+91 8590 373975
https://eucharistiamcbs.com/public/storage/images/A8UDA8VCtrnL6kDbi3Ew0h931kDkQ4UScw9oVRrP.jpg

ദൈവാലയത്തിന്‍റെ ശ്രേഷ്ഠതയും മദ്ബഹയുടെ മഹത്വവും

സഭയുടെ വിശ്വാസത്തിന്‍റെ  ആഘോഷമാണ് ആരാധനക്രമം. നാം സ്വീകരിക്കേണ്ടതും ജീവിക്കേണ്ടതുമായ വിശ്വാസത്തിന്‍റെ ആഘോഷത്തെക്കുറിച്ച് ഒരു വിശ്വാസിക്ക് അജ്ഞത പാടില്ല. ക്രൈസ്തവ ആരാധനയുടെ കേന്ദ്രമായ വി. കുര്‍ബ്ബാനയെ അടുത്തറിഞ്ഞ് സ്നേഹിക്കാനും അതിന്‍റെ ഫലങ്ങള്‍ അനുഭവിക്കാനും ഒരു വിശ്വാസിയെ സഹായിക്കുന്ന രീതിയിലാണ് സീറോമലബാര്‍ സഭയില്‍ ഒന്‍പതാം ക്ലാസ്സുകാര്‍ക്കുള്ള വേദപാഠപുസ്തകം ഒരുക്കിയിരിക്കുന്നത്. വി. കുര്‍ബ്ബാനയര്‍പ്പണവും അതിന്‍റെ അര്‍ത്ഥങ്ങളും അര്‍പ്പകര്‍ സ്വീകരിക്കേണ്ട മനോഭാവങ്ങളും ഹ്രസ്വവും വിജ്ഞാനപ്രദവുമായി ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇതിലെ 'അടയാളങ്ങളും പ്രതീകങ്ങളും വി. കുര്‍ബ്ബാനയില്‍' എന്ന ശീര്‍ഷകത്തിലുള്ള മൂന്നാം അധ്യായത്തിന്‍റെ ആദ്യഭാഗം ഈ ലക്കത്തില്‍ പരിചയപ്പെടുത്തുന്നു.

I. ദൈവാലയം

വിശ്വാസജീവിതത്തിന്‍റെ കേന്ദ്രം വി. കുര്‍ബ്ബാനയാണ്. വി. കുര്‍ബ്ബാനയര്‍പ്പണത്തിലൂടെ സ്വര്‍ഗ്ഗീയാനുഭവത്തിന്‍റെ മുന്നാസ്വാദനം വിശ്വാസികള്‍ക്ക് കൈവരുന്ന ഇടമാണ് ദൈവാലയം. വി. കുര്‍ബ്ബാന ഏറ്റം അര്‍ത്ഥവത്തായി അര്‍പ്പിക്കുന്ന രീതിയിലാണ് സീറോ മലബാര്‍ സഭയില്‍ ദൈവാലയം സംവിധാനം ചെയ്തിരിക്കുന്നത്. സ്വര്‍ഗ്ഗവും ഭൂമിയും ഒന്നിക്കുന്ന ദൈവാലയത്തിന് സമൂഹവേദി (ഹൈക്കല), ഗായകവേദി (കെസ്ത്രോമ), ബലിവേദി (മദ്ബഹ) എന്നീ മൂന്ന് ഭാഗങ്ങളുണ്ട്. ഗായകവേദി സമൂഹവേദിയില്‍ നിന്ന് ഒരു പടി ഉയര്‍ന്ന് സ്ഥിതിചെയ്യുന്നു; മദ്ബഹ കെസ്ത്രോമയില്‍ നിന്ന് മൂന്ന് പടിയും. ഇപ്രകാരം ക്രമീകരിച്ചിരിക്കുന്ന ദൈവാലയത്തില്‍ ബലിയര്‍പ്പണത്തിനായി അണയുന്ന ജനത്തെ മൂന്നു ഗണമായി തിരിച്ചിരിക്കുന്നു. 

  1. സമൂഹവേദിയില്‍ നില്‍ക്കുന്ന വിശ്വാസ സമൂഹം. 
  2. കെസ്ത്രോമയില്‍ നില്‍ക്കുന്ന ഗായക സംഘം. അവര്‍ ദൈവസന്നിധിയില്‍ സ്തുതിഗീതങ്ങള്‍ ആലപിക്കുന്ന മാലാഖമാരെ ഓര്‍മ്മിപ്പിക്കുന്നു. 
  3. മദ്ബഹയില്‍ ദിവ്യരഹസ്യങ്ങള്‍ പരികര്‍മ്മം ചെയ്യുന്ന പുരോഹിതര്‍.

