+91 8590 373975
https://eucharistiamcbs.com/public/storage/images/eBLDzbgn32EVq8Lk46GK939spPkM9UN9vZo5717U.jpg

മദ്ബഹ വിരിയുടെ അര്‍ത്ഥവും പ്രാധാന്യവും

സ്വര്‍ഗ്ഗത്തിന്റെ പ്രതീകമായ അതിവിശുദ്ധ സ്ഥലമാണ്‌ മദ്ബഹ. ദൈവാലായ ഘടനയില്‍ മദ്ബഹയുടെ സ്ഥാനവും മഹത്വവും പ്രതീകാത്മകതയും കഴിഞ്ഞ ലക്കത്തില്‍ നാം കണ്ടു. ദൈവിക രഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനത്തിലേയ്ക്ക്‌ മനുഷ്യ മനസ്സിനെ ഉയര്‍ത്തുന്ന മദ്ബഹയുടെ സുപ്രധാനഘടകങ്ങളെ പ്രതിപാദിക്കുകയാണ്‌ തുടര്‍ന്നുവരുന്ന ഭാഗത്ത്‌. മദ്ബഹാ വിരിയുടെ അര്‍ത്ഥവും പ്രാധാന്യവും ഈ ലക്കത്തില്‍ വിവരിക്കുന്നു.

മദ്ബഹാ വിരി (Altar Veil)

പൗരസ്ത്യ ആരാധനാ ക്രമത്തില്‍ മദ്ബഹാ വിരിയ്ക്ക്‌ ഉന്നതവും പ്രതീകാത്മകവുമായ പ്രാധാന്യവും പ്രസക്തിയുമുണ്ട്‌. ദൈവാലയ ഘടനയില്‍ മദ്ബഹയ്ക്കും കെസ്ത്രോമയ്ക്കും ഇടയിലാണ്‌ മദ്ബഹാ വിരിയുടെ സ്ഥാനം. മദ്ബഹാ വിരി മാറ്റുമ്പോള്‍ സ്വര്‍ഗ്ഗം ആരാധനാ സമൂഹത്തിന്‌ മുമ്പില്‍ തുറക്കപ്പെടുന്നു. വിരി അടയ്ക്കുമ്പോള്‍ മനുഷ്യബുദ്ധിയ്ക്ക്‌ അഗ്രാഹ്യമായ ദൈവമഹത്വം ധ്യാനിക്കുന്നതിന്‌ സഹായിക്കുകയും ദിവ്യരഹസ്യങ്ങള്‍ പരികര്‍മ്മം ചെയ്യപ്പെടുന്ന മദ്ബഹയെ ഭയഭക്തികളോടെ നോക്കിക്കാണുന്നതിന്‌ ആരാധകരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. വി. കുർബ്ബാന സൂക്ഷിക്കപ്പെടുന്ന സ്രകാരിയ്ക്ക്‌ വിരിയിടുന്നത്‌ ദൈവസാന്നിധ്യത്തോടുള്ള ആദരവ്‌ പ്രകടമാക്കാനാണ്‌. അതുപോലെ മദ്ബഹാ വിരിയുടെ പ്രാഥമിക ഉദ്ദേശ്യം മദ്ബഹയോടുള്ള ബഹുമാനവും ആദരവും കാണിക്കുന്നതിനും വിബലിയുടെ മഹത്വത്തേയും രഹസ്യാത്മകതയേയും സൂചിപ്പിക്കുകയുമാണ്‌.

മദ്ബഹാ വിരി: പഴയനിയമ വീക്ഷണത്തില്‍

മദ്ബഹാ വിരിയെ വിഗ്രന്ഥത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ ആഴത്തില്‍ നമുക്ക്‌ മനസ്സിലാക്കാം. യഹുദര്‍ ദൈവാരാധന നടത്തിയിരുന്ന ജറൂസലെം ദൈവാലയത്തിലെ വിശുദ്ധ സ്ഥലത്ത്‌ യഹുദ പുരോഹിതര്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ വാഗ്ദാനപേടകം സ്ഥിതിചെയ്‌തിരുന്ന അതിവിശുദ്ധ സ്ഥലത്ത്‌ വര്‍ഷത്തിലൊരിക്കല്‍ പ്രധാനപുരോഹിതന്‍ മാത്രമായിരുന്നു പ്രവേശിച്ചിരുന്നത്‌. പുറപ്പാട് പുസ്തകത്തിൽ (26:33) നാം കാണുന്ന തിരശ്ശീല വിശുദ്ധ സ്ഥലത്തേയും അതിവിശുദ്ധ സ്ഥലത്തേയും തമ്മില്‍ വേര്‍തിരിക്കുന്ന വിരിയെയാണ്‌ സൂചിപ്പിക്കുന്നത്‌. ഹെബ്രായ ലേഖനം (9:2-3) ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്‌.

