+91 8590 373975
https://eucharistiamcbs.com/public/storage/images/FLKEsMwS83CEF9AnlzTJtJYwkZMEVTj9stAf0YRW.jpg

വി. കുര്‍ബ്ബാന: ആദിമസഭയിലെ ‘ഞങ്ങളുടെ അപ്പം’

തിരുസഭയുടെ പ്രാരംഭ ദശകങ്ങളില്‍ വി. കുര്‍ബ്ബാന വിശ്വാസികളുടെ ജീവിതത്തിന്‍റെ ഭാഗമാകുന്നത് വ്യക്തമാക്കുന്ന ഒരു കഥ From Age to Age: How Christians Celebrated the Eucharist എന്ന പുസ്തകത്തില്‍ എഡ്‌വേഡ്‌ ഫോളി പറയുന്നുണ്ട്. ഒട്ടകക്കച്ചവടക്കാരനായ യാക്കോബും വി. പൗലോസിന്‍റെ ബന്ധുവായ സുവിശേഷ പ്രസംഗകന്‍ റൂബനുമാണ് പ്രധാന കഥാപാത്രങ്ങള്‍. യാക്കോബ് റൂബനെ പരിചയപ്പെടുന്നത് ഒരു സാബത്ത് ദിവസമാണ്. അന്ന് സിനഗോഗില്‍ വച്ച് വി. ഗ്രന്ഥ വായനക്ക് ശേഷം "പ്രവചനങ്ങളുടെയെല്ലാം പൂര്‍ത്തീകരണമാണ് നസ്രത്തിലെ ഈശോ" എന്ന് റൂബന്‍ പ്രസംഗിച്ചത് ദഹിക്കാതിരുന്ന യഹൂദര്‍ റൂബനെ ആക്രമിച്ചു. റൂബനെ അവരില്‍നിന്നും രക്ഷപെടുത്തി യാക്കോബ് തന്‍റെ ഭവനത്തില്‍ കൊണ്ടുവരുമ്പോള്‍ മരണത്തെ തെല്ലും ഭയമില്ലാതിരുന്ന റൂബന്‍റെ വിഷമം അന്ന് ക്രിസ്തുവിനെക്കുറിച്ച് കൂടുതല്‍ പ്രസംഗിക്കാനായില്ലെന്നതായിരുന്നു. 

അന്ന് സന്ധ്യയ്ക്ക്, യാക്കോബിന്‍റെ ഭാര്യയും പത്ത് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം റൂബന്‍ അത്താഴത്തിനിരുന്നപ്പോള്‍ യാക്കോബിന്‍റെ ഭയം കുസൃതികളായ തന്‍റെ മക്കളുടെ വികൃതികള്‍ റൂബനെ അസ്വസ്ഥനാക്കുമോ എന്നതായിരുന്നു. എന്നാല്‍ അത്ഭുതമെന്നുപറയട്ടെ, ഈശോയുടെ കഥകള്‍ പറഞ്ഞ് റൂബന്‍ ആ കുസൃതിക്കുരുന്നുകളുടെ ശ്രദ്ധ നേടി. ഈശോ അപ്പം വര്‍ദ്ധിപ്പിക്കുന്നതും അപസ്മാര രോഗിയെ സുഖപ്പെടുത്തുന്നതും കാറ്റിനേയും കടലിനേയും ശാന്തമാക്കുന്നതുമായ സംഭവങ്ങള്‍ അവര്‍ കൗതുകത്തോടെ കേട്ടു. ഈശോയുടെ അന്ത്യത്താഴവും വിധിയും കുരിശുമരണവും ഉത്ഥാനവുമെല്ലാം റൂബന്‍ വിവരിച്ചപ്പോള്‍ അവര്‍ ആശ്ചര്യത്തോടെ കേട്ടിരുന്നു. അവസാനം, വളരെ അപ്രതീക്ഷിതമായി, ഈശോയുടെ ഓര്‍മ്മയ്ക്കായി റൂബന്‍ ഒരു അപ്പം എടുത്ത് ആശീര്‍വദിച്ച് അവര്‍ക്ക് പങ്കുവച്ചുകൊണ്ട് പറഞ്ഞു: “നിങ്ങള്‍ ഈ അപ്പം ഭക്ഷിച്ചാല്‍ നിങ്ങളും ഈ കഥയുടെ ഭാഗമാകും. കാരണം, ഇത് ഈശോയുടെ ശരീരമാണ്.” തുടര്‍ന്ന് റൂബന്‍ ആശീര്‍വാദ പ്രാര്‍ത്ഥന നടത്തി പാനപാത്രം അവര്‍ക്ക് നല്‍കിക്കൊണ്ട് പറഞ്ഞു: “നമുക്ക് ജീവന്‍ നല്‍കാന്‍ മരിച്ച ഈശോയുടെ ഹൃദയത്തില്‍നിന്നാണ് നിങ്ങള്‍ കുടിക്കുന്നത്. കാരണം, ഈ കാസ, അവന്‍റെ രക്തത്തില്‍ ഉറപ്പിക്കപ്പെട്ട പുതിയ ഉടമ്പടിയുടെ ഭാഗമാകാനുള്ള ക്ഷണമാണ്.”

