+91 8590 373975
https://eucharistiamcbs.com/public/storage/images/FIieas2UmENhUt197Ir2PwCu2F8nbAqKB8kyKRgR.jpg

വി. കുര്‍ബ്ബാന: സമര്‍പ്പിത ജീവിതത്തിന്‍റെ സ്രോതസ്സും കേന്ദ്രവും

തിരുസഭ ജന്മമെടുക്കുന്നത് പെസഹാ രഹസ്യത്തിലാണ്. അതുപോലെ വി. കുര്‍ബ്ബാന അടിസ്ഥാനവും കേന്ദ്രവുമാകാതെ ഒരു ക്രിസ്തീയ സമൂഹവും സമര്‍പ്പിത ജീവിതവും രൂപപ്പെടുകയില്ല. മാത്രവുമല്ല, രക്ഷാകര ബലിയില്‍ നിന്നുമാണ് സമര്‍പ്പിതര്‍ അനുസ്യൂതം ജീവന്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതും (സഭയും വി. കുര്‍ബ്ബാനയും, 12). തന്മൂലം സഭയുടെ ദൃഷ്ടികള്‍ അള്‍ത്താരയിലെ കൂദാശയില്‍ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവില്‍ ഉറച്ചിരിക്കുന്നു. സമര്‍പ്പിതരാകട്ടെ അവിടുത്തെ സീമാതീതമായ സ്നേഹത്തിന്‍റെ ആവിഷ്കാരം അള്‍ത്താരയില്‍ കണ്ടെത്തുന്നു. അങ്ങനെ സമര്‍പ്പിത ജീവിതം ‘പെസഹ ത്രിദിനങ്ങളുടെ’ അനന്തര ശുശ്രൂഷയായി മാറുന്നു.

കര്‍ത്താവിന്‍റെ തിരുമണിക്കൂറിലേയ്ക്ക് പ്രവേശിക്കുന്ന ഓരോ സമര്‍പ്പിതനും സമര്‍പ്പിതയും ക്രിസ്തുവുമായി ഐക്യത്തിലാകുന്നു. ഐക്യത്തിലേയ്ക്ക് പ്രവേശിക്കുക എന്നത് ആ അനുഷ്ഠാനത്തിലൂടെ സന്നിഹിതമാക്കപ്പെടുന്ന അനുഭവത്തിന്‍റെ ഒരു പ്രേഷിതന്‍/പ്രേഷിത ആയിത്തീരാനുള്ള ദൗത്യത്തെക്കുറിച്ച് ബോധ്യമുള്ള വ്യക്തിയാകുക എന്നും കൂടി അര്‍ത്ഥമാക്കുന്നുണ്ട് (നാഥാ ഞങ്ങളോടൊത്ത് വസിച്ചാലും, 24). അങ്ങനെ സമര്‍പ്പിതര്‍ ക്രിസ്തുവുമായുള്ള ഐക്യത്തിലൂടെ (VC 35) തങ്ങളില്‍ തന്നെ ഒതുങ്ങാതെ മനുഷ്യകുലത്തിനുള്ള കൂദാശയായി മാറുന്നു. അതാകട്ടെ ക്രിസ്തു കൈവരിച്ച രക്ഷയുടെ അടയാളവും ഉപകരണവും, ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമാണ്. അതുവഴി വി. കുര്‍ബാന സുവിശേഷവത്ക്കരണത്തിനുള്ള സ്രോതസ്സായി ഭവിക്കുന്നു.

നമ്മുടെ കാലഘട്ടത്തില്‍ സമര്‍പ്പിതര്‍ എല്ലാറ്റിനുമുപരിയായി പ്രാര്‍ത്ഥനാ ജീവിതത്തിലൂടെ വ്യതിരിക്തരാക്കപ്പെടണമെങ്കില്‍ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനോട് ഹൃദ്യമായ സ്നേഹത്തോടെയുള്ള ആത്മീമഭാഷണത്തിലും നിശബ്ദമായ ആരാധനയിലും സമയം ചെലവഴിക്കണമെന്ന് സഭയും വി. കുര്‍ബ്ബാനയും എന്ന ചാക്രിക ലേഖനത്തിലൂടെ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ സമര്‍പ്പിതരെ ഓര്‍മ്മിപ്പിക്കുന്നു: “വത്സല സഹോദരീ സഹോദരന്മാരെ, എത്രയോ തവണ ഞാന്‍ ഇത് അനുഭവിക്കുകയും ഇതില്‍ നിന്നു ശക്തിയും ആശ്വാസവും പിന്‍തുണയും നേടുകയും ചെയ്തിട്ടുണ്ട്.”

