+91 8590 373975
https://eucharistiamcbs.com/public/storage/images/mtlQwKlF8mb85Y1WV3rwlRxUg3U0DVgy4l0v7MLs.jpg

തോമസ് അക്വീനാസിന്റെ കുര്‍ബ്ബാന ചിന്തകള്‍

“നീ എന്തിനെ സ്നേഹിക്കുന്നു എന്നു പറയൂ, അപ്പോള്‍ ഞാന്‍ പറയാം നീ ആരാണെന്ന്” - വി. കുര്‍ബ്ബാനയെ മജ്ജയും മാംസവുമായി കണ്ട് സ്നേഹിച്ച വി. തോമസ് അക്വീനാസിന്റെ വാക്കുകളാണിവ. ഇത് പറയുമ്പോള്‍ താന്‍ ജീവനു തുല്യം സ്നേഹിച്ചിരുന്ന വി. കുര്‍ബ്ബാനയായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍.

സഭയിലെ ഏറ്റവും പ്രമുഖനായ ദൈവശാസ്ത്ര പണ്ഡിതന്‍, ആഗോള ഭിഷഗ്വരന്‍, വേദാന്തി, ദിവ്യകാരുണ്യ ഭിഷഗ്വരന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന വി. തോമസ് അക്വീനാസിന്റെ വി. കുര്‍ബ്ബാനയെക്കുറിച്ചുള്ള ആഴമുള്ള കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിന്‍റെ Summa Theologica, Summa Contra Gentiles, The Commentary on the Sentences എന്നീ ഗ്രന്ഥങ്ങളില്‍ കാണാം. ക്രിസ്തുവിന്റെ തിരുശരീരം, തിരുരക്തം, പീഡാസഹനം എന്നിവയോട്  അതീവ ഭക്തി പുലര്‍ത്തിയിരുന്ന തോമസ് അക്വീനാസും (1225-1274) ഫ്രാന്‍സിസ് അസ്സീസിയും (1182-1226) ഒരേ നൂറ്റാണ്ടില്‍ ജീവിച്ചവരായിരുന്നു. വി. ബനഡിക്ടിനാല്‍ സ്ഥാപിതമായ മോണ്ടി കസീനോ (Monte Cassino) യിലും നേപ്പിള്‍സ്   യുണിവേഴ്സിറ്റിയിലുമായി അദ്ദേഹം വിദ്യഭ്യാസം പൂര്‍ത്തിയാക്കി. വി. ആല്‍ബര്‍ട്ടിന്റെ ചിന്തകളും സഹപ്രവര്‍ത്തകനായ ബൊനവഞ്ചറിന്റെ സാമീപ്യവും ഡൊമിനിക്കന്‍ സമൂഹത്തില്‍ ചേര്‍ന്ന തോമസ് അക്വീനാസിന് കരുത്തേകി. 

പ്ലേറ്റോയുടെ ചിന്തകളാല്‍ വാര്‍ത്തെടുക്കപ്പെട്ടവനായിരുന്നെങ്കിലും അരിസ്റ്റോട്ടിലിന്റെ ചിന്തകളിലേയ്ക്ക് കൂടി സഭയുടെ വാതായനങ്ങള്‍ തുറക്കണമെന്ന് വാദിച്ച വ്യക്തിയായിരുന്നു അക്വീനാസ്. സഭയിലെ തത്വചിന്തകള്‍ മുതല്‍ ധാര്‍മ്മിക ചിന്തകള്‍വരെ എന്തിനേപ്പറ്റിയും ആഴമേറിയ ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. വി. കുര്‍ബ്ബാനയോടുള്ള അദ്ദേഹത്തിന്റെ അഗാധമായ പ്രണയം വ്യക്തമാക്കുന്നതാണ് അദ്ദേഹം രചിച്ച Panis Angelicus, Pange Lingua, Salutaris Hostia, Tantum Ergo എന്നീ ദിവ്യകാരുണ്യ ഗീതങ്ങള്‍. 1264 - ല്‍ ഉര്‍ബന്‍ നാലാം മാര്‍പ്പാപ്പ ‘കോര്‍പ്പുസ് ക്രിസ്തി’ (Corpus Christi) യുടെ പ്രാര്‍ത്ഥനകള്‍ ക്രോഡീകരിക്കാന്‍ നിയോഗിച്ചത് തോമസ് അക്വീനാസിനെയായിരുന്നു. 1274 - ല്‍ ഇഹലോകവാസം വെടിഞ്ഞ അക്വീനാസിനെ പയസ് അഞ്ചാമന്‍ പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചു. “എന്റെ ആത്മാവിന്റെ രക്ഷയുടെ വിലയായ നിന്നെ ഞാന്‍ സ്വീകരിക്കുന്നു. എന്റെ ജീവിതയാത്രയുടെ പാഥേയമായ നിന്നെ ഞാന്‍ സ്വീകരിക്കുന്നു. നിനക്കെന്നോടുള്ള സ്നേഹം ഞാന്‍ അനുഭവിച്ചു. അവയുടെ നിറവില്‍ എന്റെ കണ്ണുകള്‍ ഈറനണിയുന്നു” - ഫോസനോവയിലെ സിസ്റ്റേഴ്സിയന്‍ ആബി (Cistercian Abbey of Fossanova) യില്‍ വച്ച് അവസാനമായി വി. കുര്‍ബ്ബാന സ്വീകരിച്ചപ്പോള്‍ അക്വീനാസിന്റെ പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നെന്ന് ആദ്ദേഹത്തിന്റെ ജീവചരിത്രകാരനായ വില്യം ഓഫ് ടോക്കോ (William of Tocco) കുറിക്കുന്നു. 

