+91 8590 373975
https://eucharistiamcbs.com/public/storage/images/QMgVszuD8VFCWYmTXmeakcknlQ8tkUsz2OWfVpDN.jpg

ദിവ്യകാരുണ്യം: എന്റെ കുടുംബജീവിതത്തില്‍ അഗ്നിയും ആവേശവും

വി. കുര്‍ബ്ബാനയോടുള്ള ഭക്തി പ്രാണവായുപോലെ ജീവിതത്തോട് ചേര്‍ത്തുവയ്ക്കുന്ന വ്യക്തിയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. കുഞ്ഞുനാളില്‍ തുടങ്ങിയ വി. കുര്‍ബ്ബാനയോടുള്ള അഭേദ്യമായ ബന്ധം 2000 - ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായപ്പോഴും, 2010 - ല്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥാനക്കയറ്റം കിട്ടിയപ്പോഴും, 2013 - ല്‍ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടപ്പോഴും അഭംഗുരം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. ഇന്നും വി. കുര്‍ബ്ബാനയെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് നൂറുനാവാണ്. ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ കുര്‍ബ്ബാന അനുഭവങ്ങള്‍ സഭാതനയര്‍ക്ക് വലിയ പ്രചോദനവും മാര്‍ഗ്ഗദീപവുമാണ്. 'കുര്‍ബ്ബാനയും കുടുംബവും' എന്ന വിഷയത്തെ ആസ്പദമാക്കി ജസ്റ്റിസ് കുര്യന്‍ ജോസഫുമായി ഫാ. മനോജ് പ്ലാത്തോട്ടത്തില്‍ എവുക്കരിസ്തിയ - യ്ക്ക് വേണ്ടി നടത്തിയ അഭിമുഖമാണ് കുടുംബജീവിതക്കാര്‍ വി. കുര്‍ബ്ബാനയെ കൂടുതല്‍ അറിയാനും സ്നേഹിക്കാനും അനുഭവത്തില്‍ വളരാനുമായി ഇവിടെ പങ്കുവയ്ക്കുന്നത്.

1. വി. കുര്‍ബ്ബാനയെ ഒത്തിരി സ്നേഹിക്കാനും അതില്‍ മുടങ്ങാതെ പങ്കെടുക്കാനുമുള്ള പ്രചോദനമെന്താണ്? 

വളരെ ചെറുപ്പം മുതലേ വി. കുര്‍ബ്ബാനയോടുള്ള ഭക്തിയില്‍ വളരാന്‍ എന്‍റെ മാതാപിതാക്കളുടെ കൂടെയുള്ള വി. കുര്‍ബ്ബാനയര്‍പ്പണം  എന്നെ വളരെ സഹായിച്ചിട്ടുണ്ട്. പിന്നീട്, എന്‍റെ മൂത്ത സഹോദരങ്ങളോട് ചേര്‍ന്ന് എന്നും ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ശുഷ്കാന്തിയോടെ പോയിരുന്നത് ഇന്നും എന്‍റെയുള്ളിലുള്ള പച്ചയായ ഓര്‍മ്മയാണ്. വലിയൊരു ദാഹം അപ്രകാരമുള്ള പോക്കിലുായിരുന്നു. അന്ന് ഞാന്‍ ആദ്യകുര്‍ബ്ബാന പോലും സ്വീകരിച്ചിട്ടില്ലാത്ത സമയമായിരുന്നു. ആദ്യകുര്‍ബ്ബാന സ്വീകരിച്ച ഉടനെ തന്നെ ഞാന്‍ അള്‍ത്താര ശുശ്രൂഷിയായി. ഏഴര വയസ്സുള്ളപ്പോള്‍ സുറിയാനി കുര്‍ബ്ബാനയ്ക്ക് ഞാന്‍ കൂടിത്തുടങ്ങിയിരുന്നു. ഇന്നും അള്‍ത്താരയുടെ ഏറ്റവും അടുത്ത് നില്‍ക്കാന്‍ വലിയ ആഗ്രഹവും, അതില്‍ വലിയ അഭിമാനവും എനിക്കു തോന്നാറുണ്ട്. അങ്ങനെയൊരു ആഗ്രഹം മനസ്സില്‍ കടന്നതുകൊണ്ട് ചെറുപ്പകാലത്ത് പഠനത്തിനായി മാറിനിന്ന ചില സമയങ്ങളില്‍ ഒഴികെ എന്നും വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. പിന്നീട് എത്രയോ വര്‍ഷങ്ങളായി ഒറ്റ ദിവസം പോലും, ഒന്നുകില്‍ രോഗത്താലോ അല്ലെങ്കില്‍ യാത്രയാലോ മുടങ്ങിയതൊഴിച്ചാല്‍, എന്നും വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ എനിക്ക് വലിയ കൃപ കിട്ടിയിട്ടുണ്ട്. അത് ജീവിതത്തിലെ ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുകയും ചെയ്യുന്നു.   

