+91 8590 373975
https://eucharistiamcbs.com/public/storage/images/OqD1Czvcgmno2PrgLMnCgMwu9itwG0fXNQjm5Bqu.jpg

വി. കുര്‍ബ്ബാനയുടെ തിരുവചന പശ്ചാത്തലം -1

വി. കുര്‍ബ്ബാനയും പെസഹ ആചരണവും

വി. കുര്‍ബ്ബാനയെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും പുരാതനമായ സാക്ഷ്യം യേശു താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിലാണ് വി. കുര്‍ബ്ബാന സ്ഥാപിച്ചത് എന്ന് സൂചിപ്പിക്കുന്നു (1 കോറി 11:23). ആ രാത്രി പെസഹാ ഭക്ഷണത്തിന്‍റെ സമയമായിരുന്നെന്ന് ആദ്യ മൂന്ന് സുവിശേഷകന്മാര്‍ വ്യക്തമാക്കുന്നു (മത്താ 26:17-19; മര്‍ക്കോ 14:12,14,16; ലൂക്ക 22:7-8,11,13,15). ഇതില്‍ നിന്നും വ്യത്യസ്തമായി യേശുവിന്‍റെ കുരിശുമരണം പെസഹയുടെ ഒരുക്കത്തിന്‍റെ ദിനത്തിലാണ് (യോഹ 19:14) സംഭവിക്കുന്നതെന്ന് വി. യോഹന്നാന്‍ പറയുന്നു. പെസഹ ആഘോഷത്തിനുള്ള കുഞ്ഞാടുകളെ ജറുസലെം ദൈവാലയത്തില്‍ ബലിയര്‍പ്പിച്ചിരുന്നത് ഒരുക്കത്തിന്‍റെ ദിനത്തിലായിരുന്നു. ചുരുക്കത്തില്‍ യോഹന്നാന്‍റെ വീക്ഷണത്തില്‍ വി. കുര്‍ബ്ബാന പ്രതിനിധാനം ചെയ്യുന്ന യേശുവിന്‍റെ കുരിശുമരണം പെസഹാ ബലിയായിരുന്നു. വി. കുര്‍ബ്ബാന സ്ഥാപനം യഹൂദരുടെ പെസഹയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പെസഹയുടെ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കാതെ വി. കുര്‍ബ്ബാനയെ മനസ്സിലാക്കാനാവില്ല. പഴയ നിയമത്തില്‍ ഏഴ് പെസഹാ ആചരണങ്ങളെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. അവയെ ഈജിപ്തിലെ പെസഹ, തലമുറകളുടെ പെസഹ എന്നിങ്ങനെ രണ്ടായി തിരിക്കാം.

ഈജിപ്തിലെ പെസഹ

ഇസ്രയേല്‍ ജനം ഈജിപ്തില്‍ അടിമത്വത്തില്‍ കഴിയുമ്പോള്‍ ആചരിച്ച പെസഹയാണ് ഈജിപ്തിലെ പെസഹ (പുറ 12:15). അവരുടെ അടിമത്വത്തിന് അവസാനം കുറിച്ച ഇതായിരുന്നു ആദ്യത്തെ പെസഹ. ഇസ്രയേല്‍ക്കാരെ ദൈവജനമാക്കി മാറ്റുന്നതില്‍ ഇത് നിര്‍ണ്ണായക പങ്കുവഹിച്ചു. യഹൂദ പാരമ്പര്യമനുസരിച്ച് ഈജിപ്തില്‍ വച്ചുള്ള അവരുടെ അവസാന ഭക്ഷണമായിരുന്നു അത്. വാഗ്ദത്ത നാട്ടിലേയ്ക്ക് പ്രവേശിക്കാനുള്ള യാത്രയ്‌ക്കൊരുക്കമായി യഹൂദ ആരാധനാക്രമ വത്സരത്തിന്‍റെ ആരംഭമായ നീസാന്‍ മാസം 14 - ന് വൈകുന്നേരമാണ് അവരത് ഭക്ഷിച്ചത് (പുറ 12:2). ഒരു വയസ്സ് പ്രായമുള്ള ഊനമറ്റ മുട്ടാടുകളെയാണ് അവര്‍ പെസഹാ ബലിയര്‍പ്പിച്ചത് (പുറ 12:5). കട്ടിളപ്പടികളില്‍ തളിക്കപ്പെട്ട പെസഹാ കുഞ്ഞാടിന്‍റെ രക്തം സംഹാരദൂതനില്‍ നിന്നും അവര്‍ക്ക് സംരക്ഷണം നല്‍കി (പുറ 12:13, 23).

