“ഇത് എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍” (ലൂക്ക 22:19) എന്ന് ശിഷ്യരോട് കല്പിച്ചുകൊണ്ടാണല്ലോ സെഹിയോന്‍ ഊട്ടുശാലയില്‍ വെച്ച് ഈശോ വി. കുര്‍ബ്ബാന സ്ഥാപിച്ചത്. ഈശോയുടെ ഈ കല്‍പ്പന ശിരസ്സാവഹിച്ചുകൊണ്ട് ആദിമ സഭാസമൂഹം അവിടുത്തെ നാമത്തില്‍ ഒരുമിച്ചുകൂടി ‘അപ്പം മുറിക്കല്‍ ശുശ്രൂഷ’ നിര്‍വഹിച്ചു പോന്നു (അപ്പ 2:42). ആദിമ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അപ്പംമുറിക്കല്‍ ശുശ്രൂഷയായിരുന്നു അവരുടെ സ്‌നേഹകൂട്ടായ്മയുടേയും പങ്കുവയ്ക്കലിന്‍റെയും ശക്തിയുടെ ഉറവിടം. ഇങ്ങനെയാണ് അവര്‍ മിശിഹായെ അനുകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തത്. അതിന്‍റെ ഫലമായി അനേകമാളുകള്‍ മിശിഹായില്‍ വിശ്വസിക്കുകയും ക്രിസ്തീയ കൂട്ടായ്മയിലേക്ക് പ്രവേശിക്കുകയും ചെയ്തു. വി. കുര്‍ബ്ബാനയിലൂടെ സംജാതമാകുന്ന ഈ കൂട്ടായ്മയെക്കുറിച്ച് വി. പൗലോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നുണ്ട്: “അപ്പം ഒന്നേയുള്ളൂ. അതിനാല്‍ പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്” (1 കോറി 10:17). കൂട്ടായ്‌മയുടേയും സ്നേഹത്തിന്‍റെയും ഉറവിടമായ വി. കുര്‍ബ്ബാനയില്‍ നിന്നും തിരുസഭ എന്നും ആത്മീയ ശക്തി സ്വീകരിക്കുന്നു. കാരണം, വി. കുര്‍ബ്ബാന ഈശോയുടെ മൗതിക ശരീരമാകുന്ന തിരുസഭയുടെ ഹൃദയമാണ്.
ഉറവിടവും മകുടവും
ക്രൈസ്തവ ജീവിതത്തിന്‍റെ ഉറവിടവും മകുടവുമാണ് വി. കുര്‍ബ്ബാനയെന്ന് തിരുസഭയേക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗൺസില്‍ പ്രമാണരേഖ പഠിപ്പിക്കുന്നു (തിരുസഭ 11). ക്രിസ്തീയ ജീവിത ശൈലിയുടെ ബാലപാഠങ്ങള്‍ നമ്മള്‍ പഠിക്കുന്നത് വി. കുര്‍ബ്ബാനയിലുള്ള സജീവമായ പങ്കാളിത്തത്തില്‍ നിന്നാണ്. ക്രൈസ്തവ ജീവിതത്തിന്‍റെ ശക്തികേന്ദ്രവും ഉറവിടവുമായ വി. കുര്‍ബ്ബാന അതിന്‍റെ പൂര്‍ണ്ണതയില്‍ ആഘോഷിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്യുക ക്രൈസ്തവ ആധ്യാത്മിക ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.
പ്രാര്‍ത്ഥന, ജീവിത നിയമം
ആരാധനാക്രമാധിഷ്ഠിതമായ ആധ്യാത്മികതയില്‍ സഭാസമൂഹം പരിശീലിപ്പിക്കപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ വേദിയാണ് വി. കുര്‍ബ്ബാനയര്‍പ്പണം. വി. കുര്‍ബ്ബാനയുടെ ആഘോഷം നമ്മെയും നമ്മുടെ ഹൃദയങ്ങളേയുമാണ് രൂപപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യേണ്ടത്. വി. കുര്‍ബ്ബാനയിലെ പ്രാര്‍ത്ഥനകളേയും കര്‍മ്മങ്ങളേയും കുറിച്ചുള്ള അറിവ് ദിവ്യകാരുണ്യാനുഭവത്തില്‍ വളരാനും ദിവ്യകാരുണ്യ കേന്ദ്രീകൃത ജീവിതം നയിക്കാനും നമ്മെ സഹായിക്കും. വി. കുര്‍ബ്ബാനയിലെ പ്രാര്‍ത്ഥനകള്‍ നമ്മുടെ വിശ്വാസവും ആധ്യാത്മികതയുമായി രൂപാന്തരപ്പെടണം. പ്രാര്‍ത്ഥന നമ്മുടെ ജീവിത നിയമമായിത്തീരണം.
