ഓരോ മനുഷ്യനും ജനിക്കുന്നത് ഒരു പ്രത്യേക ദൗത്യവുമായാണ്. ഈ ദൗത്യം (mission) തിരിച്ചറിഞ്ഞ് നിര്‍വ്വഹിക്കുന്നതിലാണ് ജീവിതത്തിന്‍റെ സംതൃപ്തി. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. ഇതില്‍ ഏറ്റവും പ്രധാനം അത് ദൈവീക പദ്ധതി (Plan of God) ആണെന്ന അവബോധത്തിലേയ്ക്കുള്ള വളര്‍ച്ചയാണ്. ദൈവിക കൃപയോടുള്ള സഹകരണമാണിത്. ഇവിടെയാണ് ദൈവവുമായുള്ള സമ്പൂര്‍ണ്ണ ഐക്യത്തിലേയ്ക്ക് (communion) നാം നടന്നടുക്കുന്നത്. സഭയിലൂടെ, ക്രിസ്തു ശിഷ്യരായി മാറി, ക്രിസ്തു ഏല്‍പ്പിച്ച 'പ്രേഷിത ദൗത്യം' അതിന്‍റെ പൂര്‍ണ്ണതയില്‍ നിര്‍വ്വഹിക്കപ്പെടുമ്പോഴാണ് ഒരാട്ടിന്‍പറ്റവും ഒരിടയനുമെന്ന (യോഹ 10:16) അവിടുത്തെ സ്വപ്നം പൂവണിയുന്നത്. ഇന്നത്തെ ഉപഭോഗ മരണ സംസ്കാരത്തിന്‍റെ വല്ലാത്ത പ്രതിസന്ധിയില്‍ ഈ ദൗത്യം നിര്‍വ്വഹിക്കല്‍ ക്ലേശകരമാണ്. ഇന്നത്തെ ലോകത്തിന് സ്നേഹത്തിന്‍റെ - ദിവ്യകാരുണ്യത്തിന്‍റെ മറുസംസ്കാരം കാണിച്ചു കൊടുക്കുകയാണ് സഭയുടെ ദൗത്യം; ക്രിസ്തു ശിഷ്യരുടെ ഉത്തരവാദിത്വം.
ആരാണ് യഥാര്‍ത്ഥ ക്രിസ്തു ശിഷ്യര്?
1826 - ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ക്ലാസിക് കൃതിയാണ് വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍. മിക്കവര്‍ക്കും വളരെ പരിചിതവും ഹൃദയസ്പര്‍ശിയുമായ ഒരു രംഗം ഈ നോവലിലുണ്ട്. ഒരിക്കല്‍ ചെയ്ത കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിച്ച ജീന്‍ വാല്‍ജീന്‍ എന്ന ആള്‍ ബിഷപ്പിന്‍റെ അരമനയില്‍ നിന്നും ഒരു വെള്ളി വിളക്ക് മോഷ്ടിക്കുന്നു. ഇയാളെ പോലീസ് പിടിച്ച് തിരികെ ബിഷപ്പിന്‍റെ അടുത്തേയ്ക്ക് കൊണ്ടുവന്ന് ഇത് അങ്ങയുടെ വിളക്കാണ് എന്നു പറഞ്ഞു. മിരിയേല്‍ എന്ന മെത്രാന്‍റെ മറുപടി വായനക്കാരെ മാത്രമല്ല, ഇന്നും അനേകായിരങ്ങളെ കോരിത്തരിപ്പിക്കുന്നുണ്ട്: “ഇവന്‍ മോഷ്ടിച്ചതല്ല; ഞാന്‍ കൊടുത്തതാണ്.” പോലീസ് വലിയ ആശ്ചര്യത്തോടെ ബിഷപ്പിനോട് ചോദിച്ചു: “അങ്ങേയ്ക്കിവനെ അറിയാമോ?” ബിഷപ്പ് പറഞ്ഞു: “അറിയാം.” “ആരാണിവന്‍?” ബിഷപ്പിന്‍റെ മറുപടി: “എന്‍റെ സഹോദരന്‍.” ആ ഉത്തരമാണ് ക്രിസ്തു മതം. ബിഷപ്പ് മിരിയേല്‍ അവന് ജീവിതത്തിലേയ്ക്ക് മടങ്ങിവരാനുള്ള ഒരു പ്ലാറ്റ് ഫോം തയ്യാറാക്കി കൊടുക്കുന്നു.