സമര്‍പ്പിതര്‍ നിരവധിയായ അജപാലന ശുശ്രൂഷകളില്‍ വ്യാപൃതരാണ്. ആധുനിക ലോകത്തിന്‍റെ സാമൂഹികവും സാംസ്ക്കാരികവുമായ സാഹചര്യങ്ങളില്‍ വൈവിധ്യമാര്‍ന്ന വെല്ലുവിളികളില്‍ സമര്‍പ്പിതരുടെ ആത്മീയ ജീവിതപോഷണമായും അനുദിന അസ്വസ്ഥതകളുടെ പരിഹാരമായും ശുശ്രൂഷകളുടെ യഥാര്‍ത്ഥ കേന്ദ്രമായും വി. കുര്‍ബ്ബാനയെ കാണാന്‍ കഴിയണം. വി. കുര്‍ബ്ബാനയില്‍ അടിസ്ഥാനപ്പെടുത്താതെയും കേന്ദ്രീകരിക്കാതെയും ഒരു ക്രൈസ്തവ സമൂഹത്തെ പണിതുയര്‍ത്താനാവില്ല.

നാഥാ ഞങ്ങളോടാത്ത് വസിച്ചാലും എന്ന അപ്പസ്തോലിക ലേഖനത്തില്‍, തങ്ങൾ  കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ അറിയുന്നതിനായി തിടുക്കത്തില്‍ തിരിച്ചുപോയ എമ്മാവൂസ് ശിഷ്യന്മാരെ പരിചയപ്പെടുത്തി, പരിശുദ്ധ പിതാവ് പങ്കുവെയ്ക്കുകയാണ്, “ക്രിസ്തുവിന്‍റെ തിരുശരീര രക്തങ്ങളില്‍ പങ്കുചേര്‍ന്ന് യഥാര്‍ത്ഥ ഉത്ഥിതനെ കണ്ടുമുട്ടുന്ന സമര്‍പ്പിതര്‍ക്ക് അനുഭവിക്കുന്ന ആനന്ദം പങ്കുവെയ്ക്കാതിരിക്കാനാവില്ല.” കാരണം, വി. കുര്‍ബ്ബാനയനുഭവം സുവിശേഷവത്ക്കരണത്തിനുള്ള അടിയന്തര ക്ഷണമാണ് (സഭയും വി. കുര്‍ബ്ബാനയും, 26). ഇത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഓരോ സമര്‍പ്പിതനും സമര്‍പ്പിതയും വി. കുര്‍ബ്ബാന പ്രകാശിപ്പിക്കുന്ന മൂല്യങ്ങളും പ്രചോദിപ്പിക്കുന്ന മനോഭാവങ്ങളും സ്വജീവിതത്തില്‍ സ്വാംശീകരിക്കണം.