2. മക്കള്‍ക്ക് വി. കുര്‍ബ്ബാനയുടെ പ്രാധാന്യം പഠിപ്പിച്ചു കൊടുത്തതെങ്ങനെയെന്ന് പങ്കുവയ്ക്കാമോ?

ഞങ്ങള്‍ മാതാപിതാക്കള്‍ വി. കുര്‍ബ്ബാനയ്ക്ക് കൊടുക്കുന്ന പ്രാധാന്യവും വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍  കാണിക്കുന്ന താല്‍പര്യവും പങ്കെടുക്കുന്ന രീതിയും അവര്‍ കണ്ടുപഠിച്ചു എന്നുപറയുന്നതാണ് ശരി. വി. കുര്‍ബ്ബാനയെക്കുറിച്ച് പകര്‍ന്നുകൊടുത്ത അനുഭവങ്ങളായിരുന്നു അവര്‍ക്ക് പ്രചോദനമായി മാറിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ പോകുമ്പോള്‍ അവരെ എന്‍റെ കൂടെ കൊണ്ടുപോകുകയും ഏത് ദൈവാലയത്തില്‍ ചെന്നാലും പുറകില്‍ നിറുത്താതെ മുന്‍വശത്ത് എന്‍റെ കൂടെ നിര്‍ത്തുകയും ചെയ്യുമായിരുന്നു. വി. കുര്‍ബ്ബാനയെക്കുറിച്ചുള്ള ചില ചിന്തകളും, അഭിമുഖങ്ങളും, ധ്യാനങ്ങളുമൊക്കെ അവര്‍ക്ക് അതാതു സമയത്ത് കൊടുക്കാന്‍ എനിക്കു ഭാഗ്യം കിട്ടിയിട്ടുണ്ട്. എന്‍റെ മക്കള്‍ അത് വലിയ സന്തോഷത്തോടുകൂടി സ്വീകരിച്ചു എന്നതും, ഇന്നും ആ വലിയ തീക്ഷ്ണതയില്‍ വി. കുര്‍ബ്ബാനയോടുള്ള ഭക്തിയില്‍ അവര്‍ ജീവിക്കുന്നു എന്നുള്ളതും എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുള്ള കാര്യമാണ്. മക്കള്‍ നടക്കേണ്ട വഴി ചെറുപ്പത്തിലേ പഠിപ്പിച്ചുകഴിഞ്ഞാല്‍ പ്രായമാകുമ്പോഴും ആ വഴിയേ നടന്നുകൊള്ളുമെന്ന് സുഭാഷിതങ്ങളില്‍ വായിക്കുന്നതിന്‍റെ അര്‍ത്ഥം ഞാന്‍ എന്‍റെ മക്കള്‍ക്കു കൊടുത്ത പരിശീലനത്തില്‍ കൂടി കണ്ടെത്തുകയായിരുന്നു.

3. വി. കുര്‍ബ്ബാനയുടെ ചൈതന്യം അങ്ങയുടെ കുടുംബത്തിന് എന്ത് വ്യത്യാസമാണ് വരുത്തിയത്