നാളുകള്‍ കഴിഞ്ഞു. റൂബന്‍ യാക്കോബിന്‍റെ ഭവനത്തിലെ നിത്യസന്ദര്‍ശകനായി. ഈ അവസരങ്ങളില്‍ യാക്കോബ് തന്‍റെ ചില സുഹൃത്തുക്കളേയും ബന്ധുക്കളേയും അത്താഴത്തിനും സംഭാഷണത്തിനുമായി ക്ഷണിച്ചിരുന്നു. ഇത് അവസാനിച്ചിരുന്നത് അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും ആശിര്‍വാദത്തിലും പങ്കുവയ്ക്കലിലുമാണ്. അങ്ങനെ യാക്കോബിന്‍റെ മക്കളും കുഞ്ഞുമക്കളും സുഹൃത്തുക്കളുമെല്ലാം ഈ കഥയുടെ ഭാഗമായി. വീണ്ടും നാളുകള്‍ കുറെ കഴിഞ്ഞു. റൂബനില്ല, പകരം യാക്കോബ് യേശുകഥകള്‍ പറയുകയും അവിടുത്തെ ഓര്‍മ്മയ്ക്കായി അപ്പവും വീഞ്ഞും ആശീര്‍വദിച്ചു പകുത്ത് നല്‍കുകയും ചെയ്തു. അങ്ങനെ ആ സമൂഹം മുഴുവന്‍ അപ്പം മുറിക്കലില്‍ ക്രിസ്തുസാന്നിധ്യം അനുഭവിച്ച് ക്രിസ്തുസംഭവത്തിന്റെ ഭാഗമായി മാറി.

ഞങ്ങളുടെ അപ്പം

പുരാതന മെഡിറ്ററേനിയന്‍ ഊട്ടുമേശയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമായിരുന്നു അപ്പം (Bread). ഇന്ന് ‘ബ്രഡ്’ എന്ന നാമം ആഹാരത്തെ (Meal) മുഴുവന്‍ പ്രതിനിധാനം ചെയ്യുംപോലെ ഭക്ഷണമേശയിലെ വിഭവങ്ങളെയെല്ലാം സൂചിപ്പിക്കാനും ഈ പദം ഉപയോഗിച്ചിരുന്നു. ‘ബ്രഡ്’ സമൃദ്ധിയുടെയും ദൈവാനുഗ്രഹത്തിന്‍റെയും അടയാളമായിരുന്നു. യഹൂദ കുടുംബനാഥന്‍ അപ്പം വാഴ്ത്തി മുറിക്കുമ്പോള്‍ ദൈവത്തിന്‍റെ തെരഞ്ഞെടുപ്പിനും അനുഗ്രഹങ്ങള്‍ക്കും നന്ദി പറഞ്ഞിരുന്നു. കുടുംബങ്ങളിലും സമൂഹങ്ങളിലും ഒരുമിച്ച് അപ്പം ഭക്ഷിക്കുന്നത് ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും പ്രതീകമായിരുന്നു.

ഈശോയുടെ പരസ്യജീവിതത്തിലും അപ്പത്തിന് അതിപ്രധാനമായ സ്ഥാനമുണ്ട്. മരുഭൂമിയിലെ പരീക്ഷയിലും അപ്പം വര്‍ധിപ്പിക്കുന്ന വേളയിലും അവസാന അത്താഴത്തിലുമെല്ലാം അപ്പത്തിന്‍റെ നശ്വരവും അനശ്വരവുമായ മാനങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു. 

