+91 8590 373975
https://eucharistiamcbs.com/public/storage/images/rhnqW10cdFJUmrWv3vgzXOt4Oc4IOwRRz1lrozlW.jpg

ഈശോ നമ്മുടെ ദിവ്യകാരുണ്യ സ്നേഹം/ഫാ. സ്റ്റെഫാനോ മനേലി

പരി. പരമ ദിവ്യകാരുണ്യത്തിൻറെ മുൻപിൽ ശാന്തമായി, സർവ്വം മറന്ന് പ്രാർത്ഥിക്കുന്ന വേളകളൊന്നിൽ ദിവ്യകാരുണ്യ സംബന്ധിയായ എന്തെങ്കിലുമൊന്ന് വായിക്കാൻ ലഭിച്ചെങ്കിലെന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ളവർക്കു വേണ്ടിയുള്ള ഒരു പുസ്തുകമാണ് ഫാ. സ്റ്റെഫാനോ മനേലി ഇറ്റാലിയൻ ഭാഷയിൽ എഴുതി, സി. ലൂർദ് മേരി ഇടടഠ... മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഈശോ നമ്മുടെ ദിവ്യകാരുണ്യ സ്നേഹം (Jesus Our Eucharistic Love) എന്ന 136 പേജുകളുള്ള ചെറുപുസ്തകം. വായിക്കുന്തോറും ഇതൊരു പ്രാർത്ഥന പുസ്തകമാണോ എന്നു തോന്നും വിധമുള്ള പ്രാർത്ഥനാനുഭവം പ്രദാനം ചെയ്യുന്നു എന്നതാണ് ഈ പുസ്തകത്തിൻറെ പ്രധാന സവിശേഷത. ഒറ്റയിരുപ്പിൽത്തന്നെ വായിച്ചു തീർക്കാനുള്ള ആഗ്രഹമുണർത്തും വിധം സുന്ദരമാണ് മലയാള വിവർത്തനവും. 1993 - ൽ തിരുവന ന്തരപുരത്തുള്ള നിർമൽ ഹൃദയകേന്ദ്ര പുറത്തിറക്കിയ ഈ പുസ്തകത്തിൻറെ തുടർപ്പതിപ്പുകൾ ഉണ്ടായിട്ടുാേ എന്നുറപ്പില്ല. ദിവ്യകാരുണ്യോപാസകർ ഏതു വിധേനയും കൈവശമാക്കേണ്ട ഒരു മനോഹര പുസ്തകമാണിതെന്ന് ഇതൊരിക്കൽ വായിച്ചിട്ടുള്ളവർ നിസ്സംശയം സാക്ഷ്യെപ്പെടുത്തും.

ഇറ്റലിക്കാരനായ ഫ്രാൻസിസ്കൻ സന്യാസിയായിരുന്ന ഫാ. സ്റ്റെഫാനോ മനേലി സഭാ വാർത്തകൾ സൂക്ഷ്മമായി പിന്തുടരുന്നവർക്ക് പരിചിതനാണ്. അമലോഭ്ഭവയുടെ ഫ്രാൻസിസ്കൻ സഹോദരന്മാർ (Franciscans of the Immaculate) എന്ന സന്യാസ സഭ സ്ഥാപിച്ച അദ്ദേഹത്തെ തൻറെ പുതിയ സഭയുമായി ബന്ധെപ്പെട്ട ചില വിഷയങ്ങളുടെ പേരിൽ വത്തിക്കാൻ ചില അന്വേഷണങ്ങളുടെ പരിധിയിൽ കൊണ്ടുവന്നിരുന്നു. പിന്നീട് ആരോപിക്കപ്പെട്ട വിഷയങ്ങളിൽ നിന്നും അദ്ദേഹത്തിനു വിടുതൽ ലഭിച്ചെങ്കിലും അദ്ദേഹത്തോടടുപ്പമുള്ളവർ പറയുന്നത് ആവശ്യത്തിലധികം കത്തോലിക്കനായതിനാൽ (too much catholic) ആണ് അദ്ദേഹത്തെ സംശയത്തിൻറെ നിഴലിൽ നിർത്തിയത് എന്നാണ്. ആശയങ്ങളോടുള്ള അദ്ദേഹത്തിൻറെ കടുംപിടുത്തം ദിവ്യകാരുണ്യത്തോടുള്ള അദ്ദേഹത്തിൻറെ ഭക്തിയിലും നമുക്കു കാണാവുന്നതാണ്.