വി. കുര്‍ബ്ബാന അനുഗ്രഹത്തിന്‍റെ ഉറവിടവും ഉച്ചസ്ഥായിയുമാണ്. വി.  കുര്‍ബ്ബാന അനുഗ്രഹത്തിന്‍റെ സ്രോതസ്സ് എന്ന് പറയാനാണെങ്കില്‍ എല്ലാ അനുഗ്രഹത്തിന്‍റെയും സ്രോതസ്സാണെന്ന് പറയേണ്ടിവരും. ‘പൂജകഴിഞ്ഞ് പോവുക നമ്മള്‍ പ്രേക്ഷിതരായ് നവജനതതിയായ്’ എന്ന പഴയ ഒരു പാട്ടുണ്ട്. വി. കുര്‍ബ്ബാനയര്‍പ്പിച്ച നമുക്ക് ജീവിതവീഥികളില്‍ ഉണ്ടാകേണ്ട ചൈതന്യത്തെ ഈ ഗാനം സൂചിപ്പിക്കുന്നു. ഓരോ ദിവ്യബലി കഴിഞ്ഞിറങ്ങുമ്പോഴും നമുക്ക് ജീവിതം ഒരു കുര്‍ബ്ബാനയായി മാറ്റാനുള്ള വലിയൊരു ആവേശം കിട്ടുന്നുണ്ട്. നമ്മള്‍ പങ്കെടുത്ത ദിവ്യബലിയും സ്വീകരിച്ച വി. കുര്‍ബ്ബാനയുമെല്ലാം നമ്മുടെ ഉള്ളില്‍ ഒരു അഗ്നിയായി, ആവേശമായി, ജ്വലിക്കുന്ന ഒരനുഭവമായി മാറുന്നു. ത്യാഗത്തിന്‍റെ,  സ്നേഹത്തിന്‍റെ, കരുതലിന്‍റെ, പങ്കുവെയ്ക്കലിന്‍റെ, ക്ഷമയുടെ, താഴ്മയുടെ, ചെറുതാകലിന്‍റെ വലിയ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത് ഈ വി. കുര്‍ബ്ബാനയില്‍ നിന്ന് മാത്രമാണെന്ന് ഞാന്‍ വ്യക്തിപരമായി വിശ്വസിക്കുന്നു. എന്‍റെ ജീവിതത്തില്‍ എനിക്ക് ഈ ജ്ഞാനത്തിന്‍റെ അടയാളമായി സഹനത്തെ സന്തോഷപൂര്‍വ്വം സ്വീകരിക്കാന്‍ കഴിയുന്ന കൃപതരണമെന്ന് എന്നും ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. സഹനങ്ങളെ അതിജീവിച്ച പരി. അമ്മയാണ് എനിക്കതിന് മാതൃകയായിട്ടുള്ളത്.

4. ആദ്യകുര്‍ബ്ബാന സ്വീകരണം മിക്കവാറും വലിയ ആഘോഷമായിട്ടാണ് നടത്താറുള്ളത്. ഇതിന്‍റെ ചൈതന്യം നിലനിര്‍ത്താന്‍ എന്ത് ചെയ്യണം?

എന്‍റെ ചെറുപ്പത്തില്‍ ആദ്യകുര്‍ബ്ബാന സ്വീകരണം വലിയൊരു ആഘോഷം തന്നെയായിരുന്നു. പക്ഷെ അന്ന് ആത്മീയ ആഘോഷത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. വി. കുര്‍ബ്ബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങളൊക്കെ നടത്തി, തലയില്‍ മുടിയണിഞ്ഞ്, കൈകളില്‍ തിരി പിടിച്ച്, കുര്‍ബ്ബാന സ്വീകരിച്ച്, ബലിയര്‍പ്പിച്ച പുരോഹിതന്‍റെയും കുര്‍ബ്ബാന സ്വീകരിച്ച മറ്റ് കൂട്ടുകാരുടെയും കൂടെനിന്ന് ചിത്രമെടുത്ത്, ഒരുമിച്ചിരുന്ന് കാപ്പികുടിച്ച് പിരിഞ്ഞ അന്നത്തെ ആ വലിയ സന്തോഷം എനിക്കൊരിക്കലും മറക്കാനാകുന്നില്ല. ആദ്യ കുര്‍ബ്ബാന സ്വീകരണം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. ബാഹ്യമായ ആഘോഷങ്ങള്‍ക്കിടയില്‍ ആത്മീയ അനുഭവങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്നത് തിരക്കിനിടയില്‍ നാം വിസ്മരിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്ന കുട്ടികളുടെ ചെവികളില്‍ ഞാന്‍ ഇന്നും മന്ത്രിച്ചുകൊടുക്കാറുണ്ട്: “മോളേ, മോനെ, ഈ വി. കുര്‍ബ്ബാന സ്വീകരണം ഈശോ നിന്നെ സ്വന്തമാക്കുന്ന, നീ ഈശോയെ സ്വന്തമാക്കുന്ന ഒരു അവസരമാണ്. ഉള്ളില്‍ വന്ന ഈശോയെ നിത്യസ്നേഹിതനായി എന്നും കൊണ്ടുനടക്കണം.” അതോടൊപ്പം, ഈശോയോടുള്ള വ്യക്തിപരമായ സൗഹൃദം (I will be your friend and you will be my friend) എന്ന ചിന്ത എന്നും തുടര്‍ന്നുകൊണ്ടു പോകണമെന്നൊക്കെ പറഞ്ഞുകൊടുക്കും. അങ്ങനെ, ഈശോയെ ഒരു കൂട്ടുകാരനായോ, കൂട്ടുകാരിയായോ കിട്ടുന്ന സ്വാതന്ത്ര്യത്തിലും സന്തോഷത്തിലും അഭിമാനത്തിലും നമ്മുടെ കൊച്ചുമക്കള്‍ വളര്‍ന്നുവരണം.

5. വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടും ചില കുടുംബങ്ങള്‍ തകരാനുള്ള കാരണം എന്തായിരിക്കാം?

വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്ന കുടുംബങ്ങളിലും തകര്‍ച്ച ഉണ്ടാകാറുണ്ട്. അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നുവച്ചാല്‍ വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നത് തകര്‍ച്ചയും തളര്‍ച്ചയും ഇല്ലാതാക്കാനുള്ള കുറുക്കുവഴിയായി കാണുന്നതുകൊണ്ടാണ്. വി. കുര്‍ബ്ബാനയിലുള്ള നമ്മുടെ ഭാഗഭാഗിത്വം അനര്‍ത്ഥങ്ങള്‍ ഒഴിവാക്കാന്‍ മാത്രമാകരുത്. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സഹനാനുഭവങ്ങളെ കുര്‍ബ്ബാനയുടെ അനുഭവത്തില്‍ നിന്നുകൊണ്ട് നാം മനസ്സിലാക്കേണ്ടതുണ്ട്. ജീവിതത്തിലെ സഹനങ്ങളെ ഒരു കൃപയായി സ്വീകരിച്ചാല്‍ ജീവിതത്തിലുണ്ടാകുന്ന തകര്‍ച്ചകളും തളര്‍ച്ചകളും കുര്‍ബ്ബാന അനുഭവത്തില്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റും. വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുമ്പോള്‍ ചില പുരോഹിതരുടെ പ്രാര്‍ത്ഥന ഞാന്‍ കേട്ടിട്ടുണ്ട്: “ഈ കുര്‍ബ്ബാന എന്‍റെ ജീവിതത്തില്‍ പൂര്‍ത്തിയാകേണ്ടതിന് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.” ഒരര്‍ത്ഥത്തില്‍ കുര്‍ബ്ബാന മദ്ധ്യേയുള്ള ആ പ്രാര്‍ത്ഥന അത്ര ശരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. എന്നിരുന്നാലും അതില്‍ വലിയൊരു അര്‍ത്ഥമുണ്ട്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ കുര്‍ബ്ബാന പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ കുര്‍ബ്ബാന അനുഭവം നമ്മുക്ക് ഉണ്ടാകുകയുള്ളൂ.

കുടുംബ ജീവിതത്തിന്‍റെ വിജയത്തിന്‍റെ അടിസ്ഥാന തത്വം, ദമ്പതികള്‍ പരസ്പരം ബലിയാകുക എന്നുള്ളതാണ്. മറക്കലും, പൊറുക്കലും, ചെറുതാകലും, താഴലും, പൊടിയലും, ഉരുകലുമെല്ലാം ഈ ബലിയാകലില്‍ ഉള്‍ക്കൊള്ളുന്നു. ജീവിതപങ്കാളിയുടെ നന്മയേയും വളര്‍ച്ചയേയും ഉയര്‍ച്ചയേയും കരുതി മുറിയാന്‍ തയ്യാറാവുകയെന്ന അര്‍ത്ഥത്തില്‍ വി. കുര്‍ബ്ബാനയെ കാണാത്തതുകൊണ്ടാണ് കുടുംബ ജീവിതത്തില്‍ തകര്‍ച്ചകള്‍ ഉണ്ടാകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

6. ജീവിതപങ്കാളികളിലൊരാള്‍ വി. കുര്‍ബ്ബാനയോട് ഏറെ ചേര്‍ന്നു നില്‍ക്കുകയും മറ്റേയാള്‍ വി. കുര്‍ബ്ബാനയെ തീര്‍ത്തും അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ഇവരുടെ ജീവിതത്തിലെ താളപ്പിഴകള്‍ എങ്ങനെ മാറ്റിയെടുക്കാം?

