+91 8590 373975
https://eucharistiamcbs.com/public/storage/images/xAmmCjr1T2g4lLLMpG4pumtQTT9Jb8YhmlaIwM3n.jpg

പരിശുദ്ധ കുർബ്ബാനയുടെ തിരുനാൾ

"ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്" (യോഹ 10:10) എന്നു പറഞ്ഞ ജീവന്റെ നാഥനെ പ്രത്യേകമായി ഓർക്കുന്ന ദിനമാണ് വി. കുർബ്ബാനയുടെ തിരുനാൾ ദിനം. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നതുപോലെ ദിവ്യകാരുണ്യം ലോകത്തിന്റെ പ്രകാശവും ജീവനുമാണെന്ന് ഹൃദയത്തിലുറപ്പിക്കേണ്ട ദിനമാണിത്. "പരിശുദ്ധ കുർബ്ബാനയിൽ എനിക്കെന്റെ കർത്താവിനെ എന്നും സ്വീകരിക്കാൻ കഴിയുന്നു" എന്ന് കർദിനാൾ ന്യൂമാൻ പറയുന്നതുപോലെ വി. കുർബ്ബാനയിലെ നാഥൻ  തന്റെ സർവ്വസ്വവുമാണെന്ന് ഒരു വിശ്വാസി അനുഭവിക്കേണ്ട ദിനം കൂടിയാണിത്. ഈ അനന്തമായ സ്നേഹാനുഭവം വിശ്വാസികൾ തങ്ങളുടെ അനുദിന അനുദിനാനുഭവമാക്കുകയാണ് ഈ തിരുനാൾ ലക്‌ഷ്യം വയ്ക്കുന്നത്.

പെസഹാ ദിനത്തിൽ വി. കുർബ്ബാന സ്ഥാപനത്തിന്റെ സ്മരണകൾ നിലനിറുത്തുകയും ആചരിക്കുകയും ചെയ്യുന്നതിനാൽ വി. കുർബ്ബാനയുടെ മറ്റൊരു  തിരുനാൾ എന്തിനാണെന്ന ചോദ്യം സ്വാഭാവികമാണ്. ഇതു മനസ്സിലാക്കാൻ ചരിത്രപരവും വിശ്വാസപരവും ദൈവശാസ്ത്രപരവുമായ ചില  വസ്തുതകൾ അറിയുന്നത് ഉചിതമാണ്.

പരിശുദ്ധ കുർബ്ബാനയുടെ തിരുനാൾ  ആഘോഷിക്കുമ്പോൾ മറക്കാനാവാത്ത വിശുദ്ധയാണ് ലീജിലെ വി. ജൂലിയാന (1193 - 1258). വി. കുർബ്ബാനയോടുള്ള തീവ്രഭക്തിയിലും ആരാധനയിലും ജീവിതത്തിന്റെ ശക്തിയും ഊർജ്ജവും കണ്ടെത്തിയ വ്യക്തിയായിരുന്നു വി. ജൂലിയാന. ജൂലിയാനക്ക് തന്റെ പതിനാറാമത്തെ വയസ്സിൽ ഒരു ദർശനവും തുടർന്ന് അതിന്റെ സന്ദേശവും ലഭിച്ചു. ആ ദർശനത്തിൽ അവൾ ഒരു പൂർണ്ണചന്ദ്രനേയും അതിനുള്ളിൽ ഒരു കറുത്ത വരയും കാണാനിടയായി. വെളുത്ത് പ്രകാശിക്കുന്ന പൂർണ്ണചന്ദ്രൻ സഭയുടെ പ്രതീകമാണെന്നും കറുത്ത പാട് വി. കുർബ്ബാനയ്ക്ക് സഭയിൽ പ്രത്യേകമായി ബഹുമാനവും ആദരവും സ്നേഹവും നൽകുന്നതിനായി ഒരു ദിനമില്ലാത്തതിന്റെ സൂചനയാണെന്നും ജൂലിയാനക്ക് സന്ദേശം ലഭിച്ചു. ഈ ദർശനത്തേക്കുറിച്ചും അതിന്റെ സന്ദേശത്തേക്കുറിച്ചും ജൂലിയാന ആദ്യം ആരോടും പറഞ്ഞില്ലങ്കിലും തുടർന്ന് പലപ്പോഴായി ഇത് ആവർത്തിക്കപ്പെട്ടപ്പോൾ പുറത്തറിയിക്കാൻ അവൾ നിർബ്ബന്ധിതയായി. അങ്ങനെ വി. കുർബ്ബാനയിലെ ഈശോയോടുള്ള ആദരവും സ്നേഹവും ഭക്തിയും പ്രകടിപ്പിക്കാൻ ഒരു തിരുനാൾ ആവശ്യമാണെന്ന ദൈവിക സന്ദേശത്തെ ജൂലിയാന അധികാരികളെ അറിയിച്ചു. 

