+91 8590 373975
https://eucharistiamcbs.com/public/storage/images/bhwGcCtGLX5y5bm1rYgvla8oKrtaYw1xcrJVvM6R.jpg

വി. കുർബ്ബാന: ഒരു ടാൻസാനിയൻ അനുഭവം

ക്രൈസ്തവജീവിതത്തിന്റെ ശക്തികേന്ദ്രവും ജീവനാഡിയുമാണ് വി. കുർബ്ബാന. ഓരോ ക്രിസ്ത്യാനിയേയും വിശ്വാസജീവിതത്തിൽ ഉറപ്പിച്ചു നിർത്തുന്നതും ആ വിശ്വാസത്തിൽ  അടിയുറച്ച് ഉത്തരോത്തരം വളർന്ന്, അനുദിനം മുന്നോട്ടു പോകാൻ ശക്തിനൽകുന്നതും വി. കുർബ്ബാനയാണ്. കാരണം, എന്നെന്നും നമ്മോട് കൂടെ ആയിരിക്കാൻ പിതാവായ ദൈവം പുത്രനായ ഈശോ വഴി നമുക്ക് തന്ന അമൂല്യ സമ്മാനമാണ്, സ്നേഹസാന്നിധ്യമാണ് വി. കുർബ്ബാന. "സ്വർഗത്തിലേക്കുളള ഏറ്റവും ദൂരം കുറവുള്ളതും, സുരക്ഷിതവുമായ വഴി വി. കുർബാനയാണ്" എന്ന് വി.  പത്താം പീയൂസ് മാർപ്പാപ്പാ പറയുന്നു. ഈ നൂറ്റാണ്ടിൽ ജീവിച്ച വി. കുർബ്ബാനയുടെ സ്നേഹിതനായിരുന്ന കൗമാരക്കാരൻ കാർലോസ് അക്വിറ്റസ് പറയുന്നു, "വി. കുർബ്ബാന സ്വർഗ്ഗത്തിലേക്കുള്ള രാജപാതയാണ്." ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേകം വിശ്വാസികൾ വിവിധ റീത്തുകളിൽ വിവിധ രീതികളിൽ വി. കുർബ്ബാന അർപ്പിച്ചും വി. കുർബ്ബാനയിൽ പങ്കുചേർന്നും ഈ വഴിയിലൂടെ സഞ്ചരിച്ച് സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ പരിശ്രമിക്കുന്നു.

വി. കുർബ്ബാനയർപ്പണം ടാൻസാനിയയിൽ

ടാൻസാനിയയിലെ കത്തോലിക്കാ വിശ്വാസികൾ ലത്തീൻ ക്രമത്തിലാണ് വി. കുർബ്ബാന അർപ്പിക്കുന്നത്. "പരി. കുർബ്ബാനയിൽ ആഘോഷമായി പങ്കുചേരുന്ന ഒരു സമൂഹം" എന്ന് ഒറ്റ വാക്കിൽ നമുക്കിവരെ വിശേഷിപ്പിക്കാം. ടാൻസാനിയയിലെ ഔദ്യോഗിക ഭാഷയായ 'കിസ്വാഹിലി'യിലാണ് ബലിയർപ്പണം. വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഒട്ടേറെ സവിശേഷതകളുണ്ട് ഇവിടുത്തെ വി. കുർബാനയർപ്പണത്തിന്. ഭക്തിനിർഭരമായ പ്രാർത്ഥനകളിലൂടെയും ഗാനങ്ങളിലൂടെയും വി. കുർബ്ബാന ആഘോഷമാക്കുന്നവരാണ് ടാൻസാനിയക്കാരായ വിശ്വാസികൾ. നമ്മുടെ നാട്ടിൽ സാധാരണയായി തിരുനാളുകൾക്കാണ് ചെണ്ടയും പീപ്പിയും ബാന്റ്സെറ്റും വലിയ ഗായകസംഘവുമൊക്ക ഉള്ളത്. ഇങ്ങനെ നോക്കിയാൽ ടാൻസാനിയൻ വിശ്വാസികൾക്ക് എല്ലാ ദിവസവും പ്രത്യേകിച്ച് ഞായറാഴ്ചകൾ തിരുനാൾ ദിനങ്ങളാണ്. പാട്ടും നൃത്തവും രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഇവിടുത്തെ ജനം അത് സന്തോഷത്തോടെ ദൈവസന്നിധിയിൽ പ്രകടിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു വേദിയാണ് വി. ബലിയർപ്പണത്തിന്റേത്.