യേശുവിനെ യഥാര്‍ത്ഥ പെസഹാ കുഞ്ഞാടായാണ് പുതിയ നിയമം അവതരിപ്പിക്കുന്നത് (യോഹ 1:29; 1 കോറി 5:7; വെളി 5:6). അവന്‍ പെസഹാ കുഞ്ഞാടായതിനാല്‍ അവന്‍റെ അസ്ഥികളിലൊന്നുപോലും തകര്‍ക്കപ്പെടുവാനിടയായില്ല (യോഹ 19:36; പുറ 12:46; സംഖ്യ 9:12). അവന്‍റെ രക്തം പാപത്തിന്‍റെ അടിമത്വത്തില്‍ നിന്നും അതിന്‍റെ പരിണിത ഫലമായ ശിക്ഷയില്‍ നിന്നും മനുഷ്യകുലം മുഴുവനും മോചനം നല്‍കി. വി. കുര്‍ബ്ബാനയിലുള്ള ഭാഗഭാഗിത്വം, യഥാര്‍ത്ഥ വാഗ്ദത്ത നാടായ സ്വര്‍ഗ്ഗീയ ജറുസലേമിലേയ്ക്കുള്ള യാത്രയ്ക്ക് പോഷണമായി തീരുന്നു. ചുരുക്കത്തില്‍ വി. കുര്‍ബ്ബാന സ്ഥാപനത്തിനായുള്ള മുന്നൊരുക്കമായിരുന്നു ഈജിപ്തിലെ പെസഹ.

തലമുറകളുടെ പെസഹ

പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാളും തലമുറകള്‍ തോറും ആചരിക്കണമെന്ന് ദൈവം ഇസ്രയേല്‍ ജനത്തോട് കല്‍പ്പിച്ചു (പുറ 12:14, 17, 24, 25). അതനുസരിച്ച് ഈജിപ്തിലെ അടിമത്വത്തില്‍ നിന്നും രക്ഷപ്പെട്ട് പുറത്തു വന്നതിനുശേഷം ഇസ്രയേല്‍ ജനം വര്‍ഷാവര്‍ഷം ആചരിച്ചു വന്ന പെസഹയാണ് 'തലമുറകളുടെ പെസഹ' എന്നറിയപ്പെടുന്നത്. ഈജിപ്തില്‍ നിന്നും പുറത്തുവന്നതിന്‍റെ രണ്ടാം വര്‍ഷം ഒന്നാം മാസം സീനായ് മരുഭൂമിയില്‍ വെച്ച് അവര്‍ രണ്ടാമത്തെ പെസഹ ആചരിച്ചു (സംഖ്യ 9:1, 5). ഒന്നാം പെസഹ ജനം മുഴുവന്‍ ആചരിച്ചെങ്കില്‍ (പുറ 12:47) രണ്ടാം പെസഹ എന്തെങ്കിലും കാരണത്താല്‍ അശുദ്ധരായവര്‍ ആചരിച്ചത് തങ്ങളുടെ അശുദ്ധി മാറിയതിനുശേഷം രണ്ടാം മാസം 14 - നാണ് (സംഖ്യ 9:10, 11). തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അയാൾ‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനുമെതിരെ തെറ്റു ചെയ്യുന്നു (1 കോറി 11:27) എന്ന വി. പൗലോസിന്‍റെ പ്രബോധനം ഈ പശ്ചാത്തലത്തില്‍ ശ്രദ്ധാര്‍ഹമാണ്. അശുദ്ധി, യാത്ര തുടങ്ങിയ കാരണങ്ങളാലല്ലാതെ പെസഹ ആചരിക്കാത്ത യഹൂദര്‍ ജനത്തില്‍ നിന്നും വിച്ഛേദിക്കപ്പെടണം എന്ന നിമയം (സംഖ്യ 9:13) പെസഹ ആചരണത്തിന്‍റെ പ്രാധാന്യത്തെ കാണിക്കുന്നു. അതുകൊണ്ടുതന്നെ ഒരു കാലത്തും ഇസ്രയേല്‍ ജനം പെസഹ ആചരണം ഉപേക്ഷിച്ചില്ല. ബാബിലോണ്‍ പ്രവാസകാലത്തും അതിനുശേഷം മറ്റു സാമ്രാജ്യങ്ങള്‍ ഭരിക്കുമ്പോഴും ഇസ്രയേല്‍ പെസഹ ആചരിച്ചുപോന്നു എന്നതിന് തെളിവുകളുണ്ട് (എസക്കി 45:21; എസ്ര 6:19-22). ന്യായാധിപന്മാരുടെ കാലം തുടങ്ങി നിയമങ്ങളനുസരിച്ച് ഏറ്റവും കൃത്യതയോടെ പെസഹ ആചരിച്ചത് ജോസിയ രാജാവിന്‍റെ കാലത്താണെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു (2 രാജാ 23:21-23).

