+91 8590 373975
https://eucharistiamcbs.com/public/storage/images/60O4Tgyp5aViVIv67fpR9L5DoB7I9g9HPG5fanPW.jpg

നിങ്ങൾക്കായി...

ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുൻപ് ബോംബെയിൽ ശുശ്രൂഷയ്ക്ക് പോയപ്പോൾ ട്രെയിനിലും മറ്റും ഏറെ ആളുകൾ ഉപയോഗിച്ചിരുന്ന ഒരു ഹാൻഡ്ബാഗ് ശ്രദ്ധയിൽപ്പെട്ടു. അതിന്റെ ബ്രാന്റ് നെയിം MARU എന്നാണ്. അന്വേഷിച്ചപ്പോൾ MARU എന്ന വാക്കിന്റെ അർത്ഥം 'എന്റെ' എന്നാണെന്നറിഞ്ഞു. ആ ബാഗ് വ്യാപകമായി ചെലവാകാനുള്ള കാരണങ്ങളിലൊന്ന് ആ പേരാണെന്നും അറിഞ്ഞു. 'എന്റെ' എന്ന് പേരുള്ള ഒരു ബാഗ് കൊണ്ടുനടക്കുന്നതിലുള്ള ഒരു സുഖമുണ്ട്. 

ഞാൻ, എന്റെ, എന്റേത്, ഞങ്ങൾ, ഞങ്ങളുടെ എന്നീ വാക്കുകൾക്കുള്ള ഒരു പഞ്ച്, അതിനോടുള്ള ഒരടുപ്പം, അതിന്റെ പഴക്കം മറ്റു പദങ്ങൾക്കൊന്നുമില്ല. ഏതാനും വര്ഷങ്ങൾക്ക്മുന്പ് നടന്ന കേരള സ്കൂൾ കലോത്സവത്തിന്റെ പേര് (logo) 'selfie' എന്നായിരുന്നു (ഞാൻ എന്നതിന്റെ മറ്റൊരു ആവിഷ്കാരമാണല്ലോ selfie).

എന്റെ/ഞങ്ങളുടെ, കുടുംബം, പാർട്ടി, മതം, സമുദായം, നാട്, തത്വശാസ്ത്രം - ഇതിന്റെയൊക്കെ ഒരു ശക്തിയും സ്വാധീനവും വലിയ യുദ്ധങ്ങളിലേയ്ക്കും ദുരിതങ്ങളിലേയ്ക്കും ലോകത്തെ നയിച്ചിട്ടുണ്ട്. ഞാൻ/ഞങ്ങൾ എന്നതിന്റെ കെടുതി ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് നീയും/നിങ്ങളുമാണ്. 

എല്ലാ ദേശത്തിനും കാലത്തിനും സ്വന്തമായ ഈയൊരു പശ്ചാത്തലത്തിൽതന്നെ കാലുറപ്പിച്ചുനിന്നുകൊണ്ട് ഒരാൾ, കുറേപ്പേരുടെ മധ്യത്തിൽ നിന്നുകൊണ്ട് ഉറക്കെപ്പറയുകയാണ്, "ഇത് നിങ്ങൾക്കായി…" ഞാൻ/ഞങ്ങൾ എന്നതിന്റെ വാക്കിലും പ്രവർത്തിയിലും മുങ്ങിനിൽക്കുന്ന ഒരു ലോകത്തിന്റെ മുൻപിൽ 'paradoxical word' ആയി വന്നുവീഴുകയാണ് ക്രിസ്തുവിന്റെ ഈ വാക്കുകൾ. ഇവിടെയായാണ് ദിവ്യകാരുണ്യ സംസ്കാരത്തിന്റെ (Eucharistic culture) ആരംഭം. അതിന്റെ ആത്മാവും ഇതു തന്നെ.

എന്നേക്കാൾ നിനക്ക്, ഞങ്ങളേക്കാൾ നിങ്ങൾക്ക് - പ്രാധാന്യവും കരുതലും നൽകാനാകുന്നിടത്ത് Eucharist ജനിക്കുന്നു. പ്രാർത്ഥനയ്ക്ക് പകരമായി പല ഇന്ത്യൻ ഭാഷകളിലും ഉപയോഗിക്കുന്ന പദമാണ് 'നമസ്കാരം.' വളരെ അർത്ഥപൂർണ്ണമായ പദമാണിത്. പ്രാർത്ഥനയുടെ ആന്തരാർത്ഥം ഈ പദത്തിലുണ്ട്. ദൈവവും മനുഷ്യനുമായുള്ള ഓർ ബന്ധമാ (ഇടപാട്, transaction) ണല്ലോ പ്രാർത്ഥന. ന = അല്ല, മ = എന്റെ/ഞാൻ; ഞാനല്ല, നീയാണ് (ശ്രേഷ്ഠൻ, ഉത്തമൻ, ദൈവം) എന്ന് ഏറ്റുപറയുകയാണ് പ്രാർത്ഥന. എന്നെ നിരാകരിച്ച്‌, എന്നിൽനിന്നും പുറത്തുകടന്ന്, ego യുടെ പുറംതോട് പൊട്ടിച്ച് ശലഭം പോലെ, അത്യുന്നതനിലേയ്ക്ക് പ്രാർത്ഥനയിലൂടെ പറന്നുയരുകയാണ്. തന്നിൽ നിന്നും ദൈവത്തിലേക്കുള്ള പുറപ്പാടാണ് പ്രാർത്ഥന.    

ആ പ്രാർത്ഥനയ്ക്കുള്ള മറുപടിയായും കരുതാം, യൂക്കറിസ്റ്റിനെ. തന്നെ വിട്ട് ദൈവത്തിലേയ്ക്ക് വരുന്ന മനുഷ്യനോട് ദൈവം പറയുന്നു, "ഞാൻ നിന്നിലേയ്ക്ക് വരുന്നു; ഞാൻ എന്നെത്തന്നെ നിനക്കായ്/നിങ്ങൾക്കായ് തരുന്നു. ഇത് നിങ്ങളും ചെയ്യണം, എന്റെ ഓർമ്മയ്ക്കായി.” എനിക്കെന്ന് പറയാതെ, നിനക്കായി/നിങ്ങൾക്കായി എന്നു പറയുന്ന, ചെയ്യുന്ന ഓരോ നിമിഷത്തിലും പ്രവർത്തിയിലും ഞാൻ ഓർമ്മിക്കപ്പെടുന്നു. ജീവന്റെ അപ്പത്തിന്റെ പാരികർമ്മമാകയാൽ, ഓർമ്മ ജീവനായും ജീവിതമായും മാറുന്നു.  

ഡോ. ജെ. ആക്കനത്ത് MCBS

MCBS സ്റ്റഡി ഹൗസ്, ആലുവ