ഗായകസംഘം

വി. കുർബ്ബാനയിൽ ഏറ്റവും സവിശേഷത നിറഞ്ഞതും നമ്മെ ആകർഷിക്കുന്നതുമായ ഒരു കൂട്ടരാണ് ഗായകസംഘം. മുപ്പത് മുതൽ അൻപത് വരെ അംഗങ്ങളുള്ള ഗായകസംഘം ഞായറാഴ്ചകളിലും   വിശേഷാവസരങ്ങളിലും പ്രേത്യേക യൂണിഫോം ധരിച്ചെത്തുന്ന ഇവരുടെ സാന്നിധ്യവും ആലാപനവും നയങ്ങൾക്കും കാതുകൾക്കും ഒരുപോലെ ഇമ്പകരമാണ്. ഒരു പ്രാവശ്യം പാടുന്നയാൾ രണ്ട് പ്രാവശ്യം പ്രാർത്ഥിക്കുന്നു എന്ന് വി. അഗസ്റ്റിൻ പറഞ്ഞിരിക്കുന്നത് ഇവരിൽ അന്വർഥമാണെന്ന് തോന്നിക്കുന്ന ശരീര ഭാഷയാണ് ഇവരിൽ നാം കാണുക. ഗാനങ്ങളിൽ അത്രമാത്രം ലയിച്ചുചേർന്നാണ് ഇവർ തങ്ങളുടെ പ്രാർത്ഥനകളും യാചനകളും ദൈവത്തിങ്കലേക്കു ഉയർത്തുന്നത്. 

വി. കുർബ്ബാനയിൽ ഗാനങ്ങൾക്ക് ഇവർ വളരെയധികം പ്രാധാന്യം നൽകുന്നതിനാൽ ആഴ്ചയിൽ മൂന്നോ നാലോ വൈകുന്നേരങ്ങളിൽ ഒരുമിച്ചുകൂടി പുതിയപാട്ടുകൾ പഠിക്കുന്നതിൽ ഗായകസംഘത്തിന് മടുപ്പു തോന്നാറില്ല. വി. കുർബാനയുടെ ആരംഭം മുതൽ അവസാനം വരെയുള്ള എല്ലാ പാട്ടുകൾക്കും അനുസരിച്ചുള്ള ചെറിയ നൃത്തച്ചുവടുകളിലൂടെയും സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള ചില പ്രത്യേകതരം ശബ്ദവ്യതിയാനങ്ങ ളിലൂടെയും സജീവമാക്കുന്നു. എല്ലാ ഇടവകകളിലും ഗായകസംഘത്തിനു വളരെയേറെ പ്രാധാന്യമുണ്ട്. വി. കുർബാന ഏറ്റവും മനോഹരവും സജീവവുമാക്കാൻ ഓരോ ആഴ്ചയിലും  അവരുടെ കഴിവിന്റെ പരമാവധി അവർ പരിശ്രമിക്കുന്നു.

