+91 8590 373975
https://eucharistiamcbs.com/public/storage/images/CdCPTABTB7Gycc186jbPy0LztUvodUIrKlmW4z4H.jpg

വി. കുര്‍ബ്ബാന: ജീവന്‍റെയും വിശ്വാസത്തിന്‍റെയും ആഘോഷം

ഭൂപ്രകൃതിയുടെ മനോഹാരിതകൊണ്ടും ബഹുസ്വരതയുടെ നിറക്കൂട്ടുകൊണ്ടും അനേകരെ തന്നിലേയ്ക്കാകര്‍ഷിക്കുന്ന ഇന്ത്യയുടെ വടക്കു-കിഴക്കന്‍ പ്രവശ്യ (North-East Region) ക്രൈസ്തവ വിശ്വാസത്തിന്‍റെ വര്‍ണ്ണപ്പൊലിമയും തീവ്രതയും മറ്റുലോകങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന അത്ഭുത ദേശമാണ്. ഇവിടുത്തെ വിശ്വാസ സമൂഹത്തിന്‍റെ വി. കുര്‍ബ്ബാനയര്‍പ്പണം ജീവന്‍റെയും വിശ്വാസത്തിന്‍റെയും ഒരു ആഘോഷമാണ്. 

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒട്ടുമിക്ക ഗോത്രങ്ങളും ക്രിസ്തീയ വിശ്വാസത്തെ ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും ആഘോഷമായി കൊണ്ടാടുന്നു. അവയില്‍ പലതും നമ്മെ വിസ്മയഭരിതരാക്കാന്‍ പോരുന്നവയാണ്. മേഘാലയയിലെ   'ഗാരോ' ഗോത്രക്കാര്‍ക്കിടയില്‍ കത്തോലിക്കാ വിശ്വാസിയുടെ മരണം പോലും ഒരു ആഘോഷമാണ്. കാരണം, ആ വ്യക്തിയുടെ മരണം സ്വര്‍ഗ്ഗത്തിലെ ജനനമാണ്. അതിനാല്‍, അയാളെ ഈ ലോകത്തില്‍ നിന്നും യാത്രയാക്കേണ്ടത് ആനന്ദാഹ്ളാദത്തോടെയാണെന്നാണ് വിശ്വാസം. സ്വര്‍ഗ്ഗത്തെപ്രതിയും തങ്ങളുടെ ഇടയില്‍ നിന്ന് വേര്‍പെട്ടുപോയ ആളുടെ നന്മയെപ്രതിയും മരണത്തെ അവര്‍ കൊണ്ടാടുമ്പോള്‍ തൊഴുത്തിലെ കൊഴുത്ത കാളക്കുട്ടിയും വീടിന്‍റെ മൂലയില്‍ പതുങ്ങി നില്‍ക്കുന്ന പന്നിയുമെല്ലാം മരണവീട്ടിലെ കാലവറയിലെത്തും. 