തലമുറകളുടെ പെസഹ ഈജിപ്തിലെ പെസഹയുടെ ഓര്‍മ്മയാചരണമായിരുന്നു (പുറ 12:14). എന്നാല്‍, ഇതൊരു സാധാരണ ഓര്‍മ്മയാചരണമായിരുന്നില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്രയേല്‍ ചരിത്രത്തില്‍ ദൈവം ഇടപെട്ടതിന്‍റെ അനുസ്മരണം മാത്രമല്ല, തുടര്‍ന്നും ഇടപെട്ടുകൊണ്ടിരിക്കുന്നതിന്‍റെ ഓര്‍മ്മകൂടിയാണ്. പെസഹ ആചരണത്തിനിടയില്‍ കുടുംബനാഥന്‍ ഇളം തലമുറയ്ക്ക് പറഞ്ഞുകൊടുക്കേണ്ടിയിരുന്ന കാര്യം ഇത് വ്യക്തമാക്കുന്നു: “ഞാന്‍ ഈജിപ്തില്‍ നിന്നും പുറത്തുവന്നപ്പോള്‍ ദൈവം എനിക്കായ് പ്രവര്‍ത്തിച്ചതിന്‍റെ ഓര്‍മ്മയ്ക്കാണിത്” (പുറ 13:8). മണ്‍മറഞ്ഞുപോയ തങ്ങളുടെ പൂര്‍വ്വികര്‍ക്കായി മാത്രമല്ല, തങ്ങള്‍ക്കോരോരുത്തര്‍ക്കുംവേണ്ടി ദൈവം നടത്തിയ ഇടപെടലായി ഈജിപ്തിലെ പെസഹയെ യഹൂദര്‍ കണക്കാക്കി. അങ്ങനെ ഏറ്റവും പ്രധാനപ്പെട്ട യഹൂദ തിരുനാളായി പെസഹ മാറി. 

ഇസ്രയേലിന്‍റെ ചരിത്രത്തില്‍ പല ഘട്ടങ്ങളിലായി നടത്തപ്പെട്ട തലമുറകളുടെ പെസഹകളേക്കുറിച്ചുള്ള ആറ് പരാമര്‍ശങ്ങളാണ് പഴയ നിയമത്തില്‍ ഉള്ളത്.