കാഴ്ചസമർപ്പണം 

വി. കുർബ്ബാനയിലെ കാഴ്‍ചസമർപ്പണവും പ്രത്യേകതകൾ നിറഞ്ഞത് തന്നെ. ആദ്യ ഫലത്തിലുപരി ഏറ്റവും നല്ല ആദ്യ ഫലം തന്നെ ദൈവത്തിനു സമർപ്പിച്ച ആബേലിന്റെ മനോഭാവമാണ് ഇവിടുത്തെ വിശ്വാസികളുടെ കാഴ്ചസമർപ്പണത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ, ശിശുക്കളെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും നിരയായി വന്ന് അൾത്താരയുടെ മുൻപിൽ വച്ചിരിക്കുന്ന നേർച്ചപ്പെട്ടിയിൽ തങ്ങൾക്കുള്ളതിന്റെ നല്ലൊരു വിഹിതം കാഴ്ചയായി സമർപ്പിക്കുന്നു. ഒത്തിരിയേറെ ഇല്ലായ്മകളിലും ഉള്ളതിൽ ഒരുപങ്ക് തമ്പുരാനു  കൊടുക്കുന്ന യഥാർഥ സമർപ്പണ മനോഭാവം ഇവരുടെ സമർപ്പണങ്ങളിൽ തെളിഞ്ഞുനിൽക്കുന്നു. അതോടൊപ്പം, ശനിയാഴ്ച പള്ളിമുറിയിൽ വന്ന് തങ്ങളുടെ വൈദികന് അടുത്ത ഒരു ആഴ്ചത്തേയ്ക്ക് വേണ്ട സാധനങ്ങൾ എന്തൊക്കയാണെന്ന് മനസ്സിലാക്കി അത് പിറ്റേന്ന് വി.  കുർബ്ബാനയിൽ കാഴ്ചകളായി സമർപ്പിക്കുന്ന കരുതലിന്റെയും സ്നേഹത്തിന്റെയും വലിയ മാതൃക വൈദികരുടെ മനസ്സ് നിറയ്ക്കുന്നതാണ്. ഭക്ഷ്യവസ്തുക്കളായ തക്കാളിയോ, ഉരുളക്കിഴങ്ങോ, കോഴിയോ, മുട്ടയോ, ഗോതമ്പുപൊടിയോ, ചോളമോ, പാലോ, അതുമല്ലെങ്കിൽ സോപ്പോ, സോപ്പുപൊടിയോ എണ്ണയോ എന്തുമാകാം വൈദികനുവേണ്ടിയുള്ള സമർപ്പണ വസ്തുക്കൾ. തങ്ങൾക്കായി വി. കുർബ്ബാനയർപ്പിച്ച്   തങ്ങളെ ആത്മീയമായി വളർത്തുന്ന ഇടയനെ തങ്ങൾക്കുള്ളത് നൽകി  പരിപാലിക്കുന്ന ആടുകൾ എന്ന് വേണമെങ്കിൽ ഈ സമൂഹത്തെ വിശേഷിപ്പിക്കാം. 

