+91 8590 373975
https://eucharistiamcbs.com/public/storage/images/Br20m0ygCCY0mRxl2BLzk8DbBJvhPrHLmaUQxv0p.png

വി. കുര്‍ബ്ബാനയുടെ തിരുവചനപശ്ചാത്തലം -2

വി. കുര്‍ബ്ബാനയും പാപപരിഹാരബലിയും

വി. കുര്‍ബ്ബാന സ്ഥാപനത്തിനിടയില്‍ യേശു പാനപാത്രമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്തു വാഴ്ത്തി ശിഷ്യന്മാര്‍ക്ക്‌ കൊടുത്തുകൊണ്ട്‌ അരുൾചെയ്തു: “ഇത്‌ പാപമോചനത്തിനായി നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയുടെ എന്റെ രക്തമാണ്‌” (മത്താ 26:28). യേശുവിന്റെ ഈ വാക്കുകള്‍ പഴയനിയമത്തിലെ പാപപരിഹാരദിനത്തോടും (Yom Kippur) അന്ന്‌ ദൈവജനം മുഴുവന്റെയും പാപപരിഹാരത്തിനായി അര്‍പ്പിക്കപ്പെടുന്ന ബലികളോടും വി. കുര്‍ബ്ബാനയെ ബന്ധിപ്പിക്കുന്നു.

പാപപരിഹാര ദിനത്തെക്കുറിച്ചുള്ള വിശദമായ വിവരണം ലേവ്യരുടെ പുസ്തകം പതിനാറാം അധ്യായത്തില്‍ കാണാം. ഇതോടൊപ്പംപുറപ്പാട്‌ 30:10, ലേവ്യര്‍ 23:27-32, 25:9-10, സംഖ്യ 7:1-88 എന്നീ വചനഭാഗങ്ങളിലും പാപപരിഹാര ദിനത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇവ കൂടാതെ യഹുദരുടെ മതഗ്രന്ഥമായ മിഷ്ണയിലെ യോമ എന്ന ഭാഗവും യഹൂദ ചരിത്രകാരനായ ജോസേഫൂസും പാപപരിഹാരദിനത്തെക്കുറിച്ച്‌ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. (Antiquitates Judaicae 3:240-243, 17:165-166).

യഹൂദരുടെ ഏറ്റവും പ്രധാനപ്പെട്ട ആചരണങ്ങളില്‍ ഒന്നായിരുന്നു പാപപരിഹാരദിനം. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പാപപരിഹാര ദിനത്തിന്റെ ലക്ഷ്യം ജനത്തിന്റെ പാപമോചനം ആയിരുന്നു. അത്‌ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും (പായശ്ചിത്തത്തിന്റെയും ദിനമായിരുന്നു. യഹുദപാരമ്പര്യത്തില്‍ സാബത്തുകളുടെ സാബത്ത്‌ എന്നപേരിലും ഈ തിരുനാള്‍ അറിയപ്പെട്ടു. പഴയനിയമത്തില്‍ ഏറ്റവും വിശദമായി വിവരിക്കപ്പെടുന്ന ആചാര്രകമം പാപപരിഹാര ദിനത്തിന്റേതാണ്‌.

