+91 8590 373975
https://eucharistiamcbs.com/public/storage/images/gGU9GhOEAy0FmHwp3VVwDbjfnsGJVDRpdbOYoFAg.jpg

EDITOR'S NOTE

തങ്ങളിൽ ആരാണ് വലിയവൻ എന്ന തർക്കത്തിലാണ് ശിഷ്യർ. അപ്രതീക്ഷിതമായി ഗുരു അവരുടെ മുൻപിൽ മുട്ടുകുത്തി, അവരുടെ പാദങ്ങൾ കഴുകി ചുംബിച്ചശേഷം പറഞ്ഞു: "നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം" (യോഹ 13:14). പിറ്റേന്ന് ഗുരു കുരിശിലാണ്. മരണശിക്ഷ അർഹിക്കുന്നതൊന്നും ചെയ്യാതിരുന്ന ഗുരു പ്രാർത്ഥിച്ചു: "പിതാവേ, അവരോടു ക്ഷമിക്കണമേ; എന്തെന്നാൽ അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല" (ലൂക്കാ 23:34). ഗുരു എന്നും അങ്ങനെയായിരുന്നു; എളിമയുടെ, ചെറുതാകലിന്റെ, ക്ഷമയുടെ, കരുതലിന്റെ മുഖമായിരുന്നവന്. എന്നാൽ അവയിലൊളിപ്പിച്ച ഒരു വിപ്ലവമുണ്ടായിരുന്നു. മത്സരിക്കുന്നവുരുടെ മുൻപിൽ എല്ലാവരിലും വലിയവനാണെന്നറിഞ്ഞിട്ടും കുമ്പിടുന്നതിൽ, പ്രതികാരം  തോന്നേണ്ടിടത്ത് ക്ഷമിക്കുന്നതിൽ വേറിട്ട ഒരു വിപ്ലവമുള്ളതിനാലാണ് ഗുരുവിന്റെ ആ ചെയ്തികൾ ഇന്നും അനേകരെ പ്രചോദിപ്പിക്കുന്നത്. 

ഈ നാളുകളിൽ കേരള കത്തോലിക്കാ സഭയുടെ ഇടപെടലുകളുണ്ടായ രണ്ട് സമരങ്ങളുണ്ടായി. ആദ്യത്തേത്, ബഫർസോണുമായി ബന്ധപ്പെട്ട കർഷകരുടെ സമരമായിരുന്നു. പരിസ്ഥിതി സംരക്ഷണം ലക്‌ഷ്യം വച്ച് വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വായൂദൂരം സ്ഥലം ബഫർ സോൺ ആയി പ്രഖ്യാപിച്ച സുപ്രീം കോടതി വിധി കേരളത്തിലെ അനേകായിരം കർഷകരെയും സാധാരണക്കാരെയും ബാധിക്കുന്നതാണ്. പല സ്ഥലങ്ങളിലും സഭയുടെ നേതൃത്ത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട സമരം നടത്തപ്പെട്ടത്.  ഈ സമരങ്ങളുടെ ഫലമായി ദൂരം പരിമിതപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ റിവ്യൂ ഹർജി നൽകാനിടയായെങ്കിലും അതിൽ പ്രതിപാദിച്ചിരിക്കുന്ന ചില കാര്യങ്ങൾ നിയമപരമായി ഭൂമി കൈവശം വച്ചിരിക്കുന്ന കർഷകരെ കയ്യേറ്റക്കാരായി വ്യാഖ്യാനിക്കാമെന്നത് വളരെ ആശങ്കാജനകമാണെന്നത് പറയാതെ വയ്യ. 

