+91 8590 373975
https://eucharistiamcbs.com/public/storage/images/93K1HtWDuHqL63M1IOAYnf7ysQa9Wd29d73w8aSF.jpg

പൊതിച്ചോറില്‍ വിരിയുന്ന ദിവ്യകാരുണ്യം

പൊതിച്ചോറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേയ്ക്ക് കടന്നുവരുന്ന ഒരു ചിത്രമുണ്ട്, കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ പരിസരത്ത് കരുണയുടെ ആള്‍രൂപമായി മാറുന്ന പി. വി. തോമസ് എന്ന നവജീവന്‍ തോമസ് ചേട്ടന്‍. കഴിഞ്ഞ അന്‍പത് വര്‍ഷങ്ങളായി കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ അദ്ദേഹത്തെ കാണാം, വിശക്കുന്ന ജീവിതങ്ങളിലേയ്ക്ക് മുറിച്ചു വിളമ്പുന്ന അപ്പത്തിന്‍റെ രൂപത്തില്‍.

ഓരോ വിശുദ്ധ ബലിയും നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒരു നിയോഗമുണ്ട്, ദിവ്യകാരുണ്യം സ്വീകരിച്ച് മടങ്ങുന്ന നമ്മള്‍ ആയിത്തീരേണ്ട പങ്കുവെയ്പിന്‍റെ ജീവിതം. കുര്‍ബാന അര്‍പ്പണത്തിന്‍റെ അനുഷ്ഠാനങ്ങള്‍ മാത്രമാണ് ദൈവാലയത്തില്‍ നടക്കുന്നത്. അത് അനുഷ്ഠിക്കപ്പെടേണ്ടത് ഓരോ ജീവിതത്തിലുമാണ്. നമ്മള്‍ പരാജയപ്പെട്ടുപോകുന്നതും അവിടെയാണ്. തോമസ് ചേട്ടന്‍ ജീവിതത്തില്‍ വരച്ചുചേര്‍ക്കുന്നതും ഈ സത്യമാണ്. വിശക്കുന്ന വയറുകള്‍ക്ക് അന്നമാകുന്നതും അശരണര്‍ക്ക് തണലൊരുക്കുന്നതും തന്നെയാണ് തന്‍റെ ബലിയര്‍പ്പണമെന്ന് ഒരു മനുഷ്യന്‍ തിരിച്ചറിയുമ്പോള്‍ ആ തണലിന്‍റെ കീഴില്‍ സുരക്ഷിതരാകുന്നത് ചിറകു നഷ്ടപ്പെട്ട കുറെ ജീവിതങ്ങളാണ്.

അന്‍പത് വര്‍ഷങ്ങള്‍ക്കപ്പുറം രോഗത്തിന്‍റെ പീഢകളുമായി നീണ്ട വഴികള്‍ പിന്നിട്ട് മെഡിക്കല്‍ കോളേജിന്‍റെ പടികള്‍ ചവിട്ടുമ്പോള്‍, കൂടെ ഉണ്ടായിരുന്നത് സ്നേഹം നിറഞ്ഞ മാതാപിതാക്കള്‍ മാത്രമായിരുന്നു. ഇല്ലായ്മയുടെ നടുവില്‍ നിന്നും എണ്ണിപ്പെറുക്കിയ ചെറു സമ്പാദ്യംകൊണ്ട് രോഗത്തോട് മല്ലിടുമ്പോള്‍ നിസ്സഹായതയുടെ ആള്‍ രൂപങ്ങളായി മാറുകയായിരുന്നു പ്രിയപ്പെട്ട മാതാപിതാക്കള്‍. ആ രോഗപീഢകള്‍ക്കിടയില്‍ കണ്ടുമുട്ടിയ രാമചന്ദ്രന്‍ എന്ന നിര്‍ഭാഗ്യനായ ചെറുപ്പക്കാരനാണ് സഹായം തേടിയണഞ്ഞ ആദ്യ അയല്‍ക്കാരന്‍. ദാരിദ്ര്യത്തിന്‍റെ ചെറിയ പൊതിച്ചോറില്‍ നിന്നും രാമചന്ദ്രന് പങ്കുവെച്ച ഒരുപിടി അന്നവും, അത് ആ മുഖത്ത് വിരിയിച്ച നിഷ്ക്കളങ്കമായ പുഞ്ചിരിയുമാണ് തോമസ് ചേട്ടനെ ഒരു നല്ല സമറായനായി രൂപപ്പെടുത്തിയത്. നിര്‍ഭാഗ്യങ്ങളുടെ ആ മനുഷ്യന്‍ ഓപ്പറേഷനോടുകൂടി യാത്രയായപ്പോള്‍ തോമസ് ബാക്കിയാവുകയായിരുന്നു, ഒരു വലിയ നിയോഗത്തിന്‍റെ കാവല്‍ക്കാരനാകാന്‍.

