+91 8590 373975
https://eucharistiamcbs.com/public/storage/images/cNGiW7Sv4B0eiedZqKf76XK0zJPBSB82WdueezTk.jpg

എഡിറ്റോറിയല്‍

"ഫാദർഎനിക്ക് പ്രാർത്ഥന ആവശ്യമുണ്ട്. ഞാൻ ഇപ്പോൾ യുക്രെയ്‌നിലാണ്." റഷ്യ യുക്രെയ്ൻ അധിനിവേശം ആരംഭിച്ച് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ അപ്രതീക്ഷിതമായി ലഭിച്ച ഒരു സന്ദേശമായിരുന്നു ഇത്. യുദ്ധമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നുപ്രാവശ്യമായി കീവിലെ ഒരു അനാഥാലയത്തിലെ ഇരുപത്തിരണ്ട്‍ കുട്ടികളെയടക്കം മുപ്പതിലധികംപേരെ അമേരിക്കയിലെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ച അലൻ ഷീർവുഡിന്റെതായിരുന്നു ആ സന്ദേശം. ബിസിനസ്സുകാരനായ അലൻ മിക്കവാറും ദിവസങ്ങളിൽ വി. കുർബ്ബാനയിൽ പങ്കെടുക്കുകയും പിറ്റസ്ബർഗിലുള്ള 'എമ്മാവൂസ്എന്ന നവീകരണ ഗ്രൂപ്പിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ്. 'എമ്മാവൂസി'ലെ തന്റെ സഹപ്രവർത്തകർക്കെഴുതിയ ഒരു കുറിപ്പും അദ്ദേഹം അന്ന് ഫോർവേഡ് ചെയ്തിരുന്നു. അത് ഇപ്രകാരമാണ് അവസാനിക്കുന്നത്: "പ്രിയപ്പെട്ടവരേഈ പ്രവർത്തി നിങ്ങളുടെ മക്കൾക്കുവേണ്ടിയാണെങ്കിലും ഞാൻ ചെയ്യും. ഇനി തിരിച്ചു നാട്ടിൽ വരാനാകുമോ എന്ന് എനിക്കുറപ്പില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ അമ്മയേയും ഭാര്യയേയും ദയവായി നിങ്ങൾ സംരക്ഷിക്കണം. എപ്പോഴെങ്കിലും നിങ്ങളെ ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് സദയം ക്ഷമിക്കണം. I love you all."

മനുഷ്യരെല്ലാവരും ദൈവത്തിന്റെ സൃഷ്ടികളെന്ന നിലയിൽ തുല്യ മഹത്വവും അവകാശങ്ങളും കടമകളും ഉള്ളവരെന്ന് ഓർമ്മപ്പെടുത്തുകയുംപരസ്പരം സഹോദരങ്ങളായി കരുതുന്ന ഒരു കുടുംബമെന്ന യാഥാർഥ്യത്തെ സ്വപ്നം കാണാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന 'ഫ്രത്തെല്ലി തൂത്തിഎന്ന ചാക്രികലേഖനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പാ പറയുന്നു: യുദ്ധം ഒന്നിനും അവസാനമല്ല… യുദ്ധം അവകാശങ്ങളുടെ നിഷേധമാണ്… മാനവരാശിയുടെ പരാജയമാണ്… രാഷ്ട്രീയത്തിന്റെ പരാജയമാണ്… തിന്മയുടെ ശക്തികൾക്ക് മുൻപിലുള്ള കടുത്ത തോൽവിയാണ്… ആയുധങ്ങൾ ഒത്തിരി പേരുടെ ജീവൻ അപഹരിച്ചു… 'നീതിയുദ്ധം' (Just War) എന്ന ആശയത്തെ ഇനി നമുക്ക് പിന്താങ്ങാനാവില്ല… 'ഇനി യുദ്ധമില്ലഎന്ന മുദ്രാവാക്യമാണ് നമുക്ക് ഇന്ന് വേണ്ടത്. മാർപ്പാപ്പായുടെ ഈ ആഹ്വാനത്തിന് ചെവികൊടുക്കണമെങ്കിൽ മനുഷ്യമഹത്വത്തെക്കുറിച്ചുള്ള ബോധ്യം ഉണ്ടാവുകയും മറ്റുള്ളവർക്ക് ഹൃദയത്തിൽ ഇടം കൊടുക്കാനുള്ള ഹൃദയ വിശാലത ഉണ്ടാവുകയും വേണം. നാമെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളും പരസ്പരം സഹോദരങ്ങളുമാണെന്ന ചിന്ത ജനിക്കുമ്പോൾ മാത്രമേ ഇത് സാധ്യമാവൂ.