വി. കുര്‍ബ്ബാനയില്‍ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി മാറുന്ന അമാനുഷികവും അത്ഭുതാവഹവുമായ പരിവര്‍ത്തനം, വി. കുര്‍ബ്ബാനയിലെ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യം എന്നിവയെക്കുറിച്ചുള്ള അക്വീനാസിന്റെ രചനകളില്‍, ആത്മീയ ഭക്ഷണം, കൂദാശകളുടെ പൂര്‍ണ്ണത, സഭയുടെ ഉറവ - എന്നീ ചിന്തകള്‍ തെളിഞ്ഞു നില്‍ക്കുന്നു. അക്വീനാസിന്റെ ഈ ചിന്തകള്‍ നമ്മുടെ വിശ്വാസത്തിന് ഊര്‍ജ്ജം പകരുന്നവയാണ്. 

വി. കുര്‍ബ്ബാന: ആത്മീയ ഭക്ഷണം 

ആഗോള സഭയുടെ പൊതുവായ ആത്മീയ ഭക്ഷണമാണ് വി. കുര്‍ബ്ബാനയെന്ന് തോമസ് അക്വീനാസ് സാക്ഷ്യപ്പെടുത്തുന്നു. ഈ വി. കുര്‍ബ്ബാന ക്രിസ്തുവിന്റെ സഹനങ്ങളുടെ പുനരാവിഷ്കരണമാണ് (Quod repraesentatur est Passio Christi). ഒരു ശാരീരിക ഭക്ഷണം എന്നതിലുപരി ആത്മീയ ഭക്ഷണമാണ് വി. കുര്‍ബ്ബാന. മറ്റെല്ലാ ഭക്ഷണങ്ങളും അവ ഭക്ഷിക്കുന്ന വ്യക്തിയെ രൂപപ്പെടുത്തുമ്പോള്‍, വി. കുര്‍ബ്ബാന, ഭക്ഷിക്കുന്ന വ്യക്തിയെ ക്രിസ്തുവിലേയ്ക്ക് രൂപാന്തരപ്പെടുത്തുകയാണ് ചെയ്യുന്നത്. കാസയില്‍ നിന്നും പാനംചെയ്യാന്‍ പോകുമ്പോള്‍ ക്രിസ്തുവിന്റെ വക്ഷസ്സില്‍ നിന്നും ഒഴുകിയിറങ്ങുന്ന രക്തമാണ് വിശ്വാസി പാനംചെയ്യുന്നതെന്ന് വി. തോമസ് ഓര്‍മ്മിപ്പിക്കുന്നു. ക്രിസ്തുവിനെ ഭക്ഷിക്കുക എന്നുള്ളത് നമ്മുടെ പല്ലുകള്‍ ഉപയോഗിച്ച് കടിച്ചുകീറി തിന്നുക എന്നുള്ളതല്ല, മറിച്ച് നമ്മള്‍ എന്തിനെ സ്വീകരിക്കുന്നുവോ അതിലേയ്ക്ക് മാറ്റപ്പെടും എന്നുള്ളതാണ്. ഈ തലത്തില്‍ നിന്ന് നോക്കിക്കാണുമ്പോഴാണ് ‘ആത്മീയ ഭോജനം’ എന്നത് വിശ്വാസത്തിലും സ്നേഹത്തിലും ക്രിസ്തുവുമായി ഒന്നിക്കലായി മാറുന്നത്. വി. കുര്‍ബ്ബാന സ്വീകരണത്തിന്റെ അനന്തരഫലം ഇതാണ്. കുര്‍ബ്ബാനയില്‍ കൂദാശീകരണത്തോടെ അപ്പമെന്ന ദൃശ്യവും ഭൗതീകവുമായ അടയാളത്തില്‍ ഉത്ഥിതനായ ക്രിസ്തുവിന്റെ സ്വര്‍ഗ്ഗീയഭാവം സന്നിവേശിക്കപ്പെടുന്നു. 

