+91 8590 373975
https://eucharistiamcbs.com/public/storage/images/4D3Mu4nDvtV8x6YiW9rOHSM2xxqTKPNjtI5xETbP.jpg

വി. കുർബ്ബാനയർപ്പണവും സ്വീകരണവും: പൊതുവായ സംശയങ്ങൾ - 1

'വൈദികരുടെ ശുശ്രൂഷയും ജീവിതവും' എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയിൽ നാം ഇങ്ങനെ വായിക്കുന്നു: “എല്ലാ കൂദാശകളും പരിശുദ്ധ കുർബ്ബാനയോട് സംയോജിപ്പിക്കുന്നതും അതിലേക്ക് ലക്ഷ്യം വെച്ചിരിക്കുന്നതുമാണ്. കാരണം, അതിപരിശുദ്ധ കുർബ്ബാനയിൽ സഭയുടെ എല്ലാ ആദ്ധ്യാത്മിക നന്മയും അടങ്ങിയിരിക്കുന്നു” (PO 5). വിശ്വാസത്തിൻറെ രഹസ്യമായ വി. കുർബ്ബാനയിൽ സജീവമായി പങ്കെടുക്കാൻ വിശ്വാസികൾ ശ്രദ്ധിക്കേണ്ട നാലു കാര്യങ്ങൾ ‘ദൈവാരാധന’യെക്കുറിച്ചുള്ള പ്രമാണരേഖയിൽ കൗൺസിൽ പറയുന്നുണ്ട്: തിരുകർമ്മങ്ങളും പ്രാർത്ഥനകളും മനസ്സിലാക്കുക; മനസ്സിലാക്കി പ്രാർത്ഥിക്കുക, സ്തുതിക്കുക; വചന ശ്രവണത്താലും പ്രഘോഷണത്താലും നവീകൃതരാവുക;  വി. കുർബ്ബാന സ്വീകരണത്തിലൂടെ നവോന്മേഷം നേടി ദൈവത്തെ സ്തുതിക്കുക (SC 48) എന്നിവയാണിവ. 

ഈ പശ്ചാത്തലത്തിൽ വി. കുർബ്ബാന അർപ്പണവും സ്വീകരണവുമായി ബന്ധപ്പെട്ട് അല്മായർക്കും വൈദികർക്കും ഉണ്ടാകാനിടയുള്ള രണ്ട് പ്രധാന സംശയങ്ങളും അവയ്ക്ക് സഭാനിയമങ്ങൾ നൽകുന്ന ഉത്തരങ്ങളുമാണ് ഇവിടെ പ്രതിപാദിക്കുന്നത്. 

1. ആവർത്തിച്ചുള്ള കുർബ്ബാന സ്വീകരണം 

Q. ഒരു വിശേഷാവസരത്തിൽ (ഉദാ. ഇടവക തിരുനാൾ) ഒരു ദിവസം തന്നെ ഒന്നിലധികം തവണ വി. കുർബ്ബാനയിൽ സംബന്ധിക്കുന്ന ഒരു വിശ്വാസിയ്ക്ക് അന്ന് പങ്കെടുക്കുന്ന എല്ലാ കുർബ്ബാനയിലും, സജീവപങ്കാളിത്വത്തിന്റെ ഭാഗമായിവി. കുർബ്ബാന ഉൾക്കൊള്ളാനാകുമോ? 
 വി. കുർബ്ബാന സ്വീകരണത്തെക്കുറിച്ച്   പാശ്ചാത്യ/ലത്തീൻ സഭാ നിയമവും 
(CIC 1983) പൗരസ്ത്യ സഭാ നിയമവും (CCEO 1990) പ്രത്യേകം പറയുന്നതുകൊണ്ട് ഉത്തരത്തിന്റെ വ്യക്തതയ്ക്കായി ഇതിനെ രണ്ടായി വിശകലനം ചെയ്യേണ്ടതുണ്ട്.