സബ്സ്റ്റേഷനുകളിലെ വി. കുർബ്ബാന 

ദുർഘടം പിടിച്ച വഴികൾ ആയതുകൊണ്ടും വൈദികരുടെ അഭാവം കൊണ്ടും ഇടവകകളുടെ കീഴിലുള്ള സബ്‌സ്റ്റേഷനുകളിൽ മാസത്തിൽ ഒന്നോ രണ്ടോ ഞായറാഴ്ചകളിൽ മാത്രമേ വി. കുർബ്ബാന ഉണ്ടാകാറുള്ളൂ. അന്ന് അവർക്ക് ശരിക്കും ഉത്സവം പോലെയാണ്. വി. കുർബ്ബാനയ്ക്കായി വരുന്ന അച്ചനെ പാട്ടൊക്കെ പാടി എല്ലാവരുംചേർന്ന് സന്തോഷത്തോടെ സ്വീകരിക്കുന്നു. സാധിക്കുമെങ്കിൽ വി. കുമ്പസാരം നടത്തി ആത്‌മീയ ഒരുക്കത്തോടെ വി. കുർബ്ബാനയ്ക്കണയുന്ന വിശ്വാസികൾ പാട്ടുകളും ഡാൻസുമൊക്കെയായി ബലിയും വിരുന്നുമായ വി. കുർബ്ബാനയെ ആഘോഷമാക്കുന്നു. ആഘോഷമായ വി. കുർബ്ബാനയ്ക്കു ശേഷം ചിലപ്പോഴൊക്കെ ഉച്ചഭക്ഷണം ഉണ്ടാകാറുണ്ട്. ഈ അവസരങ്ങളിലെ ഭക്ഷണരീതിയും പങ്കുവയ്ക്കലുമെല്ലാം ഹൃദയത്തെ തൊടുന്നവയാണ്. തങ്ങളുടെ വൈദികനും മുതിർന്നവർക്കും ഭക്ഷണം നൽകിയശേഷം, ഭക്ഷണം പാകംചെയ്ത വലിയ പാത്രത്തിൽ അമ്മമാരെല്ലാം ഒരുമിച്ചിരുന്നു കഴിക്കും. ആ പാത്രത്തിന്റെ വലിയ അടപ്പിലായിരിക്കും കുട്ടികൾക്കുള്ള ഭക്ഷണം വിളമ്പുന്നത്. ഒരു പാത്രത്തിൽ നിന്നും ഒരുമിച്ചു ഭക്ഷിക്കുന്ന സ്നേഹത്തിന്റെയും ഒരുമയുടെയും വലിയ ഒരനുഭവമാണിത്.  ഈ കൂട്ടായ്മയും ഐക്യവും സ്നേഹവുമെല്ലാം അവരുടെ എല്ലാ പ്രവർത്തനങ്ങളിലും കാണാൻ സാധിക്കും. റോഡുകളില്ലാത്ത സ്ഥലങ്ങളിൽ ഒരു വൈദികൻ തന്നെ  പലസ്ഥലങ്ങളിൽ നടന്നുപോകേണ്ട സാഹചര്യങ്ങളുണ്ട്. അപ്പോഴൊക്കെ എത്ര താമസിച്ചാലും   ആളുകൾ ഒരിക്കലും  വി. കുർബ്ബാനയിൽ പങ്കുകൊള്ളാതെ വീട്ടിലേക്ക് തിരിച്ചു പോകില്ല. ഒരുപാട് അമ്മമാർ പിഞ്ചുകുഞ്ഞുങ്ങളുമായി വി. കുർബ്ബാനയ്ക്കെത്താറുണ്ട്. കുർബ്ബാനയ്ക്ക് ശേഷം അവരെല്ലാം കുഞ്ഞുമക്കളെ ദൈവസന്നിധിയിൽ സമർപ്പിച്ച് വൈദികന്റെ ആശിർവാദം സ്വീകരിച്ച് തിരിച്ചുപോകാറാണ് പതിവ്.   