ഹൃദയത്തിൽ ഇടമുള്ളപ്പോൾ ഏതു വേദനയും ഏതു സഹനവും മാധുര്യമുള്ളതാകുംഹൃദയത്തിൽ നിന്നൊഴുകുന്ന സ്നേഹത്തിന്റെ ഔഷധം ഏതു മുറിവിനേയും ഉണക്കുന്നതാകും. മരണംപോലും ഇവിടെ പരാജയപ്പെടും. ഇതാണ് കുരിശിൽ കാണുന്നത്. കാൽവരി കയറുന്നതിനു നാഴികകൾക്ക് മുൻപ് ഈശോ ശിഷ്യരോട്‌ പറഞ്ഞു: "ഇനി ഞാൻ നിങ്ങളെ ദാസന്മാർ എന്നു  വിളിക്കുകയില്ല… എന്നാൽഞാൻ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു" (യോഹ 15:15). താൻ വഞ്ചിതനാകാൻ പോകുന്നുവെന്നറിഞ്ഞിട്ടും അവർക്ക് തന്റെ ഹൃദയത്തിൽ ഇടം കൊടുത്ത ഈശോ തന്നെത്തന്നെ അവർക്ക് പകുത്തു നൽകി. അവന്റെ കാരുണ്യത്തെയും കരുതലിനെയും ദിവ്യബലിയിൽ നാം ആഘോഷിക്കുമ്പോഴും സ്വീകരിക്കുമ്പോഴും അവൻ നമ്മോടു പറയുന്നുണ്ട്, 'എനിക്കായ് നീ വായ്തുറക്കുമ്പോൾ സഹോദരനായി നിന്റെ ഹൃദയം കൂടി തുറക്കുക.’ അപരർക്കുവേണ്ടി ഹൃദയം തുറക്കാത്തിടത്താണ് വിദ്വേഷവും പകപോക്കലും കൊലപാതകവും യുദ്ധവുമൊക്കെ ഉണ്ടാകുന്നത്. അത് കുടുംബത്തിലും സമൂഹത്തിലും രാജ്യങ്ങൾ തമ്മിലുമൊക്കെയാകാം.   

കോവിഡ്- 19 തീർത്ത പ്രതിസന്ധികളെ തരണം ചെയ്യാൻ ലോകജനതകളെല്ലാം പെടാപാടുപെടുന്ന നാളുകളിൽ അപ്രതീക്ഷിതമായെത്തിയ യുദ്ധത്തിന്റെ തിക്തഫലങ്ങൾ നമ്മുടെ നാടിനെയും വീടിനെയും പോലും പിടിച്ചുലയ്ക്കാൻ പോരുന്നതാണെന്ന വസ്തുത ഒരു ഓർമ്മപ്പെടുത്തലാണ്: നാമെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്പരസ്പരം സഹോദരങ്ങളാണ്യുദ്ധം ഒന്നിനും പരിഹാരമല്ലസംവാദങ്ങളാണ് പരിഹാരത്തിലേയ്ക്ക് നയിക്കുന്നത്.

ഡോ. ഷിബി കാട്ടിക്കുളക്കാട്ട് MCBS_image
ഡോ. ഷിബി കാട്ടിക്കുളക്കാട്ട് MCBS

ചീഫ് എഡിറ്റർ

  • 27 May, 2022
  • www.eucharistiamcbs.com