സ്നേഹത്തില്‍ വളര്‍ത്തുന്നു
വി. കുര്‍ബ്ബാന സ്നേഹത്തില്‍ നമ്മെ വളര്‍ത്തുന്നു, നിലനിര്‍ത്തുന്നു. അങ്ങനെ ശിരസ്സാകുന്ന മിശിഹായോട് ചേര്‍ന്നു നില്‍ക്കാനും അവയവങ്ങളാകുന്ന സഭാംഗങ്ങള്‍ തമ്മില്‍ സ്നേഹത്തില്‍ വര്‍ത്തിക്കാനും ദൈവസ്നേഹത്തില്‍ വളരാനും ലിറ്റര്‍ജിയുടെ ആഘോഷം, പ്രത്യേകിച്ച് വി. കുര്‍ബ്ബാനയിലുള്ള ഭാഗഭാഗിത്വം നമ്മെ സഹായിക്കുന്നു. വി. കുര്‍ബ്ബാന, മിശിഹായുടെ ഭൗതിക ശരീരമായ സഭയിലൂടെ പൂര്‍ണ്ണമായി അവിടുത്തോട് നമ്മെ ഐക്യപ്പെടുത്തുന്നു. അതുവഴി ദൈവമഹത്വീകരണവും മനുഷ്യവിശുദ്ധീകരണവും സാധ്യമാകുന്നു. വിശ്വസിക്കേണ്ട രഹസ്യം, ആഘോഷിക്കേണ്ട രഹസ്യം, ജീവിക്കേണ്ട രഹസ്യം എന്നിങ്ങനെയാണ് വി. കുര്‍ബ്ബാനയെ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പാ സ്നേഹത്തിന്‍റെ കൂദാശ (Sacramentum Caritatis) എന്ന പ്രബോധന രേഖയില്‍ വിളിച്ചിരിക്കുന്നത്.
വിശ്വാസത്തിന്‍റെ നിക്ഷേപാലയം
ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം വി. കുര്‍ബ്ബാന വിശ്വാസത്തിന്‍റെ നിക്ഷേപാലയമാണ്. അതുകൊണ്ട് നമ്മുടെ വിശ്വാസത്തിന്‍റെ ആകെത്തുകയും സംക്ഷേപവുമാണ് വി. കുര്‍ബ്ബാനയെന്ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം ഉദ്ബോധിപ്പിക്കുന്നു (CCC 1327). സഭയുടെ വിശ്വാസം സാരാംശപരമായി കുര്‍ബ്ബാനാധിഷ്ഠിത വിശ്വാസമാണ്. അത് കുര്‍ബ്ബാനയുടെ മേശയില്‍ സവിശേഷമാം വിധം പരിപോഷിപ്പിക്കപ്പെടുന്നുവെന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പാ സ്നേഹത്തിന്‍റെ കൂദാശ എന്ന പ്രബോധന രേഖയില്‍ വ്യക്തമാക്കുന്നു (SCar. 6).
വി. കുര്‍ബ്ബാന പെസഹാ രഹസ്യത്തിന്‍റെ ആഘോഷമാണ്. ക്രൈസ്തവ ജീവിതം പെസഹാ രഹസ്യത്തിന്‍റെ ജീവിതമാണ്. പെസഹാ രഹസ്യത്തിലുള്ള നമ്മുടെ വിശ്വാസത്തെ വളര്‍ത്താനും പ്രോജ്ജ്വലിപ്പിക്കാനും കുര്‍ബ്ബാനയിലുള്ള പങ്കാളിത്തം നമ്മെ സഹായിക്കുന്നു. വി. കുര്‍ബ്ബാനയിലെ ഭാഗഭാഗിത്വം അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ നമ്മുടെ ജീവിതത്തേയും ഒരു ബലിയാക്കിത്തീര്‍ക്കണം. വി. പൗലോസ് പറയുന്നു: “നിങ്ങള്‍ നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍” (റോമ 12:1). വി. കുര്‍ബ്ബാന നമ്മള്‍ ജീവിക്കേണ്ട രഹസ്യമാണെന്ന് നാം ഓര്‍ത്തിരിക്കണം.