മാമ്മോദീസാ ജലം ഉത്ഭവപാപം കഴുകപ്പെടുന്നതിന്റെ പ്രത്യക്ഷ അടയാളമാവുന്നതിന് സമാനമായാണ് കൂദാശചെയ്യപ്പെട്ട അപ്പവും വീഞ്ഞും സ്വീകരിക്കുന്നതിലൂടെ ഒരാള്‍ ക്രിസ്തുവിലേയ്ക്ക് രൂപാന്തരപ്പെടുന്നത്. ആത്മീയമായി നടക്കുന്ന ക്രിസ്‌തു സ്വീകരണത്തിന്റെ കൗദാശിക അടയാളമായിട്ടാണ് അപ്പവും വീഞ്ഞും സ്വീകരിക്കപ്പെടുന്നതെന്ന് പറയാം. കേവലം അടയാളം എന്നതിലുപരി ഉള്‍പ്പരിവര്‍ത്തനം സാധ്യമാക്കുന്ന ഒരു ദിവ്യപ്രതിഭാസം കൂടിയാണ് വി. കുര്‍ബ്ബാന. സ്വീകര്‍ത്താവിനെ ക്രിസ്തുവിലേയ്ക്ക് അഭൂതപൂര്‍വ്വമായ രീതിയില്‍ പരിപ്രേക്ഷ്യം ചെയ്യുന്ന കൗദാശിക ഭാവമാണ് വി. കുര്‍ബ്ബാനയെന്ന് നാം മനസ്സിലാക്കുന്നത് ഈ ആത്മീയ തലത്തില്‍ നിന്നാണ്. 

ആത്മീയ ഭോജനത്തെ അതിന്റെ ആഴത്തിലും പരപ്പിലും മനസ്സിലാക്കിയ വി. അക്വീനാസ് കുര്‍ബ്ബാനയെ ‘മാലാഖമാരുടെ അപ്പം’ എന്നാണ് വിളിച്ചത്. മാലാഖമാര്‍ ക്രിസ്തുവിനോട് പൂര്‍ണ്ണ സ്നേഹത്തിലും സ്വര്‍ഗ്ഗീയതയിലും ഒന്നിക്കപ്പെട്ടിരിക്കുന്നു. ഇതേക്കുറിച്ച്, ക്രിസ്തുവിനെ മാലാഖമാരും ആത്മീയമായി ഭക്ഷിക്കുന്നുവെന്നാണ് അക്വീനാസ് പറയുന്നത്. ഈ ഭോജനം ഏറ്റവും പൂര്‍ണ്ണവും ഉന്നതവുമാണ്. അള്‍ത്താരയിലെ കൂദാശയില്‍ വിശുദ്ധിയോടെ ക്രൈസ്തവര്‍ സ്വീകരിക്കുന്ന ഈ ആത്മീയ ഭോജനം മാലാഖമാരുടെ ആത്മീയ ഭോജനത്തിലേയ്ക്ക് അവരെ വഴിനടത്തേണ്ടതാണ്. വി. കുര്‍ബ്ബാനയെ മാലാഖമാരുടെ അപ്പമെന്ന് വിളിക്കാന്‍ കാരണം ഇത് സ്വര്‍ഗ്ഗീയ കൂട്ടായ്മയുടെ മുന്നാസ്വാദനം ആയതുകൊണ്ടാണ്. മാലാഖമാര്‍ അനുഭവിക്കുന്നതും ആഘോഷിക്കുന്നതും അന്ത്യവിധിക്ക് ശേഷമുള്ള സ്വര്‍ഗ്ഗീയ അവസ്ഥയില്‍ നാം നോക്കിക്കാണുകയാണ് ഓരോ വി. കുര്‍ബ്ബാനയിലും. 