  1. സീനായ് മലയിലെ പെസഹ (സംഖ്യ 9:1-14): ഇസ്രയേല്‍  ജനത്തിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ പെസഹയാണിത്. സീനായ് ഉടമ്പടിയിലൂടെ ദൈവജനമായി മാറിയതിനുശേഷം അവര്‍ ആചരിക്കുന്ന ആദ്യത്തെ പെസഹയാണിത്. ദൈവം കല്പിച്ചതനുസരിച്ച് സമാഗമ കൂടാരത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അവര്‍ ഇത് ആചരിക്കുന്നത്. ആദ്യത്തെ പന്ത്രണ്ട് ദിവസങ്ങള്‍ ഓരോ ഗോത്രങ്ങളായി നിയമപ്രകാരമുള്ള കാഴ്ചകള്‍ സമര്‍പ്പിച്ചു. പതിമൂന്നാം ദിവസം ലേവ്യഗണത്തെ വിശുദ്ധീകരിച്ച് കര്‍ത്താവിന് സമര്‍പ്പിച്ചു. ഇതിന്‍റെയെല്ലാം പരിസമാപ്തിയായി പതിനാലാം ദിവസം ഇസ്രയേല്‍ ജനം തങ്ങളുടെ രണ്ടാമത്തെ പെസഹ ആചരിച്ചു. ഈ പെസഹ ആചരണത്തിന് ശേഷമാണ് വാഗ്ദത്ത ദേശം ലക്ഷ്യമാക്കി മരുഭൂമിയിലൂടെയുള്ള തങ്ങളുടെ പ്രയാണം സീനായ് മലയില്‍ നിന്നും ഇസ്രയേല്‍ ജനം ആരംഭിക്കുന്നത്. 
  2. കാനാന്‍ ദേശത്തെ ആദ്യത്തെ പെസഹ (ജോഷ്വ 5:10): പഴയനിയമത്തില്‍ പ്രതിപാദിക്കപ്പെടുന്ന മൂന്നാമത്തെ പെസഹ വാഗ്ദത്ത ദേശത്ത് ഇസ്രയേല്‍ ജനം എത്തിയതിനുശേഷം ആചരിക്കുന്ന ആദ്യത്തെ പെസഹയാണ്. ജോര്‍ദാന്‍ നദി അത്ഭുതകരമായി മുറിച്ചുകടന്ന് കാനാന്‍ ദേശത്ത് പ്രവേശിച്ചയുടനെ അവര്‍ ഇത് ആചരിക്കുന്നു. ജെറീക്കോ നഗരത്തിനടുത്തുള്ള ഗില്‍ഗാല്‍ എന്ന സ്ഥലത്തുവെച്ചാണ് അവരിത് ആചരിക്കുന്നത്. ഈ പെസഹ ആചരണത്തിന് പിറ്റേന്ന് മുതല്‍ മന്നാ വര്‍ഷിക്കപ്പെടുന്നില്ല. തുടർന്ന് ഇസ്രയേല്‍ ജനം കാനാന്‍ ദേശത്തെ ഫലങ്ങള്‍ക്കൊണ്ടാണ് ഉപജീവനം നടത്തുന്നത്. ഇസ്രയേല്‍ ജനം ജെറീക്കോയും മറ്റു പട്ടണങ്ങളും പിടിച്ചടക്കി കാനാന്‍ ദേശം കീഴടക്കുന്നത് ഈ പെസഹ ആചരണത്തിന് ശേഷമാണ്. 
  3. ജറുസലെം ദൈവാലയത്തിലെ ആദ്യ പെസഹ: ജറുസലെം ദൈവാലയത്തിലെ ആദ്യ പെസഹ ആചരണത്തെപ്പറ്റിയുള്ള പരാമര്‍ശം ജറുസലെം ദൈവാലയത്തിന്‍റെ സമര്‍പ്പണത്തോടു ബന്ധപ്പെട്ടാണ് കാണുന്നത്. ഇസ്രയേല്‍ ജനത്തിന്‍റെ ദൈവാരാധനയുടെ പുതിയ ഒരധ്യായം ജറുസലെം ദൈവാലയത്തിന്‍റെ സമര്‍പ്പണത്തോടെ ആരംഭിക്കുന്നു. പിന്നീട് അവരുടെ ആരാധന മുഴുവന്‍ ജറുസലെം ദൈവാലയത്തെ കേന്ദ്രമാക്കിയായിരുന്നു. 
  4. ഹെസക്കിയ രാജാവിന്‍റെ പെസഹ ആചരണം (2 ദിന 30:1-27): വിവിധ രാജാക്കന്മാരുടെ ഭരണത്തിനു കീഴില്‍ ഇസ്രയേല്‍ ജനം ദൈവത്തില്‍ നിന്നകന്ന് പാപത്തില്‍ മുഴുകി. ആഹാസ് രാജാവിന്‍റെ സമയമായപ്പോഴേക്കും അവരുടെ തിന്മ അതിന്‍റെ മൂര്‍ദ്ധന്യത്തിലെത്തി. ആഹാസ് രാജാവ് ദൈവാലയത്തിലെ ഉപകരണങ്ങള്‍ ഒരുമിച്ചുകൂട്ടി ഉടയ്ക്കുകയും കര്‍ത്താവിന്‍റെ ആലയം അടച്ചുപൂട്ടുകയും ചെയ്തു. ജറുസലെമിന്‍റെ എല്ലാ മുക്കിലും മൂലയിലും വിജാതീയ ദേവന്മാര്‍ക്ക് വേണ്ടിയുള്ള ബലിപീഠങ്ങള്‍ സ്ഥാപിച്ചു. യൂദയായിലെ നഗരങ്ങളിലെല്ലാം അന്യദേവന്മാര്‍ക്ക് ധൂപം അർപ്പിക്കുന്നതിന് പൂജാഗിരികള്‍ നിര്‍മ്മിച്ചു (2 ദിന 29:24-25). എന്നാല്‍, ആഹാസ് രാജാവിന്‍റെ മകനായ ഹെസക്കിയ തന്‍റെ പിതാവിന്റെ തിന്മകള്‍ തിരുത്തി. താന്‍ ഭരണമേറ്റ ആദ്യ വര്‍ഷം ആദ്യ മാസം തന്നെ അവന്‍ കര്‍ത്താവിന്‍റെ ആലയത്തിന്‍റെ വാതിലുകള്‍ തുറക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു. തങ്ങളെത്തന്നെയും ദൈവാലയത്തെയും വിശുദ്ധീകരിക്കാന്‍ അവന്‍ ലേവ്യരോട് ആഹ്വാനം ചെയ്തു (2 ദിന 29:3-5). അങ്ങനെ ഹെസക്കിയ ദൈവാലയം ശുദ്ധീകരിച്ച് ബലികളും പ്രാര്‍ത്ഥനകളും പുനഃസ്ഥാപിക്കാന്‍ ഇടയാക്കി. ഇവയെല്ലാം പൂര്‍ത്തിയാക്കി രണ്ടാം മാസം പതിനാലാം ദിവസം ഹെസക്കിയായുടെ നേതൃത്വത്തില്‍ ഇസ്രയേല്‍ ജനം പെസഹ ആചരിച്ചു. 
  5. ജോസിയ രാജാവിന്‍റെ നേതൃത്വത്തിലുള്ള  പെസഹ ആചരണം (2 രാജ 23:21- 23; 2 ദിന 35:1-19): ജോസിയ രാജാവാണ് ഇസ്രയേലിന്‍റെ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന വിശുദ്ധീകരണവും നവീകരണവും നടപ്പിലാക്കിയത്. കര്‍ത്താവിന്‍റെ കണ്ടെത്തപ്പെട്ട നിയമഗ്രന്ഥം വായിച്ചു കേള്‍ക്കാന്‍ ഇടയായതാണ് അദ്ദേഹത്തെ ഇപ്രകാരം ചെയ്യാന്‍ പ്രേരിപ്പിച്ചത് (2 രാജ 22:8-11). ഇസ്രയേല്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് അന്യദേവന്മാരുടെ ആരാധനയും ആരാധനാലയങ്ങളും അദ്ദേഹം നിര്‍മ്മാര്‍ജ്ജനം ചെയ്യിച്ചു. നിയമഗ്രന്ഥത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നതുപോലെ കൃത്യമായി ജോസിയയുടെ നേതൃത്വത്തില്‍ ഇസ്രയേല്‍ ജനം പെസഹ ആചരിച്ചു. ഇസ്രയേലില്‍ ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടേയൊ ഇസ്രയേലിലേയും യൂദയായിലേയും രാജാക്കന്മാരുടെയോ കാലത്ത് നിയമങ്ങളനുസരിച്ച് ഇതുപോലെ കൃത്യമായി മറ്റൊരു പെസഹ ആചരിക്കപ്പെട്ടിട്ടില്ല എന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു (2 രാജ 23:22).
  6. ബാബിലോൺ പ്രവാസത്തില്‍ നിന്ന് തിരിച്ചുവന്ന ദൈവജനത്തിന്‍റെ പെസഹ ആചരണം (എസ്രാ 6:19-22): പ്രവാസത്തില്‍നിന്ന് തിരിച്ചെത്തിയ ഇസ്രയേല്‍ ജനം തകര്‍ക്കപ്പെട്ട ദൈവാലയം പുനര്‍നിര്‍മ്മിച്ച് ദൈവത്തിന് പ്രതിഷ്‌ഠിച്ചു. അത്യാഹ്‌ളാദപൂര്‍വ്വമാണ് അവര്‍ ദൈവാലയത്തിന്‍റെ പ്രതിഷ്ഠാകര്‍മ്മം ആഘോഷിച്ചത് (എസ്രാ 6:13-17). അതിനുശേഷം അവര്‍ ആചരിച്ച ആദ്യത്തെ പെസഹയാണിത്.