ദൈവാലയത്തിന്‍റെ  മഹത്വത്തെക്കുറിച്ചുള്ള പ്രബോധനങ്ങളുടെ അടിസ്ഥാനം വി. ഗ്രന്ഥമാണ്. ദൈവമഹത്വം കുടികൊള്ളുന്ന ഇടം (1 രാജാ 8:10-11), ദൈവത്തിന്‍റെ ഭവനം (1 രാജാ 5:1-8, 66), ദൈവം വസിക്കുന്ന ഇടം (വെളി 21:5),  എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ത്ഥനാലയം (ഏശ 56:7; മത്താ  21:13) എന്നീ സുപ്രധാന വിശേഷണങ്ങള്‍ വി. ഗ്രന്ഥം ദൈവാലയത്തിന് നല്‍കുന്നു. ദൈവാലയത്തിന്‍റെ ശ്രേഷ്ഠതയെ ഉയര്‍ത്തിക്കാണിക്കുന്ന ചില പ്രബോധനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

(a) ദൈവാലയം പ്രപഞ്ചത്തിന്‍റെ  പ്രതീകമാണ്.

ഓരോ വി. കുര്‍ബ്ബാനയിലും യേശുവിന്‍റെ കുരിശിലെ ബലിയാണ് അനുസ്മരിക്കപ്പെടുന്നതും പുനരവതരിപ്പിക്കപ്പെടുന്നതും. യേശുവിന്‍റെ ബലിയിലൂടെ മനുഷ്യകുലം മാത്രമല്ല, സര്‍വ്വസൃഷ്ടിജാലങ്ങളും വീണ്ടെടുക്കപ്പെട്ടു. സൃഷ്ടിമുഴുവന്‍ യേശുവിന്‍റെ രക്ഷാകര സാന്നിധ്യത്താലാണ് വീണ്ടെടുക്കപ്പെടുന്നതും നവീകരിക്കപ്പെടുന്നതും (റോമ 8:21-22; കൊളോ 1:15-16). ആകയാല്‍ ദൈവാലയം യേശുവിന്‍റെ സാന്നിധ്യത്താല്‍ നിറഞ്ഞിരിക്കുന്ന സൃഷ്ടപ്രപഞ്ചത്തെ സൂചിപ്പിക്കുന്നു.

(b) ദൈവാലയം തിരുസഭയുടെ പ്രതീകമാണ് (എഫേ 2:21-22).

സഭ ദൈവാരാധനയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട സമൂഹമാണ് (CCC 752). ഇസ്രായേലിനെ ദൈവം ഈജിപ്തുകാരുടെ കൈകളില്‍ നിന്ന് മോചിപ്പിച്ച് ഒരു ജനമാക്കി മാറ്റിയത് തന്നെ ആരാധിക്കുന്ന സമൂഹമാക്കി തീര്‍ക്കുന്നതിനാണ്. സഭ പുതിയ ഇസ്രയേലാണ്. ആകയാല്‍ സഭ സ്വഭാവേന ആരാധനാ സമൂഹമാണ്. അപ്രകാരം ദൈവാരാധനയ്ക്കായി സഭാ സമൂഹം ഒത്തുചേരുമ്പോള്‍ ദൈവാലയം തിരുസഭയുടെ പ്രതീകമാകുന്നു. വി. കുര്‍ബ്ബാനയില്‍ രക്ഷകനായ യേശുവിനെ ദര്‍ശിച്ച് ആരാധിക്കാനുള്ള ഇടമാണ് ദൈവാലയം എന്ന ബോധ്യം ഓരോ വിശ്വാസിയിലും വേരുറപ്പിക്കപ്പെടേണ്ടതാണ് (സങ്കീ 95:6; 99:5; പുറ 19:6; ലൂക്ക 4:8; യോഹ 4:23).

(c) ദൈവാലയം യേശുവിന്‍റെ ശരീരമാണ് (CCC 789).

സഭ യേശുവിന്‍റെ ശരീരമാണ്. നാമെല്ലാം ആ ശരീരത്തിലെ അംഗങ്ങളാണ് (എഫേ 5:30). സഭാതനയര്‍ ആരാധനയ്ക്കായി അണിചേരുമ്പോള്‍ ദൈവാലയം യേശുവിന്‍റെ ശരീരമാകുന്നു. അവിടുത്തെ ആലയത്തെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ തന്‍റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ് യേശു പഠിപ്പിച്ചത് (യോഹ 2:19-21; വെളി 21:22). ആകയാല്‍ ദൈവാലയം യേശുവിന്‍റെ ശരീരമാണ്.