രണ്ടാമത്തേത്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരമാണ്. വൻകിട പദ്ധതികൾക്കുവേണ്ടി കുടിയിറക്കപ്പെട്ട, തീരദേശ ശോഷണത്താൽ ഒരായുസ്സുകൊണ്ട് നേടിയതെല്ലാം നഷ്ടപ്പെടുമെന്ന ഭയത്തിൽ കഴിയുന്ന, അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട ഒരു ജനതയുടേതാണ് ഈ സമരം. ആദ്യത്തേതിൽ പ്രകൃതി സംരക്ഷണമെന്ന നിലപാടാണ്  ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെങ്കിൽ രണ്ടാമത്തേതിൽ വികസനത്തിനാണ് ഊന്നൽ. നിലപാടുകൾ രണ്ടിടത്തും എതിർ ദ്രുവങ്ങളിലാണെന്നത് സുവ്യക്തമാണ്. രണ്ടിടത്തും സമരമുഖത്തുള്ള സഭയുടെ പക്ഷമാകട്ടെ, ജനനന്മ മാത്രമാണ്. സഭയുടെ ഇതുവരെയുള്ള നിലപാടുകൾ വിശകലനം ചെയ്യുമ്പോൾ സഭ ഒരിക്കലും പ്രകൃതി സംരക്ഷണത്തിനും വികസനത്തിനും എതിരല്ലെന്നത് തർക്കമറ്റ കാര്യമാണ്.  എന്നാൽ നീതി നിഷേധിക്കപ്പെടുന്ന വലിയൊരു ജനവിഭാഗത്തിന്റെ പിടയുന്ന ഹൃദയവും ഈറനണിഞ്ഞ കണ്ണുകളും അവഗണിക്കുക പ്രയാസമാകുമ്പോൾ ശബ്ദമുയത്താൻ സഭ നിർബദ്ധിതയാകുന്നു.  

പരസ്യജീവിതകാലത്ത് പാവങ്ങളുടെ പക്ഷം ചേരുകയും അവഗണിക്കപ്പെട്ടവരെ ചേർത്തുനിർത്തുകയും ചെയ്ത ഗുരുവാണ് ശിഷ്യരുടെ പാദങ്ങൾ കഴുകാൻ ഭൂമിയോളം താഴ്ന്നതും തന്നെ കുരിശിലേറ്റിയവരോട് ക്ഷമിച്ചതും. ഈ പ്രവർത്തികളിൽ ഒരു പ്രവാചക ധീരതയും വിപ്ലവവുമുണ്ട്. ഈ ദൗത്യം ഇന്ന് സഭയുടേതാണ്. ദേശത്തിന്റെ നിയമങ്ങളെ കാറ്റിൽ പറത്താതെയും അക്രമത്തിന്റെയും പ്രതികാരത്തിന്റെയും വഴികൾ സ്വീകരിക്കാതെയും അനീതിക്കും നീതിനിഷേധത്തിനുമെതിരെ നിലപാടുകൾ സ്വീകരിക്കുകയും  പ്രതികരിക്കുകയും ചെയ്ത് നീതി സംസ്ഥാപനത്തിൽ ഇടപെടുന്നിടത്തോളം സഭ ഗുരുവിന്റെ വഴിയേതന്നെ ആയിരിക്കും. ഗുരുവിന്റെ കാരുണ്യത്തിന്റെയും പ്രവാചകത്വത്തിന്റെയും മുഖങ്ങൾ അപ്പോൾ മാത്രമായിരിക്കും സഭയ്ക്ക് പ്രതിഫലിപ്പിക്കാനാകുക. അതല്ലാതാകുമ്പോൾ ഈ ലോകത്തിൽ സഭയ്ക്ക് പ്രസക്തിയില്ലാതാകും. വേദനിക്കുന്ന മനുഷ്യന്റെ നൊമ്പരമറിയുന്ന, സത്യത്തിന്റെയും നീതിയുടെയും പക്ഷംചേരുന്ന, ‘വിപ്ലവാശയ’ത്താൽ നയിക്കപ്പെടുമ്പോഴും ശാന്തത മുറുകെപിടിക്കുന്ന സഭയ്ക്ക് പൊതുസമൂഹത്തിന്റെ ഹൃദയത്തിൽ ഇന്നും സ്ഥാനമുണ്ട്; ഇതുതന്നെയാണ് സഭയെ വ്യത്യസ്തയാക്കുന്നതും. 

ഡോ. ഷിബി കാട്ടിക്കുളക്കാട്ട് MCBS_image
ഡോ. ഷിബി കാട്ടിക്കുളക്കാട്ട് MCBS

ചീഫ് എഡിറ്റർ

  • 21 September, 2022
  • www.eucharistiamcbs.com