കാലാന്തരത്തില്‍ പെസഹാ ആചരണം പല മാറ്റങ്ങള്‍ക്കും വിധേയമായി. അവയില്‍ ഏറ്റവും പ്രധാനം കര്‍ത്താവ് തന്‍റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി തിരഞ്ഞെടുത്ത പട്ടണമായ ജറുസലേമില്‍ വച്ച് തന്നെ പെസഹ ആചരിക്കപ്പെടണം എന്ന നിയമത്തിന്‍റെ കൂട്ടിച്ചേര്‍ക്കലാണ് (നിയമ 16:5-7). അങ്ങനെ പെസഹ മറ്റു തിരുനാളുകളായ പെന്തക്കുസ്തായും കൂടാരതിരുനാളും പോലെ ഒരു തീര്‍ത്ഥാടന തിരുനാളായി രൂപപ്പെട്ടു (പുറ 23:14; 34:18-23; ലേവ്യ 23:4-22; നിയമ 16:16; യോഹ 11:55). ഈജിപ്തിലെ പെസഹ തിടുക്കത്തിലായിരുന്നു ഭക്ഷിച്ചതെങ്കില്‍ തലമുറകളുടെ പെസഹ സ്വാതന്ത്ര്യത്തെ സൂചിപ്പിച്ചുകൊണ്ട് ചാരിക്കിടന്നാണ് ഭക്ഷിച്ചിരുന്നത്. മറ്റൊരു പ്രധാന മാറ്റം വീഞ്ഞ് പെസഹാ ഭക്ഷണത്തിന്‍റെ അവിഭാജ്യ ഘടകമായി കാലക്രമത്തില്‍ രൂപാന്തരപ്പെട്ടു എന്നതാണ്. രാത്രിമുഴുവന്‍ നീണ്ടുനില്‍ക്കുന്ന പെസഹ ഭക്ഷണത്തിനിടയില്‍  യഹൂദര്‍ നാലു കപ്പ് വീഞ്ഞ് കുടിക്കണമായിരുന്നു. രണ്ടാമത്തെ കപ്പു വീഞ്ഞ് കുടിക്കുന്നതിനിടയിലായിരുന്നു കുടുംബനാഥന്‍ ഇളം തലമുറയ്ക്ക് പെസഹയുടെ അര്‍ത്ഥം വിശദീകരിച്ചുകൊടുത്തിരുന്നത്. യഹൂദരുടെ മതസംഹിതയായ മിഷ്ണയിലെ 'പെസഹിം' എന്ന ഭാഗത്തിന്‍റെ പത്താം അദ്ധ്യായം ഇത് വിവരിക്കുന്നു. അപ്പോക്രിഫല്‍ ഗ്രന്ഥമായ ജൂബിലി 49:6 - ലും പെസഹ ആചരണത്തിനിടയിലെ വീഞ്ഞിന്‍റെ ഉപയോഗത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. തലമുറകളുടെ പെസഹയില്‍ സങ്കീര്‍ത്തനം 113-118 - ന്‍റെ ആലാപനം  കൂട്ടിച്ചേര്‍ക്കപ്പെട്ടതും ശ്രദ്ധിക്കപ്പെടേണ്ട മാറ്റമാണ്.