വി. കുര്‍ബ്ബാനയുടെ പ്രബന്ധങ്ങള്‍ എഴുതിക്കഴിഞ്ഞതിനു ശേഷം നേപ്പിള്‍സിലെ ഡൊമിനിക്കന്‍ ആശ്രമ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്ന അക്വീനാസ് വായുവിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതായും ക്രൂശിതനായ ക്രിസ്തു അദ്ദേഹത്തോട് സംസാരിക്കുന്നതുമായ രംഗങ്ങള്‍ ആശ്രമത്തിലെ സഹപ്രവര്‍ത്തകരുടെ അനുഭവങ്ങളില്‍ പില്‍ക്കാലത്ത് എഴുതപ്പെട്ടിട്ടുണ്ട്. “നീ എന്നെ നന്നായെഴുതി, നിനക്കായി ഞാന്‍ എന്തുചെയ്യണം?” എന്നുള്ള ക്രിസ്തുവിന്റെ ചോദ്യത്തിന് മറുപടിയായി “എനിക്ക് ഒന്നും വേണ്ട, നിന്നെ മതി” എന്ന് അക്വീനാസ് പറയുന്ന രംഗവും സഹപ്രവര്‍ത്തകര്‍ തങ്ങളുടെ കൃതികളില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

വി. കുര്‍ബ്ബാന: കൂദാശകളുടെ പൂര്‍ണ്ണത 

ക്രിസ്തീയ രഹസ്യങ്ങളുടെ പൂര്‍ണ്ണതയായ വി. കുര്‍ബ്ബാനയുടെ മൂന്ന് ഭാവങ്ങളേക്കുറിച്ച് അക്വീനാസ് തന്റെ കൃതികളില്‍ വിവരിക്കുന്നുണ്ട്. ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ആദ്യത്തേത്. ഇവിടെ ക്രിസ്തുവിന്റെ സഹനത്തിന്റെ ഓര്‍മ്മ പുതുക്കപ്പെടുന്നു. വര്‍ത്തമാനകാലത്തിലെ കൂട്ടായ്മയാണ് രണ്ടാമത്തെ ഭാവം. ഇവിടെ കൂദാശവഴി വിശ്വാസികള്‍ ഒന്നിപ്പിക്കപ്പെടുകയും പരസ്പരമുള്ള ഐക്യം പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഭാവിതലത്തില്‍ സ്വര്‍ഗ്ഗത്തില്‍ കൈവരിക്കാനിരിക്കുന്ന ദൈവീക ഫലപ്രാപ്തിയുടെ മുന്നാസ്വാദനം കൂടിയായി കുര്‍ബ്ബാന മാറുന്നു. ഇവിടെ കുര്‍ബ്ബാന പാഥേയവും സ്വര്‍ഗ്ഗം കൈവരിക്കാനുള്ള കുറുക്കുവഴിയുമായി മാറുന്നു. ഭൂത-ഭാവി-വര്‍ത്തമാന കാലങ്ങള്‍ ഒന്നിക്കപ്പെടുന്നതുകൊണ്ടുതന്നെ കുര്‍ബ്ബാന പൂര്‍ണ്ണതയാണ്. മറ്റു കൂദാശകള്‍ പരികര്‍മ്മം ചെയ്യപ്പെടുന്നതോടുകൂടി മാത്രമേ പൂര്‍ണ്ണമാവുന്നുള്ളൂ. മാമ്മോദീസയില്‍ ജലം പരിശുദ്ധാത്മാവിന്റെ പ്രാര്‍ത്ഥനയോടെ കൗദാശീകരിക്കപ്പെടുന്നുണ്ടെങ്കിലും അര്‍ത്ഥിയുടെമേല്‍ ഒഴിക്കുന്നതോടുകൂടിയെ പൂര്‍ണ്ണമാകുന്നുള്ളൂ. എന്നാല്‍ വി. കുര്‍ബ്ബാന അതില്‍തന്നെ വിശുദ്ധവും കൗദാശികവുമാണ്. അപ്പവും വീഞ്ഞും കൗദാശീകരിക്കപ്പെടുന്ന അതേസമയത്ത്തന്നെ കൗദാശിക ഭാവം പൂര്‍ണ്ണമാകുന്നു, കൂദാശയാകുന്നു. കുര്‍ബ്ബാനയില്‍ ക്രിസ്തു തന്നെത്തന്നെ പൂര്‍ണ്ണമായും നമുക്ക് നല്‍കുന്നതിനാല്‍ വി. കുര്‍ബ്ബാന കൂദാശകളുടെ കൂദാശയായി വിലയിരുത്തപ്പെടുന്നു.