വി. കുര്‍ബ്ബാനയും കുടുംബ ജീവിതവും
ക്രൈസ്തവ കുടുംബങ്ങളെ രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും, സ്നേഹത്തിന്‍റെ ഉടമ്പടിയും ആത്മപരിത്യാഗത്തിന്‍റെ നേര്‍സാക്ഷ്യവുമായ വി. കുര്‍ബ്ബാനയ്ക്ക് നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളില്‍ വി. കുര്‍ബ്ബാനയാണ് കുടുംബകേന്ദ്രീകൃതമായ ആധ്യാത്മികതയുടെ ശക്തി സ്രോതസ്സ് (സ്നേഹത്തില്‍ ആനന്ദം, 15). 'കൂദാശകളുടെ കൂദാശ' എന്നറിയപ്പെടുന്ന വി. കുര്‍ബ്ബാനയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ച് പരസ്പര സ്നേഹത്തിലും കൂട്ടായ്മയിലും വളരുമ്പോഴാണ് നമ്മുടെ ക്രിസ്തീയ കുടുംബങ്ങള്‍ ദൈവം വസിക്കുന്ന ആലയങ്ങളായി രൂപാന്തരപ്പെടുന്നത്.
ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ആധ്യാത്മികത ( Eucharistic Spirituality) കുടുംബങ്ങളില്‍ വളര്‍ത്തിയെടുത്താല്‍ മാത്രമേ തങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ഏതു വെല്ലുവിളികളേയും അതിജീവിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കുകയുള്ളൂ എന്ന് ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നുണ്ട് (സ്നേഹത്തില്‍ ആനന്ദം, 318). വി. കുര്‍ബ്ബാനയാകുന്ന അത്താഴവിരുന്നില്‍ പങ്കുചേരാന്‍ ഈശോ എല്ലാ കുടുംബങ്ങളുടേയും വാതില്‍ക്കല്‍ മുട്ടുന്നു (വെളി 3:20). കാരണം, വി. കുര്‍ബ്ബാനയെന്നത് പരിപൂര്‍ണ്ണര്‍ക്കുള്ള ഒരു പാരിതോഷികമല്ല, മറിച്ച് ബലഹീനര്‍ക്കുള്ള ശക്തമായ ഔഷധവും പരിപോഷണവുമാണ്.
പങ്കുവെയ്ക്കലിന്‍റെ ജീവിതം
ദൈവവുമായി നമ്മെ ഒന്നിപ്പിക്കുന്നതോടൊപ്പം സഹോദരങ്ങളുമായി കൂട്ടായ്മയില്‍ ജീവിക്കാന്‍ സ്നേഹത്തിന്‍റെ കൂദാശയായ വി. കുര്‍ബ്ബാന നമ്മെ ശക്തിപ്പെടുത്തുന്നു. അതുകൊണ്ടാണ് വി. കുര്‍ബ്ബാനയെ സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും കൂദാശയെന്ന് വിളിക്കുന്നത് (ആരാധനക്രമം, 47). കര്‍ത്താവിന്‍റെ പങ്കുവയ്ക്കപ്പെടുന്ന ശരീരരക്തങ്ങള്‍ സ്വീകരിക്കുന്ന നാം നമുക്കുള്ളവയെ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ സന്നദ്ധരാകണം. അപ്പോഴാണ് നമ്മുടെ ജീവിതം ദൈവത്തിന് സ്വീകാര്യമായ ബലിയായിത്തീരുന്നത് (ഹെബ്രാ 13:16).