യേശുവിന്‍റെ സമകാലീന ഇസ്രയേലിലെ പെസഹ ആഘോഷത്തെക്കുറിച്ച് യഹൂദചരിത്രകാരനായ ജോസേഫൂസ് ഫ്ളാവിയൂസ് വിവരിക്കുന്നുണ്ട്. പത്തുപേരില്‍ കുറയാതുള്ള ഒരു സംഘത്തിന് ഒരു പെസഹാ കുഞ്ഞാടിനെ ബലിയര്‍പ്പിക്കാമായിരുന്നു. 2,56,500 ആടുകളെ വരെ പെസഹ ആഘോഷത്തിനായി പെസഹയുടെ ഒരുക്കദിനത്തില്‍ ബലിയര്‍പ്പിച്ചിരുന്നു (ജോസേഫൂസ്, Jewish War VI, 424). ഈ സംഖ്യ കൃത്യമായിരിക്കണമെന്നില്ലെങ്കിലും അനേകായിരം ആടുകള്‍ പെസഹ  ആഘോഷത്തിനായി ജറുസലെം ദൈവാലയത്തില്‍ ബലിയര്‍പ്പിക്കപ്പെടുമായിരുന്നു. അവയുടെ രക്തം ബലിപീഠത്തിനു ചുറ്റും ചാലുകള്‍ നിര്‍മ്മിച്ച് ഒരു കനാലിലൂടെ കെദ്രോന്‍ അരുവിയിലേയ്ക്കാണ് ഒഴുക്കിയിരുന്നത്. യേശുവിന്‍റെ കുത്തിത്തുറക്കപ്പെട്ട പാര്‍ശ്വത്തില്‍ നിന്ന് രക്തവും വെള്ളവും ഒഴുകിയെന്ന് യോഹന്നാന്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ (യോഹ 19:34-35) മുഴുവന്‍ പെസഹാ കുഞ്ഞാടുകള്‍ക്കും പകരമാണ് യേശു കുരിശില്‍ സ്വജീവിതം അര്‍പ്പിച്ചതെന്നും അവിടുത്തെ ശരീരമാണ് യഥാര്‍ത്ഥ ദൈവാലയമെന്നും കുത്തിത്തുറക്കപ്പെട്ട ഹൃദയമാണ് അതിലെ അള്‍ത്താരയെന്നും അദ്ദേഹം സ്ഥാപിക്കുന്നു.