ഒരു മഴക്കാല വി. ബലി

മഴക്കാലമായാൽ ടാൻസാനിയയിലെ ഗ്രാമങ്ങളിലുള്ള പള്ളികളിൽ കുർബാനയ്ക്കെത്തുക ദുഷ്കരമാണ്. നല്ല വഴികളില്ലാത്തതിനാൽ മഴയായാൽ മൺവഴികളെല്ലാം വെള്ളവും ചെളിയും നിറഞ്ഞ് യാത്ര അസാധ്യമാക്കുന്നു. ഇങ്ങനെയുള്ള ഒരു മഴക്കാലത്ത് ഒരു ഗ്രാമത്തിൽ വി. കുർബ്ബാനയ്ക്ക് പോയതോർക്കുന്നു. രണ്ടു ദിവസങ്ങളായി മഴ ഇത്തിരി തോർന്നതുകൊണ്ട് വഴിയിലെ വെള്ളമൊക്കെ ഇറങ്ങിക്കാണും എന്ന പ്രതീക്ഷയിലാണ് യാത്ര ആരംഭിച്ചത്. ഇടവകപള്ളിയിൽനിന്നും ഏതാണ്ട് പതിനഞ്ച് കിലോമീറ്റർ അകലെയുള്ള ഈ പള്ളിയിലേയ്ക്ക് വണ്ടിയോടിച്ച് കുറച്ച് ചെന്നപ്പോൾ വഴി കാണാത്ത സ്ഥിതിയായി. ഏതാണ്ട് അൻപത് മീറ്ററോളം ദൂരത്തിൽ വെള്ളം മാത്രം കണ്ടപ്പോൾ തിരിച്ചുപോയാലോ എന്നാലോചിച്ചു. എന്നാൽ ഒരുമാസം കൂടി അവർക്ക് ഒരു കുർബ്ബാന കിട്ടുന്നത് മുടക്കേണ്ട എന്നുവിചാരിച്ച് യാത്രതുടരാൻ തീരുമാനിച്ചു. പള്ളിയിലേക്ക് വേറെ  വഴിയൊന്നും അറിയില്ലാത്തതുകൊണ്ട് പതുക്കെ വെള്ളത്തിലൂടെ തന്നെ പോകാനുറപ്പിച്ച് വണ്ടി പതുക്കെ ഇറക്കി. ചെളിയിലൂടെ ഇത്രയും ദൂരം വണ്ടി ഓടിക്കുന്നത് ആദ്യമായതിനാൽ അല്പം ആസ്വദിച്ചങ്ങ് തുടങ്ങിയെങ്കിലും പതുക്കെ അത് ആശങ്കയ്ക്ക് വഴിമാറി; വണ്ടി നീങ്ങാനാവാത്ത വിധം ചെളിയിൽ പൂണ്ടു പോയി.

വണ്ടി പുറകോട്ടു നീക്കാൻ ശ്രമിച്ചെങ്കിലും ടയർ ചെളിയിൽ കിടന്നു തിരിഞ്ഞതേയുള്ളൂ. വണ്ടി ഓഫാക്കിയ ശേഷം പാന്റ്സും ളോഹയും മടക്കി വണ്ടിയിൽ നിന്നിറങ്ങിയത് മുട്ടോളം ചെളിയിലേക്കാണ്. ആകെ കൈവശമുള്ള ഫോൺനമ്പർ വികാരിയച്ചന്റേതായിരുന്നു. അച്ഛനപ്പോൾ ഇടവക പള്ളിയിൽ വി. കുർബ്ബാനയർപ്പിക്കുന്ന സമയമായിരുന്നതിനാൽ എന്റെ സ്വതസിദ്ധമായ ശൈലിയിൽ ഉറക്കെ കൂവുക മാത്രമേ എനിക്ക് സാധിക്കുമായിരുന്നുള്ളൂ. ദൈവാനുഗ്രഹമെന്നു പറയട്ടെ, എന്റെ കൂവൽ കേട്ടും വണ്ടിയുടെ പതിവില്ലാത്ത ശബ്ദം കേട്ടും തന്റെ കൃഷിസ്ഥലത്ത്  ചോളത്തിനു വളമിട്ടുകൊണ്ടിരുന്ന പാസ്കർ എന്ന യുവാവ് എന്റെയടുക്കലേയ്ക്ക് ഓടിവന്നു. ഞങ്ങൾ രണ്ടു പേർക്കും കൂടി ഒന്നും ചെയ്യാനില്ലെന്ന് മനസ്സിലാക്കിയ പാസ്കർ അവിടെ നിന്നും പോയി രണ്ടുമൂന്നു ചെറുപ്പക്കാരെ കൂട്ടി വന്നു. അപ്പോഴേയ്ക്കും അതുവഴി പോയ അലിയും പശുക്കളെ നോക്കുകയായിരുന്ന ജെരീബുമൊക്കെ അവിടെയെത്തി. എനിക്കറിയാവുന്ന ഭാഷയുപയോഗിച്ചും ബാക്കി അംഗവിക്ഷേപങ്ങളിലൂടെയുമൊക്കെ എന്റെ ആശയം അവരോട് പങ്കുവച്ചപ്പോൾ അവർ കുറെ കല്ലുകളും പാലകകളുമൊക്കെയായി വരികയും ഏതാണ്ട്  മുക്കാൽ മണിക്കൂർ അദ്ധ്വാനിച്ചപ്പോൾ ഞങ്ങളുടെ പരിശ്രമം ഫലം കാണുകയും ചെയ്തു. ചെളിവെള്ളം അവരുടെ മുഖത്തും ദേഹത്തും തെറിച്ചിട്ടും ചെളിവെള്ളത്തിൽ നിന്നും വണ്ടി കയറുന്നതുവരെ അവർ വണ്ടി ഉന്തിക്കൊണ്ടേയിരുന്നത് മനസ്സിൽനിന്നും മായാത്ത ഒരോർമ്മയാണ്.

