നൂറ്റാണ്ടുകൾകൊണ്ട് പണിതുയർത്തിയതെല്ലാം അപ്രതീക്ഷിതമായുണ്ടായ റഷ്യൻ കടന്നുകയറ്റത്തിൽ തകർന്നടിയുന്നതിന്റെയും മനുഷ്യജീവനുകൾ കിരാതമായി വേട്ടയാടപ്പെടുന്നതിന്റെയും കഥകളാണ് യുക്രെയ്നിൽനിന്നും ഈ നാളുകളിൽ പുറത്തുവരുന്നത്. സുരക്ഷിതമെന്ന് പറയാൻ ഒരിടവുമില്ലാതാകുന്ന യുക്രെയ്നിൽനിന്നും പഠനത്തിനായി റോമിൽ ആയിരിക്കുന്ന ഫാ. യൂറിജുമായി, ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ഫാ. സാന്റോ പുതുമനക്കുന്നത്ത് നടത്തിയ അഭിമുഖം.
Question: ഫാ. യൂറിജ്, താങ്കൾ പീഡിപ്പിക്കപ്പെടുന്ന ഒരു സമൂഹത്തിന്റ പ്രതിനിധിയാണല്ലോ! വിശ്വാസത്തിന്റെ കണ്ണുകളിലൂടെ ഈ സാഹചര്യത്തെ എങ്ങനെ നോക്കി കാണാൻ കഴിയും?
Answer: തീർച്ചയായും, വളരെ പ്രസക്തമായൊരു ചോദ്യമാണ്. ഈ സാഹചര്യത്തെ ഞങ്ങളുടെ സഭാനേതൃത്വം ഒരു കുരിശിന്റെ വഴിയായിട്ടാണ് കാണുന്നത്. ഈ സഹനങ്ങൾക്കെല്ലാമപ്പുറം ഒരു ഉയിർപ്പ് ഉണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു. വി. ബൈബിളിലെ ദാവീദിന്റെയും ഗോലിയത്തിന്റെയും യുദ്ധം പോലെയാണ് ഇതിനെ ഞങ്ങൾ നോക്കികാണുന്നത്. വളരെ ചെറിയവനായ ദാവീദ് ശക്തനായ ഗോലിയാത്തിനെ നേരിട്ടതുപോലെ, ദൈവം അവന്റെ കൂടെ നിന്ന് ഇസ്രയേൽ ജനത്തിനുവേണ്ടി യുദ്ധം ചെയ്തതുപോലെ ഒരു സാഹചര്യം ഞങ്ങളുടെ രാജ്യവും നേരിടുന്നു എന്ന് പറയുന്നതാവും കൂടുതൽ നല്ലത് എന്ന് തോന്നുന്നു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നറിയാം. എങ്കിലും, ഞങ്ങൾ എപ്പോൾ എളിമ ഉള്ളവർ ആകുന്നുവോ അപ്പോൾ ആയിരിക്കും ഞങ്ങളുടെ വിജയവും. യഥാർത്ഥത്തിൽ വളരെ ശ്രമകരമായ കാര്യമാണെങ്കിലും ഇത് ഞങ്ങളിൽ നിന്നും ഒത്തിരി വിശ്വാസം ആവശ്യപ്പെടുന്നുണ്ട്.
Question: നിലവിലെ യുദ്ധ സാഹചര്യത്തെ ഒന്ന് വിശദീകരിക്കാമോ?
Answer: യുക്രെയിന്റെ പലഭാഗത്തും ഇപ്പോൾ ബോംബിംഗ് നടക്കുന്നുണ്ട്. എന്നാൽ ചില പ്രദേശങ്ങളിൽ, അതായതു പടിഞ്ഞാറൻ ഭാഗങ്ങളിൽ, കാര്യമായ പ്രശ്നങ്ങൾ ഒന്നുംതന്നെ ഇല്ല. UN ന്റെ കണക്കനുസരിച്ച് ഏകദേശം 10 മില്യൻ ആളുകൾക്ക് അവരുടെ വീടുകൾ ഉപേക്ഷിച്ചു പോകേണ്ടിവന്നിട്ടുണ്ട്. അതിൽ 3 മില്യൻ ആളുകൾ പോളണ്ടിലേയ്ക്കും മറ്റ് അയൽരാജ്യങ്ങളിലേക്കും നീങ്ങിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ട പലർക്കും തങ്ങളുടെ വീടും സ്വത്തുവകകളുമെല്ലാം ഉപേക്ഷിച്ചു പോകേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് യുക്രെയിനിലെ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളുമായി വളരെ പ്രയാസമേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
Question: യുക്രെയിൻ - ഗ്രീക്ക് കാത്തലിക് ചർച്ച്, ഈസ്റ്റേൺ കാത്തലിക് ചർച്ചിലെ ഏറ്റവും വലിയ സമൂഹമാണ്. വി. കുർബ്ബാന എങ്ങനെയാണു നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ വിലമതിക്കുന്നത്?