1.1 ലത്തീൻ സഭാ നിയമവും (CIC 1983) ദിവ്യകാരുണ്യ സ്വീകരണവും
ദിവ്യകാരുണ്യ സ്വീകരണം ദിവസത്തിൽ ഒന്നുമാത്രമെന്ന പഴയ ലത്തീൻ നിയമത്തിന് (CIC 1917, Can. 857) രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം അയവു വന്നു. 1983 - ൽ പ്രാബല്യത്തിൽ വന്ന പുതിയ ലത്തീൻ കാനൻ നിയമം Can. 917 - ൽ നാം ഇങ്ങനെ വായിക്കുന്നു: വി. കുർബ്ബാന സ്വീകരിച്ച ഒരു വ്യക്തി അന്നേദിവസം തന്നെ വി. കുർബ്ബാനയിൽ സംബന്ധിക്കുകയാണെങ്കിൽ ‘വീണ്ടും’ വി. കുർബ്ബാന സ്വീകരിക്കാം. ഇവിടെ പരാമർശിക്കുന്നത് ഗുരുതരമായ രോഗാവസ്ഥയിലും മരണാസന്ന നിലയിലും ആയിരിക്കുന്നവർക്ക് ദിവ്യകാരുണ്യം തിരുപ്പാഥേയമായി നൽകുന്നതിനെക്കുറിച്ചല്ല എന്ന് Can. 921 വ്യക്തമാക്കുന്നുണ്ട്.  

Can. 917 - ലെ 'വീണ്ടും' എന്ന പ്രയോഗത്തിന് പ്രധാനമായും രണ്ട് വ്യാഖ്യാനങ്ങൾ ഉണ്ടായി: 1) ഒരാൾ അനുദിനം എത്ര തവണ വി. കുർബ്ബാനയിൽ സംബന്ധിക്കുന്നുവോ അത്രയും തവണ വി. കുർബ്ബാന സ്വീകരിക്കാം; 2) അതല്ല, ഒരു ദിവസം രണ്ടു പ്രാവശ്യം മാത്രമേ വി. കുർബ്ബാന സ്വീകരിക്കാവൂ. അങ്ങനെയിരിക്കെ 1984 - ൽ  വത്തിക്കാൻ കൂരിയയിലെ ‘നിയമ വ്യാഖ്യാനം നൽകുന്ന ഡിക്കാസ്റ്ററി’ (Dicastery) യുടെ ഔദ്യോഗിക വ്യാഖ്യാനം വന്നത് ഇപ്രകാരമാണ്: ഒരു വിശ്വാസി അനുദിനം എത്ര പ്രാവശ്യം വി. കുർബ്ബാനയിൽ പങ്കെടുത്താലും പരമാവധി രണ്ടു പ്രാവശ്യം മാത്രമേ ദിവ്യകാരുണ്യം സ്വീകരിക്കാവൂ. എന്നാൽ അതേദിവസം തന്നെ ആ വ്യക്തി മരണാവസ്ഥയിലാവുകയാണെങ്കിൽ അയാളുടെ അന്തിമാഭിലാഷം മാനിച്ചുകൊണ്ട് ഒരിക്കൽക്കൂടി ദിവ്യകാരുണ്യം തിരുപ്പാഥേയമായി (Viaticum) അയാൾക്ക് നൽകുന്നതിന് തടസ്സമില്ല. കത്തോലിക്കാ സഭയുടെ ഔദ്യോഗിക വിശദീകരണമാണിത്. അതായത് ഒരു ദിവസം ഒരു വ്യക്തിക്ക് ദിവ്യകാരുണ്യം കുർബ്ബാനയ്ക്കിടയ്ക്ക്  പരമാവധി രണ്ടു പ്രാവശ്യവും (Can. 917), അന്നേദിവസം തന്നെ തിരുപ്പാഥേയമായും (Can. 921) സ്വീകരിക്കാം.

1.2 പൗരസ്ത്യ സഭാ നിയമവും (CCEO 1990) ദിവ്യകാരുണ്യ സ്വീകരണവും

വി. കുർബ്ബാനയ്ക്കിടക്കാണ് ദിവ്യകാരുണ്യം നൽകേണ്ടതെന്ന് പൗരസ്ത്യ സഭകൾക്കുള്ള കാനൻ നിയമം Can. 713 - ൽ പറയുന്നു. എന്നാൽ തക്കതായ കാരണങ്ങളുണ്ടെങ്കിൽ ബലിയർപ്പണത്തിന് പുറമെയും ദിവ്യകാരുണ്യം നൽകാമെന്നും നിയമം പഠിപ്പിക്കുന്നുണ്ട്. മരണാസന്നർക്കും രോഗാവസ്ഥയിലായവർക്കും തിരുപ്പാഥേയമായി ദിവ്യകാരുണ്യം നൽകുന്നതിനെയാണ് ഇത് സൂചിപ്പിക്കുക (Can. 714, 1). ദിവ്യകാരുണ്യം സ്വീകരിക്കേണ്ടത് വി. കുർബ്ബാന മദ്ധ്യേയാണ് എന്ന് Can. 713 പഠിപ്പിക്കുമ്പോൾ അനുദിനം ദിവ്യകാരുണ്യം വി. കുർബ്ബാന മദ്ധ്യേ ഒരിക്കൽ മാത്രമേ സ്വീകരിക്കാവൂ എന്ന് പറയുന്നില്ല; അതുപോലെ തന്നെ എത്ര തവണ ദിവ്യകാരുണ്യം സ്വീകരിക്കാമെന്നും വ്യക്തമാക്കുന്നില്ല. ഇവിടെ ദിവ്യകാരുണ്യ സ്വീകരണത്തെക്കുറിച്ച് 1984 - ൽ വത്തിക്കാനിലെ ‘നിയമ വ്യാഖ്യാനം നൽകുന്ന ഡിക്കാസ്റ്ററി’ പുറപ്പെടുവിച്ച മാർഗ്ഗരേഖ പൗരസ്ത്യസഭകൾക്കും ബാധകമാണ്.