വി. കുര്‍ബ്ബാന വടക്കുകിഴക്കന്‍ പ്രവിശ്യയിലെ വിശ്വാസികള്‍ക്ക് ആഘോഷങ്ങളുടെ ആഘോഷമാണ്. പലയിടങ്ങളിലും ഒത്തിരിയേറെ ആശിച്ചാണ് ജനങ്ങള്‍ വി. കുര്‍ബ്ബാനയ്ക്കായി കാത്തിരിക്കുന്നത്. ഒട്ടനവധി ഗ്രാമങ്ങളുള്ള ഇടവകകളിലെ പല ഗ്രാമങ്ങളിലും വൈദികരുടെ കുറവുമൂലം മൂന്നും നാലും മാസങ്ങള്‍ കൂടുമ്പോഴേ വി. ബലിയര്‍പ്പണം നടക്കാറുള്ളൂ. അതാകട്ടെ, മിക്കവാറും വൈകുന്നേരങ്ങളിലും. രാവിലെ മുതല്‍ വീടുകളില്‍ കയറിയിറങ്ങുന്ന വൈദികരും സന്യസ്തരും പ്രചാരകരും പ്രാര്‍ത്ഥനകള്‍ക്കുശേഷം എല്ലാവരേയും വൈകുന്നേരത്തെ വി. ബലിയിലേയ്ക്ക് ക്ഷണിക്കുന്നു. വൈകിട്ട് ജപമാലയോടെ ഗ്രാമങ്ങളിലെ ചെറുപള്ളികളില്‍ ആഘോഷമാരംഭിക്കുന്നു. ജപമാലയുടെ സമയത്തുതന്നെ പാപസങ്കീര്‍ത്തനം നടത്തി ജനങ്ങളെല്ലാവരും പരമമായ ആഘോഷത്തിനൊരുങ്ങുന്നു. വായിക്കാനറിയുന്ന എല്ലാവരും കുര്‍ബ്ബാനപുസ്തകങ്ങള്‍ കൈകളിലേന്തി ഉണര്‍വോടെ ഉച്ചത്തില്‍ പ്രവേശനഗാനം ആലപിക്കുന്നത് കര്‍ണ്ണങ്ങള്‍ക്കും നയനങ്ങള്‍ക്കും ഒരുപോലെ ആനന്ദദായകമാണ്. പുരുഷനെന്നോ സ്ത്രീയെന്നോ, വൃദ്ധരെന്നോ ശിശുക്കളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും സഹര്‍ഷം ദൈവാരാധനയില്‍ പങ്കുചേരുന്നത് കണ്ടനുഭവിക്കേണ്ടതുതന്നെയാണ്. 

ദിവ്യബലിയുടെ പ്രാരംഭത്തില്‍തന്നെ ദിവസത്തിന്‍റെ പ്രത്യേകതയും വായനകളുടെ പൊരുളും ബലിയുടെ മഹത്വവും പങ്കുവയ്ക്കുന്നത് കര്‍മ്മങ്ങളുടെ ഉള്ളറിഞ്ഞ് പങ്കെടുക്കാന്‍ വിശ്വാസികളെ സഹായിക്കുന്നു. വചന വായനയിലും പ്രതിവചന സങ്കീര്‍ത്തനത്തിലുമെല്ലാമുള്ള ജനങ്ങളുടെ പങ്കാളിത്തം വി. ബലിയെ ജീവസ്സുറ്റതാക്കുന്നു. പലപ്പോഴും കൈയ്യടികളോടും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്നത്. സുവിശേഷഗ്രന്ഥം വായനയ്ക്കായി ബലിവേദിയിലെത്തുന്നത് മിക്കപ്പോഴും അഗര്‍ബത്തിയുടെ ആരതിയോടു കൂടിയാണ്. മതബോധന രീതിയിലുള്ള (Catechetical) വചന വ്യാഖ്യാനത്തിലൂടെ വൈദികര്‍ വിശ്വാസത്തേയും കൂദാശകളേയും കുറിച്ച് ജനങ്ങളെ ബോധ്യമുള്ളവരാക്കാന്‍ പരിശ്രമിക്കുന്നു. 

വി. ബലിയുടെ ചൈതന്യത്തെ തെളിച്ചുകാണിക്കുന്ന ഭാഗമാണ് കാഴ്ചയര്‍പ്പണം. ദൈവാലയത്തിലെത്തുന്ന എല്ലാവരും തങ്ങള്‍ക്കുള്ളതില്‍നിന്ന് സന്തോഷത്തോടെ കാഴ്ചകളര്‍പ്പിക്കുന്നു. അര്‍പ്പിക്കപ്പെടുന്നവ അരിയോ, അപ്പമോ, പൂക്കളോ, ഫലങ്ങളോ എന്തുമാകട്ടെ, പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഭേദമില്ലാതെ എല്ലാവരും നടത്തുന്ന നിഷ്കളങ്കതയുടെ ഈ അര്‍ച്ചനാദ്രവ്യങ്ങള്‍ക്ക് വിലമതിക്കാനാവാത്ത മൂല്യമുണ്ട്. കാഴ്ചസമര്‍പ്പണത്തിനായി നൃത്തച്ചുവടുകളോടെ ആദ്യമെത്തുന്നത് ഒരു പറ്റം ചെറുപ്പക്കാരായിരിക്കും. കര്‍ത്താവ് നല്കിയവയെ ആനന്ദത്തോടും ഉത്സാഹത്തോടും കൂടെ അവിടുത്തേയ്ക്ക് സമര്‍പ്പിക്കാം എന്നാണിതിന്‍റെ പൊരുള്‍. 