വി. ഗ്രന്ഥം എഴുതപ്പെടുന്നതിനും മുന്‍പ് ആദിമ ക്രൈസ്തവസമൂഹം വി. കുര്‍ബ്ബാനയെ ഏറ്റവും ലളിതമായി വിളിച്ചിരുന്നത് ‘ഞങ്ങളുടെ അപ്പം’ അഥവാ ‘ഞങ്ങളുടെ അനുദിന അപ്പം’ (Our Daily Bread) എന്നായിരുന്നിരിക്കണം എന്ന് ബൈബിള്‍ പണ്ഡിതനായ യൂജിന്‍ ലാവേര്‍ഡിയെരെ പറയുന്നു. ‘ഞങ്ങളുടെ (അനുദിന) അപ്പ’ത്തിലെ - Our epiousios (ഗ്രീക്ക്) bread - ലെ epiousios, വി. കുര്‍ബ്ബാനയപ്പത്തെ വിശേഷിപ്പിക്കാന്‍ ആദിമ ക്രൈസ്തവ സമൂഹം രൂപപ്പെടുത്തിയ ഒരു നാമവിശേഷണ (adjective) മാണെന്നതാണ് ലാവേര്‍ഡിയെരെയുടെ നിഗമനം. ബെനഡിക്ട് പതിനാറാമന്‍ പപ്പാ ജീസസ് ഓഫ് നാസറത്ത് (Jesus of Nazareth) എന്ന ഗ്രന്ഥത്തില്‍ ഈ ആശയം വ്യക്തമായി വിവരിക്കുന്നുണ്ട്. ഗ്രീക്ക് ഭാഷയില്‍ അതികായനായ ഒറിജിന്‍റെ അഭിപ്രായത്തില്‍ epiousios സുവിശേഷകന്മാര്‍ രൂപപ്പെടുത്തിയ ഒരു പദമാണ്. കാരണം, പുതിയനിയമത്തില്‍ രണ്ട് പ്രാവശ്യം മാത്രമാണ് ഈ പദം കാണുന്നത്. അവ രണ്ടും ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥനയിലാണ് (cf. മത്ത 6:11; ലൂക്ക 11:3).

‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥനയിലെ നാലാമത്തെ യാചനയാണ് ‘അന്നന്നുവേണ്ടേ ആഹാരം ഇന്ന് ഞങ്ങള്‍ക്ക് തരണമേ’ എന്നത്. ഇതിന് നിലവില്‍ പ്രബലമായുള്ള രണ്ട് വ്യാഖ്യാനങ്ങള്‍ ബെനഡിക്ട് പപ്പാ വിവരിക്കുന്നു: 1) ഞങ്ങളുടെ അനുദിന ജീവിതത്തിന് ആവശ്യമായ അപ്പം (the bread which is necessary for our existence) ഞങ്ങള്‍ക്ക് തരണമേ. 2) ഭാവിയിലേക്കാവശ്യമായ അപ്പം (the bread for the future) ഞങ്ങള്‍ക്ക് തരണമേ. നാളത്തെ അപ്പം ഇന്ന് നമുക്കാവശ്യമില്ലാത്തതിനാല്‍ അതിനായി ഇന്ന് പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ, വരാനിരിക്കുന്ന ലോകത്തിലെ, അഥവാ യുഗാന്ത്യത്തിലെ ഭക്ഷണത്തിനായുള്ള പ്രാര്‍ത്ഥന എന്ന നിലയില്‍ അര്‍ത്ഥസമ്പുഷ്ടമാണ്. അതായത്, വരാനിരിക്കുന്ന ലോകത്തിനുവേണ്ടിയുള്ളതും അത് സന്നിഹിതമാക്കുന്നതുമായ പ്രാര്‍ത്ഥനയാണിത്. വി. ജെറോമിന്‍റെ ലത്തീന്‍ ബൈബിള്‍ പരിഭാഷയായ വുള്‍ഗേറ്റ് (Vulgate), epiousios bread - നെ വി. മത്തായിയുടെ സുവിശേഷത്തില്‍ (മത്ത 6:11) supersubstantialis panis (super-substantial bread - അതിസത്താപരമായ അപ്പം) എന്നും വി. ലൂക്കായുടെ സുവിശേഷത്തില്‍ (ലൂക്ക 11:3) panis quotidianum (daily bread - അനുദിന അപ്പം)  എന്നുമാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഈ അതിസത്താപരമായ അപ്പം ക്രിസ്‌തുതന്നെയായ കുര്‍ബ്ബാനയപ്പമാകയാല്‍ നമുക്കിന്ന് ‘ഞങ്ങളുടെ ദിവ്യകാരുണ്യ അപ്പം’ എന്ന് വിളിക്കാം.  