രോഗവും അതിന്‍റെ അരിഷ്ടതകളും മനം മടുപ്പിക്കുന്ന ആശുപത്രി ചുറ്റുപാടുകളും എല്ലാവരും മറക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ മാത്രം പുതിയൊരു ദൗത്യവുമായി തിരിച്ചു വരികയാണ്. ജീവിതാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന ചില സത്യങ്ങളുണ്ട്. ചില ദുരനുഭവങ്ങള്‍ നമ്മെ രൂപപ്പെടുത്തും; വേദനിക്കുന്നവരിലേയ്ക്ക് ഇറങ്ങി ചെല്ലാന്‍, സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരെക്കുറിച്ച് ചിന്തിക്കാന്‍. മറ്റു ചിലര്‍ അവയെല്ലാം ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത ഇന്നലെകളായി, മറവിയുടെ മണിച്ചിത്രത്താഴിട്ട് പൂട്ടും. രോഗം സുഖപ്പെട്ട് മടങ്ങിവരുമ്പോള്‍ വീണ്ടും ആ ആശുപത്രി അങ്കണത്തിലേയ്ക്ക് അയാളെ വലിച്ചടുപ്പിച്ചത് കാരുണ്യം കാത്തിരിക്കുന്ന ചില മുഖങ്ങളായിരുന്നു, അപരന്‍റെ കനിവിനായി കൈ നീട്ടുന്ന കുറെ ജീവിതങ്ങള്‍; ആത്മാഭിമാനം കൊണ്ട് ഭിക്ഷയാചിക്കാന്‍ കഴിയാതെ വിശപ്പ് കടിച്ചമര്‍ത്തേണ്ടിവരുന്ന കുറെ ജീവിതങ്ങള്‍. ഇവരെല്ലാം കാത്തിരിക്കുമ്പോള്‍ തോമസ് ചേട്ടന് തിരികെ വരാതിരിക്കാനായില്ല. ആദ്യമായി കടന്നുവരുമ്പോള്‍ കൈയ്യിലുണ്ടായിരുന്നത് അപ്പച്ചനോട് വാങ്ങിയ ഏതാനും നാണയങ്ങളും അല്‍പ്പം ഭക്ഷണവുമായിരുന്നു. ഇല്ലായ്മയുടെ നടുവില്‍ ചേര്‍ത്തുവെച്ച ഈ ചെറു സമ്പാദ്യങ്ങളുടെ വില നിശ്ചയിക്കാവുന്നതിലും അപ്പുറത്തായിരുന്നു. വലിയ സംരംഭങ്ങളെല്ലാം തുടങ്ങുന്നത് ചെറിയ നിമിത്തങ്ങളിലാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു തോമസ് ചേട്ടന്‍റെ ജീവിതവും. കടുകുമണി പൊട്ടിവിടര്‍ന്ന് വലിയ മരമായി മാറുന്നു എന്ന് വചനം ഓര്‍മ്മപ്പെടുത്തുന്നതുപോലെ വിശപ്പില്‍ നിന്നും മിച്ചംവെച്ച അല്‍പ്പം ഭക്ഷണവും ഒരാളുടെ ചെറു സമ്പാദ്യവുമാണ് ആയിരങ്ങള്‍ക്ക് തണലാകുന്ന ഒരു വലിയ തണല്‍ മരമായി മാറുന്നത്.