Answer: യുദ്ധത്തിന് മുൻപ് ഏതാണ്ട് നല്ലൊരു ശതമാനത്തോളം ആളുകളും ദിവസവും വി. കുർബ്ബാനയിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ അവർക്കു വി. കുർബ്ബാനയിൽ പങ്കെടുക്കാനുള്ള സാഹചര്യം ഇല്ല. കാരണം, ഞങ്ങളുടെ പല പള്ളികളും സ്ഥാപനങ്ങളും ഇപ്പോൾ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. പക്ഷേ, ശക്തമായ വിശ്വാസത്തിന്റെ പല സൂചനകളും ഈ യുദ്ധത്തിന്റെ നാളുകളിൽ കാണാൻ സാധിച്ചിട്ടുണ്ട്. സഭയുടെ പാത്രിയായർകീസ് വൈദികരെ ബങ്കറുകളിലേക്കു അയക്കുകയും വി. കുർബ്ബാന ജനങ്ങളിലേക്കു എത്തിച്ചു കൊടുക്കാനായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ബങ്കറുകൾ എന്ന് കേൾക്കുമ്പോൾ യുദ്ധത്തിന്റെ സാഹചര്യം നമ്മൾ മനസിലാക്കണം. അവിടെ വിശ്വാസികൾ, ആവിശ്വാസികൾ, വിശ്വാസത്തെ എതിർക്കുന്നവർ - എന്നിങ്ങനെ പല രീതിയിലുമുള്ള ആളുകൾ ഉണ്ട്. എന്നാൽ അവിടെ എല്ലാവരും വി. കുർബ്ബാനക്കുമുൻപിൽ ഒന്നുചേർന്നു പ്രാർത്ഥിക്കുന്നത് വിശ്വാസത്തിന്റെ വലിയ സാക്ഷ്യമായിട്ടാണ് ഞങ്ങൾ കാണുന്നത്.
Question: യുക്രെയിൻ സഭ എങ്ങനെയാണ് യുദ്ധകാലത്തു ജനത്തിന്റെ കൂടെ നില്കുന്നത്?
Answer: യഥാർത്ഥത്തിൽ, സഭയുടെ കാരുണ്യത്തിന്റെ മുഖമാണ് ഈ യുദ്ധത്തിൽ ഞങ്ങൾ കാണുന്നത്. കത്തോലിക്കാ സഭ അവളുടെ എല്ലാ സാധ്യതകളും ജനത്തിന്റെ നന്മക്കായി മാറ്റി വച്ചിരിക്കുകയാണ്. സുരക്ഷിതമെന്ന് തോന്നുന്ന സ്ഥാപനങ്ങൾ, സെമിനാരികൾ, കോൺവെന്റുകൾ - അങ്ങനെ എല്ലായിടത്തുംതന്നെ ജനങ്ങളെ സ്വീകരിക്കാൻ സഭ ഒരുങ്ങി നിൽക്കുകയാണ്. നിങ്ങളുടെ നാട്ടിൽനിന്നുള്ള സി. ലിജിയുടെ സഹായം യുക്രെയിനിൽ മാത്രമല്ല, ലോകം മുഴുവൻ അറിഞ്ഞ കാര്യമാണ്. ഞാൻ, 'സൺസ് ഓഫ് ഡിവൈൻ പ്രൊവിഡൻസ്' എന്ന ഒരു സന്യാസസഭാ വൈദികാനാണ്. ഞങ്ങളുടെ സഭ ഇറ്റലിയിലും, പോളണ്ടിലും, യുക്രെയിനിലും അഭയാർത്ഥികളെ സ്വീകരിക്കുവാൻ എല്ലാവിധ സഹായങ്ങളും തയ്യാറാക്കിയിട്ടുണ്ട്. യുക്രെയിനിൽനിന്നും മറ്റു രാജ്യങ്ങളിലെത്തുന്ന അഭയാർത്ഥികളിൽ ചെറിയ ഒരു ഭാഗം മാത്രമേ കത്തോലിക്കാ വിശ്വാസികൾ ഉള്ളൂ. എങ്കിൽ തന്നെയും യാതൊരുവിധ വ്യത്യാസമോ, തരംതിരിവോ കാണിക്കാതെ എല്ലാവരെയും സ്വീകരിക്കാൻ സന്നദ്ധരായിട്ടാണ് സഭയുടെ അംഗങ്ങളും സ്ഥാപനങ്ങളും ഉള്ളത്. ഇത് തന്നെയാണ് യഥാർത്ഥ ക്രൈസ്തവ സാക്ഷ്യത്തിന്റെ അവസരം എന്ന് സഭ ഉറച്ചു വിശ്വസിക്കുന്നു.