കുർബാനയുടെ വഴിയിൽ അത്ഭുതങ്ങളും അടയാളങ്ങളും കൃപകളും സംരക്ഷണവും നൽകുന്ന തമ്പുരാന് എന്റെ സ്വന്തം ഭാഷയിലും എന്നെ സഹായിച്ചവർക്ക് എനിക്കറിയാവുന്ന പോലെ അവരുടെ ഭാഷയായ കിസ്വാഹിലിയിലും നന്ദി പറഞ്ഞ് ഞാൻ യാത്ര തുടർന്നു. പള്ളിയിൽ എത്തിയപ്പോൾ ഭാഷയുടെ പരിമിതിമൂലം മൊബൈലിൽ എടുത്ത ചിത്രങ്ങളുടെ സഹായത്താൽ അവർക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാനായി. ഹൃദയത്തിൽ തട്ടി നിൽക്കുന്ന ഒരു വി. കുർബ്ബാന കൂടി അർപ്പിച്ച എനിക്ക്, ഉണ്ണിഈശോയെ കാണാൻ വന്ന രാജാക്കന്മാർ ദൂതന്റെ അറിയിപ്പുപ്രകാരം മറ്റൊരുവഴിയെ സ്വദേശത്തേക്ക് പോയതുപോലെ, വി. കുർബ്ബാനയ്ക്ക് വന്ന രണ്ടുപേർ എന്നെ വേറൊരുവഴിയേ തിരികെ പള്ളിയിൽ എത്തിച്ചു.

ലോകത്തിന്റെ പല ഭാഗങ്ങളിൽ പല റീത്തുകളിലും ഭാഷകളിലുമായി പല രീതികളിലാണ് വി. കുർബ്ബാന അർപ്പിക്കപ്പെടുന്നതെങ്കിലും,  പല രീതിയിലാണ് വിശ്വാസികൾ അതിൽ പങ്കുചേരുന്നതെങ്കിലും, ഇവയുടെയെല്ലാം ആത്യന്തിക ലക്ഷ്യം ഈശോമിശിഹായുടെ പീഡാസഹന, മരണോത്ഥാന രഹസ്യങ്ങളുടെ അനുസ്മരണവും ആഘോഷവുമാണ്. വിശ്വാസികൾ ഭയഭക്തികളോടെ 'സ്വർഗ്ഗത്തിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ ഈ വഴിയിൽ' പങ്കുചേരുകയും  സ്വർഗീയജീവിതത്തിന്റെ മുന്നാസ്വാദനം അനുഭവിച്ചുകൊണ്ട് കർത്താവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുകയും ചെയ്യുന്നു. ടാൻസാനിയയിലെ വിശ്വാസസമൂഹം ഇത് അതിന്റെ പാരമ്യത്തിൽ ആഘോഷിക്കാൻ പരിശ്രമിക്കുന്നു.

 

ഫാ. ഷിജോ പനക്കപതാലിൽ MCBS_image
ഫാ. ഷിജോ പനക്കപതാലിൽ MCBS

മിഷനറി, MCBS ടാൻസാനിയൻ മിഷൻ