പങ്കുവെയ്ക്കാനുള്ള മനസ്സും ദൈവത്തോട് ചേര്‍ന്നു നില്‍ക്കുവാനുള്ള എളിമയും ഉണ്ടെങ്കില്‍ ദൈവം ഒരുക്കുന്ന വഴികള്‍ കണ്ണുകള്‍ക്ക് അവിശ്വസനീയമായി തോന്നാം. “മുമ്പോട്ടു പോവുക” എന്ന ദൈവസ്വരത്തിന് മുമ്പില്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ച തോമസ് ചേട്ടന് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടതായി വന്നില്ല. വിശക്കുന്ന ജീവിതങ്ങള്‍ക്ക് പൊതിച്ചോറിലൂടെ വെളിവാക്കപ്പെട്ടത് ദൈവകാരുണ്യം തന്നെയായിരുന്നു. ഒത്തിരി ജീവിതങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ദൈവം അദ്ദേഹത്തെ ഒരുക്കുകയായിരുന്നു. പൊതിച്ചോറുകളുടെ എണ്ണം കൂട്ടേണ്ടതായി വന്നപ്പോള്‍ അതിലേയ്ക്ക് സ്നേഹം വിളമ്പാന്‍ ഒത്തിരി സുമനസ്സുകള്‍ കടന്നുവരികയുണ്ടായി. മെഡിക്കല്‍ കോളേജില്‍ ലഭിച്ച ചെറിയ ജോലിയുടെ ശമ്പളം തെല്ലും മാറ്റിവെയ്ക്കാതെ, പാവങ്ങള്‍ക്കായി പങ്കുവെച്ചപ്പോള്‍ തോമസ് ചേട്ടന്‍റെ മനസ്സ് ഒരിക്കലും ശങ്കിച്ചിരുന്നില്ല. 

മാനസിക അസ്വാസ്ഥ്യം ഉള്ള മനുഭായി എന്ന സ്ത്രീയുടെ കടന്നു വരവിലൂടെ ദൈവം പുതിയ നിയോഗങ്ങള്‍  ഏല്‍പ്പിച്ച 1992 - ല്‍ ആരംഭിച്ച നവജീവന്‍ ട്രസ്റ്റ് ഒരു തണല്‍മരംപോലെ എത്ര ജീവിതങ്ങള്‍ക്കാണ് ചേക്കയൊരുക്കുന്നത്. ആരും ഇല്ലാതാവുകയെന്നതാണ് ജീവിതത്തിന്‍റെ ഏറ്റവും വലിയ നൊമ്പരം. തണലാകാന്‍ ഒരിടവും അവിടെ സ്നേഹം വിളമ്പാന്‍ കുറെ ജീവിതങ്ങളുമുങ്കെില്‍ ജീവിതം കൈവിട്ടു പോകുന്ന ആയിരങ്ങള്‍ക്ക് സ്വപ്നം കാണാന്‍ സാധിക്കും. സ്വപ്നങ്ങളില്ലാത്തവര്‍ക്ക് ചിറകുകള്‍ നല്‍കുക എന്ന നിയോഗം നിറവേറ്റി പുതിയ ജീവിതത്തിലേയ്ക്ക് നയിക്കുകയാണ് നവജീവന്‍ ട്രസ്റ്റ് ചെയ്യുന്നത്. സമൂഹത്തിന്‍റെ മുഖ്യധാരകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നവര്‍ക്കും ഉപയോഗശൂന്യരായി മുദ്രകുത്തപ്പെടുന്നവര്‍ക്കും ജീവിക്കുവാനുള്ള അവകാശവും സുരക്ഷിതമായ ഇടവും ഒരുക്കുവാന്‍ തോമസ് ചേട്ടന് സാധിക്കുന്നു. ദിവസവും അയ്യായിരത്തോളം പൊതിച്ചോറുകളിലൂടെ വിരിയുന്ന ദൈവത്തിന്‍റെ കരുണയുടെ മാനുഷിക മുഖമാണ് തോമസ് ചേട്ടന്‍റെ ബലികള്‍ അനശ്വരങ്ങളാക്കി മാറ്റുന്നത്.


ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS_image
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS

'കടലാസ്' എന്ന ഫേസ്ബുക്ക് പേജിലൂടെയും ശാലോം ടിവിയിലെ 'ദ ബുക്ക് ഷെൽഫ്' എന്ന പ്രോഗ്രാമിലൂടെയും ശ്രദ്ധേയനായ ഫാ. ബിബിൻ ഏഴുപ്ലാക്കൽ, ദിവ്യകാരുണ്യ മിഷനറി സഭയുടെ ടാൻസാനിയ മിഷനിൽ സേവനം ചെയ്യുന്നു.