Question: ആഗോള കത്തോലിക്കാ സഭ യുക്രെയിൻ സഭയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒത്തിരിയേറെ കാര്യങ്ങൾ ചെയ്യുന്നു. അതിനേക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
Answer: ആഗോള കത്തോലിക്കാ സഭ ഞങ്ങളോട് ഒത്തിരി അനുഭാവ പൂർവ്വമായ സമീപനമാണ് എടുത്തിരിക്കുന്നത്. സാമ്പത്തികവും സാമ്പത്തികേതരവുമായ സഹായങ്ങളുമായി ഒട്ടനവധി സംഘടനകൾ ഈ നാളുകളിൽ ഞങ്ങളെ സഹായിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. പരി. പിതാവ് മാർച്ച് 25 - ന് റക്ഷ്യയേയും യുക്രെയിനേയും പരി. അമ്മയുടെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കുകയാണ്. ഇതാണ് യഥാർത്ഥത്തിൽ ഞങ്ങൾക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത്. മറ്റെന്തിനേയുംകാൾ ഞങ്ങൾ വിലമതിക്കുന്നത് ആഗോള സഭയുടെ പ്രാർത്ഥനയാണ്.
Question: ഞങ്ങളുടെ രാജ്യവും യുദ്ധത്തിന്റെ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. മതങ്ങൾ തമ്മിൽ കലഹിക്കുന്നുണ്ട്. എന്താണ് ഞങ്ങളുടെ സഭയോട് നിങ്ങൾക്കു പറയാനുള്ളത്?
Answer: പരസ്പരം തുറവിയോടെ സംസാരിക്കാനാണ് ഞങ്ങൾ യുക്രെയ്‌നിൽ പരിശ്രമിക്കുന്നത്. മറ്റ് വിശ്വാസികളെ ബഹുമാനിക്കുകയും, അംഗീകരിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഇന്ത്യൻ സഭ ഒരു ഉദാഹരണം തന്നെയാണ്. മൂന്ന് വ്യത്യസ്ത കത്തോലിക്കാ റീത്തുകൾ ഒന്നിച്ചു നിൽക്കുകയും ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. ഒരിക്കൽ സി. ലിജി പയ്യപ്പിള്ളി, ഞങ്ങളുടെ സന്ന്യാസ കൂട്ടായ്മയിൽ പങ്കുവച്ച ഒരു കാര്യം ഞാൻ ഓർക്കുകയാണ്: "ഇന്ത്യയിൽ സഭകൾ ഒന്നിച്ചു നില്കുന്നത് കൊണ്ടാണ്, അംഗബലം കുറവാണെങ്കിലും പൊതുനന്മക്കായി വലിയ ശബ്ദമായി മാറാൻ സഭയ്ക്ക് സാധിക്കുന്നത്." "ഒന്നിച്ചു നിൽക്കുക" എന്നതാണ് ഇന്ത്യൻ സഭയോട് എനിക്ക് പറയാനുള്ളത്. പതറാതെ വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ടു മുന്നോട്ടു നീങ്ങുക, ഗോലിയാത്തിനോളം വലിയ ഏത് പ്രതിസന്ധിയേയും നമുക്കു നേരിടാൻ കഴിയും.
ഫാ. സാന്റോ പുതുമനക്കുന്നത്ത് MCBS
ഫാ. സാന്റോ പുതുമനക്കുന്നത്ത് MCBS മക്കൻലാൽ ചദൂർവേദി നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ജേർണലിസത്തിലും മാസ്സ് കമ്മ്യൂണിക്കേഷനിലും ബിരിദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇപ്പോൾ റോമിലെ ഹോളിക്രോസ്സ് യൂണിവേഴ്സിറ്റിയിൽ ഇൻസ്റ്റിട്യൂഷണൽ കമ്മ്യൂണിക്കേഷണനിൽ ഉപരിപഠനം നടത്തുന്നു.