ഈശോയില്‍ സ്നേഹം നിറഞ്ഞവരെ,
ദിവ്യകാരുണ്യ മിഷണറി സഭയുടെ സീയോന്‍ പ്രൊവിന്‍സിന്‍റെ ആഭിമുഖ്യത്തില്‍, വി. കുര്‍ബാനയിലുള്ള വിശ്വാസവും ഭക്തിയും ആഴപ്പെടുത്താന്‍ “എവുക്കരിസ്തിയ” എന്ന പേരില്‍ ഒരു ത്രൈമാസിക പുറത്തിറക്കുന്നുവെന്നറിഞ്ഞതില്‍ അതിയായി സന്തോഷമുണ്ട്. വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു, “വി. കുര്‍ബാന ക്രൈസ്തവ ജീവിതത്തിന്‍റെ ഉറവിടവും അത്യുച്ച സ്ഥാനവുമാണ്” (LG 11). സഭയുടെ എല്ലാ ആധ്യാത്മിക സമ്പത്തും വി. കുര്‍ബാനയിലാണ് അടങ്ങിയിരിക്കുന്നത് (PO 5). വി. കുര്‍ബാനയിലുള്ള പങ്കാളിത്തം വഴി നാം സ്വര്‍ഗ്ഗീയാരാധനയില്‍ പങ്കുചേരുകയും നിത്യജീവിതം മുന്‍കൂട്ടി അനുഭവിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ വി. കുര്‍ബാന ആഘോഷിക്കാന്‍ വിശ്വാസികളെ സഹായിക്കാനുള്ള ഒരുദ്യമമാണല്ലോ “എവുക്കരിസ്തിയ.”
സഭാപിതാവായ വി. അത്തനേഷ്യസ് പഠിപ്പിക്കുന്നു, “സഭ ക്രിസ്തുവിന്‍റെ ശരീരമാണ്. ആ ശരീരത്തിന്‍റെ ഹൃദയമാണ് വി. കുര്‍ബാന. ആ ഹൃദയത്തില്‍ നിന്ന് ശരീരത്തിനാവശ്യമായ ശക്തി പ്രവഹിക്കുന്നു.” ഇങ്ങനെ അനുഗ്രഹത്തിന്‍റെ ഉറവിടമായ കുര്‍ബാനയോട് ദൈവജനത്തെ ചേര്‍ത്തു നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്ന ദിവ്യകാരുണ്യ സഭയുടെ ഈ പുതിയ സംരംഭത്തിന് എല്ലാവിധ നന്മകളും നേരുന്നു. സാധാരണക്കാരായ വിശ്വാസികള്‍ക്ക് വി. കുര്‍ബ്ബാനയെ കൂടുതല്‍ മനസ്സിലാക്കാനും അങ്ങനെ ദൈവാനുഭവം നേടാനും ഈ മാസികയിലെ വിഭവങ്ങള്‍ സഹായിക്കുമെന്ന് തീര്‍ച്ചയാണ്. ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാ ബഹു. വൈദികര്‍ക്കും അനുമോദനങ്ങളും ആശംസകളും നേരുന്നു.