മദ്ബഹാ വിരി: യേശുവിന്റെ ശരീരമാണ്‌

ജറുസലെം ദൈവാലയത്തിന്റെ തിരശ്ശീല യേശുവിന്റെ മരണസമയത്ത്‌ മുകള്‍ മുതല്‍ താഴെവരെ രണ്ടായി കീറി (മത്താ 27:5; ലൂക്ക 23:34-5) എന്ന്‌ സുവിശേഷം വ്യക്തമാക്കുന്നു. അതിനാല്‍ ഇനി ദൈവസന്നിധിയിലേയ്ക്ക്‌ പ്രവേശിക്കാന്‍ ഏവര്‍ക്കും സാധിക്കും എന്ന്‌ ഹെബ്രായ ലേഖനം പ്രസ്താവിക്കുന്നു (ഹെബ്രാ 10:19). എന്നാല്‍ മദ്ബഹാ വിരി കേവലം പഴയനിയമ സങ്കല്പം മാത്രമായി തള്ളിക്കളയാനാവില്ല എന്ന്‌ തിരുസഭ ഉദ്ബോധിപ്പിക്കുന്നു. പുതിയ നിയമ ഇസ്രയേലായ സഭയ്ക്ക്‌ മദ്ബഹാ വിരി അതിവിശുദ്ധ സ്ഥലത്തെ വേര്‍തിരിക്കുന്ന തിരശ്ശീല മാത്രമല്ലഅതിനുമപ്പുറം അത്‌ പാപത്തിന്റെ ബന്ധനത്തില്‍ നിന്നും അടിമത്തത്തില്‍ നിന്നും മാനവരാശിയെ മോചിപ്പിച്ച കുരിശിലേറ്റപ്പെട്ട യേശുവിന്റെ ശരീരമാണ്‌. ഹെബ്രായര്‍ 10:20 നമ്മെ പ്രബോധിപ്പിക്കുന്നു: തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നു. യോഹന്നാന്‍ സുവിശേഷകന്‍ ഈ പ്രബോധനത്തെ യേശുവിന്റെ വാക്കുകളില്‍ തന്നെ പ്രഘോഷിക്കുന്നു: *ഞാനാണ്‌ ആടുകളുടെ വാതില്‍. എന്നിലൂടെ

പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും (യോഹ 10:9); “വഴിയും സത്യവും ജീവനും ഞാനാണ്‌ (യോഹ 14:6). ദൈവത്വത്തെ മറച്ചിരുന്ന അവിടുത്തെ ശരീരം കുരിശില്‍ മുറിക്കപ്പെട്ടപ്പോഴാണ്‌ ദൈവസ്‌നേഹത്തിൽ പൂര്‍ണ്ണത പ്രാപിച്ചത്‌ (ഫാ. കുര്യാക്കോസ്‌ മുഞ്ഞേലി, ദൈവരഹസ്യങ്ങളുടെ വിശുദ്ധവേദി, 29). ദൈവസാന്നിധ്യത്തിലേക്ക്‌ തുറക്കുന്ന വാതിലായ യേശുവിന്റെ ശരീരത്തെയാണ്‌ ബലിയര്‍പ്പണത്തിനായി വരുന്നവര്‍ മദ്ബഹാ വിരിയില്‍ ദര്‍ശിക്കുന്നത്‌.

മദ്ബഹാ വിരി: സമയങ്ങളുടെ സംഗമവേദി

മദ്ബഹാ വിരിയെ ആരാധനാക്രമപരമായി വീക്ഷിക്കുമ്പോള്‍സമയങ്ങള്‍ സംഗമിക്കുന്ന വേദിയായി നമുക്ക്‌ മനസ്സിലാക്കാം. ആരാധന ക്രമത്തില്‍ രണ്ടു തരത്തിലുള്ള സമയങ്ങള്‍ സംഗമിക്കുന്നു. ഒന്നിനു പിറകേ ഒന്നായി ക്രമാനുഗതമായ സംഭവങ്ങളുടെ നിരയായ സമാന്തര സമയവും (Horizontal time) മുമ്പും പിമ്പുമില്ലാത്ത ഇപ്പോള്‍ മാത്രമുള്ള ലംബമാനസമയവും (Vertical time; 2 പത്രോസ്‌ 3:8, സങ്കീ 90:4) സംഗമിക്കുന്നതാണ്‌ ആരാധനാക്രമത്തിന്റെ സമയം. മദ്ബഹാ വിരി തുറക്കുമ്പോള്‍ ചരിത്രത്തിന്റെ കവാടങ്ങള്‍ അടയ്ക്കപ്പെടുകയും സ്വര്‍ഗ്ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യും (ഫാ. കുര്യാക്കോസ്‌ മുഞ്ഞേലി, ദൈവരഹസ്യങ്ങളുടെ വിശുദ്ധവേദി, 29).

മനുഷ്യന്‌ അദൃശ്യമായ ഒരു രഹസ്യത്തെ പ്രതീകാത്മകമായി ദൃശമ്യാക്കുന്ന മദ്ബഹാ വിരി വി. ഗ്രന്ഥത്തിന്റെയും സഭാപ്രബോധനങ്ങളുടെയും വെളിച്ചത്തില്‍ ദര്‍ശിക്കുമ്പോള്‍ നമുക്ക്‌ അതിന്റെ മഹത്വം മനസ്സിലാക്കാനാകും. മനുഷ്യബുദ്ധിക്ക്‌ അഗ്രാഹ്യമായ ദൈവത്തിന്റെ മഹത്വവും മദ്ബഹയുടെ പരിശുദ്ധിയും മനുഷ്യകുലത്തോടു കുടെയുള്ള അവിടുത്തെ സഹവാസവും ആരാധകർക്ക് മദ്ബഹാവിരിയിലൂടെ

അനുഭവവേദ്യമാകുന്നു. സ്വര്‍ഗ്ഗത്തില്‍ നാം പ്രാപിക്കാനിരിക്കുന്ന കണ്ണുകണ്ടിട്ടില്ലാത്തതും കാത്‌ കേട്ടിട്ടില്ലാത്തതുമായ അനുഭവത്തെ ആദരവോടെ ധ്യാനവിഷയമാക്കാനും തിരശീല നമ്മെ പ്രചോദിപ്പിക്കുന്നു. 

ഫാ. ജിതിന്‍ പുല്‍പേല്‍ MCBS_image
ഫാ. ജിതിന്‍ പുല്‍പേല്‍ MCBS

അധ്യാപകൻ, MCBS മൈനർ സെമിനാരി, പരിയാരം