+91 8590 373975
https://eucharistiamcbs.com/public/storage/images/QnM778AsyelD7S7WYtELNEEdbeqHEFMoi5uUwfuP.jpg

ആത്മദാനമായ്

സുകുമാരകലകളില്‍ ഏറ്റവും പുരാതനവും സ്വാഭാവികവുമായ സംഗീതം ദൈവീകമാണ്.  ഭക്തിയെ ആത്മാവിന്‍റെ മേഖലയില്‍ നിന്ന് ഭാഷയുടെ മാധ്യമത്തിലൂടെ ആവിഷ്ക്കരിക്കുമ്പോള്‍ സംജാതമാകുന്ന കവിതയെ സംഗീതത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ അനുഭൂതി സാന്ദ്രവും ഭാവപ്രകാശിതവുമായ ഗാനം സൃഷ്ടിക്കപ്പെടുന്നു. കൃതിക്ക് കാവ്യാത്മകതയും ഭാഷാശുദ്ധിയും ദാര്‍ശനീകമായ ആത്മീയ ആഴങ്ങളും ഉള്ളപ്പോള്‍ അത് ഹൃദയത്തെ തൊടുന്നു. 

അര്‍ത്ഥസമ്പുഷ്ടമായ വരികളാലും ഹൃദയസ്പര്‍ശിയായ സംഗീതത്താലും ഇമ്പകരമായ ആലാപനത്താലും ഒത്തിരി ശ്രദ്ധിക്കപ്പെട്ട ആത്മീയാനുഭൂതി നല്‍കുന്ന മനോഹരമായ ഒരു ഗാനമാണ് ബഹു. തോമസ് ഇടയാലച്ചന്‍റെ ആത്മദാനമായ് എന്ന ആല്‍ബത്തിലെ 'ആത്മദാനമായ് നല്‍കാന്‍ അപ്പവും വീഞ്ഞും' എന്ന ഗാനം. ഇത് നിര്‍മ്മിച്ചിരിക്കുന്നത് അഡ്വ. സാബു ജോസഫും സംഗീതം പകര്‍ന്നിരിക്കുന്നത് സാംജി ആറാട്ടുപുഴയുമാണ്. 

ആരാധകര്‍ക്കു പകരമായി അള്‍ത്താരയില്‍ അര്‍പ്പിതമാകുന്ന അപ്പവും വീഞ്ഞും പെസഹാ ദിനത്തില്‍ ആത്മദാനമായ് ലോകത്തിനു സ്വയം നല്‍കാന്‍ ഈശോ കൈകളിലെടുത്ത അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സ്ഥാനത്താണ് വയ്ക്കപ്പെടുന്നത്. അപ്പവും വീഞ്ഞും വാഴ്ത്തിയ ഈശോയുടെ കരങ്ങളിലേയ്ക്കാണ് വി. കുര്‍ബ്ബാനയിലെ ആരാധകരുടെ അര്‍പ്പണവും ചേര്‍ക്കപ്പെടുന്നത്.

ഈശോയുടെ ആത്മദാനത്തോട് ചേരുന്ന ആരാധകരുടെ അര്‍പ്പണവും ഈശോയുടെ ആത്മദാനവും തമ്മില്‍ അസ്തിത്വപരമായ ബന്ധം സ്ഥാപിക്കപ്പെടുന്നുവെന്നതാണ് ഈ ഗാനത്തിന്‍റെ കേന്ദ്ര ആശയം. വചനങ്ങളിലൂടെ ഓര്‍മ്മയാകുന്ന ഈശോ സ്വയംബലിവസ്തുവായി മാറുന്നു. ഓര്‍മ്മകളിലെ ഓര്‍മ്മപ്പെടുത്തലുകളെ പ്രാര്‍ത്ഥനയാക്കി മാറ്റാന്‍ യഥാര്‍ത്ഥ സമര്‍പ്പണം അനിവാര്യമായിതീരുന്നു.

'ചക്രവാകം' എന്ന രാഗത്തെ അടിസ്ഥാനപ്പെടുത്തിയാണ്  സാംജി ഈ കവിതയ്ക്ക് സംഗീതം നല്കിയിരിക്കുന്നത്. കവിതയുടെ സ്വഭാവമനുസരിച്ച് രാഗത്തിന്‍റെ കണ്ടെത്തല്‍ വളരെ ശ്രദ്ധാപൂര്‍വ്വം സാംജി നിര്‍വ്വഹിച്ചിരിക്കുന്നു. ഈ ഗാനത്തിന്‍റെ സ്വഭാവവും ഭാവവും നിശ്ചയിച്ചതും ഈ രാഗം തന്നെയാണ്. ഭക്തിയും വിശുദ്ധിയും ഒന്നായി മാറുന്ന അനുഭവമാണ് ഓരോ പ്രാവശ്യവും ഈ ഗാനം കേള്‍ക്കുമ്പോഴും ആലപിക്കുമ്പോഴും ലഭിക്കുന്നത്.

ക്രൈസ്തവ ഗാനരംഗത്തെ അഭിമാനവും അഹങ്കാരവും വേറിട്ട ആലാപനശൈലികൊണ്ട് ജനമനസ്സുകളില്‍ ഇടംനേടുകയും ചെയ്ത കെസ്റ്റര്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കെസ്റ്ററിന്‍റെ ആലാപനം ‘ആത്മദാനമായ് നല്കാന്‍’ എന്ന ഗാനത്തിന് കൂടുതല്‍ മനോഹാരിത നല്‍കിയിരിക്കുന്നു.

ഫാ. ജോമോന്‍ പുത്തേട്ടുപടവില്‍ MCBS_image
ഫാ. ജോമോന്‍ പുത്തേട്ടുപടവില്‍ MCBS

മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നും സംഗീതത്തിൽ മാസ്റ്റേർഴ്സ് ഡിഗ്രിയുള്ള ഫാ. ജോമോൻ പുത്തേട്ട്‌പടവിൽ, കോഴിക്കോടുള്ള എം.സി.ബി.എസ് കലാനികേതന്‍റെ ഡയറക്ടറും സംഗീത സംവിധായകനും വിവിധ സ്ഥാപനങ്ങളിൽ സംഗീതാധ്യാപകനുമാണ്.