പെസഹാതിരുനാൾ ദിനത്തിൽ വി. കുർബ്ബാനയുടെ സ്ഥാപനം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നെങ്കിലും ഈ ദിവ്യരഹസ്യത്തിന്‌ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന ചിന്ത സഭയിൽ ഉയർന്നുവരികയുണ്ടായി. ദുഃഖവെള്ളിയിലേക്കുള്ള ഒരുക്കം, ഈശോ ശിഷ്യരുടെ പാദങ്ങൾ കഴുകുന്ന വിനയത്തിന്റെ ശുശ്രൂഷയുടെ പാഠങ്ങളുടെ ഓർമ്മ, പൗരോഹിത്യ സ്ഥാപനം, ഗദ്സമെന്റെ നൊമ്പരങ്ങളുടെ സ്മരണ, പീഡാനുഭവ-മരണ രഹസ്യങ്ങളിലേയ്ക്കുള്ള കാൽവയ്‌പ്പ് - എന്നിവയെല്ലാം പെസഹാവ്യാഴത്തിന്റെ പ്രത്യേകതയാണ്. അതിനാൽ, വി. കുർബ്ബാനയാകുന്ന മഹാരഹസ്യത്തെ പ്രത്യേകമായവിധം ഓർക്കുന്നതിനും ഈശോയുടെ ദിവ്യസാന്നിധ്യം അനുഭവിക്കുന്നതിനും പ്രഘോഷിക്കുന്നതിനുമായി ഒരു നിശ്ചിത ദിനം വേണമെന്ന തീരുമാനമുണ്ടാവുകയും ബിഷപ്പ് റോബർട്ടിന്റെ (Robert of Torote) നിർദ്ദേശപ്രകാരം 1946 - ൽ പ്രാദേശികമായി ലീജിൽ വി. കുർബ്ബാനയുടെ തിരുനാൾ ആഘോഷിച്ചു തുടങ്ങുകയും ചെയ്തു. പ്രധാനമായും സിസ്റേഴ്സിയൻസാണ് ബൽജിയത്തിന് പുറത്തേയ്ക്ക് ഈ തിരുനാൾ എത്തിച്ചത്.

ഇത്തരത്തിൽ വി. കുർബ്ബാനയുടെ ഒരു പ്രത്യേക തിരുനാൾ ദിനത്തെക്കുറിച്ച് വി. ജൂലിയാനക്ക് ലഭിച്ച ദർശനത്തിന്റെയും പഠനത്തിന്റെയും വെളിച്ചത്തിൽ ചിന്തിച്ചു തീരുമാനത്തിലേക്ക് വരുന്ന സാഹചര്യത്തിൽ ഒരു ദിവ്യകാരുണ്യ അത്ഭുതം കൂടി ഈ തിരുനാൾ ആരംഭിക്കുന്നതിന് കാരണമായിത്തീർന്നു. ‘കോർപുസ് ക്രിസ്‌തി’ (Corpus Christi) തിരുനാൾ ആരംഭിക്കാൻ ഉർബൻ നാലാമൻ പാപ്പായെ പ്രചോദിപ്പിച്ച ഈ അത്ഭുതം നടന്നത് 1263 - ൽ ഇറ്റലിയിലെ ബോൾസേനയിലാണ്. ജർമ്മൻ പുരോഹിതനായ ഫാ. പീറ്റർ ഒരു തീർത്ഥാടന മദ്ധ്യേ ഇറ്റലിയിലെ ബോൾസേനയിൽ  വി. കുർബ്ബാന അർപ്പിക്കുമ്പോൾ ഓസ്തി മാംസമാവുകയും അതിൽ നിന്നും രക്തം പൊടിയുകയും ചെയ്തു. ഈ സംഭവം പഠനവിധേയമാക്കിയ ശേഷം ദിവ്യകാരുണ്യ അത്ഭുതമായി പ്രഖ്യാപിച്ചു.

