+91 8590 373975
https://eucharistiamcbs.com/public/storage/images/iPAF7Ci08Pty4vii4QOWVH3PXBz6kmeODkBYOHxs.jpg

എഡിറ്റോറിയല്‍

ടോണിയെ പരിചയപ്പെട്ടത് അമേരിക്കയിലെ പഠനകാലത്താണ്. ഒരു കത്തോലിക്കാ കുടുംബത്തിലാണ് ടോണി ജനിച്ചതെങ്കിലും പിന്നീട് കുറേനാള്‍ അകത്തോലിക്കാനായാണ് ജീവിച്ചത്. അങ്ങനെ പല ചുവടുമാറ്റങ്ങള്‍ക്ക് ശേഷവും തൃപ്തനാകാതെ കത്തോലിക്കാ സഭയിലേക്ക് തിരികെ വരുംമുമ്പ് ചില സംശയങ്ങളുമായി എത്തിയപ്പോഴാണ് അദ്ദേഹത്തെ ആദ്യം കണ്ടത്. അന്നത്തെ സംഭാഷണത്തില്‍ പല സഭകളിലെ കുര്‍ബ്ബാനയര്‍പ്പണങ്ങളേക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അപ്പോള്‍ അദ്ദേഹം ഉപയോഗിച്ച ‘ടീപാര്‍ട്ടി വിത്തൗട്ട് ടീ’ (Tea party without tea) എന്ന അലങ്കാര പ്രയോഗം ഒത്തിരി ചിന്തിപ്പിക്കുന്നതായിരുന്നു. കര്‍ത്താവിന്‍റെ യഥാര്‍ത്ഥ സാന്നിധ്യത്തില്‍ വിശ്വാസം ഇല്ലാത്ത ‘അപ്പം മുറിക്കല്‍’ (Breaking of the Bread) ‘കര്‍ത്താവിന്‍റെ അത്താഴം’ (Lord’s Supper) ആണെന്ന് പറയുന്നത് ‘ചായയില്ലാത്ത ചായസല്‍ക്കാരം’ പോലെയാണെന്നാണ് ടോണി പറഞ്ഞുവെച്ചത്.

ഈശോയുടെ സഹനമരണങ്ങളുടെ ഓര്‍മ്മയിലും ഉത്ഥാനത്തിന്‍റെ ശക്തിയിലും ഒന്നു ചേര്‍ക്കപ്പെട്ട ശിഷ്യന്മാരാല്‍ പണിതുയര്‍ത്തപ്പെട്ട തിരുസഭയുടെ സ്രോതസ്സും ഉച്ചിയും അവിടുത്തെ ആത്മദാനത്തിന്‍റെ ഓര്‍മ്മയും അടയാളവുമായ വി. കുര്‍ബ്ബാനയാണ്. ഈശോ തന്‍റെ അന്ത്യത്താഴവേളയില്‍ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും പ്രതീകങ്ങളിലൂടെ തന്നെത്തന്നെ പങ്കുവെച്ചു. ഇന്ന് അവിടുത്തെ അഭിഷിക്തര്‍ അവിടുത്തെ നാമത്തില്‍, അവിടുത്തെ സഭയില്‍, അവിടുത്തെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുമ്പോള്‍ സ്ഥലകാല വ്യത്യാസങ്ങള്‍ക്ക് അതീതനും ഇന്നലെയും ഇന്നും   എന്നും മാറ്റമില്ലാത്തവനുമായ കര്‍ത്താവ് (ഹെബ്ര 13:8) യഥാര്‍ത്ഥത്തില്‍ സന്നിഹിതനാകുന്നുവെന്ന് സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ഈ രഹസ്യത്തെ മനസ്സിലാക്കുന്നതില്‍ ചരിത്രത്തില്‍ വന്ന പിഴവുകള്‍ മൂലം ഇത് പലര്‍ക്കും  ‘Tea party without tea’ ആയി മാറിയിട്ടുണ്ട്. ദിവ്യകാരുണ്യ മിഷനറി സഭ (എം.സി.ബി.എസ്.) യുടെ സിയോന്‍ പ്രോവിന്‍സിന്‍റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം (Zion Innovative Media - ZIM) പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ ‘എവുക്കരിസ്തിയ’യുടെ ലക്ഷ്യം വി. കുര്‍ബ്ബാനയിലുള്ള സഭയുടെ വിശ്വാസം പഠിപ്പിക്കുകയും പ്രഘോഷിക്കുകയും ഈശോയുടെ ദിവ്യകാരുണ്യ സ്നേഹത്തിലേയ്ക്ക് വിശ്വാസികളെ അടുപ്പിക്കുകയുമാണ്.

