പ്രിയപ്പെട്ടവരേ,
എന്‍റെ സ്നേഹാശംസകള്‍!
എം.സി.ബി.എസ് സീയോന്‍ പ്രോവിന്‍സ് “എവുക്കരിസ്തിയ” എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നു. ഈ മാസികയില്‍ വരുന്ന എല്ലാ ലേഖനങ്ങളും വി. കുര്‍ബാനയുടെ ആഴങ്ങളിലേക്കുള്ള ഒരു യാത്രയായിരിക്കും എന്ന കാര്യവും എന്നെ അത്യധികം സന്തോഷിപ്പിക്കുന്നു. വി. കുര്‍ബാന ക്രിസ്തീയ ജീവിതത്തിന്‍റെ യഥാര്‍ത്ഥ ഊര്‍ജ്ജമാണ്. അത് ജീവിക്കേണ്ട ഒരു രഹസ്യമാണ്; അത് വിശ്വസിക്കേണ്ട ഒരു രഹസ്യമാണ് എന്ന് വി.ജോണ്‍ പോള്‍ രണ്ടാമന്‍ പ്രസ്താവിക്കുന്നുണ്ട്. അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസ് പറയുന്നത്, “വി. കുര്‍ബാന അമര്‍ത്യതയുടെ ഔഷധമാണെന്നാണ്.”
രക്ഷാകര ചരിത്രം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു രഹസ്യമാണ് വി. കുര്‍ബാന. രക്ഷാകര ചരിത്രത്തിലുടനീളം അതിന്‍റെ സാന്നിധ്യമുണ്ട്. പഴയ നിയമത്തില്‍ വി. കുര്‍ബാന അടയാളങ്ങളിലൂടെ സൂചിപ്പിക്കപ്പെട്ടിരുന്നു. പുതിയ നിയമത്തില്‍ അതൊരു സംഭവമായി തീരുന്നു. നമ്മുടെ കാലഘട്ടത്തില്‍ അതൊരു കൂദാശയാണ്.
ഈ ദിവ്യരഹസ്യത്തിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങാന്‍ വിശ്വാസികളെ സഹായിക്കുന്ന രീതിയില്‍ ഒരു മാസിക പുറത്തിറക്കുന്നതിന് എം.സി.ബി.എസ്. സഭാധികാരികളേയും “എവുക്കറരിസ്തിയ”യ്ക്ക് നേതൃത്വം നല്‍കുന്ന എല്ലാ വൈദീകരെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ ഈ സംരംഭം ദൈവപ്രേരിതമാണ്. ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. കാലത്തിന്‍റെ അടയാളങ്ങള്‍ വായിച്ചറിയുവാനുള്ള നിങ്ങളുടെ നല്ല മനസ്സിനെ ഒരിക്കല്‍കൂടി ഞാന്‍ അഭിനന്ദിക്കുന്നു.
വി. കുര്‍ബാനയോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കുവാന്‍ നിങ്ങള്‍ തരുന്ന ഈ സമ്മാനം ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കാം. ഈ സംരംഭത്തിന് മംഗളം നേരുന്നു; കരുത്ത് നേരുന്നു; ചൈതന്യവും.
സ്നേഹപൂര്‍വ്വം