വി.  ജൂലിയാനയുടെ ദർശനങ്ങൾക്കും ബോൾസേനയിലെ ദിവ്യകാരുണ്യ അത്ഭുതത്തിനും ശേഷം 1264 ഓഗസ്റ്റ് പതിനൊന്നാം തീയതി ഉർബൻ നാലാമൻ മാർപ്പാപ്പാ “ട്രാൻസിത്തൂറസ് ദേ ഹോക് മുന്തോ" (Transiturus de hoc Mundo) എന്ന പേപ്പൽ ബുൾ വഴി വി. കുർബ്ബാനയുടെ തിരുനാൾ (Corpus Christi) പ്രഖ്യാപിച്ചു. ഈ തിരുനാൾ Corpus Domini എന്ന പേരിലും അറിയപ്പെടാറുണ്ട്. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിനമായ ഞായറാഴ്ചയ്ക്കു ശേഷം വരുന്ന വ്യാഴാഴ്ചയാണ് പരിശുദ്ധ കുർബ്ബാനയുടെ തിരുനാൾ ആഘോഷിക്കുന്നത്. ഉത്ഥാനതിരുനാളിന്റെ അറുപതാം ദിവസമാണിത്. 

ഇത്രയേറെ ചരിത്ര പ്രാധാന്യവും ആത്മീയ സമ്പന്നതയും നിറഞ്ഞതും വിശുദ്ധരുടെ ജീവിതവുമായി ഇഴചെർന്നതും സഭാപിതാക്കന്മാരുടെ പഠനങ്ങളാലും സഭയുടെ പ്രബോധനങ്ങളാലും പരിപുഷ്ടവുമായ പരിശുദ്ധ കുർബ്ബാനയുടെ തിരുനാ ളിൽ ഈ ദിവ്യരഹസ്യത്തെ ധ്യാനിക്കുകയും ദിവ്യകാരുണ്യ സ്നേഹാനുഭവത്തിൽ വളരുകയും ചെയ്യാം. "എന്റെ ജീവിതത്തിന്റെ എല്ലാ ശക്തിയും ഞാൻ സ്വീകരിക്കുന്നത് വി. കുർബ്ബാനയിൽ നിന്നാണ്" എന്ന് പറഞ്ഞ വി. ഡോൺ ബോസ്കോയെപോലെ, "എന്റെ ഊർജ്ജം വി. കുർബ്ബാനയാണ്" എന്ന് പറഞ്ഞ വി. തോമസ് മൂറിനെ പോലെ, അനുദിനം ദിവ്യകാരുണ്യ സവിധത്തിലണഞ്ഞുകൊണ്ട് ആത്മീയ ശക്തി നിറഞ്ഞവരായി നമ്മുടെ ജീവിതയാത്രയിൽ മുന്നോട്ട് നീങ്ങാം.

ഫാ. വിൻസെന്റ് ഇടക്കരോട്ട് MCBS_image
ഫാ. വിൻസെന്റ് ഇടക്കരോട്ട് MCBS

ബർസാർ, MAPS പബ്ലിക് സ്കൂൾ, ചാലക്കുടി