വി. കുര്‍ബ്ബാന: പഴയനിയമത്തിലെ പെസഹ ആചരണങ്ങളുടെ പശ്ചാത്തലത്തില്‍ 

പഴയനിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഏഴ് പെസഹ ആചരണങ്ങളും ഇസ്രയേല്‍ ജനത്തിന്‍റെ ചരിത്രത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളിലാണ് നടത്തപ്പെടുന്നത്. ആദ്യ പെസഹ ദൈവത്താല്‍ പ്രത്യേകം സംരക്ഷിക്കപ്പെടുന്നവരാണ് തങ്ങളെന്ന ബോധ്യം അവര്‍ക്ക് നല്‍കിയെങ്കില്‍ മറ്റ് ആറ് പെസഹ ആചരണങ്ങളും ദൈവവുമായുള്ള അവരുടെ ഉടമ്പടി ബന്ധത്തെ അരക്കിട്ടുറപ്പിക്കുകയോ നവീകരിക്കുകയോ ചെയ്യുന്നതിന്‍റെ അടയാളമായി മാറി. മാത്രമല്ല, ഈ പെസഹ ആചരണങ്ങളെല്ലാം ഇസ്രയേല്‍ ജനത്തിന് അതാത് കാലഘട്ടങ്ങളില്‍ പുതിയൊരു തുടക്കത്തിന് നാന്ദി കുറിച്ചു. ആദ്യ പെസഹ ഇസ്രയേല്‍ ജനത്തിന് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പാത തെളിച്ചു. രണ്ടാം പെസഹ സീനായ് ഉടമ്പടിയിലൂടെ രൂപപ്പെട്ട ദൈവജനത്തിന് ദൈവകല്പനകളോടുള്ള വിധേയത്വത്തിന്‍റെ പ്രഖ്യാപനം ആയിരുന്നെങ്കില്‍ പഴയനിയമത്തില്‍ വിവരിക്കപ്പെടുന്ന മൂന്നാം പെസഹ വാഗ്ദാനങ്ങള്‍ പാലിക്കുന്ന കര്‍ത്താവിനോടുള്ള അനുസരണത്തിന് തെളിവായിരുന്നു. ബാക്കി നാല് പെസഹ വിവരണങ്ങളും പാപം മൂലം അകന്നുപോകുന്ന ദൈവജനത്തിന് കര്‍ത്താവിങ്കലേക്കുള്ള തിരിച്ചുവരവിന്‍റെ പ്രഘോഷണങ്ങള്‍ ആയിരുന്നു. യേശുവിന്‍റെ അന്ത്യത്താഴത്തിലും അതിന്‍റെ ഓര്‍മ്മയാചരണമായ തിരുസഭയുടെ വി. കുര്‍ബ്ബാനയര്‍പ്പണങ്ങളിലും ഈ ഘടകങ്ങളെല്ലാം സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു. 