2. വൈദികരുടെ അനുദിന ബലിയർപ്പണവും കുർബ്ബാന സ്വീകരണവും

Q. വൈദികർ സാധാരണ ദിവസങ്ങളിലുംഞായറാഴ്ചകളിലുംകടമുള്ള തിരുനാളുകളിലും രണ്ടും മൂന്നും കുർബ്ബാന ചൊല്ലുകയും കുർബ്ബാന സ്വീകരിക്കുകയും ചെയ്യുന്നുതിനെക്കുറിച്ച്‌ സഭാനിയമം എന്താണ് പറയുന്നത്? 

വൈദികരുടെ ദൗർലഭ്യം നേരിടുന്ന സ്ഥലങ്ങളിൽ വൈദികർക്ക് സാധാരണ ദിവസങ്ങളിൽ രണ്ടും, ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും മൂന്നുവീതവും കുർബ്ബാന ചൊല്ലാനുള്ള അനുവാദം സ്ഥലത്തെ മേലദ്ധ്യക്ഷന് നൽകാമെന്ന് ലത്തീൻ കാനൻ നിയമം Can. 905 - ൽ പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ ചില പ്രത്യേക സാഹചര്യങ്ങളിൽ വൈദികർക്ക് മൂന്നിൽ കൂടുതൽ കുർബ്ബാന ചൊല്ലാനുള്ള അനുവാദം രൂപതാ മെത്രാന് നൽകാവുന്നതാണ്. എന്നാൽ പൊതുവായ അനുവാദം (General Permission) രൂപതാ മെത്രാൻ നൽകേണ്ടത് 'ദൈവാരാധനയും കൂദാശകളുടെ അച്ചടക്കവും' എന്ന ഡിക്കാസ്റ്ററിയുടെ സമ്മതത്തോടുകൂടി ആയിരിക്കണം.

ലത്തീൻ കാനൻ നിയമം Can. 905 ന് സമാന്തരമായ ഒരു നിയമം പൗരസ്ത്യസഭയുടെ കാനൻ നിയമത്തിലും സീറോ മലബാർ സഭയുടെ പ്രത്യേകനിയമത്തിലും (Particular Law) ഇല്ല. അതുകൊണ്ട് ഓരോ സ്വയാധികാര സഭയുടെ സിനഡിനും, രൂപതാ മെത്രാനും ഉചിതമായ തീരുമാനമെടുക്കാവുന്നതാണ്. മലങ്കര കത്തോലിക്കാ സഭയുടെ പ്രത്യേക നിയമത്തിൽ അതിനെക്കുറിച്ച് വ്യക്തമായ രൂപരേഖയുണ്ട്. ഈ പ്രത്യേക നിയമത്തിന്റെ Can. 498 - ൽ നാമിങ്ങനെ വായിക്കുന്നു: “അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ സാധാരണ ദിവസങ്ങളിൽ, വൈദികർ ഒന്നിൽ കൂടുതൽ കുർബ്ബാന അർപ്പിക്കരുത്.  ഞായറാഴ്ചകളിലും, കടമുള്ള ദിവസങ്ങളിലും മൂന്നു കുർബ്ബാന വരെ ചൊല്ലാം. സ്ഥലത്തെ മേലദ്ധ്യക്ഷന്റെ അനുവാദമില്ലാതെ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മൂന്നിൽ കൂടുതൽ കുർബ്ബാന ചൊല്ലരുത്." രണ്ടോ അതിലധികമോ കുർബ്ബാന ചൊല്ലാൻ അനുവാദം നൽകുന്നതുവഴി ഇടവക സമൂഹത്തിന്റെ ആധ്യാത്മിക വളർച്ചയാണ് സഭാധികാരികൾ ലക്ഷ്യംവയ്ക്കുന്നത്. ഈശോയുടെ കുരിശിലെ ബലിയുടെ ഓർമ്മയും കൗദാശികമായ അർപ്പണവുമായ വി. കുർബ്ബാനയുടെ ഫലം പൂർണ്ണതയിലുൾക്കൊള്ളാൻ തന്നെത്തന്നെ പങ്കുവയ്ക്കുന്ന ഈശോയെ വിശ്വാസികൾ സ്വീകരിക്കേണ്ടതുണ്ട്. വി. ബലിയർപ്പിക്കുന്ന വൈദികൻ ഒരേസമയം ക്രിസ്തുവിന്റെ പ്രതിപുരുഷനും ദൈവജനത്തിന്റെ പ്രതിനിധിയുമായതുകൊണ്ട് ഈ കൂദാശ ലക്‌ഷ്യം വയ്ക്കുന്ന ദൈവ-മനുഷ്യ ഐക്യത്തിന്റെ അടയാളമായും ഈശോയുടെ ബലിയുടെ ഫല ങ്ങൾ (CCC 1391-7) തന്നിൽ പൂർണ്ണമാകുന്നതിനും വി. കുർബ്ബാനയർപ്പിക്കുമ്പോഴെല്ലാം ദിവ്യകാരുണ്യം സ്വീകരിക്കുന്നു.