ജീവിതപങ്കാളികളില്‍ ഒരാള്‍ക്ക് വി. കുര്‍ബ്ബാനയോട്  ആഭിമുഖ്യം ഉണ്ടായിരിക്കുകയും മറ്റേയാള്‍ക്ക് ഇല്ലാതാരിക്കുകയും ചെയ്യുന്നതിന്‍റെ കാരണം കുര്‍ബ്ബാനയോട് ആഭിമുഖ്യമുള്ള ജീവിതപങ്കാളിയുടെ എതിര്‍സാക്ഷ്യമാണെന്നാണ് എന്‍റെ അഭിപ്രായം. “എന്നും പള്ളിയില്‍ പോകുന്നതുകൊണ്ട് എന്താണ് കാര്യം. ജീവിതം മറ്റൊന്നല്ലേ?” എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നും പള്ളിയില്‍ പോവുകയും കുര്‍ബ്ബാന സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തിയില്‍ ആ വ്യക്തിയുടെ ജീവിത പങ്കാളിക്ക് ചില പ്രതീക്ഷകളുണ്ട്.  ആ പ്രതീക്ഷകള്‍ ഇല്ലാതാകുന്നുവെങ്കില്‍ അതിന്‍റെ അര്‍ത്ഥം ‘ഈ വളം ഇട്ടിട്ടും ഈ ചെടിക്കൊരു പ്രയോജനവുമില്ല’ എന്നതാണ്. കുര്‍ബ്ബാനയുടെ അനുഭവം എന്‍റെ ജീവിതത്തില്‍ ഫലങ്ങളായി പുറത്ത് വരുന്നില്ലെങ്കില്‍ എന്‍റെ ജീവിത പങ്കാളിയ്ക്ക് വി. കുര്‍ബ്ബാനയോടും ഒരു വിരസതയുാകും. മറിച്ച്, കുര്‍ബ്ബാന അനുഭവങ്ങള്‍ നല്‍കാന്‍ പറ്റുമെങ്കില്‍ ജീവിത പങ്കാളി തീര്‍ച്ചയായും വി. കുര്‍ബ്ബാനയോടുള്ള ആഭിമുഖ്യത്തില്‍ വളരും.

7. ജീവിതത്തിലെ തിരക്കുകളും ഉത്തരവാദിത്വങ്ങളും വി. കുര്‍ബ്ബാന അര്‍പ്പണത്തില്‍ നിന്ന് എന്നെ അകറ്റുന്നുവെന്ന ന്യായീകരണത്തിനുള്ള മറുപടി എന്താണ്

ജീവിതത്തിന്‍റെ തിരക്കുകള്‍ നമുക്ക് തന്നതാരാണ്? ജീവിതം തിരക്കുപിടിച്ചതാക്കിയത് ദൈവം തന്നെയാണ്. ജീവിതം അപ്രകാരം തിരക്ക് പിടിച്ചതാക്കിയ നല്ല ദൈവത്തെ മറന്നിട്ടാണ് നാം  വ്യഗ്രതകളില്‍ മുഴുകുന്നത്. ഈശോ നമ്മോട് പറഞ്ഞിട്ടുള്ള നമ്മുടെ തകര്‍ച്ചയുടെ, അല്ലെങ്കില്‍ നമ്മുടെ നാശത്തിന്‍റെ ഒരു കാരണം നമ്മുടെ വ്യഗ്രതയാണ്. അടങ്ങാത്ത ധനമോഹവും മറ്റു വസ്തുക്കളോടുള്ള ആഗ്രഹവുമൊക്കെയാണ് ജീവിതത്തിന്‍റെ വ്യഗ്രത എന്നുപറയുന്നത്. ദൈവം നമുക്ക് തന്ന കടമകള്‍, ഉത്തരവാദിത്വങ്ങള്‍, അവസരങ്ങള്‍ എന്നിവയില്‍ ദൈവത്തെപ്പോലും മറന്നുകൊണ്ട് മുഴുകുന്ന അവസ്ഥയാണ് വ്യഗ്രത എന്നുപറയുന്നത്. ദൈവമാണ് നമുക്ക് സമയവും സൗകര്യവുമെല്ലാം തന്നത്. ദൈവം തന്ന സമയവും സൗകര്യവും ദൈവത്തിന്‍റെ മഹത്വത്തിന് ഉപയോഗിക്കാനുള്ള തുറവിയും  മനസ്സും നമുക്കുണ്ടാകുമ്പോള്‍ നമ്മില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും.