രണ്ടാമത്തെ വ്യാഖ്യാനത്തിന്  പ്രാധാന്യം കൊടുക്കുന്നതിലൂടെ ‘കുര്‍ബ്ബാനയപ്പം’ എന്ന അര്‍ത്ഥത്തിന് പ്രാധാന്യം കൊടുക്കുമ്പോഴും ‘അനുദിന അപ്പം’ അഥവാ അന്നന്നത്തെ ജീവന്‍ നിലനിര്‍ത്തുന്ന ആഹാരം എന്ന പ്രാരംഭാര്‍ത്ഥം ഇല്ലാതാകുന്നില്ല. മറിച്ച്, ഇന്നത്തെ നശ്വരമായ അപ്പത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന അനശ്വരമായതിലേക്ക്, വരാനിരിക്കുന്ന സ്വര്‍ഗ്ഗീയ മന്നയിലേക്ക്, കുഞ്ഞാടിന്‍റെ വിരുന്നിലേക്ക്, നമ്മുടെ ശ്രദ്ധ ഉയര്‍ത്തുന്നു. യോഹന്നാന്‍റെ സുവിശേഷം ആറാം അദ്ധ്യായം ഇതിന്‍റെ അര്‍ഥം വളരെ മിഴിവോടെ വിവരിക്കുന്നുണ്ട്. ഭക്ഷണത്തിനായി വിശക്കുന്ന ഒരുകൂട്ടം ജനം ഈശോയുടെ അടുക്കല്‍ വരുന്നു. ഈശോ അവരെ വെറുതെ പറഞ്ഞയക്കുന്നില്ല. എന്നാല്‍ നശ്വരമായ അപ്പത്തില്‍ നിര്‍ത്താനും ഉദ്ദേശിക്കുന്നില്ല. നിത്യജീവന്‍ നല്‍കുന്ന അനശ്വരമായ അപ്പത്തിലേക്കാണ് അവന്‍ അവരുടെ ശ്രദ്ധ തിരിക്കുന്നത്: “സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും” (യോഹ 6: 51). ഇത് കഫര്‍ണാമിലെ ജനത്തിന് ഉള്‍ക്കൊള്ളാനായില്ല. ശിഷ്യര്‍ പലരും അവനെ വിട്ടുപോയി. എന്നാല്‍ ഈ അപ്പത്തിന്‍റെ ശക്തി നമുക്ക് തിരിച്ചറിയാനാവുന്നത് സഭയുടെ വളര്‍ച്ചയുടെ കാലഘട്ടത്തിലാണ്.