ഇവിടെ ഒരു വിശ്വാസി വിശേഷാവസരങ്ങളിൽ പലപ്രാവശ്യം കുർബ്ബാനയിൽ സംബന്ധിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധി വിലയിരുത്തുന്നത് നല്ലതാണ്. കാരണം, ദിവ്യകാരുണ്യ സ്വീകരണത്തെക്കുറിച്ച് ചിലർക്ക് ഒരുപക്ഷെ ചില വികലമായ കാഴ്ചപ്പാടുകളുണ്ടാകാം. ഇവിടെ നാം ബോധ്യപ്പെടേണ്ട ഒരു കാര്യമുണ്ട്. അനുദിനം പലതവണ നാം വി. കുർബ്ബാനയിൽ സംബന്ധിക്കുകയും ഓരോ പ്രാവശ്യവും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുമ്പോൾ ദിവ്യകാരുണ്യ നാഥനെ കുറച്ചുകൂടി പൂർണതയിൽ സ്വീകരിക്കുകയാണെന്ന ചിന്താഗതി സഭയുടെ പഠനമല്ല. തിരുസഭയുടെ മതബോധന ഗ്രന്ഥത്തിൽ ദിവ്യകാരുണ്യ സ്വീകരണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ശരിയായ ഉൾക്കാഴ്ച നമുക്ക് പ്രദാനം ചെയ്യട്ടെ: “തിരുവോസ്തിയുടെ ഓരോ ചെറിയ തരിയിലും യേശു സമ്പൂർണ്ണമായും, മുഴുവനായും സന്നിഹിതനാണ്. അപ്പം മുറിക്കുമ്പോൾ യേശു വിഭജിതനാകുന്നില്ല. വിഭജിക്കപ്പെട്ട അപ്പത്തിൽ യേശു നിറഞ്ഞുനിൽക്കുന്നു. ഓരോ തിരുരക്തത്തുള്ളിയിലും യേശു സാന്നിദ്ധ്യം പൂർണമായിട്ടുണ്ട്” (CCC 1377, ട്രെൻറ് കൗൺസിൽ Session III, Canon III). വൈദികൻ ഉൾക്കൊള്ളുന്ന കൂദാശ ചെയ്ത വലിയ തിരുവോസ്തിയിലും, വിശ്വാസികൾക്ക് നൽകുന്ന ചെറിയ തിരുവോസ്തിയിലും യേശുവിന്റെ പൂർണ്ണ സാന്നിദ്ധ്യമുണ്ട്. ആകയാൽ, ഈ ബോധ്യത്തോടെ വി. കുർബ്ബാനയിൽ സജീവമായി സംബന്ധിച്ച്‌ വി. കുർബ്ബാന സ്വീകരിക്കാൻ  നമുക്ക് പരിശ്രമിക്കാം.

ഡോ. ജോസഫ് പതിയാമൂല MCBS_image
ഡോ. ജോസഫ് പതിയാമൂല MCBS

കാനൻ നിയമ അധ്യാപകൻ, സനാതന മേജർ സെമിനാരി, താമരശ്ശേരി