8. വി. കുര്‍ബ്ബാന അനുഭവമാക്കി മാറ്റാനുള്ള പ്രായോഗിക വഴികള്‍ നിര്‍ദ്ദേശിക്കാമോ?

വി. കുര്‍ബ്ബാന അനുഭവമാക്കി മാറ്റണമെങ്കില്‍ എന്താണ് വി. കുര്‍ബ്ബാന എന്നുള്ള അറിവ് നമുക്ക് വേണം. അറിവില്ലാതിരുന്നാല്‍ നമുക്ക് അനുഭവിക്കാന്‍ പറ്റില്ല. അറിയുന്നതിനെ സ്നേഹിക്കാന്‍ കഴിയും. അതുകൊണ്ടാണ് ദൈവത്തെ അറിഞ്ഞ് സ്നേഹിച്ച് മഹത്വപ്പെടുത്തണം എന്നുപറയുന്നത്. വി. കുര്‍ബ്ബാന എന്താണ് എന്ന് നാം അറിയണം. ഈശോ ഈ ലോകത്തിലേയ്ക്ക് വന്നത് എന്തിനാണ്? ഈശോ ചെയ്തത് എന്താണ്? ഈശോ ഈ ലോക ജീവിതത്തിന്‍റെ അവസാനം എന്തിനാണ് വി. കുര്‍ബ്ബാന സ്ഥാപിച്ചത്? ഈ ചോദ്യങ്ങളെല്ലാം വി. കുര്‍ബ്ബാനയെക്കുറിച്ചുള്ള അറിവ് നമുക്ക് പ്രദാനം ചെയ്യും. നമ്മോട് ഒപ്പമായിരിക്കാനുള്ള ഈശോയുടെ അദമ്യമായ ദാഹം, നമ്മെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവിടുത്തെ സ്നേഹം, നമ്മോടുള്ള കരുതല്‍, നാം ജീവിക്കാനായി ആത്മദാനമാകുന്ന അവിടുത്തെ സ്നേഹം - നമ്മുടെ ഈ അറിവുകള്‍ കുര്‍ബ്ബാനയാകാന്‍ നമുക്ക് പ്രചോദനവും ശക്തിയും നല്‍കും. സുഹൃത്തുക്കളെ കൂടുതല്‍ അറിയുമ്പോള്‍ ഒന്നുകില്‍ അടുക്കാന്‍ അല്ലെങ്കില്‍ അകലാന്‍ തോന്നും. അടുക്കാന്‍ തോന്നുന്നത് സുഹൃത്തുക്കളില്‍ നന്മ കാണുമ്പോഴാണ്. വി. കുര്‍ബ്ബാനയെക്കുറിച്ച് അറിയുംതോറും അടുക്കാന്‍ തോന്നുന്ന അറിവുകള്‍ മാത്രമാണ് നമുക്ക് കിട്ടുന്നത്. രണ്ടാമതായി, വി. കുര്‍ബ്ബാനയെ ജീവിതത്തിന്‍റെ ഭാഗമായി കാണാന്‍ കഴിയണം. ഒരു ദിവസം കുര്‍ബ്ബാനയില്‍ പങ്കെടുത്തില്ലെങ്കില്‍ ആ ദിവസം എന്‍റെ ജീവിതത്തില്‍ കടന്നുപോയിട്ടില്ല എന്ന് തോന്നത്തക്കവിധം ഒരു ശൂന്യത നമുക്ക് തോന്നണം. എനിക്ക് അത് തോന്നാറുണ്ട്. അങ്ങനെ ഒരു തലത്തിലേയ്ക്ക് വളരാന്‍ സാധിച്ചാല്‍ വി. കുര്‍ബ്ബാന നമുക്ക് ഒരു വലിയ അനുഭവമായി മാറും; ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒരു സ്നേഹമാകും; കടമയല്ല, ഒരു സ്നേഹാനുഭവം. അതാണ് വി. കുര്‍ബ്ബാന. 