‘അന്നന്നുവേണ്ടേ ആഹാരം (epiousios bread) ഇന്ന് ഞങ്ങള്‍ക്ക് തരണമേ’ എന്ന അപേക്ഷ വി. കുര്‍ബ്ബാനയ്ക്ക് വേണ്ടിയുള്ള അപേക്ഷയാണെന്ന് സഭാപിതാക്കന്മാര്‍ വിശ്വസിച്ചിരുന്നു. ഈ അര്‍ത്ഥത്തില്‍ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ വി. കുര്‍ബ്ബാന മേശയിലെ പ്രാര്‍ത്ഥനയാണ്. ‘ഞങ്ങളുടെ അപ്പം’ ആദിമസഭയിലെ ഒരു അനുഭവമായിരുന്നു. ക്രിസ്തുവിശ്വാസികള്‍ ചതച്ചരയ്ക്കപ്പെടുകയും അവരുടെ ജീവന്‍ അപകടത്തിലായിരിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തില്‍ അവരെ ഒന്നിപ്പിച്ച അപ്പമാണ് വി. കുര്‍ബ്ബാന. ഈ അപ്പത്തെ വ്യത്യസ്തവും അതുല്യവുമാക്കിയത് ക്രിസ്തുസാന്നിധ്യത്തിലുള്ള വിശ്വാസമായിരുന്നു. ഈ അപ്പത്തിന്‍റെ പ്രാധാന്യവും മഹത്വവും ഈ അപ്പത്തില്‍ പങ്കുപറ്റിയിരുന്നവര്‍ക്ക് മാത്രമേ മനസ്സിലാക്കാനും പറഞ്ഞറിയിക്കാനും സാധിക്കുമായിരുന്നുള്ളൂ. ഈ സമൂഹത്തിലേക്ക് പുതിയ അംഗങ്ങള്‍ വന്നപ്പോള്‍ അവരും ‘ഞങ്ങളുടെ അപ്പ’ത്തിന്‍റെ (our epiousios bread) ഭാഗമായി. "ഞങ്ങളുടെ അപ്പ"ത്തിന്‍റെ വ്യക്തിപരവും സമൂഹപരവുമായ രണ്ട് തലങ്ങളിലുള്ള അനുഭവത്തിന്‍റെ ശക്തിയിലാണ് ആദിമ ക്രൈസ്തവ സമൂഹം വളര്‍ച്ചയുടെ പാതയില്‍ മുന്നേറിയത്. ‘ഞങ്ങളുടെ അപ്പം’ ഭക്ഷിച്ചതിലൂടെ ക്രിസ്തുവുമായി ഒന്നായ ഓരോ വിശ്വാസിയും ഒരുമിച്ചുള്ള പങ്കുപറ്റലിലൂടെ ക്രിസ്തുവിന്‍റെ ശരീരമായ സഭയെ പടുത്തുയര്‍ത്തി. 

ഞങ്ങളുടെ അപ്പം, സാമൂഹിക പ്രതിബദ്ധതയുടെയും ദൈവാശ്രയത്വത്തിന്‍റെയും അപ്പം 

‘ഞങ്ങളുടെ അപ്പ’ത്തിനായുള്ള പ്രാര്‍ത്ഥനയുടെ രണ്ട് പ്രത്യേകതകള്‍ വി. സിപ്രിയന്‍ വിവരിക്കുന്നുണ്ട്. 1) ‘ഞങ്ങളുടെ അപ്പ’ത്തിലെ ‘ഞങ്ങള്‍’ ബഹുവചനമായതിനാല്‍ ഈ അപ്പത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന വ്യക്തി തനിക്കുവേണ്ടി മാത്രമല്ല സമൂഹത്തിലെ മറ്റ് അംഗങ്ങള്‍ക്കുവേണ്ടികൂടിയുള്ള അപ്പമാണ് ചോദിക്കുന്നത്. അതോടൊപ്പം, കൂടുതലുള്ളവര്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും ഈ പ്രാര്‍ത്ഥന വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു. അതായത്, അപ്പത്തിനായി പിതാവായ ദൈവത്തെ വിളിക്കുമ്പോള്‍ പിതാവിന്‍റെ മറ്റുമക്കളുമായി പങ്കുവയ്ക്കാതെ കൈയ്യില്‍ വച്ചിരിക്കുന്ന അപ്പത്തെക്കുറിച്ചു ശ്രദ്ധവേണം. 2) ദരിദ്രരാണ് ഇന്ന് അപ്പത്തിനായി യാചിക്കുന്നത്. ക്രിസ്തുവിനുവേണ്ടി ലൗകികമായവയെ വേണ്ടന്ന് വച്ച് ഈ ലോകത്തില്‍ വിശ്വാസത്തിന്‍റെ അടയാളങ്ങളായി ജീവിക്കുന്ന ദരിദ്രരുമുണ്ട്. സ്വയം ദാരിദ്ര്യം തെരഞ്ഞെടുക്കുന്ന അവര്‍ക്ക് നാളത്തെ അപ്പം ചോദിക്കാനാവകാശമില്ല. നാളയെക്കുറിച്ച് ആകുലരാകാതെ അവരുടെ അവകാശമായ ഇന്നത്തെ അപ്പത്തിനായാണ് അവര്‍ പ്രാര്‍ത്ഥിക്കുന്നത്. കാരണം, അവര്‍ കര്‍ത്താവിന്‍റെ വരവിനെ കാത്തിരിക്കുന്നവരാണ്. ഇത് ക്രിസ്തുശിഷ്യരുടെ ദരിദ്രരോടുള്ള പക്ഷം ചേരലാണ്.

