴുവനും പടനയിക്കാനുള്ള ഭാരത സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളോട് പരിപൂര്‍ണ്ണമായും സഹകരിക്കാനുള്ള സന്നദ്ധത വ്യക്തമാക്കി. ഈ കത്തിലൂടെ രാജ്യത്തുടനീളം തങ്ങളുടെ കീഴിലുള്ള 1000 ആശുപത്രികളും അവയുടെ സേവനങ്ങളും വ്യക്തികളും 60,000 ഓളം കിടക്കകളും പോരാട്ടത്തിന് സജ്ജമാണെന്ന് അറിയിക്കുകയും ചെയ്തു. ആരോഗ്യരംഗത്ത് രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ സാധിക്കുമെന്നുള്ള സന്ദേശം ആദ്യമായി അറിയിച്ചതും വ്യക്തവും കൃത്യവുമായ രീതിയില്‍ വ്യക്തമാക്കിയതും ക്രൈസ്തവ സമൂഹമാണ്. ആരോഗ്യരംഗത്തും സാമൂഹ്യസേവന രംഗത്തും രാജ്യത്തുടനീളം നിമിഷങ്ങള്‍ക്കുള്ളില്‍ കൈകോര്‍ത്ത് മുന്നേറാന്‍ നമുക്ക് സാധിക്കും എന്ന് ഭാരതജനതയ്ക്ക് വ്യക്തമാക്കിക്കൊടുക്കുന്നതുമായിരുന്നു ഈ സന്ദേശം.

കേരളത്തില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍

സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച അവസരത്തില്‍ത്തന്നെ കത്തോലിക്കാ സഭയുടെ ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. കൂടാതെ സഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍, ഹോസ്റ്റലുകള്‍, സാമൂഹിക ക്ഷേമസംവിധാനങ്ങള്‍, പാസ്റ്ററല്‍ സെന്‍ററുകള്‍ എന്നിവയുടെ വിശദവിവരങ്ങളും അവിടെ ലഭ്യമായ സൗകര്യങ്ങളുടെ വിശദാംശങ്ങളും അതാത് ജില്ലാ ഭരണാധികാരികള്‍ക്ക് കൈമാറിയിരുന്നു. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ അധികാരികളോട് സഹകരിച്ച് രൂപതകളില്‍ നേതൃത്വം നല്‍കിയത് സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളായിരുന്നു.

കോവിഡിന് എതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ നിര്‍മ്മാണവിതരണങ്ങള്‍, അതിഥി തൊഴിലാളികള്‍ക്കും പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും ഭക്ഷണവും മരുന്നും എത്തിച്ചു കൊടുക്കല്‍, ഭക്ഷണക്കിറ്റ് തയ്യാറാക്കി വിതരണം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധപ്രവര്‍ത്തകരും സന്യസ്തരും സജീവമായി പ്രവര്‍ത്തിച്ചു. കെസിബിസി മെയ് 14 - ന് പുറപ്പെടുവിച്ച പ്രസ്സ് റിപ്പോര്‍ട്ട് പ്രകാരം തന്നെ രൂപതാസോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളുടെ നേതൃത്വത്തില്‍ പതിനഞ്ചു ലക്ഷത്തിലേറെ മാസ്കുകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്തതായി അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് എപ്രില്‍ 30 വരെ 10,07,29,745 രൂപയും ഇടവകകളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 12,87,18,280 രൂപയും ചിലവഴിച്ചതായി അറിയിച്ചിരുന്നു. കൂടാതെ രൂപതകളില്‍ നിന്നും 1,03,50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെസിബിസി സംഭാവന ചെയ്യുകയും ചെയ്തതായി അറിയിച്ചു.

പീഡിപ്പിക്കപ്പെടുന്ന സഭ

കൊറോണക്കാലം സഭയ്ക്കും പീഡനത്തിന്‍റെ കാലമായിരുന്നു. ക്രൂശിക്കപ്പെട്ട ലോകത്തോടൊപ്പം ക്രൂശിതമായ കാലം. ലോകം മുഴുവനുമുള്ള മരണവും രോഗവും വേദനയും ഏകാന്തതയും അനുഭവിക്കുന്ന സഭാസമൂഹത്തോടൊപ്പം വേദനിപ്പിക്കപ്പെടുന്നവളും അവഹേളിക്കപ്പെടുന്നവളും ഒറ്റപ്പെടുന്നവളുമായി തിരുസ്സഭാമാതാവ്. പകര്‍ച്ചവ്യാധികളുടെ സന്തതികളാണ് ദാരിദ്ര്യവും മരണവും. സഭാമക്കളുടെ ദാരിദ്ര്യവും അവരുടെ മരണവും സഭാമാതാവിനെ സംബന്ധിച്ച് വേദനയുടെ കാലമാക്കി മാറ്റി. അതു പോലെ തന്നെയായിരുന്നു അവഹേളനങ്ങളും അപമാനങ്ങളും. മാധ്യമങ്ങളും അധികാര സമൂഹങ്ങളും ഒറ്റപ്പെടുത്തുകയും മാറ്റിനിര്‍ത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥകള്‍ ധാരാളമായി പത്രമാധ്യമങ്ങളിലൂടെ തെളിഞ്ഞു. എങ്കിലും സമചിത്തതയോടെ അവയെല്ലാം അതിജീവിച്ച്, അഗ്നിശുദ്ധി വരുത്തിയ ലോഹം പോലെ പ്രകാശിതമാകാന്‍ സഭയ്ക്ക് സാധിച്ചു. 