പാപപരിഹാര ദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതഅന്ന്‌ പ്രധാനപുരോഹിതന്‍ തന്റെ തന്നെയും ജനത്തിന്റെ മുഴുവനും പാപപരിഹാരത്തിനായി നടത്തുന്ന ബലികളും പ്രാര്‍ത്ഥനകളും ആണ്‌. ഇസ്രായേല്‍ ജനത്തിന്‌ മരുഭൂമിയില്‍ ദൈവസാന്നിധ്യം അനുഭവിച്ചറിഞ്ഞിരുന്ന സമാഗമ കൂടാരത്തിനുള്ളിലെ ശ്രീകോവിലിലേയ്ക്കുംപിന്നീട്‌ നിര്‍മ്മിക്കപ്പെട്ട ജറുസലെം ദൈവാലയത്തിലെ തിരശ്ലീലയ്ക്കുള്ളിലുള്ള അതിവിശുദ്ധ സ്ഥലത്തേക്കുമുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിക്കപ്പെട്ടിരുന്നു. പ്രധാനപുരോഹിതനു മാത്രമാണ്‌ അവിടേയ്ക്ക്‌ പ്രവേശനമുണ്ടായിരുന്നത്‌. വര്‍ഷത്തിലൊരിക്കല്‍ മാത്രം ആചരിക്കുന്ന പാപപരിഹാര ദിനത്തില്‍ പ്രധാനപുരോഹിതന്‍ ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചു പ്രാര്‍ത്ഥിക്കുമായിരുന്നു. ജനം മുഴുവന്റെയും പ്രതിനിധിയായാണ്‌ അന്ന്‌ പ്രധാനപുരോഹിതന്‍ പ്രാര്‍ത്ഥനകളും ബലികളും അര്‍പ്പിച്ചിരുന്നത്‌. എന്തെങ്കിലും കാരണത്താല്‍ അശുദ്ധനായി മാറി ബലിയര്‍പ്പിക്കാന്‍ അദ്ദേഹത്തിന്‌ സാധിക്കാതെ വന്നാല്‍ അദ്ദേഹത്തിനായി ഒരു പകരക്കാരനേയും മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. പാപപരിഹാര ദിനത്തിന്‌ ഒരാഴ്ച മുമ്പ്‌ തന്നെ ഇവരെ രണ്ടുപേരേയും ദൈവാലയാങ്കണത്തിനുള്ളിലെ ഒരു പ്രത്യേക സ്ഥലത്തേക്ക്‌ മാറ്റി താമസിപ്പിച്ചിരുന്നു. അശുദ്ധനായി മാറാതിരിക്കാനും പാപപരിഹാരത്തിനായി തങ്ങളെ തന്നെ പ്രാര്‍ത്ഥിച്ച്‌ ഒരുക്കാനുമാണ്‌ ഇങ്ങനെ ചെയ്തിരുന്നത്‌. പാപപരിഹാരദിനത്തിന്റെ തലേരാത്രി പ്രധാനപുരോഹിതന്‍ ഉണര്‍ന്നിരുന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ പിറ്റേദിവസത്തെ ബലിക്കായി തന്നെത്തന്നെ ഒരുക്കിയിരുന്നു. അധികഭക്ഷണം കഴിക്കുന്നത്‌ തളര്‍ച്ചയ്ക്കും ഉറക്കത്തിനും കാരണമാകുമെന്നതിനാല്‍ രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തെ മറ്റുള്ളവര്‍ അനുവദിക്കുമായിരുന്നില്ല (Mishna Yoma 1:1-5). രാത്രിമുഴുവന്‍ അദ്ദേഹം വചനപാരായണം നടത്തുകയോ അല്ലെങ്കില്‍ മറ്റുള്ളവര്‍ അദ്ദേഹത്തിനായി വചനം വായിച്ചു കൊടുക്കുകയോ ചെയ്തിരുന്നു. അദ്ദേഹം ഉറക്കം തൂങ്ങുകയാണെങ്കില്‍ വിളിച്ചുണര്‍ത്തുകയും പിറ്റേന്ന്‌ ബലി നടത്തേണ്ട സമയം വരെ ജാഗ്രതയോടെ ഇരിക്കാന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തിരുന്നു.