വി. കുര്‍ബ്ബാനയ്ക്ക് വിശ്വാസികളുടെ ഇടയില്‍ വിവിധ പേരുകളുണ്ട്. ഈ പേരുകള്‍ വി. കുര്‍ബ്ബാനയുടെ വിവിധ മാനങ്ങളെ സൂചിപ്പിക്കുകയും ഈ കൂദാശയുടെ സമ്പന്നതയിലേയ്ക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. ദൈവശാസ്ത്രപരമായി വളരെ സമ്പന്നമായ ‘യൂക്കരിസ്റ്റ്’ (Eucharist) എന്ന നാമം,  ‘കൃതജ്ഞതാ പ്രകാശനം’ എന്നര്‍ത്ഥമുള്ള ‘എവുക്കരിസ്തിയ’ (Eucharistia) എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് വരുന്നത്. യഹൂദരുടെ ‘ബറാക്കോത്’ പ്രാര്‍ത്ഥനയുമായി ഇതിന് ആഴമായ   ബന്ധമുണ്ട്. കൃതജ്ഞതയ്ക്കപ്പുറം, തങ്ങളുടെ ജീവിതത്തിലും ചരിത്രത്തിലും ദൈവം അത്ഭുതാവഹമായി ഇടപെട്ടതിന്‍റെ (Mirabilia Dei) ഓര്‍മ്മയും തങ്ങള്‍ ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനമാണെന്നുള്ള ഓര്‍മ്മപ്പെടുത്തലുമായിരുന്നു യഹൂദര്‍ക്ക് ‘ബറാക്കോത്.’  ദൈവ-മനുഷ്യ ബന്ധത്തെ ആഘോഷമാക്കുന്ന അമൂല്യരഹസ്യമാണ് ‘എവുക്കരിസ്തിയ’ (വി. കുര്‍ബ്ബാന). ഈശോ തന്‍റെ ജീവിതത്തിലൂടെയും കുരിശുമരണത്തിലൂടെയും പിതാവിനും മനുഷ്യവര്‍ഗ്ഗം മുഴുവനും ‘എവുക്കരിസ്തിയ’ ആയതുപോലെ ഓരോ ക്രിസ്ത്യാനിയേയും ഒരു ‘എവുക്കരിസ്തിയ’ ആകാന്‍ (1 തെസ 5:18; സങ്കീ 107:1) ഈ കൂദാശ ക്ഷണിക്കുന്നു. ഇതിന് സഹായിക്കും വിധമാണ് ത്രൈമാസികയായ എവുക്കരിസ്തിയയുടെ വിഭവങ്ങളെല്ലാം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ജീവിതാന്തസ്സുകളില്‍പ്പെടുന്നവര്‍ക്കുമുള്ള ദിവ്യകാരുണ്യ കേന്ദ്രീകൃതമായ പംക്തികള്‍ ‘എവുക്കരിസ്തിയയെ അമൂല്യമാക്കുന്നു. ദൈവശാസ്ത്ര വിഷയങ്ങളെ ഏറ്റവും ലളിതമായി അവതരിപ്പിക്കാന്‍ ഇതിന്‍റെ കലവറക്കാര്‍ പരിശ്രമിച്ചിട്ടുണ്ട്. അച്ചടിച്ച് വായനക്കാരായ വിശ്വാസികളുടെ മുന്നിലെത്തിക്കാനായിരുന്നു ZIM ആഗ്രഹിച്ചിരുന്നതെങ്കിലും Covid-19 - ന്‍റെ പശ്ചാത്തലത്തില്‍ ‘എവുക്കരിസ്തിയ’ ഓൺലൈന്‍ ആയാണ് പിറവിയെടുക്കുന്നത്.  

ദിവ്യകാരുണ്യത്തോളം നമ്മെ സ്നേഹിച്ച ഈശോയെ അറിയാനും സ്നേഹിക്കാനും ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ജീവിതം നയിക്കാനും, ജീവിത വീഥികളില്‍ ദിവ്യകാരുണ്യമാകാനും ആഗ്രഹിക്കുന്ന എല്ലാവരേയും ദിവ്യകാരുണ്യത്തിന്‍റെ ഈ വായനാ ലോകത്തേയ്ക്ക് ക്ഷണിച്ചുകൊണ്ട് സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു... എവുക്കരിസ്തിയ!

ഡോ. ഷിബി കാട്ടിക്കുളക്കാട്ട് MCBS_image
ഡോ. ഷിബി കാട്ടിക്കുളക്കാട്ട് MCBS

ചീഫ് എഡിറ്റർ

  • 29 January, 2022
  • www.eucharistiamcbs.com