+91 8590 373975
https://eucharistiamcbs.com/public/storage/images/4lhmbG6KJCSDWqjFy5Dor8iO2mfXRY2uiHawre7l.jpg

ബോള്‍സേനയിലെ ദിവ്യകാരുണ്യ അത്ഭുതം

“സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന അപ്പം ഞാനാണ്” (യോഹ 6:41) എന്നും  “ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍റെ ശരീരമാണ്” (യോഹ 6:51) എന്നും അരുള്‍ചെയ്ത ക്രൂശിതനും ഉത്ഥിതനുമായ ഈശോ വി. കുര്‍ബ്ബാനയില്‍ സജീവ സാന്നിധ്യമായി ജീവിക്കുന്നു. ലോകത്തിന്‍റെ മുമ്പില്‍ ക്രിസ്തു സാന്നിധ്യത്തിന്‍റെ ശക്തമായ അടയാളങ്ങളായ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ വിശ്വാസികളെ എക്കാലവും വിശ്വാസത്തിന്‍റെ ആഴങ്ങളിലേയ്ക്കും ബോധ്യങ്ങളിലേയ്ക്കും നയിക്കുന്നു. ഈ വസ്തുത വി. ഇരണേയൂസിന്‍റെ വാക്കുകളില്‍ നിന്നും വ്യക്തമാണ്: “ദിവ്യകാരുണ്യത്തെപ്പറ്റി ചിന്തിക്കുന്ന നമ്മുടെ ചിന്തകളെ ദിവ്യകാരുണ്യനാഥന്‍ രൂപപ്പെടുത്തും.”
ലീജിലെ വി. ജൂലിയാനക്ക് തുടര്‍ച്ചയായ ചില ദര്‍ശനങ്ങളിലൂടെ വി. കുര്‍ബ്ബാനയുടെ ബഹുമാനാര്‍ത്ഥം ഒരു തിരുനാള്‍ വേണമെന്ന ഉള്‍പ്രേരണ ലഭിച്ച സാഹചര്യത്തില്‍ വി. കുര്‍ബ്ബാനയുടെ തിരുനാള്‍   (Corpus Christi) ആരംഭിക്കാന്‍ ഉര്‍ബന്‍ നാലാമന്‍ മാര്‍പ്പാപ്പയെ ഏറെ പ്രചോദിപ്പിച്ച സംഭവമാണ് 1263 - ല്‍ ഇറ്റലിയിലെ ബോള്‍സേനയിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം.
ജര്‍മ്മനിയിലെ പ്രാഗില്‍ നിന്നുള്ള ഫാ. പീറ്റര്‍, റോമിലേയ്ക്കുള്ള തന്‍റെ തീര്‍ത്ഥാടനത്തിനിടയില്‍, ഇറ്റലിയിലെ ബോള്‍സേനയിലെ രക്തസാക്ഷിയായ വി. ക്രിസ്റ്റീനയെ അടക്കം ചെയ്തിരുന്ന ദൈവാലയത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുകയായിരുന്നു. വളരെ നല്ല ഒരു ഭക്തനായിരുന്നെങ്കിലും വി. കുര്‍ബ്ബാനയില്‍ യേശുവിന്‍റെ യഥാര്‍ത്ഥ സാന്നിധ്യം ഉണ്ടെന്ന് അംഗീകരിക്കാനും, വിശ്വസിക്കാനും കഴിയാത്ത ഒരു സാഹചര്യത്തിലൂടെ അദ്ദേഹം കടന്നുപോവുകയായിരുന്നു. വി. കുര്‍ബ്ബാനയര്‍പ്പിക്കുന്നതിനിടയില്‍ അദ്ദേഹം അപ്പവും വീഞ്ഞും വാഴ്ത്തി സമര്‍പ്പിച്ച ശേഷം ഓസ്തി മാംസമായി മാറിയതും ഓസ്തിയില്‍ നിന്നും രക്തം പൊടിയുന്നതും കാണാനിടയായി. അദ്ദേഹത്തിന്‍റെ കൈയ്യിലും അള്‍ത്താരവിരിയിലും രക്തത്തുള്ളികള്‍ ഇറ്റിറ്റു വീണു. അദ്ദേഹം ഇത് രഹസ്യമാക്കി വെയ്ക്കാന്‍ ആദ്യം ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