വിശ്വാസ സമൂഹത്തിന്‍റെ ചങ്കുപൊട്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും കാഴ്ചയര്‍പ്പണ സമയം സാക്ഷ്യം വഹിക്കുന്നു. വിശ്വാസികള്‍ നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ തങ്ങളുടെ ജീവിതത്തിന്‍റെ സകല ഭാരങ്ങളും ദു:ഖങ്ങളും തങ്ങള്‍ക്കായി ചെറിയൊരപ്പമായവനിലേയ്ക്ക് ഒതുക്കി, അവനില്‍ ആശ്വാസം കണ്ടെത്തുന്നു. കവിള്‍ത്തടത്തിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണീര്‍ക്കണങ്ങള്‍ വിജയത്തിന്‍റെ തെളിമയായി മാറുന്നു. കാരണം, വി. കുര്‍ബ്ബാനയെന്ന അത്ഭുതത്തില്‍ അവര്‍ ജീവിക്കുകയാണ്. വി. കുര്‍ബ്ബാനയുടെ ഓരോ ഘട്ടത്തിലും തങ്ങളുടെ ജീവന്‍റെ നാഥനെ കാണുന്ന ഈ ജനം തങ്ങളുടെ വേദനകളും ദുരിതങ്ങളും നാഥന്‍ അനുഭവിച്ച വേദനയോട് ചേര്‍ത്തുവച്ച് ആശ്വാസം കണ്ടെത്തുന്നു. 

ഈശോയെ സ്വീകരിച്ച് അവിടുത്തോട് ഒന്നായ ജനം സന്തോഷത്തോടെ നന്ദിയര്‍പ്പിക്കുമ്പോള്‍ അര്‍പ്പകനും തന്‍റെ വികാരവിചാരങ്ങളെ നിത്യപുരോഹിതനിലേയ്ക്ക് ഉയര്‍ത്തി പൗരോഹിത്യമെന്ന മഹാദാനത്തിന് നന്ദിപറയുന്നു.

സഭയുടെ ഏറ്റവും വലിയ പ്രാര്‍ത്ഥനയായ ദിവ്യബലിയില്‍ ജീവിതത്തിന്‍റെ സര്‍വ്വ സന്തോഷങ്ങളും വേദനകളും യാതനകളും ആഗ്രഹങ്ങളും നിവേദനങ്ങളും സമര്‍പ്പിക്കുന്ന ഈ സമൂഹങ്ങള്‍ കലര്‍ത്തപ്പെടുന്ന വീഞ്ഞിനും വെള്ളത്തിനുമൊപ്പം തങ്ങളുടെ ജീവിതങ്ങളേയും അലിയിച്ച് ചേര്‍ക്കുന്നു. ചുരുക്കത്തില്‍, ദിവ്യകാരുണ്യമാകുന്ന മഹാവിസ്മയത്തില്‍ തങ്ങളുടെ ജീവിതങ്ങളെ കൂട്ടിയിണക്കുന്നു.

ഫാ. സജീഷ് കളമ്പുകാട്ട് MCBS_image
ഫാ. സജീഷ് കളമ്പുകാട്ട് MCBS

MCBS നോർത്ത് ഈസ്റ്റ് മിഷൻ സുപ്പീരിയർ