വിശുദ്ധ ബലിക്കായി നാം അണയുന്ന ദൈവാലയം എത്രയോ ശ്രേഷ്ഠവും മഹത്തരവുമാണെന്ന് ഈ പാഠഭാഗം ഓര്‍മ്മിപ്പിക്കുന്നു. ദൈവത്തിന്‍റെ രക്ഷാകര സാന്നിധ്യത്താല്‍ നിറഞ്ഞ ദൈവാലയത്തില്‍ നാം വ്യാപരിക്കേണ്ടത് ഭക്ത്യാദരവുകളോടെ ആയിരിക്കണം. പാപക്കറകള്‍ കഴുകിക്കളഞ്ഞ് പുതിയ മനുഷ്യരായിട്ടാണ് ദൈവത്തെ കണ്ടുമുട്ടേണ്ടത്. ദൈവത്തിന്‍റെ വാസഗേഹമാണ് ദൈവാലയം.

II. മദ്ബഹ

ദൈവാലയത്തിലെ അതിവിശുദ്ധ സ്ഥലമാണിത്. യേശുവിന്‍റെ ശരീരവും രക്തവുമാകുന്ന ദിവ്യരഹസ്യങ്ങള്‍ വൈദികര്‍ പരികര്‍മ്മം ചെയ്യുന്ന ഇടം. ദൈവാലയത്തിന്‍റെ കിഴക്ക് ഭാഗത്താണ് മദ്ബഹയുടെ സ്ഥാനം. ഉദയസൂര്യന്‍റെ കിരണങ്ങള്‍ മദ്ബഹയില്‍ പ്രവേശിക്കുന്നതിനാണ് മദ്ബഹ ഇപ്രകാരം സംവിധാനം ചെയ്തിരിക്കുന്നത്. ലോകത്തിന്‍റെ പ്രകാശമായ ഈശോയെ നാം ഇവിടെ സ്മരിക്കുന്നു.

(a) മദ്ബഹ സ്വര്‍ഗ്ഗത്തിന്‍റെ അടയാളമാണ്. മാലാഖമാരുടെ സ്തുതികളാലും ദൈവസാന്നിധ്യ മഹത്വത്താലും നിറഞ്ഞ സ്വര്‍ഗ്ഗീയ ഇടമാണ് മദ്ബഹ. ഇത് സ്വര്‍ഗ്ഗീയ ജറുസലേമിനെ സൂചിപ്പിക്കുന്നു. വി. കുര്‍ബ്ബാനയിലെ രണ്ടാം പ്രണാമജപ പ്രാര്‍ത്ഥനയിലും തുടര്‍ന്നുള്ള ഓശാനഗീതത്തിലും ഈ മഹത്വമാണ് ആരാധനാ സമൂഹം ധ്യാനിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത്.

(b) ദൈവാലയത്തിലെ മറ്റു സ്ഥലങ്ങളേക്കാള്‍ ഉയരത്തില്‍ മദ്ബഹ ക്രമീകരിച്ചിരിക്കുന്നത് സ്വര്‍ഗ്ഗീയ ഔന്നത്യത്തെ സൂചിപ്പിക്കുന്നു. ഭൂവാസികള്‍ എല്ലാവരും ആദരവോടും എളിമയോടുംകൂടിയാണ് മഹത്വപൂര്‍ണ്ണമായ മദ്ബഹയുടെ മുമ്പില്‍ വ്യാപരിക്കേണ്ടത്.

(c) യേശു പ്രാര്‍ത്ഥിച്ച മലമുകളിനെ സൂചിപ്പിക്കുന്ന ഇടമാണ് മദ്ബഹ. മലമുകള്‍ ദൈവസാന്നിധ്യത്തെ വെളിവാക്കുന്നു (ഏശ 2:3). സങ്കീര്‍ത്തനങ്ങള്‍ ഈ ദൈവസാന്നിധ്യത്തെ പ്രകീര്‍ത്തിക്കുന്നു (സങ്കീ 120:1, 122:1). യേശു തന്‍റെ പരസ്യജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ പ്രാര്‍ത്ഥിക്കാനായി മലമുകളിലേയ്ക്ക് യാത്രയാകുന്നുണ്ട് (ലൂക്ക 6:12; മത്താ 14:23; ലൂക്ക 5:16). ആരാധനാ സമൂഹം സ്വര്‍ഗ്ഗത്തിലേയ്ക്ക് എന്നതുപോലെ കണ്ണുകള്‍ ഉന്നതത്തിലേയ്ക്ക് ഉയര്‍ത്തിയാണ് പ്രാര്‍ത്ഥിക്കുന്നത്. മലമുകള്‍ ദൈവസാന്നിധ്യത്തിന്‍റെ ഇടമാണെങ്കില്‍ ഇന്ന് മദ്ബഹ ദൈവസാന്നിധ്യം നിറഞ്ഞ വിശുദ്ധ സ്ഥലമായി നമുക്ക് മനസ്സിലാക്കാം.