സഭയുടെ മർമ്മ സ്ഥാനത്തു നിൽക്കുന്ന പരി. കുർബ്ബാനയോടുള്ള ഭക്തിയും സ്നേഹവും വായനക്കാരിൽ വർദ്ധിപ്പിക്കാൻ തന്നാലാവും വിധമുള്ള യത്നമാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ നടത്തുന്നത്. അൾത്താരയിൽ സഭ അർപ്പിക്കുന്ന കൂദാശയായ വി. കുർബ്ബാനയേക്കുറിച്ചും ഭക്തിക്കും ആരാധനക്കും പാത്രമായ സക്രാരിയിലെ വി. കുർബ്ബാനയുടെ സാന്നിധ്യത്തെക്കുറിച്ചും പണ്ഡിതർക്കും സാധാരണക്കാർക്കും ഒന്നുപോലെ മനസ്സിലാകുന്ന രീതിയിൽ തിരുസഭയുടെ ആരംഭകാലം മുതലിന്നോളം ജീവിച്ചു കടന്നുപോയ വി. കുർബ്ബാനയുടെ സ്നേഹിതരായ വിശുദ്ധരുടെ ജീവിത സാക്ഷ്യങ്ങളും പറച്ചിലുകളുമായാണ് ഈ പുസ്തകത്തിൻറെ പ്രതിപാദനം മുന്നേറുന്നത്.

വി. കുർബ്ബാനയെ വി. യോഹന്നാൻറെയും വി. പൗലോസിൻറെയും ദിവ്യകാരുണ്യ പഠനങ്ങളെ അധികരിച്ച് വ്യാഖ്യാനിക്കുന്ന രീതിയും, സത്താമാറ്റം മുതലായ ഗഹനമായ വിഷയങ്ങളെ അരിസ്റ്റോട്ടലിയൻ തത്വശാസ്ത്രത്തിൻറെയും തോമിസ്റ്റിക് ദൈവശാസ്ത്രത്തിൻറെയും വെളിച്ചത്തിൽ മനസ്സിലാക്കുന്ന രീതിയും, മാർപ്പാപ്പാമാരുടെയും സൂനഹദോസുകളുടെയും തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ മനസ്സിലാക്കുന്ന രീതിയുമെല്ലാം ചേർന്ന ഒരു അക്കാദമിക സമീപനം സഭയിൽ എല്ലായ്പ്പോഴും പ്രബലമാണ്. ചിന്തയുടെയും യുക്തിയുടെയും വെളിച്ചത്തിൽ പരി. കുർബ്ബാന എന്ന രഹസ്യത്തെ മനസ്സിലാക്കാനാവുമെന്നു സാരം. സമാന്തരമായിത്തന്നെ ദിവ്യകാരുണ്യത്തെ മനസ്സിലാക്കുന്ന മറ്റൊരു രീതിയും സഭയിലുണ്ട്. അത് ഹൃദയം കൊണ്ട് പരി. കുർബ്ബാനയെന്ന സ്നേഹത്തിൻറെ വിഷയത്തെ സമീപിക്കുന്ന രീതിയാണ്. രണ്ടാമത്തെ രീതിയുടെ പ്രതിഫലനമാണ് ഈ പുസ്തകത്തിൽ നിഴലിച്ചു നിൽക്കുന്നത്.