വി. കുര്‍ബ്ബാന: സഭയുടെ ഉറവയും ആണിക്കല്ലും

വി. കുര്‍ബ്ബാന സഭാകൂട്ടായ്മയുടെ ഉറവയാണെന്ന് വി. തോമസ് അക്വീനാസ് പഠിപ്പിക്കുന്നു. കുര്‍ബ്ബാനയെന്ന കൂദാശ വിശ്വാസികളുടെ ഒത്തൊരുമയെ പ്രതിനിധീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇത് സാധ്യമാവുന്നത് ക്രിസ്തുവുമായുള്ള ഐക്യം വഴിയാണ്. അക്വീനാസ് ഇത് വിശദീകരിക്കുന്നത് മൂന്നു ചിന്തകള്‍ പങ്കുവച്ചാണ്. Sacramentum tantum (കൗദാശിക അടയാളം), Res et sacramentum (ക്രിസ്തുവിന്റെ കൗദാശിക ശരീരം), Res tantum (കുര്‍ബ്ബാനയുടെ ഫലം) എന്നിവയാണവ. 

Sacramentum tantum (കൗദാശിക അടയാളം): ഡിഡാക്കെ (Didache) യുടേയും, സിപ്രിയാന്‍, അഗസ്റ്റിന്‍ എന്നിവരുടെ ചിന്തകളുടേയും കൂട്ടുപിടിച്ചാണ് അക്വീനാസ് ഈ ചിന്താധാര അവതരിപ്പിക്കുന്നത്. ധാരാളം ധാന്യമണികള്‍ ഒന്നുചേര്‍ന്ന് അപ്പവും, പല മുന്തിരികള്‍ ഞെരിഞ്ഞരഞ്ഞ് വീഞ്ഞും, രൂപംകൊള്ളുന്നതിന് സമാനമായി സഭാംഗങ്ങള്‍ എല്ലാവരും ക്രിസ്തുവില്‍ ഒന്നാകുന്നു. ഇതുപോലെ അപ്പവും വീഞ്ഞുമാകുന്ന അടയാളങ്ങളില്‍ നിന്നും കുര്‍ബ്ബാനയാകുന്ന ഒറ്റ യാഥാര്‍ത്ഥ്യം  പിറവിയെടുക്കുന്നു (Ex multis unum). വി. കുര്‍ബ്ബാനയില്‍ വെള്ളം വീഞ്ഞിനോട് കലര്‍ത്തപ്പെടുന്നത് മൗതിക ശരീര (Mystical Body) മായ സഭ ക്രിസ്തുവിന്റെ ശരീരത്തോട് ചേരുന്നതിന്റെ അടയാളമാണ്. വി. കുര്‍ബ്ബാനമദ്ധ്യേ അപ്പം മുറിക്കുന്നത് സഭയില്‍ ദൈവകൃപകള്‍ വിതരണം ചെയ്യപ്പെടുന്നതിനെ സൂചിപ്പിക്കുന്നു. ഇതൊക്കെ വഴി വി. കുര്‍ബ്ബാന നന്മയുടെ രഹസ്യവും കൂട്ടായ്മയുടെ അടയാളവും സ്നേഹത്തിന്റെ ഉടമ്പടിയുമായി മാറ്റപ്പെടുന്നു. 