നിത്യജീവന്‍ പ്രാപിക്കാന്‍ എന്തുചെയ്യണമെന്ന് ആരാഞ്ഞെത്തിയ നിയമപണ്ഡിതനോട് കര്‍ത്താവ് പറഞ്ഞത് നല്ല സമരിയക്കാരന്‍റെ ഉപമയാണ്; മുറിവേറ്റു കിടക്കുന്നവനെ ശുശ്രൂഷിക്കുക; “നീയും പോയി അതുപോലെ ചെയ്യുക” (ലൂക്ക 10:37). മുറിവേറ്റു കിടക്കുന്ന ആയിരങ്ങളെ ശുശ്രൂഷിക്കലാണ് ക്രിസ്തു ശിഷ്യരുടെ ദൗത്യം; മുറിവുകളുടെ എണ്ണമോ ആഴമോ കൂട്ടലല്ല. എല്ലാ കല്പനകളേയും നിയമങ്ങളേയും (പഴയ നിയമം) സ്നേഹത്തിലേയ്ക്ക് (പുതിയ നിയമം) ചുരുക്കിയ ഈശോ ദൈവത്തേയും സഹോദരളേയും സ്നേഹിക്കാനാണ് പറയുന്നത് (മത്താ 22:37-39). അപ്പസ്തോലന്മാരുടെയും അവരുടെ പിന്‍ഗാമികളുടെയും ആകെയുള്ള ഉത്തരവാദിത്വമാണിത്; സഹോദരന്‍റെ കാവല്‍ക്കാരാകാനുള്ള ദൗത്യം. ഇതാണ് ഇന്നത്തെ ലോകത്തിന് ആവശ്യമായ യഥാര്‍ത്ഥമായ സുവിശേഷ വേല.
പ്രേഷിതദൗത്യം
മേല്‍ പറഞ്ഞതിന്‍റെ പ്രായോഗിക നിര്‍വഹണമാണ് പ്രേഷിത ദൗത്യം നല്‍കിയതിലൂടെ ഈശോ നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഈശോ അവരെ സമീപിച്ച് അരുളിചെയ്തു: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്നാനം നല്കുവിന്‍. ഞാന്‍ നിങ്ങളോട് കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും (മത്താ 28:18-20). ഇതാണ് കര്‍ത്താവ് സഭയെ ഏല്പിച്ച ദൗത്യം. നമ്മുടെ എല്ലാ പ്രേഷിത പ്രവര്‍ത്തനങ്ങളുടെയും അടിത്തറ ഒരുക്കിയിരിക്കുന്നത് ഈ വചനങ്ങളിലാണ്. ഇതില്‍ നിന്നും ജീവനും ഊര്‍ജ്ജവും ഉള്‍ക്കൊണ്ടാണ് അപ്പസ്തോലന്മാരും ആദിമ ക്രൈസ്തവ സമൂഹവും സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങിയത്.
എന്താണ് സുവിശേഷീകരണം?