വി. സിപ്രിയന്‍ ഇവിടെ സൂചിപ്പിക്കുന്ന അപ്പം ഭൗതികമായ വിശപ്പ് നീക്കുന്ന അപ്പമാണ്. എന്നാല്‍ ഇതിനെ വി. കുര്‍ബ്ബാനയോട് ചേര്‍ത്ത് നിര്‍ത്തുന്ന അര്‍ത്ഥവ്യാപ്തിയുണ്ട്. ഒന്നാമതായി, തനിക്കുവേണ്ടി മാത്രമല്ല സമൂഹത്തിലെ മറ്റംഗങ്ങള്‍ക്കുവേണ്ടിക്കൂടി അപ്പം ചോദിക്കുന്നത് തനിക്കുള്ളത് പങ്കുവയ്ക്കാനുള്ള ക്ഷണം കൂടിയാണ്. ‘ഞങ്ങള്‍’ എന്ന കാഴ്ച്ചപ്പാട് സഭയില്‍ ഏറ്റവും ശക്തമായി അനുഭവിക്കുന്നത് വി. കുര്‍ബ്ബാനയിലാണ്. ക്രിസ്തുവിന്‍റെ ശരീരത്തിലും രക്തത്തിലും പങ്കുചേര്‍ന്നവര്‍ ഒരു ശരീരമാകുന്നു. രണ്ടാമതായി, തനിക്കുള്ളതെല്ലാം മുറിച്ചുനല്‍കുന്ന ക്രിസ്തുവിന്‍റെ പങ്കുവയ്ക്കല്‍ വി. കുര്‍ബ്ബാനയില്‍ അനുഭവിക്കുന്നവര്‍ അവനെ അനുകരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. "നിങ്ങള്‍ ഇത് എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍" എന്ന് പറഞ്ഞ ക്രിസ്തുവിന്‍റെ ഓര്‍മ്മ ഈ ലോകത്തില്‍ നിലനില്‍ക്കുന്നത് ക്രിസ്തുശിഷ്യര്‍ ഈ ലോകത്തില്‍ തങ്ങളെത്തന്നെ പങ്കുവച്ച് അവന്‍റെ അടയാളങ്ങളായിത്തീരുമ്പോഴാണ്.

ഇന്നത്തെ അപ്പത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന ഇസ്രയേലിന്‍റെ മരുഭൂമി യാത്രയിലെ ഭക്ഷണമായ മന്നായെ അനുസ്മരിപ്പിക്കുന്നു. മന്നാ ദൈവാശ്രയത്തിന്‍റെ അടയാളമാണ്. മരുഭൂമി യാത്രയില്‍ ഓരോ ദിവസവും ദൈവമാണ് ഇസ്രായേലിന് അപ്പം നല്‍കിയത്. സാബത്തിന് തലേന്ന് മാത്രമേ പിറ്റേന്നത്തേയ്ക്കുള്ള അപ്പംകൂടി ശേഖരിക്കാന്‍ ഇസ്രായേല്‍ ജനത്തിന് കഴിഞ്ഞുളളൂ. ഓരോ ദിവസവും ദൈവം നല്‍കിയ അപ്പം ഭക്ഷിച്ച് യാത്രചെയ്ത ഇസ്രായേല്‍ക്കാരെപ്പോലെ ക്രിസ്തുശിഷ്യരും ഓരോ ദിനവും ദൈവാശ്രയത്തില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണെന്ന് അന്നന്നുവേണ്ട അപ്പത്തിനായുള്ള പ്രാര്‍ത്ഥന ഓര്‍മ്മപ്പെടുത്തുന്നു. 