വി. ബലി കാല്‍വരിയുടെ പൊള്ളയായ ആവിഷ്ക്കരണമോ അനുഷ്ഠാനമോ അല്ല. അത് അനുകരണവും ആവര്‍ത്തനവുമായി തീരേണ്ടതുമല്ല. കാരണം, തിരുവത്താഴം ജീവന്‍റെ മാത്രമല്ല, അതോടു ചേര്‍ന്നുള്ള മരണത്തിന്‍റേയും ആഘോഷമാണ്. സമര്‍പ്പിതരാകട്ടെ, ഒരേ സമയം ബലിയര്‍പ്പകരും ബലിവസ്തുക്കളുമാണ്. സമര്‍പ്പിതര്‍, തങ്ങളുടെ ശരീരം നുറുങ്ങപ്പെടാന്‍ അനുവദിക്കാതെ അര്‍പ്പിക്കുന്ന ബലി അപൂര്‍ണ്ണമത്രെ. ബലിയാകാത്ത സമര്‍പ്പിത ജീവിതങ്ങള്‍ കുരിശില്‍ നിന്ന് വേര്‍പെട്ട ക്രിസ്തുവിനെപ്പോലെയും കുരിശുമരമില്ലാത്ത കാല്‍വരിപോലെയുമാകും. ഇവിടെയാണ് ദിവ്യകാരുണ്യ ആരാധനയ്ക്കും വി. കുര്‍ബ്ബാനയ്ക്കും ശേഷം ശുശ്രൂഷാ ജീവിതമാരംഭിക്കുന്ന വി. മദര്‍ തെരേസയുടെ മാനുഷികതയ്ക്ക് അര്‍ത്ഥം കൈവരുന്നത്. ആദിമ ക്രൈസ്തവരുടെ ശുശ്രൂഷാ ജീവിതത്തിന് ശക്തിയായി നിന്നത് അപ്പം മുറിക്കല്‍ ശുശ്രൂഷയായിരുന്നു. റോമായിലേയ്ക്കുള്ള കപ്പല്‍ യാത്രയില്‍ പൗലോസ് ശ്ലീഹാ ബലിയര്‍പ്പിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. പതിനാലു ദിവസങ്ങള്‍ ദിക്കും ദിശയുമറിയാതെ, ഭക്ഷിക്കാതെ, പാനം ചെയ്യാതെ, മരണത്തെ മുന്നില്‍ കണ്ട യാത്രികര്‍ പൗലോസ് ശ്ലീഹായുടെ ബലിയര്‍പ്പണത്തിനുശേഷം ശക്തിയും ഊര്‍ജ്ജവും സ്വീകരിച്ച് ഉന്മേഷമുള്ളവരായി (അപ്പ 27:33-36). ആദ്യശിഷ്യരുടെ പ്രേഷിതയാത്രയിലും അപകട മുനമ്പുകളിലും ജീവനായി തീര്‍ന്നത് വി. കുര്‍ബ്ബാനയര്‍പ്പണങ്ങളായിരുന്നുവെന്നത് ഇന്നത്തെ സമര്‍പ്പിതരേയും പ്രചോദിപ്പിക്കേണ്ടതാണ്.

അര്‍ത്താരയില്‍ നിന്നും വി. ബലിയില്‍ നിന്നുമകന്ന സമര്‍പ്പിത ജീവിതങ്ങളെ സങ്കല്പിക്കാനാവുകയില്ല. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ പറയുന്നു: “പരിശുദ്ധ കുര്‍ബ്ബാനയിലെ ക്രിസ്തുവില്‍ നിന്നാണ് സഭ അവളുടെ ജീവിതം സ്വീകരിക്കുന്നത്. അവനിലൂടെയാണ് അവള്‍ക്ക് ഭക്ഷണം ലഭിക്കുന്നത്” (സഭയും വി. കുര്‍ബ്ബാനയും, 6). അതുകൊണ്ടുതന്നെ ക്രൈസ്തവ ജീവിതത്തിന്‍റെ ഉറവിടവും പാരമ്യവും ദിവ്യബലിയാണ്. സമര്‍പ്പിത ജീവിതങ്ങളിലെ അപചയങ്ങളുടെ കാല്‍പെരുമാറ്റങ്ങള്‍, കാതോര്‍ത്താല്‍ കേള്‍ക്കാന്‍ കഴിയുന്ന അകലെയായിരിക്കുന്ന ഈ കാലത്തില്‍ സങ്കീര്‍ത്തകനോട് ചേര്‍ന്ന് നമുക്കും പ്രാര്‍ത്ഥിക്കാം, “കര്‍ത്താവെ, അങ്ങ് വസിക്കുന്ന ആലയവും അങ്ങയുടെ മഹത്വത്തിന്‍റെ ഇരിപ്പിടവും എനിക്ക് പ്രിയങ്കരമാണ്” (സങ്കീ 26:8).

ഫാ. റോബിന്‍ കാരിക്കാട്ട് MCBS_image
ഫാ. റോബിന്‍ കാരിക്കാട്ട് MCBS

ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ഫാ. റോബിൻ കാരിക്കാട്ട് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റിയിൽ നിന്നും ആധ്യാത്മിക ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഇപ്പോൾ പരിയാരത്തുള്ള എം. സി. ബി. എസ്. മൈനർ സെമിനാരിയിൽ ആത്മീയ നിയന്താവായി സേവനം ചെയ്യുന്നു.