(d) മദ്ബഹയുടെ കിഴക്കേ ഭിത്തിയില്‍ നാം ഒരു സ്ലീവ (കുരിശ്) ദര്‍ശിക്കും. ഈ സ്ലീവാ സൂചിപ്പിക്കുന്നത് യേശുവിന്‍റെ രണ്ടാം വരവാണ്. യേശു കുരിശടയാളത്തോടെ ന്യായവിധിക്കായി ആഗതനാകും എന്ന വിശ്വാസം സഭ ഏറ്റുപറയുന്ന വിശ്വാസമാണ്. വി. കുര്‍ബ്ബാന യേശുവിന്‍റെ രണ്ടാം വരവിന്‍റെ പ്രഘോഷണമാണ് (CCC 671). മാറാനാത്ത - 'ഞങ്ങളുടെ കര്‍ത്താവെ വന്നാലും' (1 കോറി 16:22) എന്നത് ആദിമസഭയുടെ കാലം മുതലേ നിലനിന്നിരുന്ന പ്രാര്‍ത്ഥനയാണ്. കുരിശ് യേശുവിന്‍റെ യഥാര്‍ത്ഥ അടയാളമാണെന്ന് ജറുസലേമിലെ വി. സിറില്‍ പഠിപ്പിക്കുന്നു. ആകയാല്‍ വി. കുരിശിനെ നോക്കി കര്‍ത്താവിന്‍റെ രണ്ടാമത്തെ ആഗമനത്തിനായി കാത്തിരിക്കാന്‍ വിശ്വാസിയെ സ്ലീവാ സഹായിക്കുന്നു.

(e) മദ്ബഹയുടെ സ്ഥാനം കെസ്ത്രോമ (ഗായകവേദി) യ്ക്ക് മൂന്ന് പടി ഉയരത്തിലാണ്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തില്‍ മൂന്ന് പടികള്‍ സ്വര്‍ഗ്ഗത്തേയും (ഉല്പ 28:12) യേശു ജീവനര്‍പ്പിച്ച ഗാഗുല്‍ത്തായേയും സൂചിപ്പിക്കുന്നു. 

(f) മദ്ബഹ ദൈവാലയത്തിലെ മറ്റു ഭാഗങ്ങളില്‍ നിന്നും വേര്‍തിരിക്കപ്പെട്ടിരിക്കുന്നത് മദ്ബഹാവിരിയിലൂടെയാണ്. മദ്ബഹാവിരി വിശുദ്ധ സ്ഥലത്തിന്‍റെ ഔന്നത്യവും പരിശുദ്ധിയും കാണിച്ചുതരുന്നു. മനുഷ്യമനസ്സിന് അഗ്രാഹ്യമായ ദിവ്യരഹസ്യങ്ങള്‍ പരികര്‍മ്മം ചെയ്യപ്പെടുന്ന ഇടമാണ് മദ്ബഹ എന്നും യേശുവിലൂടെയല്ലാതെ ആര്‍ക്കും ദൈവരാജ്യപ്രവേശനം സാധിക്കുകയില്ലെന്നും ഓര്‍മ്മിപ്പിക്കുകയാണ് മദ്ബഹാവിരി.

വി. കുര്‍ബ്ബാന അര്‍പ്പണത്തിനായി ദൈവാലയത്തിലേയ്ക്കണയുമ്പോള്‍ ഓരോ വിശ്വാസിയും താനായിരിക്കുന്ന സ്ഥലം പരിശുദ്ധമാണെന്നും താന്‍ ദര്‍ശിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുന്ന ഓരോ വസ്തുവും ദൈവീക രഹസ്യങ്ങള്‍ക്കായി വേര്‍തിരിക്കപ്പെട്ടതും വിശുദ്ധീകരിക്കപ്പെട്ടതുമാണെന്ന അവബോധം മനസ്സില്‍ കാത്തുസൂക്ഷിക്കേതുമാണ്. ഇവയെക്കുറിച്ചുള്ള അറിവ് കൂടുതല്‍ അനുഭവത്തോടെ വി. കുര്‍ബ്ബാനയില്‍ പങ്കുകൊള്ളുവാന്‍ നമ്മെ സഹായിക്കും.

ഫാ. ജിതിന്‍ പുല്‍പേല്‍ MCBS_image
ഫാ. ജിതിന്‍ പുല്‍പേല്‍ MCBS

അധ്യാപകൻ, MCBS മൈനർ സെമിനാരി, പരിയാരം