കാലം ആവശ്യപ്പെടുന്ന പുനര്‍ജനനം

മരണത്തിന് ശേഷം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ട്. ഈ കൊറോണക്കാലത്തിന് ശേഷവും അത് ഏവരും കാത്തിരിപ്പുണ്ട്. പുനരുത്ഥാനത്തിന്‍റെ ആഘോഷമായ പരിശുദ്ധ കുര്‍ബ്ബായാകണം ക്രൈസ്തവ സമൂഹത്തിന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാന്ദിയും കേന്ദ്രവും. അടഞ്ഞു കിടക്കുന്ന ദൈവാലയങ്ങള്‍ എല്ലാം തുറക്കപ്പെടണം. ക്രിസ്തുശരീരത്തെ സ്വീകരിക്കാതെ അടഞ്ഞു പോയ നമ്മുടെ ശരീരമാകുന്ന ആലയങ്ങളും തിരുമാംസരക്തങ്ങളുടെ സ്വീകരണത്തിനായി നാം തുറക്കണം. വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും ഉപവിയുടെയും ജീവിതസാക്ഷ്യങ്ങളായി വിശ്വാസ സമൂഹം പുനരുദ്ധരിക്കപ്പെടണം. കൂദാശകള്‍ സ്വീകരിക്കാതിരുന്നതിന്‍റെ ആലസ്യത്തില്‍ നിന്ന് വിമുക്തരായി സത്യത്തിന്‍റെയും നീതിയുടെയും ജ്വാലയുള്‍ക്കൊള്ളുന്ന കൂദാശാകേന്ദ്രീകൃത ജീവിതത്തിന്‍റെ സാക്ഷികളായി നാം അവതരിക്കണം. ദിവ്യകാരുണ്യ സന്ദര്‍ശനവും പരിശുദ്ധ കുര്‍ബ്ബാനയും മുന്‍പത്തേതിലുമധികം ആത്മാര്‍പ്പണത്തോടെ പുനരാചരിക്കപ്പെടണം. പകര്‍ച്ചവ്യാധിയുടെ വ്യാകുലകാലത്ത് വേര്‍പിരിഞ്ഞവരെല്ലാവരുടെയും സ്മരണയില്‍ ബലിയര്‍പ്പണങ്ങള്‍ സജീവമാക്കപ്പെടണം. നാം ജീവിച്ചിരിക്കുന്നു എന്ന പൂര്‍ണ്ണബോധ്യത്തോടെയും അതിനായി ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുമാകണം ബലിസമര്‍പ്പണങ്ങള്‍ നടത്തപ്പെടേണ്ടത്.

കൊറോണ ബാധയുടെ ഈ വ്യാകുലകാലം അവസാനിക്കും. ദൈവത്തിന്‍റെ സമൂഹം ഇനിയും പരമശക്തനായ ദൈവത്തിന്‍റെ ബലിപീഠത്തിന് ചുറ്റും ഒരുമിച്ചു കൂടും. അവിടെ, "യുഗാന്ത്യംവരെ ഞാന്‍ നിങ്ങളോട് കൂടെ  ഉണ്ടായിരിക്കും" എന്ന് അരുളിച്ചെയ്തവന്‍, "ദൈവം നമ്മോട് കൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവൻ വിളിക്കപ്പെടും" എന്നുള്ള പ്രവാചകവചനങ്ങളുടെ പൂര്‍ത്തീകരണമായവന്‍, "ഇത് എന്‍റെ ശരീരവും ഇത് എന്‍റെ രക്തവും" എന്ന് അരുളിച്ചെയ്ത ദൈവപുത്രന്‍റെ സനാതനമായ ഉടമ്പടിയുടെ ദിവ്യകാരുണ്യം നമ്മുടെ അള്‍ത്താരകളില്‍ എന്നുമെന്നും വണങ്ങപ്പെടും. അത് മരണത്തിന് മേല്‍ നിത്യജീവന്‍ നേടുന്ന വിജയത്തിന്‍റെ സ്മരണ ചരിത്രത്തില്‍ മാനവസമൂഹം ഒന്നാകെ ആചരിക്കുന്നതിന്‍റെ ഭാഗമായിരിക്കും. ഈ ലോകം കൊറോണ ബാധിത കാലത്ത് അവനോടൊപ്പം മൃതമായിരുന്നു, അവനോടൊപ്പം പുനര്‍ജ്ജീവിക്കും. വിശുദ്ധീകരിക്കപ്പെട്ട്, വേര്‍തിരിക്കപ്പെട്ട് പവിത്രീകരിക്കപ്പെട്ട ഒരു ജനതയായി നാം മാറും.

ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ_image
ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ

ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ എം.സി.ബി.എസ്. ക്രിസ്തീയ മാസികകളിലും സാമൂഹിക മാധ്യമങ്ങളിലും സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ വഴിയുള്ള നല്ല ഇടപെടലുകളിലൂടെ ശ്രദ്ധേയനാണ്.