പാപപരിഹാരദിനത്തില്‍ ബലികള്‍ക്ക്‌ വേണ്ട മൃഗങ്ങളെ ജറുസലെം ദൈവാലയത്തിലേയ്ക്ക്‌ കൊണ്ടുവന്നിരുന്നത്‌ കിഴക്കുവശത്തുനിന്നും ദൈവാലായങ്കണത്തിലേക്കുള്ള പ്രവേശനകവാടത്തിലൂടെയായിരുന്നു. അന്ന്‌ അനുദിന പ്രഭാത ബലിക്ക്‌ (Tamid) ശേഷം പ്രധാനപുരോഹിതന്‍ കുളിച്ച്‌ ദേഹശുദ്ധി വരുത്തി വെള്ള വസ്ത്രം ധരിച്ച്‌ തന്റെയും തന്റെ കുടുംബത്തിന്റെയും പാപപരിഹാരത്തിനായി ഒരു കാളക്കുട്ടിയെ ബലിയര്‍പ്പിച്ച്‌ അതിന്റെ രക്തം അതിവിശുദ്ധ സ്ഥലത്ത്‌ തളിച്ചു പ്രാര്‍ത്ഥിക്കും. അന്ന്‌ പ്രധാനപുരോഹിതന്‍ ധരിക്കുന്ന തിരുവസ്ത്രങ്ങളുടെ ആകെ മുല്യം മുപ്പത് മിനാ ആയിരുന്നെന്ന്‌ മിഷ്ണയില്‍ പരാമര്‍ശമുണ്ട്‌ (Mishna Yoma 3.6). ജനത്തിന്റെ പാപപരിഹാരത്തിനുവേണ്ടി കൊണ്ടുവന്നിരിക്കുന്ന രണ്ടു കോലാടുകളില്‍ ഒന്നിനെ ദൈവത്തിനായും മറ്റേതിനെ അസാസേലിനായും നറുക്കിട്ട്‌ തെരഞ്ഞെടുത്ത്‌ മാറ്റിനിര്‍ത്തും.

അസാസേലിനായി നറുക്ക്‌ വീണ ആടിന്റെ തലയിലും കര്‍ത്താവിനായി നറുക്ക്‌ വീണ കോലാടിന്റെ കഴുത്തിലും ചുവന്ന ചരടുകള്‍ കെട്ടും. കര്‍ത്താവിനായി നറുക്ക്‌ വീണ കോലാടിനെ ബലിയര്‍പ്പിച്ച്‌ അതിന്റെ രക്തം പ്രധാനപുരോഹിതന്‍ അതിവിശുദ്ധ സ്ഥലത്ത്‌ തളിച്ച്‌ പ്രാര്‍ത്ഥിക്കും. അസാസേലിനായി കുറി വീണ ആടിന്റെ (scapegoat ) തലയില്‍ കൈവച്ച്‌ ജനത്തിന്റെ മുഴുവന്‍ പാപങ്ങള്‍ അതിന്റെ മേല്‍ ആരോപിച്ച്‌ ഒരുങ്ങി നില്‍ക്കുന്ന ഒരാളുടെ കൈവശം മരഭൂമിയിലേയ്ക്ക്‌ വിട്ടയക്കാനായി ഏല്‍പ്പിക്കുന്നു. ആ ആടിനെ മരുഭൂമിയിലേക്ക്‌ കൊണ്ടുപോകാനായി പട്ടണത്തില്‍ നിന്ന്‌ പുറത്തിറക്കുമ്പോള്‍ അതിനോട്‌ വളരെ ക്രുരമായി പെരുമാറുമായിരുന്നു. ആളുകള്‍ അതിന്റെ മേല്‍ തുപ്പുകയും കുത്തുകയും ഓടിക്കുകയും  ചെയ്യുമായിരുന്നു. (Letter to Barnabas 7:8). ജനങ്ങളുടെ പാപവും പേറി പോകുന്ന ആ ആടിനെമരുഭുമിയിലേയ്ക്ക്‌ വിട്ടയക്കുമെന്ന്‌ ലേവ്യരുടെ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (ലേവ്യര്‍ 16:22). ഒടുവില്‍ ആ ആടിനെ മരുഭൂമിയില്‍ എത്തിച്ച്‌ ഉയരമുള്ള ഒരു സ്ഥലത്തുനിന്ന്‌ തള്ളിയിട്ട്‌ കൊല്ലുമായിരുന്നുവെന്ന്‌ പില്‍ക്കാല പാരമ്പര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു (1 Enoch 10:4-8, Philo, De Plantatione  61,  Mishna Yoma, 6:6). ആടിനെ മരുഭുമിയിലേയ്ക്ക്‌ കൊണ്ടുവിട്ടു എന്നുള്ള അറിയിപ്പ്‌ കിട്ടിക്കഴിയുമ്പോള്‍ പ്രധാനപുരോഹിതന്‍ പാപപരിഹാരദിനത്തിന്റെ മറ്റു ക്രമങ്ങളിലേയ്ക്ക്‌ പ്രവേശിച്ച്‌ ദഹനബലികള്‍ അര്‍പ്പിക്കും. ശ്രീകോവിലില്‍ രക്തം തളിക്കാനായി നേരത്തെ ബലിയര്‍പ്പിച്ച കാളക്കുട്ടിയെയും കോലാടിനെയും പാളയത്തിന്‌ വെളിയില്‍ കൊണ്ടുപോയി പ്രത്യേകമായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തുവെച്ച്‌ ദഹിപ്പിച്ചുകളയും.

