+91 8590 373975
https://eucharistiamcbs.com/public/storage/images/CMrdKpOc7MgA3Ur9hNYvaf0b9R0KkrPWHGJNQsJo.jpg

ഒപ്പം

ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും ഉച്ചിയും ഊർജ്ജവുമാണ് പരി. കുർബ്ബാന. നമ്മുടെ കൂടെ ആയിരിക്കാൻ ആഗ്രഹിച്ച ദൈവം ആത്മദാനമായി നമ്മിലിറങ്ങി വസിക്കുന്ന അനുഭവമാണത്. ദൈവം കൂടെയുണ്ടെന്നു നിരന്തരം ഓർമ്മപ്പെടുത്തുന്ന കുർബ്ബാനയനുഭവങ്ങളാണ് ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ അതിജീവനത്തിനാധാരം.

കൂടെയുള്ള കുർബ്ബാന  അനുഭവത്തെ അടയാളപ്പെടുത്തുന്ന ആഴവും അഴകുമുള്ള ക്രിസ്തീയ ഭക്തി ഗാനമാണ് 'ഒപ്പം.' പരി. കുർബ്ബാനയ്ക്കുള്ള വാഴ്ത്തലാണിത്. നമ്മുടെ അരികിൽ വാഴ്ത്തപ്പെട്ട അപ്പത്തിന്റെ സാദ്യശ്യത്തിൽ ക്രിസ്തുവുണ്ടെന്ന തിരിച്ചറിവാണ് ഈ ഗാനം നമ്മുക്ക് നൽകുന്നത്. ഈ തിരിച്ചറിവിലാണ് നമ്മൾ ജീവിതത്തിലെ പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യേണ്ടതെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ഗാനം.

പരി. കുർബ്ബാനയെ നമ്മുടെ ഹൃദയങ്ങളോടടുപ്പിക്കുന്ന വിധത്തിലാണ് ഇതിലെ വരികളും സംഗീതവും ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ ക്രിസ്തുവിചാരങ്ങളിലൂടെ ശ്രദ്ധേയനായ ഫാ. മനു ആനത്താനമാണ് ‘ഒപ്പ’ത്തിലെ വരികളെഴുതിയിരിക്കുന്നത്. ക്രിസ്തീയ ഭക്തി ഗാനരംഗത്ത് തന്റേതായ ഇടം സ്ഥിരപ്പെടുത്തിയ ബഹു. ഫാ. മാത്യൂസ് പയ്യപ്പിള്ളിയാണ് ഇതിനു സംഗീതം നൽകിയിരിക്കുന്നത്.

‘ഒപ്പ’മെന്ന ഈ ഗാനത്തിന്റെ ശീർഷകം തന്നെ ഈ ഗാനത്തിന്റെ സാരത്തിലേയ്ക്കാണ് വിരൽ നീട്ടുന്നത്. നമ്മുടെ കൂടെ നടക്കാൻ ഏറെ കൊതിച്ചവന്റെ നിസ്വാർത്ഥ സ്നേഹത്തിന്റെ മാസ്മരികതയാണിതിലുള്ളത്. നമ്മെ ഒരിക്കലും ഒറ്റപ്പെടുത്താതെ ഒപ്പമാകുന്നവനെക്കുറിച്ചുള്ള അതിമനോഹരമായ വിവരണമാണിൽ നിറയെ. ദൈവത്തിന്റെ കരുതലിലും കരുണയിലുമാണ് ജീവിതം ഇങ്ങനെ മുൻപോട്ടു പോകുന്നതെന്ന് അറിയുന്ന ഒരു മനുഷ്യഹൃദയം കൃതജ്ഞതയോടെ ആലപിച്ചു പോകും:

"എന്നെയിത്ര കരുതാൻ ഞാനെന്തു നന്മ ചെയ്തു
 
എന്നെയിത്ര സ്നേഹിക്കാൻ ഞാനെന്തു പുണ്യം ചെയ്തു."

ദൈവം നൽകി വരുന്ന അധിക നന്മകൾക്കു മുന്നിൽ നിറയുന്ന മിഴികളോടെയും കൂപ്പിയ കരങ്ങളോടെയുമല്ലാതെ ഒരാൾക്ക് ഇതിലെ വരികളെ പൂർത്തിയാക്കാനാവില്ലെന്നു ഉറപ്പാണ്. തന്നെത്തന്നെ വാഴ്ത്തി നമ്മിലേയ്ക്ക് സ്വയം നീട്ടുന്ന ദൈവത്തോട് നാം എത്ര ഒരുമയോടെയും ഒരുക്കത്തോടെയുമാണ് ചേർന്നിരികേണ്ടതെന്ന് ഈ ഗാനം നമ്മെ ഓർമ്മപ്പെടുത്തുന്നു.
 
"ഇതാ നിന്റെ പ്രയാണത്തിനിയെന്റെ പ്രാണൻ" എന്ന വരി ഒരു വിശ്വാസിയുടെ ജീവിതത്തിനു മീതെയുള്ള ദൈവത്തിന്റെ അനന്തസ്നേഹത്തിന്റെ അരുണോദയമാണ്. പ്രാണൻ തന്നും നമ്മെ പവിത്രമാക്കുന്ന ഒരു ദൈവത്തിനു മുൻപിൽ സ്നേഹാധിക്യത്താൻ നമ്മൾക്കൊന്നും പറയാനാവാതെ വരുന്നു. കരങ്ങളിൽ കരുതിയും കദനവും കഴുകിയും നമ്മിലാകുന്ന ദൈവമാണീ ഗാനത്തിനു ആധാരം.

ശങ്കരാഭരണം എന്ന രാഗത്തിലാണ് ബഹു. മാത്യൂസ് പയ്യപ്പിളളിയച്ചൻ ഈ ഗാനത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പരി. കുർബ്ബാനയെ ആലാപത്തിലൂടെ അനുഭവമാക്കുവാൻ ഈ ഈണം നമ്മെ സഹായിക്കുന്നു. ക്രിസ്തീയ ഭക്തിഗാന രംഗത്തെ വ്യക്തി പ്രാഭവമായ കെസ്റ്ററിന്റെ സ്വരമാധുരിയിലാണ് നമ്മൾ ഈ ഗാനം ശ്രവിക്കുക. കെസ്റ്ററിന്റെ ആലാപനം ‘ഒപ്പ’ത്തിന്റെ ഹൃദ്യത കൂട്ടുന്നു. 
 

ജിസ്മോൾ അജേഷ്_image
ജിസ്മോൾ അജേഷ്