ഉടനെ തന്നെ അവിടെ നിന്നും ഏകദേശം 10 കി.മീ. അകലെ ഓര്‍വിയേത്തോയില്‍ താമസിക്കുന്ന ഉര്‍ബന്‍ നാലാമന്‍ മാര്‍പ്പാപ്പായെ വിവരമറിയിക്കുകയും മാര്‍പ്പാപ്പാ ഈ അത്ഭുതത്തേക്കുറിച്ച് പരിശോധിക്കാന്‍ വിദഗ്ധരെ നിയമിക്കുകയും അത്ഭുതം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഓസ്തിയും രക്തംപുരണ്ട അള്‍ത്താര വിരിയും ഓര്‍വിയേത്തോയിലെ കത്തീഡ്രല്‍ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചു. ബോള്‍സേനയിലെ ഈ ദിവ്യകാരുണ്യ അത്ഭുതം ഉര്‍ബന്‍ നാലാമന്‍ മാര്‍പ്പാപ്പായെ ഏറെ സ്വാധീനിക്കുകയുണ്ടായി. അതിനാല്‍ യേശുവിന്‍റെ ശരീരരക്തങ്ങളെ കേന്ദ്രീകരിച്ച് വി. കുര്‍ബ്ബാനയില്‍ ഉപയോഗിക്കാന്‍ ഒരു ആരാധനക്രമം രൂപപ്പെടുത്താന്‍ വി. തോമസ് അക്വീനാസിനെ ചുമതലപ്പെടുത്തുകയും മാര്‍പ്പാപ്പാ ആ പ്രാര്‍ത്ഥനകള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. 1264 ആഗസ്റ്റ് 11 - ന് 'ട്രാന്‍സിത്തൂറസ് ദേ ഹോക് മുന്തോ' (Transiturus de hoc Mundo) എന്ന പേപ്പല്‍ ബുള്‍വഴി വി. കുര്‍ബ്ബാനയുടെ തിരുന്നാള്‍ - Corpus Christi – പ്രഖ്യാപിക്കുകയും ചെയ്തു. 1263 - ല്‍  ബോള്‍സേനയില്‍  നടന്ന ഈ ദിവ്യകാരുണ്യ അത്ഭുതം ഈ തിരുനാളിനു പ്രചോദനമായി മാറുകയുണ്ടായി. 1338 - ല്‍ ഉഗോലിനോ ദി ലാരിയോസ് നിര്‍മ്മിച്ച പ്രത്യേക സക്രാരിയിലേയ്ക്ക് തിരുവോസ്തിയും അള്‍ത്താര വിരിയും മാറ്റി സ്ഥാപിച്ചു.
1964 - ല്‍ വി. പോള്‍ ആറാമന്‍ മാര്‍പ്പാപ്പാ വി. കുര്‍ബ്ബാനയുടെ തിരുന്നാളിന്‍റെ 700 - ആം വാര്‍ഷികത്തോടനുബന്ധിച്ച് ഓര്‍വിയേത്തോയില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം 1976 - ല്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ ഭാഗമായി പോള്‍ ആറാമന്‍ മാര്‍പാപ്പ വീണ്ടും ബോള്‍സേന സന്ദര്‍ശിക്കുകയും “ദിവ്യകാരുണ്യം മഹോന്നതവും അവര്‍ണനീയവുമായ വലിയ ഒരു രഹസ്യമാണ്” എന്ന സന്ദേശം നല്‍കുകയും ചെയ്തു. 1990 - ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായും ഈ പുണ്യസ്ഥലം സന്ദര്‍ശിച്ചത് ബോള്‍സേനയില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്‍റെ പ്രചോദനവും സ്വാധീനവും ഏറെ വലുതാണെന്ന് ചൂിണ്ടിക്കാണിക്കുന്നു.


ഫാ. വിൻസെൻറ് ഇടക്കരോട്ട് MCBS_image
ഫാ. വിൻസെൻറ് ഇടക്കരോട്ട് MCBS

ബർസാർ, MAPS പബ്ലിക് സ്കൂൾ, മേച്ചിറ, ചാലക്കുടി