9. സമകാലിക സഭാപ്രശ്നങ്ങള്‍അതായത് സമര്‍പ്പണ ജീവിതത്തിലെ ഉതപ്പുകള്‍ എന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍, വി. കുര്‍ബ്ബാനയില്‍ നിന്നും സഭാമക്കളെ എത്രമാത്രം അകറ്റുന്നുണ്ട്?

സമകാലിക സംഭവങ്ങളും സമര്‍പ്പണ ജീവിതത്തില്‍ സംഭവിച്ച ഉതപ്പുകളും വി. കുര്‍ബ്ബാനയില്‍ നിന്ന് സഭാമക്കളെ അകറ്റാന്‍ ഇടയാക്കി എന്ന് പറയാന്‍ പറ്റില്ല. കാരണം, ഈശോയ്ക്ക് ഭൂമിയിലേയ്ക്ക് വരാനുള്ള ഉപകരണങ്ങളായി പരിശുദ്ധ കുര്‍ബ്ബാനയില്‍ അഭിഷിക്തരെ ഉപയോഗിക്കുന്നു എന്നതിനപ്പുറത്തേയ്ക്ക് അവരുടെ വിശുദ്ധിയേക്കുറിച്ചൊന്നും ചിന്തിച്ചിട്ടല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നിരുന്നാല്‍പോലും യുവജനങ്ങളുടെ മനസ്സില്‍ സമര്‍പ്പിതരുടെ വീഴ്ച വലിയ വേദന ഉളവാക്കുന്ന കാര്യമാണ്. ഞങ്ങളൊക്കെ വൈദീകരെ കാണാനാഗ്രഹിക്കുന്നത് ആത്മീയ മനുഷ്യരായിട്ടാണ്. അപ്പോള്‍, ഈ ആത്മീയത ഒട്ടും കാണാതെ ലോകത്തിന്‍റെ തന്ത്രങ്ങളില്‍പ്പെട്ട് ലോകം നല്‍കുന്ന സുഖങ്ങളും പ്രശസ്തിയും ആസ്വദിച്ച് അതില്‍ മുഴുകി ജീവിക്കുന്ന വൈദികരെ കാണുമ്പോള്‍ യുവജനങ്ങള്‍ക്ക്,  പ്രത്യേകിച്ച് നല്ല അറിവുള്ളവര്‍ക്ക്,  നീരസവും അകല്‍ച്ചയുമൊക്കെ തോന്നാറുണ്ട്. സമര്‍പ്പിതരുടേയും വൈദീകരുടേയുമൊക്കെ ജീവിതത്തില്‍ ആത്മീയതിയിലേയ്ക്കുള്ള ഒരു തിരിച്ചുവരവ് – Back to Christ and Back to Church – നടക്കണം. ആ തിരിച്ചുവരവും വിശുദ്ധീകരണവും ആത്മീയ മനുഷ്യന്‍ എന്ന തലത്തിലുള്ള ജീവിത മാതൃകയും മാത്രമേ ഈ സഭയിലേയ്ക്ക് ആളുകളെ, പ്രത്യേകിച്ച് യുവജനങ്ങളെ കൊണ്ടുവരാനും സഭയില്‍ പിടിച്ചു നിര്‍ത്താനും സഹായിക്കുകയുള്ളൂ.

10. പൗരോഹിത്യവും വി. കുര്‍ബ്ബാനയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പൗരോഹിത്യത്തിലേയ്ക്കുള്ള നല്ല  ദൈവവിളികള്‍ പരിപോഷിപ്പിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ കുടുംബങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും?