അങ്ങനെ ആരാധന ക്രമബദ്ധമായ ആധ്യാത്മിക ശൈലിയില്‍ നമ്മുടെ ക്രൈസ്തവ ജീവിതം വളര്‍ത്തിയെടുക്കുമ്പോഴാണ് ബലിയാകാനും ബലിയേകാനും മുറിക്കപ്പെടാനും പങ്കുവെയ്ക്കപ്പെടാനുമുള്ള ആത്മബലം നമുക്ക് ലഭിക്കുന്നത്. അങ്ങനെയെങ്കില്‍, പാവങ്ങളേയും വേദനിക്കുന്നവരേയും അവഗണിക്കുന്ന ചേരിതിരിവുകള്‍ക്കും അസമത്വങ്ങള്‍ക്കും നേരെ കണ്ണടച്ചുകൊണ്ട് വി. കുര്‍ബ്ബാന സ്വീകരിക്കാന്‍ നമുക്ക് കഴിയുകയില്ല. വി. പൗലോസ് അനുസ്മരിപ്പിക്കുന്നതുപോലെ, മിശിഹായുടെ തിരുശരീര രക്തങ്ങളുടെ സ്വീകരണം നമുക്ക് ശിക്ഷാവിധിക്ക് കാരണമാകാതിരിക്കണം (1 കോറി 11:29). അതിന് കൂട്ടായ്മയിലൂടെയും പങ്കുവയ്ക്കലിലൂടെയും സഹോദരങ്ങളെ സ്നേഹിക്കുകയും പരസ്പരം അംഗീകരിക്കുകയും വളര്‍ത്തുകയും വേണം.
സ്നേഹത്തിന്‍റെ സാക്ഷ്യം
പരസ്പര സ്നേഹത്തിലൂടെയും നമ്മുടെ സഹായമര്‍ഹിക്കുന്നവരോടുള്ള സഹാനുഭൂതിയിലൂടെയും ഈശോയുടെ യഥാര്‍ത്ഥ ശിഷ്യരായി നമ്മെ തിരിച്ചറിയുമ്പോഴാണ് വി. കുര്‍ബ്ബാനയര്‍പ്പണത്തിന്‍റെ സാമൂഹികമാനം നിര്‍ണ്ണയിക്കപ്പെടുന്നതെന്ന് വി. ജോൺ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ 2004 - ല്‍ പ്രസിദ്ധീകരിച്ച ‘നാഥാ, ഞങ്ങളോടൊത്തു വസിച്ചാലും’ എന്ന ശ്ലൈഹിക ലേഖനത്തില്‍ പറയുന്നുണ്ട് (no. 28).
നമ്മുടെ ക്രിസ്തീയ ജീവിതം സ്നേഹത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും സാക്ഷ്യവും മാതൃകയുമാകുമ്പോള്‍ മാത്രമേ, ആധുനിക സമൂഹം മിശിഹായിലേയ്ക്ക് ആകര്‍ഷിക്കപ്പെടുകയുള്ളൂ. ആയതിനാല്‍, ബലിയര്‍പ്പണം വഴി നമ്മുടെ ജീവിതത്തെ സഹോദരങ്ങളുമായി സ്നേഹത്തില്‍ ബന്ധിപ്പിക്കാനും കരുണയുടെ മൂര്‍ത്ത രൂപങ്ങളായി പരിവര്‍ത്തനം ചെയ്യാനും നമുക്ക് സാധിക്കണം. ലിറ്റര്‍ജിയാകുന്ന കലാലയത്തിലിരുന്ന് മിശിഹാ രഹസ്യങ്ങളേക്കുറിച്ച് വിശിഷ്യാ വി. കുര്‍ബ്ബാനയേക്കുറിച്ച് ധ്യാനിക്കുമ്പോള്‍ നമ്മുടെ ക്രിസ്തീയ ജീവിതം തിളക്കമുള്ളതും സാക്ഷ്യമേകുന്നതുമായിത്തീരും. അങ്ങനെ ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ഒരു സ്നേഹസംസ്കാരം സമൂഹത്തിലും കുടുംബങ്ങളിലും പടുത്തുയര്‍ത്താന്‍ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം.
മാർ തോമസ് ഇലവനാല്‍
ബിഷപ്പ്, കല്യാൺ രൂപത