യേശുവിന്റെ അന്ത്യത്താഴത്തിലെ വി. കുര്‍ബ്ബാന സ്ഥാപനവും പീഡാസഹനവും മരണവും പാപപരിഹാര ദിനത്തിലെ അനുഷ്ഠാനങ്ങളുമായി ആഴത്തില്‍ ബസ്ധപ്പെട്ടിരിക്കുന്നു. ഇവിടെ പ്രധാനപുരോഹിതന്‍ യേശു തന്നെയാണ്‌. പാപപരിഹാര ദിനത്തിന്‌ ഒരാഴ്ച മുമ്പ്‌ പുരോഹിതന്‍ ദൈവാലയത്തിലേയ്ക്ക്‌ ഓദ്യോഗികമായി പ്രവേശിക്കുന്നതുപോലെ ഓശാന ഞായറാഴ്ച യേശു ആഘോഷപൂര്‍വ്വം ജറുസലെം ദൈവാലയത്തിലേയ്ക്ക്‌ പ്രവേശിച്ചുകൊണ്ടാണ്‌ തന്റെ പീഡാനുഭവ വാരം ആരംഭിക്കുന്നത്‌. പാപപരിഹാര ദിനത്തിലെ ബലിയര്‍പ്പണത്തിനുവേണ്ട മൃഗങ്ങളെ പ്രവേശിപ്പിക്കുന്ന കിഴക്കുള്ള പ്രവേശനകവാടത്തിലൂടെയാണ്‌ ഓശാന വിളികള്‍ക്കിടയില്‍ യേശു ദൈവാലയത്തിലേക്ക്‌ കടക്കുന്നത്‌. അങ്ങനെ ആ ബലിമൃഗങ്ങളുടെ സ്ഥാനത്ത്‌ യേശു തന്നെത്തന്നെ പ്രതിഷ്ഠിക്കുന്നു. ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തതിനാല്‍ ദൈവാലയത്തിലെ പ്രധാനപുരോഹിതനെപോലെ തന്റെ തന്നെ പാപപരിഹാരത്തിനായി കാളക്കുട്ടിയെ ബലിയര്‍പ്പിക്കേണ്ട ആവശ്യം യേശുവിനില്ലായിരുന്നു (ഹെബ്രാ 4:15; 5:2-3; 7:27). പാപപരിഹാര ദിനത്തിന്റെ തലേരാത്രി പ്രധാനപുരോഹിതനെ ഉറങ്ങാന്‍ അനുവദിക്കാത്തതുപോലെ രാത്രിമുഴുവന്‍ കയ്യാഫാസിന്റെ ഭവനത്തില്‍ വിചാരണ ചെയ്യപ്പെട്ട്‌ നിദ്രാരഹിതനായി ചിലവഴിക്കുന്ന യേശു പിറ്റേന്നത്തെ ബലിക്ക്‌ വേണ്ടി തന്നെത്തന്നെ ഒരുക്കുന്നു. യേശുവിനെ ഒറ്റിക്കൊടുത്തപ്പോള്‍ യൂദാസിന്‌ ലഭിച്ച മുപ്പത് വെള്ളിക്കാശ്‌ പാപപരിഹാര ദിനത്തില്‍ പ്രധാനപുരോഹിതന്‍ ഉപയോഗിക്കുന്ന തിരുവസ്ത്രങ്ങളുടെ വിലയെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. പാപപരിഹാരദിനത്തില്‍ അര്‍പ്പിക്കപ്പെടുന്ന കോലാടുകള്‍ക്ക്‌ പകരമായി നില്‍ക്കുന്നതും യേശു തന്നെയാണ്‌. ദൈവത്തിനായി നറുക്ക്‌ വീണ ആദ്യത്തെ കോലാടിനെപ്പോലെ അവന്‍ കൊല്ലപ്പെടുകയും അവന്റെ രക്തം ചിന്തപ്പെടുകയും ചെയ്തു. പിന്നീട്‌ ആ ആടിനെ പാളയത്തിനു വെളിയില്‍ കൊണ്ടുപോയി ദഹിപ്പിക്കുന്നത്‌ പോലെ പട്ടണത്തിനു വെളിയിലാണ്‌ യേശുവിനെ കുരിശില്‍ തറയ്ക്കുന്നത്‌ (ഹെബ്രാ 13:12). അസാസേലിനായി നറുക്ക്‌ വീണ കോലാടിനെപ്പോലെ ജനത്തിന്റെ മുഴുവന്‍ പാപവും വഹിച്ചുകൊണ്ട്‌ പരിഹാസ്യനായി എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്‌ പട്ടണത്തിനു വെളിയിലേയ്ക്ക്‌ കുരിശില്‍ തറയ്ക്കപ്പെടാനായി അവന്‍ നയിക്കപ്പെട്ടു.