തന്‍റെ അന്ത്യത്താഴത്തില്‍ പെസഹായ്ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിക്കൊണ്ട് യേശു വി. കുര്‍ബ്ബാന സ്ഥാപിച്ചു. കുരിശുമരണത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് പുളിപ്പില്ലാത്ത പെസഹാ അപ്പത്തില്‍ യേശു പെസഹാ കുഞ്ഞാടായ തന്‍റെ തന്നെ ശരീരം ശിഷ്യര്‍ക്ക് മുറിച്ചു നല്‍കി. പെസഹാവീഞ്ഞ് പാപമോചനത്തിനായി ചിന്തപ്പെടുന്ന തന്‍റെ തന്നെ രക്തമാക്കി അവിടുന്ന് രൂപാന്തരപ്പെടുത്തുകയും ശിഷ്യന്മാര്‍ അതില്‍ നിന്നും പാനംചെയ്യുകയും ചെയ്തു. അങ്ങനെ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങളില്‍ പങ്കുചേര്‍ന്ന് ആത്മീയ അടിമത്വം സൃഷ്ടിക്കുന്ന പാപങ്ങളില്‍ നിന്നും മോചിതരായ ശിഷ്യരിലൂടെ തിരുസഭ സ്ഥാപിക്കപ്പെട്ടു. ഈജിപ്തിലെ പെസഹ തലമുറകളുടെ പെസഹയുടെ അടിസ്ഥാനം ആയതുപോലെ യേശുവിന്‍റെ അന്ത്യത്താഴം തിരുസഭയുടെ വി. കുര്‍ബ്ബാനയര്‍പ്പണങ്ങളുടെ ഉറവിടമായി മാറുന്നു. തലമുറകളുടെ പെസഹ ഈജിപ്തിലെ പെസഹയുടെ ഓര്‍മ്മയാചരണമായിരിക്കണമെന്ന് കര്‍ത്താവ് കല്പിച്ചതുപോലെ ഓരോ വി. കുര്‍ബ്ബാന അര്‍പ്പണവും തന്‍റെ കുരിശിലെ ബലിയുടെ ഓര്‍മ്മയ്ക്കായി ചെയ്യണമെന്ന് യേശു കല്പിച്ചു (ലൂക്ക 22:19). ആ കല്പന അനുസരിച്ചുകൊണ്ട് സഭ അര്‍പ്പിക്കുന്ന ഓരോ വി. കുര്‍ബ്ബാനയും കര്‍ത്താവിനോടുള്ള അവളുടെ വിധേയത്വത്തിന്‍റെ പ്രകാശനവും അനുരഞ്ജനത്തിന്‍റെയും ജീവിത നവീകരണത്തിന്‍റെയും പ്രഖ്യാപനവുമാണ്. യോഗ്യതയോടെ വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിയും ക്രിസ്തുവിന്‍റെ കുരിശിലെ ബലിയുടെ ഫലങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് നിത്യജീവന്‍ അവകാശമാക്കി മാറ്റുന്നു. മാത്രമല്ല, ക്രിസ്തുവിനെപ്പോലെ ജീവനും ജീവിതവും മറ്റുള്ളവര്‍ക്കുവേണ്ടി പരിപൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊടുത്തുകൊണ്ട് “ഇതു നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍” എന്ന ക്രിസ്തുകല്പന നിറവേറ്റുകയും ചെയ്യുന്നു.

ഡോ. പോള്‍ കുഞ്ഞാനായില്‍ MCBS_image
ഡോ. പോള്‍ കുഞ്ഞാനായില്‍ MCBS

ദിവ്യകാരുണ്യ മിഷനറി സഭ (MCBS) യിലെ അംഗമായ ഫാ. പോൾ കുഞ്ഞാനായിൽ ജെറുസലെമിലെ ഫ്രാൻസിസ്കൻ ബൈബിൾ കോളേജി (Studium Biblicum Franciscanum) - ൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ താമരശ്ശേരിയിലെ സനാതന ദിവ്യകാരുണ്യ വിദ്യാപീഠത്തിൽ ബൈബിൾ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.