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു (1962-65) മുമ്പ് സുവിശേഷ പ്രവര്‍ത്തനത്തിന് ‘mission’ എന്ന പദമാണ് ഉപയോഗിച്ചിരുന്നത്. സുവിശേഷം അറിഞ്ഞിട്ടില്ലാത്തവരെ സുവിശേഷം അറിയിക്കലായിരുന്നു അത് (Mission ad gentes). പരി. ത്രിത്വത്തിലാണ് ഈ മിഷന്‍ പ്രവര്‍ത്തനത്തിന്‍റെ അടിവേര് ഉറച്ചിരിക്കുന്നതെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സഭയുടെ മിഷന്‍ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഡിക്രിയില്‍ (Ad gentes 2) പറയുന്നു. പിതാവാണ് പുത്രനേയും പരി. ആത്മാവിനെയും അയക്കുന്നത്. ക്രിസ്തുവിന്‍റെ മൗതിക ശരീരമായ സഭയും അതിനാല്‍ തന്നെ അയക്കപ്പെട്ടവളാണ്, ലോകത്തിന്‍റെ എല്ലാ ഭാഗത്തേയ്ക്കും. സഭയുടെ അടിസ്ഥാന ഭാവമാണിത്. സഭ നിലനില്‍ക്കുന്നതു തന്നെ സുവിശേഷം ജീവിക്കാനും, ജീവിതത്തിലൂടെ അത് പ്രഘോഷിക്കാനുമാണ്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമാണ് സുവിശേഷീകരണം (Evangelization) എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങിയത്. ഗ്രീക്കുഭാഷയില്‍ നിന്നുമാണ് ഈ വാക്കിന്‍റെ ഉത്ഭവം. സുവിശേഷം പ്രസംഗിക്കുക എന്നാണിതിനര്‍ത്ഥം. യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേയ്ക്ക് വന്ന് തന്‍റെ ദൗത്യം ആരംഭിച്ച യേശു പറഞ്ഞു: “സയമം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍” (മര്‍ക്കോ 1:14-15). ഗലീലയില്‍ തുടങ്ങി ജറുസലെമില്‍ അവസാനിച്ച യേശു ദൗത്യം, പിതാവേല്പിച്ച ദൗത്യം, ലോകരക്ഷ ഇന്നും സഭയിലൂടെ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ക്രിസ്തു മരിച്ചു, ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, ക്രിസ്തു ഇനിയും വരും. ഇതിന്‍റെ ആന്തരികത ഉള്‍ക്കൊണ്ട് ഈ നല്ല വാര്‍ത്ത പങ്കുവെയ്ക്കലാണ് സഭയുടെ ദൗത്യം. ഇന്ന് സഭയില്‍ സഭയുടെ വേദപഠനങ്ങളിലൂടെ, കൗദാശിക ജീവിതത്തിനായുള്ള ഒരുക്കത്തിലൂടെ, തുടര്‍ച്ചയായുള്ള തിരുവചന പഠന-പ്രഘോഷണങ്ങളിലൂടെ, വിശ്വാസം ജീവിക്കുകയും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, ആരാധനാക്രമത്തിലൂന്നിയുള്ള ആദ്ധ്യാത്മികതയിലൂടെ, ക്രിസ്തീയ വഴിയില്‍ സഞ്ചരിക്കാന്‍ ക്രിസ്തുശിഷ്യരെ പ്രാപ്തരാക്കി മാറ്റുകയാണ് യഥാര്‍ത്ഥ പ്രേഷിത ദൗത്യം/സുവിശേഷീകരണം.
ഈ കാലഘട്ടം നവസുവിശേഷീകരണത്തിന്‍റെതാണ് (New Evangelization). വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം സഭയില്‍ വന്ന മാറ്റങ്ങളുടെ പിന്‍തുടര്‍ച്ചയെന്നോണം ഇത് പോള്‍ ആറാമന്‍ മാര്‍പ്പാപ്പായിലൂടെയും, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായിലൂടെയും, ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പായിലൂടെയും ഫ്രാന്‍സിസ് മാര്‍പ്പാപ്പായില്‍ എത്തി നില്‍ക്കുന്നു.
മരണസംസ്കാരത്തില്‍ നിന്നും ദിവ്യകാരുണ്യ സംസ്കാരത്തിലേയ്ക്ക്
സ്വജീവിതത്തില്‍ ദൈവത്തെ അനുഭവിച്ചറിഞ്ഞ ക്രിസ്ത്യാനി അത് മറ്റുള്ളവരുമായി പങ്കുവെയ്ക്കും. പക്ഷെ പലര്‍ക്കും അതെങ്ങനെയെന്നറിയില്ല. വിവാഹമോചനങ്ങള്‍, ഭ്രൂണഹത്യ, കുടുംബകലഹങ്ങള്‍, സാങ്കേതികവിദ്യകളുടെ അമിത ഉപയോഗം, ആത്മഹത്യ, കൊലപാതകം, മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഉപയോഗം, തുടങ്ങിയ മരണ സംസ്കാരത്തിന്‍റെ ചെയ്തികളിലേയ്ക്ക് വഴുതി വീണുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ജീവന്‍റെ സംസ്കാരം എന്തെന്ന് കാണിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്വവും വെല്ലുവിളിയുമാണ് നവസുവിശേഷീകരണം ഓരോ ക്രിസ്ത്യാനിയുടെയും മുമ്പില്‍ ഉയര്‍ത്തുന്നത്.