വി. കുര്‍ബ്ബാനസ്ഥാപനം ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ യേശുവിന്റെ കുരിശുമരണം മറ്റേതൊരു വ്യക്തിയുടേയും എന്നതുപോലെ വെറുമൊരു കൊല്ലപ്പെടല്‍ മാത്രമായി കരുതപ്പെട്ടേനെ. എന്നാല്‍ വി. കുര്‍ബ്ബാന സ്ഥാപനത്തിലൂടെ തന്റെ കുരിശുമരണത്തിന്റെ അര്‍ത്ഥം യേശു ശിഷ്യന്മാര്‍ക്ക്‌ പഠിപ്പിച്ചുകൊടുത്തു. “ഇത്‌ പാപമോചനത്തിനായി നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയുടെ എന്റെ രക്തമാണ്‌” എന്ന്‌ പറഞ്ഞുകൊണ്ട്‌ യേശു തന്റെ കുരിശിലെ ബലിയെ പാപപരിഹാര ദിനത്തില്‍ ജറുസലെം ദൈവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്ന ബലിക്ക്‌ പകരം ആണെന്ന്‌ സ്ഥാപിക്കുന്നു. തന്നെത്തന്നെ ബലിയായി സമര്‍പ്പിച്ച യേശു എന്നന്നേയ്ക്കുമായി മനുഷ്യവംശത്തിന്‌ മുഴുവന്‍ പാപമോചനം നേടിയെടുത്തു. വി. കുര്‍ബ്ബാനയിലെ ഭാഗഭാഗിത്വത്തിലൂടെ ഇന്നും എന്നേയ്ക്കും ആ കൃപയില്‍ നാമോരോരുത്തരും പങ്കുപറ്റുന്നു. 

ഡോ. പോള്‍ കുഞ്ഞാനായില്‍ MCBS_image
ഡോ. പോള്‍ കുഞ്ഞാനായില്‍ MCBS

ബൈബിൾ അധ്യാപകൻ, സനാതന ദിവ്യകാരുണ്യ വിദ്യാപീഠം, താമരശ്ശേരി