പൗരോഹിത്യം ഇല്ലെങ്കില്‍ വി. കുര്‍ബ്ബാന നമുക്ക് സ്വീകരിക്കാനോ അനുഭവിക്കാനോ സാധിക്കുകയില്ല. പുരോഹിതര്‍ ദൈവത്തിന്‍റെ സവിശേഷമായ വിളിക്കും സ്നേഹത്തിനും പ്രീതിക്കും പാത്രമായവരാണെന്ന ചിന്ത നമ്മുടെ കുടുംബങ്ങളില്‍, പ്രത്യേകിച്ച് കൊച്ചുമക്കളില്‍, ജനിപ്പിക്കാന്‍ നമുക്ക് കഴിയണം. ഞാന്‍ എന്‍റെ വീട്ടില്‍ ‘നിത്യപുരോഹിതനായ ഈശോ’ എന്ന പ്രാര്‍ത്ഥന കുടുംബപ്രാര്‍ത്ഥനയുടെ ഭാഗമായി ചൊല്ലാന്‍ തുടങ്ങിയിട്ട് കുറേ വര്‍ഷങ്ങളായി. മുട്ടുകുത്തി നിന്ന് ഇരു കൈകളും വിരിച്ചു പിടിച്ചാണ് ഞാന്‍ ആ പ്രാര്‍ത്ഥന ചൊല്ലുന്നത്. അത് എന്‍റെ മക്കളും എന്നോടൊപ്പം പ്രാര്‍ത്ഥിക്കുന്നവരും ശ്രദ്ധിക്കുന്നതാണ്. സഭയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും ഞാന്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈദീകവൃത്തിയുടെ മഹത്വവും ശ്രേഷ്ഠതയും നമ്മുടെ കുട്ടികള്‍ക്ക് നാം പറഞ്ഞുകൊടുക്കേണ്ടതാണ്. തെറ്റുകള്‍ എല്ലാവര്‍ക്കും സംഭവിക്കാമെന്നും വൈദികര്‍ ആയതിനാല്‍ മാത്രം അവര്‍ അമാനുഷരായി മാറുന്നില്ലെന്നും നാം അവര്‍ക്ക് പറഞ്ഞു കൊടുക്കണം.

എന്‍റെ പ്രാര്‍ത്ഥനയുടെ കുറവോ, അല്ലെങ്കില്‍ ഞാന്‍ അവര്‍ക്കു കൊടുക്കുന്ന മാന്യതയുടെ കുറവോ, ഞാനവര്‍ക്കു പിന്‍ബലമേകുന്നതിലെ കുറവോ ഒക്കെ അവരുടെ വീഴ്ചയ്ക്ക് കാരണമാകുന്നുണ്ടെന്ന തിരിച്ചറിവ് നമ്മുടെ അത്മായര്‍ക്കുണ്ടാകണം. വൈദികര്‍ എന്നും ഈശോയുടെ സംരക്ഷണവലയത്തിലായിരിക്കാനും ലോകത്തിന്‍റെ തന്ത്രങ്ങളില്‍പ്പെടാതെ പിടിച്ചു നില്‍ക്കാനുള്ള  ആത്മീയബലം കിട്ടാനുമായി ഞാനുള്‍പ്പെടെയുള്ളവര്‍ പ്രാര്‍ത്ഥനയും പരിഹാര കര്‍മ്മങ്ങളും അനുഷ്ഠിക്കാനുള്ള സമയമാണിത്. മാലാഖമാര്‍പോലും ബഹുമാനത്തോടെ കാണുന്ന പൗരോഹിത്യത്തിന്‍റെ ശ്രേഷ്ഠമാനങ്ങളും അനുഭവങ്ങളുമൊക്കെ നമ്മുടെ വീട്ടിലും സമൂഹത്തിലും പങ്കുവയ്ക്കുമ്പോള്‍ അത് കുട്ടികള്‍ക്കൊരു ആവേശമാകും. എവിടെയെങ്കിലും എപ്പോഴെങ്കിലും നാം കേള്‍ക്കുന്ന ഉതപ്പു നല്‍കുന്ന സംഭവങ്ങള്‍ക്കപ്പുറത്തേയ്ക്ക് നമ്മുടെ ജനത്തിനുവേണ്ടി ബലിയാകുന്ന നല്ല വൈദികരെ മാതൃകകളാക്കി കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞാല്‍ ഇനിയും ഈ ജീവിതത്തിലേയ്ക്കുള്ള വലിയ ‘Challenging calls’ ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

ഫാ. മനോജ് പ്ലാത്തോട്ടത്തിൽ_image
ഫാ. മനോജ് പ്ലാത്തോട്ടത്തിൽ

ഫാ. മനോജ് പ്ലാത്തോട്ടത്തിൽ MCBS നോർത്ത് ഈസ്റ്റ് ഹിൽ യൂണിവേഴ്സിറ്റി (NEHU) - യിൽ നിന്നും മീഡിയാ ടെക്നോളജിയിൽ ബിരുദവും മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ വയനാട് തോണിച്ചാലിലുള്ള കാരുണ്യനിവാസിന്‍റെ സുപ്പീരിയറാണ്.