Res et sacramentum (ക്രിസ്തുവിന്റെ കൗദാശിക ശരീരം): വി. കുര്‍ബ്ബാന ക്രിസ്തുവിന്റെ കൗദാശിക ശരീരമാണ്. രക്ഷയുടെ സാര്‍വ്വത്രിക രഹസ്യവും ആഗോള സഭയുടെ ആത്മീയ നന്മയുമാണിത്. ഇതിന് Corpus verum (True body - യഥാര്‍ത്ഥ ശരീരം) എന്ന പദമാണ് അക്വീനാസ് ഉപയോഗിക്കുന്നത്. തന്റെ അജഗണങ്ങളുമായുള്ള ഐക്യത്തിന്റെ പൂര്‍ണ്ണതയേയാണ് ഇത് കുറിക്കുന്നത്. അപ്പവും വീഞ്ഞും സത്താപരമായ മാറ്റത്തിലൂടെ ക്രിസ്തുവിന്റെ ശരീരവും രക്തവുമാകുന്നു. വി. കുര്‍ബ്ബാന സ്വീകരിക്കുന്നതു വഴി നമ്മള്‍ ക്രിസ്തുവിലേയ്ക്ക് രൂപപ്പെടുന്നു (Nos in ipsum convertors). 

Res Tantum (കുര്‍ബ്ബാനയുടെ ഫലം): ഭക്ഷിക്കുന്നത് എന്താണോ അതിലേയ്ക്കുള്ള ഒരു മാറ്റമാണ് വി. കുര്‍ബ്ബാന ഉള്‍ക്കൊള്ളുന്നത് വഴി നമ്മില്‍ ഉണ്ടാവുക. നമ്മള്‍ വേറൊന്നായി മാറ്റപ്പെടുന്നു. “ഇനി ഞാനല്ല, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്” (ഗലാ 2:20) എന്ന ഉള്‍ക്കാഴ്ചയിലേയ്ക്ക് നാം ഓരോരുത്തരും വളര്‍ത്തപ്പെടുന്നു. ഇതുവഴി ക്രിസ്തുവിലേയ്ക്ക് നാം വഴി നടത്തപ്പെടുന്നു. അങ്ങനെ ഐക്യത്തിന്റെ അടയാളമായി വി. കുര്‍ബ്ബാന നമ്മെ എല്ലാവരേയും ക്രിസ്തുവില്‍ ഒന്നിപ്പിക്കുകയും ചെയ്യുന്നു. 

വി. കുര്‍ബ്ബാനയുമായി പ്രണയത്തിലാകാനാണ് തോമസ് അക്വീനാസ് നമ്മോട് ആഹ്വാനം ചെയ്യുന്നത്. ക്രിസ്തുവിന്റെ സുഗന്ധം വഹിക്കുകയും പരത്തുകയും ചെയ്യുന്ന മനുഷ്യരാകാന്‍ ഓരോ വി. കുര്‍ബ്ബാനയും വിശ്വാസികളെ ക്ഷണിക്കുന്നു. അത് ആഘോഷിക്കേണ്ടതും ജീവിക്കേണ്ടതുമായ യാഥാര്‍ത്ഥ്യമാണ്, വെറുതെ കണ്ടുവണങ്ങി പോകേണ്ടതല്ല. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ പ്രേരകമാകുന്ന ശക്തിയും ദിശാസൂചകവുമാണ് വി. കുര്‍ബ്ബാന. തെറ്റാതെ നയിക്കുന്ന പ്രകാശത്തിന്റെ കൂദാശയാണിത്. ദൈവത്തിങ്കലേയ്ക്ക് വളര്‍ന്നതും സഹോദരങ്ങളിലേയ്ക്ക് പടര്‍ന്നതുമായ ഒരു ജീവിതചര്യയാണ്. അപ്പം ആഹരിച്ചവര്‍ക്കേ അപ്പമാകാനും സ്നേഹമാഹരിച്ചവര്‍ക്കേ സ്നേഹമാകാനും സാധിക്കുകയുള്ളൂ. തോമസ് അക്വീനാസിന്റെ വി. കുര്‍ബ്ബാന അനുഭവം നമുക്കും ജീവിക്കാം. നമ്മുടെ ഓരോരുത്തരുടേയും ചങ്കും ചങ്കിടിപ്പുമാകട്ടെ വി. കുര്‍ബ്ബാന.

ഫാ. ഷെബിന്‍ ചീരംവേലില്‍_image
ഫാ. ഷെബിന്‍ ചീരംവേലില്‍

ദിവ്യകാരുണ്യ മിഷനറി സഭംഗമായ ഫാ. ഷെബിൻ ചീരംവേലിൽ മാഡ്രിഡിലുള്ള സാൻ ഡമാസോ എക്ലേസിയസ്റ്റിക്കൽ യൂണിവേഴ്സിറ്റിയിൽ (San Damaso Ecclesiastical University, Madrid) തത്വശാസ്ത്രത്തിൽ ഗവേഷണം നടത്തുന്നു..