യുദ്ധഭൂമിയില്‍ മുറിവേറ്റു കിടക്കുന്നവര്‍ക്ക് കാരുണ്യപൂര്‍വ്വം അവരുടെ മുറിവ് പരിചരിക്കുന്ന ഡോക്ടറോ നേഴ്സോ ആണ് ഓരോ സുവിശേഷ വേലക്കാരനും വേലക്കാരിയും. യഥാര്‍ത്ഥ പ്രേഷിത ദൗത്യത്തിന്‍റെ വ്യാഖ്യാനമെന്തെന്ന് സ്വജീവിതശൈലിയിലൂടെയും വാക്കുകളിലൂടെയും ഇന്നത്തെ ലോകത്തിന് കാണിച്ചുകൊടുക്കുന്ന ഫ്രാന്‍സിസ് പാപ്പാ റോമില്‍ വച്ച് 2013 ആഗസ്റ്റില്‍ ഒരു ഈശോ സഭാ പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തിൽ സഭ ഒരു ‘field hospital’ ആണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തി. മുറിവേറ്റ് കിടക്കുന്നവരോട് കാരുണ്യത്തിന്‍റെ ഭാഷയില്‍ സംവദിക്കാനാകുക എന്നതാണ് നവസുവിശേഷീകരണം. വാക്കുകള്‍ക്കതീതമായ മനോഭാവത്തിന്‍റെയും പ്രവര്‍ത്തിയുടേയും ഭാഷയാണിത്. ഹൃദയത്തിന്‍റെ ഈ ഭാഷ, സ്നേഹത്തിന്‍റെ ഭാഷയാണ്, കാരുണ്യത്തിന്‍റെ ഭാഷയാണ്. മരണ സംസ്കാരത്തില്‍ നിന്നും ജീവന്‍റെ ദിവ്യകാരുണ്യ സംസ്കാരത്തിലേയ്ക്കുള്ള യാത്രയാണ് നവസുവിശേഷീകരണം.
ഈ ഭാഷയിലുള്ള സുവിശേഷീകരണം അപരരിലുള്ള ദൈവസാന്നിദ്ധ്യത്തെ തിരിച്ചറിയുന്നതിന് നമ്മെ പ്രാപ്തരാക്കുന്നു. മിരിയേല്‍ എന്ന ബിഷപ്പ്, ജീന്‍ വാല്‍ജീനോട് കാരുണ്യം കാണിച്ചതുപോലെ, കുമ്പസാരക്കൂട്ടിലണയുന്നവരോട് കര്‍ത്താവ് കാരുണ്യം കാണിക്കുന്നതുപോലെ, അപരനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല (യോഹ 15:13) എന്ന വചനം അക്ഷരാര്‍ത്ഥത്തില്‍ പാലിക്കപ്പെട്ടതുപോലെ, ഓരോ ദിവസവും അള്‍ത്താരയില്‍ ദിവ്യകാരുണ്യമായി തമ്പുരാന്‍ മാറുന്നതുപോലെ, അതിന് പരിധികളില്ല. ലോകത്തിന്‍റെ അതിര്‍ത്തികള്‍ വരെ നിനക്ക് പോകാം. അനേകായിരങ്ങള്‍ കാത്തിരിക്കുകയാണ്, നിനക്കായും ക്രിസ്തുവിനായും.
ഫാ. അലക്സ് സെബാസ്റ്റ്യന്‍ ഒഴുകയില്‍ MCBS
ഫാ. അലക്സ് ഒഴുകയിൽ പത്തു വർഷമായി ബ്രസീലിലെ ഔറിഞ്ഞോസ് രൂപതയിലെ ഇടവകയിലും രൂപതാ കോടതിയിലും സേവനം ചെയ്യുന്നു. സഭാ നിയമത്തിൽ (CIC) റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റി (പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ലൊന്ത്രിന) യിൽ നിന്നും ലൈസൻഷ്യേറ്റ് നേടിയിട്ടുണ്ട്.