ദിവ്യകാരുണ്യസഭ (എം. സി. ബി. എസ്.) യുടെ സീയോന്‍ പ്രൊവിന്‍സ് “എവുക്കരിസ്തിയ” എന്ന പേരില്‍ ഒരു ത്രൈമാസിക പ്രസിദ്ധീകരിക്കുന്നു എന്നറിയുന്നതില്‍ അത്യധികം സന്തോഷിക്കുന്നു. പ്രസ്തുത പ്രസിദ്ധീകരണത്തിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും വിജയവും ആശംസിക്കുന്നു. ഈ മാസികയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
വിശുദ്ധ കുര്‍ബ്ബാനയെ “കുദാശകളുടെ കൂദാശ” എന്നാണ് വിളിക്കുന്നത്. എല്ലാ കൂദാശകളും വഴി കൃപാവരങ്ങള്‍ നല്‍കുന്ന ക്രിസ്തുവിന്റെ പൂര്‍ണ്ണസാന്നിധ്യം ഉള്ളതുകൊണ്ടാണ് അത് കുദാശകളുടെ കൂദാശ എന്ന് അറിയപ്പെടുന്നത്. മനുഷ്യന്‍ ദൈവത്തിന് അര്‍പ്പിക്കുന്ന ഏറ്റവും മഹത്തായ ആരാധനയാണ് വി. കുര്‍ബ്ബാന. രക്ഷകനായ യേശുവിന്റെ കാല്‍വരിയിലെ ബലിയുടെ പുനരാവിഷ്കാരമാണ് വി. കുര്‍ബ്ബാന. ഈ കൂദാശ നിത്യജീവിതത്തിലേക്കുള്ള സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലാണ്. “എന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്” (യോഹ 6:54). വി. കുര്‍ബ്ബാനയെന്ന നിത്യരഹസ്യത്തിന്റെ മുന്‍പില്‍ നിശബ്ദരായി ആരാധിക്കുന്നവരുടെ കരങ്ങളിലാണ് ലോകത്തിന്റെ ഭാവിയെന്ന് വി. ജോൺ പോള്‍ രണ്ടാമന്‍ പാപ്പ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ആത്മീയ ജീവിതത്തിന്റെ കേന്ദ്രം വി. കുര്‍ബ്ബാനയാണ്. അതില്‍ നിന്നാണ് കൃപാവരത്തിന്റെ ശക്തിമുഴുവന്‍ നിര്‍ഗ്ഗളിക്കുന്നത്. വി. കുര്‍ബ്ബാനയില്‍ നിന്ന് ഒരു നീരുറവപോലെ കൃപാവരം നമ്മിലേയ്ക്ക് പ്രവഹിക്കുന്നുവെന്ന് രണ്ടാം വത്തിക്കാന്‍ കൗൺസില്‍ പഠിപ്പിക്കുന്നു. വി. തോമസ് അക്വീനാസ് പറയുന്നത്, “വി. കുര്‍ബ്ബാന സ്വര്‍ഗ്ഗത്തിന്റെ ഉന്നതഭാവവും സ്വര്‍ഗ്ഗത്തിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള വഴിയാഹാരവും ആകുന്നു” എന്നാണ്. അങ്ങനെ വി. കുര്‍ബ്ബാനയെ സംബന്ധിക്കുന്ന അനേകം അനേകം സന്ദേശങ്ങള്‍ നാം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്.
വി. കുര്‍ബ്ബാനയോടുള്ള ഭക്തിയും അതുവഴിയായി ലഭിക്കുന്ന നിരവധിയായ കൃപകളും പഠിക്കുന്നതിനും വിശ്വാസികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനും വേണ്ടിയാണ് “എവുക്കരിസ്തിയ” എന്ന മാസിക പ്രസിദ്ധീകരിക്കുന്നത്. വി. കുര്‍ബ്ബാനയുടെ ആഴമായ ബോധ്യങ്ങള്‍ ഈ മാസികയിലൂടെ ലഭ്യമാകുമെന്ന് പ്രത്യാശിക്കുന്നു. ഈ മാസിക വായിക്കുന്നവര്‍ക്ക് വി. കുര്‍ബ്ബാനയില്‍ ഭക്ത്യാദരങ്ങളോടെ പങ്കുചേരാന്‍ ഇടയാകും. വി. കുര്‍ബ്ബാനയെപ്പറ്റിയുള്ള ഗൗരവമായ നിരീക്ഷണ പഠനങ്ങള്‍ക്കും ഈ പ്രസിദ്ധീകരണം സഹായകമാകും. ഈ മാസിക പ്രസിദ്ധീകരിക്കുന്ന എം. സി. ബി. എസ്. സീയോന്‍ പ്രോവിന്‍സിനും ഇതിന്റെ പ്രസാധകര്‍ക്കും അഭിനന്ദനങ്ങള്‍ ഒരിക്കല്‍ക്കൂടി അര്‍പ്പിക്കുന്നു.
ദൈവം ധാരാളമായി നമ്മെ അനുഗ്രഹിക്കട്ടെ.