ആദിമ സഭയിലെ ‘ഞങ്ങളുടെ അപ്പം’ വിശ്വാസജീവിതത്തില്‍ ഒരു അനുഭവമായിരുന്നു. ക്രിസ്തുവിന്‍റെ സാന്നിധ്യത്തിലുള്ള ഉറച്ച വിശ്വാസവും അത് നല്‍കിയ ആത്മീയ അനുഭവവും 'ഞങ്ങളുടെ അപ്പ'ത്തില്‍ ഒന്നുചേരാന്‍ വിശ്വാസികളെ സഹായിച്ചു. ഈ ഐക്യത്തിന്‍റെ അപ്പം കര്‍ത്താവിന്‍റെ  രണ്ടാമത്തെ വരവിനായി ഒരുക്കത്തോടെ ആയിരിക്കാനും വരാനിരിക്കുന്ന സൗഭാഗ്യത്തെ ലക്ഷ്യമാക്കി ജീവിക്കാനും വിശ്വാസികളെ സഹായിച്ചു. ആ സൗഭാഗ്യത്തിന്‍റെ മുന്‍പില്‍ ഈ ലോകത്തിന്റേതെല്ലാം പങ്കുവച്ച് ജീവിക്കാന്‍ അവരെ പ്രാപ്തരാക്കി. വി. കുര്‍ബ്ബാന ഇന്നും വിശ്വാസികള്‍ക്ക് 'ഞങ്ങളുടെ അപ്പം' തന്നെയാണ്. ഇന്നും ഐക്യത്തിന്‍റെ അപ്പമാണ്. ക്രിസ്തുവിന്‍റെ ജീവനുള്ള സാന്നിധ്യത്തിന്‍റെ അപ്പമാണ്. ഈ വിശ്വാസം തന്നെയാണ് ഇന്നും ഈ അപ്പത്തിന്‍റെ മേശയ്ക്ക് ചുറ്റും നൂറ്റാണ്ടുകള്‍ക്ക് ശേഷവും വിശ്വാസികളെ ഒന്നുചേര്‍ക്കുന്നത്. ഒപ്പം, ഈ അപ്പം ഭക്ഷിച്ച് വരാനിരിക്കുന്ന ലോകത്തെ ലക്ഷ്യമാക്കി നീങ്ങാന്‍ ഉത്തേജനം നല്‍കുന്നത്. 

മുറിച്ചുനല്കുന്നവന്‍റെ ഹൃദയഭാവം ഉള്‍ക്കൊള്ളാതെ വി. കുര്‍ബ്ബാന കേവലം നമ്മുടെ പ്രവര്‍ത്തി മാത്രമായി കാണുമ്പോള്‍ ബാഹ്യമായതിലാകും നാം അമിതമായി ശ്രദ്ധിക്കുക.  അപ്പോള്‍ ദൈവാശ്രയത്വം കുറയുകയും ദൈവിക പ്രവര്‍ത്തികള്‍ മറക്കുകയും ‘ഞങ്ങളുടെ അപ്പം’ എന്ന കാഴ്ചപ്പാടിന് പകരം ‘എന്റെ അപ്പം’ എന്നതിലേക്ക് ചിന്തകള്‍ നീങ്ങുകയും സമൂഹങ്ങളില്‍ വിഭാഗീയത ഉടലെടുക്കുകയും ചെയ്യുക സ്വാഭാവികമാണ്. അപ്പോള്‍ കോറിന്തോസിലെ പോലെ നമ്മുടെ ഒന്നുചേരലും നമ്മുടെ അപ്പവും കര്‍ത്താവിന്‍റെ ‘അസാന്നിധ്യം’ കൊണ്ട് പൊതുസമക്ഷം ശ്രദ്ധിക്കപ്പെടുമെന്ന് മറക്കാതിരിക്കാം.

ഡോ. ഷിബി കാട്ടിക്കുളക്കാട്ട് MCBS_image
ഡോ. ഷിബി കാട്ടിക്കുളക്കാട്ട് MCBS

അമേരിക്കയിലെ ഡ്യുക്കെയ്ന്‍ യൂണിവേഴ്സിറ്റി (Duquesne University) - യില്‍ നിന്നും സിസ്റ്റമാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ. ഷിബി കാട്ടിക്കുളക്കാട്ട് MCBS, താമരശ്ശേരിയിലുള്ള സനാതന ദിവ്യകാരുണ്യ വിദ്യാപീഠത്തില്‍ ദൈവശാസ്ത്ര അധ്യാപകനും ‘എവുക്കരിസ്തിയ’യുടെ ചീഫ് എഡിറ്ററുമാണ്.