എന്നിരുന്നാലും വെറും വൈകാരികമായി മാത്രം പരി. കുർബ്ബാനയെ മനസ്സിലാക്കുന്ന ഒരു പുസ്തകമെന്ന ലാഘവത്തോടെ സമീപിക്കാവുന്ന ഒന്നല്ലിത്. വി. കുർബ്ബാനയെക്കുറിച്ച് താത്വികവും യുക്തിഭദ്രവും ശാസ്ത്രീയവുമായ പഠനങ്ങൾ നടത്തിയ ക്രിസോസ്തം, അഗസ്റ്റിൻ, ജെറോം, അക്വീനാസ്, ബൊനെവഞ്ചർ മുതലായ അതികായന്മാരുടെ ജീവിതങ്ങളിൽ നിന്ന് അവർ കറയറ്റ ഭക്തിപാരവശ്യത്തിൽ നിന്നുകൊണ്ട് വി. കുർബ്ബാനയെക്കുറിച്ചെഴുതിയ ഭാഗങ്ങൾ തേടിയെടുത്ത് നമ്മുടെ പ്രാർത്ഥനയ്ക്കായി തരികയാണീ ഗ്രന്ഥത്തിൽ.

എപ്രകാരം വി. കുർബ്ബാനയ്ക്കൊരുങ്ങണം, എങ്ങനെ ദേവാലയത്തിലേക്ക് വരണം, എങ്ങനെ ബലിയിൽ പങ്കുകൊള്ളണം, കൃതജ്ഞതാ പ്രകാശനം എങ്ങനെയായിരിക്കണം മുതലായ കാര്യങ്ങളെ വിശുദ്ധർ എത്രമാത്രം ഗൗരവത്തോടെ കണ്ടിരുന്നു എന്ന അറിവ് അതുപോലുള്ള സമീപനം സ്വീകരിക്കാൻ വായനക്കാരെയും പ്രചോദിപ്പിക്കും. പരി. അമ്മയും വി. കുർബ്ബാനയും, കുമ്പസാരം, ദിവ്യകാരുണ്യ സന്ദർശനം, ദിവ്യകാരുണ്യ ആരാധന, അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം മുതലായ വിഷയങ്ങളെയും വിശദമായ അപഗ്രഥനത്തിനു വിഷയമാക്കിയിരിക്കുന്നു. വായിച്ചു കഴിയുമ്പോഴേയ്ക്കും ആർസ്, സാൻ ജിയോവാനി റോട്ടൊണ്ടോ മുതലായ സ്ഥലങ്ങളിലൂടെ യാത്രചെയ്ത ഒരു പ്രതീതിയും ജോൺ വിയനി, പാദ്രെ പിയോ, ജെമ്മാ ഗൽഗാനി, ജൂലിയൻ എയ്മർഡ്, മാർഗറ്റ് മേരി, കൊളറ്റ്, ഫിലിപ്പ് നേരി, ജെർത്രൂദ് കുപ്പർത്തീനോ, കൊത്തലങ്കോ, ഗൊൺസാഗ, മോണ്ട്ഫോർട്ട് തുടങ്ങിയ അനേകം വിശുദ്ധർ നമ്മുടെ സ്നേഹിതരായി മാറിയ അനുഭവവും ലഭിക്കുന്നു.

ഈ പുസ്തകം വായിച്ചു പ്രാത്ഥിച്ചു കഴിഞ്ഞാൽ വി. കുർബ്ബാനയെക്കുറിച്ചുള്ള നമ്മുടെ സമീപനം മുൻപത്തേതു പോലെയാകില്ല എന്ന് നിശ്ചയം.

ഫാ. സേവ്യർ തെക്കനാൽ MCBS_image
ഫാ. സേവ്യർ തെക്കനാൽ MCBS

ക്രിസ്തു നികേതൻ, ഡൽഹി