+91 8590 373975
https://eucharistiamcbs.com/public/storage/images/VEmEJI0Plqi2Q7a6odE2uxwLg9PrnPssCoDROmyM.png

ദിവ്യകാരുണ്യ ഈശോയെ ‘ചങ്ക് ബ്രോ’യാക്കിയ വാഴ്ത്തപ്പെട്ട കാർലോസ് അക്വിറ്റിസ്

“എല്ലായ്പ്പോഴും ഈശോയുടെ കൂടെ ആയിരിക്കുക, ഈശോയോടൊപ്പം ജീവിക്കുക എന്നതാണ് എന്റെ ജീവിതാഭിലാഷം...” ഈശോയുടെ സ്നേഹത്തിൻറെ നീളവും വീതിയും ഉയരവും ആഴവും മനസ്സിലാക്കിയ ഒരു 15 വയസ്സുകാരന്റെ വാക്കുകളാണിത്. ബർമുഡയും ബനിയനുമിട്ട്, ഒരു കൂളിംഗ് ഗ്ലാസും വെച്ച്, കയ്യിൽ ഒരു മൊബൈലും മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി ജീവിച്ച ഒരു പതിനഞ്ചുകാരൻ. നന്നായി പഠിച്ചും സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിച്ചും സൈക്കിൾ സവാരി ചെയ്തും കൗമാരം ആഘോഷിച്ച കാർലോസ് അക്വിറ്റിസ്. ജീവിതം ആനന്ദപൂർണ്ണമാക്കാൻ കാർലോസ് എല്ലാറ്റിനുമുപരിയായവനെ കണ്ടെത്തി. ഈശോയായിരുന്നു കാർലോസിന്റെ ഇഷ്ട കൂട്ടുകാരൻ. ജറുസലേമിന്റെ തെരുവീഥികളിൽ കൂടി നടന്നകന്ന ഈശോയെ ദിവ്യകാരുണ്യത്തിൽ കണ്ടെത്താൻ അവന് സാധിച്ചു. നിശബ്ദതമായ തീരങ്ങളിൽ അവനോടൊപ്പം അവന്റെ ഈശോ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലൗകികതയുടെയും ആധുനികതയുടെയും തിരമാലകളിൽപ്പെട്ടുഴലാതെ താങ്ങുന്നവന്റെ കരം മുറുകെപ്പിടിച്ച് ആ ബാലൻ കൗമാരം ആഘോഷിച്ചു. കാർലോസിന്റെ വിശുദ്ധിയിലേക്കുള്ള യാത്ര, ഈ സ്നേഹ ബന്ധത്തിൽ നിന്നുമായിരുന്നു ആരംഭിച്ചത്. ഇത്തരത്തിലുള്ള ചില തിരിച്ചറിവുകളും കണ്ടെത്തലുകളുമാണ് സൃഷ്ടികളായ നമ്മെ സ്രഷ്ടാവിലേക്ക് ഉയർത്തുന്നത്, വിശുദ്ധിയുടെ മകുടം ചൂടിക്കുന്നത്. 

കാർലോസ് ഈ തലമുറയുടെ വിശുദ്ധനാണ്. നമുക്കും വിശുദ്ധരാകാം എന്നതിനുള്ള ഉദാത്തമായ മാതൃക. ഈശോയെ തൻറെ ‘ചങ്ക് ബ്രോ’യായി സ്വീകരിച്ചതായിരുന്നു അവനെ വിശുദ്ധിയിലേക്ക് നയിച്ചത്. സ്വന്തം ജീവിതത്തിൽ നിന്നും ഒരു നിമിഷം പോലും അവൻ ഈശോയെ മാറ്റി നിർത്തിയിരുന്നില്ല. 1991 - ൽ ലണ്ടനിലായിരുന്നു അവന്റെ ജനനം. പരിശുദ്ധ ദിവ്യകാരുണ്യത്തോടും പരിശുദ്ധ അമ്മയോടും അതീവ ഭക്തി പുലർത്തിയ കാർലോസ് രക്താർബുദം ബാധിച്ച് 2006 ഒക്ടോബർ 12 - ന് മരണത്തെ പുൽകി. കമ്പ്യൂട്ടറും ഇൻറർനെറ്റുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിൽ പ്രതിഭാശാലിയായിരുന്ന കാർലോസ്, തൻറെ കഴിവുകൾ പൂർണ്ണമായും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. 

2020 ഒക്ടോബർ 10 - ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട കാർലോസിന്റെ ദിവ്യകാരുണ്യ ഈശോയോടുള്ള സൗഹൃദത്തെ നമുക്ക് മൂന്നു തലങ്ങളിൽ മനസിലാക്കാൻ സാധിക്കും. 

            1.   കാർലോസിന്റെ ദിവ്യകാരുണ്യ ഭക്തി

            2.   ദിവ്യകാരുണ്യം കാർലോസിന്റെ വാക്കുകളിൽ

           3.    ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാൻ   കാർലോസ് ചെയ്ത കാര്യങ്ങൾ 

ഈശോ എന്റെ പ്രിയ കൂട്ടുകാരൻ (ദിവ്യകാരുണ്യ ഭക്തി)

വാഴ്ത്തപ്പെട്ട കാർലോസ് അക്വിറ്റിസിനെ പൂർണ്ണമായും മനസ്സിലാക്കണമെങ്കിൽ നമ്മൾ ആദ്യം അവന്റെ ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ആത്മീയതയെ അടുത്തറിയേണ്ടതുണ്ട്. അനുദിന ദിവ്യകാരുണ്യ സന്ദർശനമായിരുന്നു കാർലോസിന്റെ ജീവിതത്തിന്റെ അടിത്തറയായി നിലകൊണ്ടത്. ദിവ്യകാരുണ്യത്തിൽ ഈശോ യഥാർത്ഥമായും സന്നിഹിതനാണ് എന്ന് അവൻ വിശ്വസിച്ചിരുന്നു. വാഴ്ത്തപ്പെട്ട കാർലോസിന്റെ ദിവ്യകാരുണ്യ ഭക്തിയുടെ ആഴവും അർത്ഥവും എത്രത്തോളമാണെന്ന് അവൻ പലപ്പോഴും ആവർത്തിച്ച ഒരു വാക്യം വെളിപ്പെടുത്തുന്നു, “ദിവ്യകാരുണ്യം സ്വർഗ്ഗത്തിലേക്കുള്ള എൻറെ രാജപാതയാണ്.” 

മനുഷ്യരാശിയോടുള്ള ദൈവസ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ അടയാളവും പ്രകടനവുമായാണ് കാർലോസ് ദിവ്യകാരുണ്യത്തെ നോക്കിക്കണ്ടത്. അത് ദൈവകരുണയാണ്, മാനവമക്കളുടെ മുറിവുകൾക്കുള്ള ഔഷധമാണ്, അതിലുപരി പാപം ഒഴികെയുള്ള മനുഷ്യൻറെ എല്ലാ നൊമ്പരങ്ങളിലുമുള്ള ദൈവത്തിൻറെ പങ്കുചേരലുമാണെന്ന് അവൻ വിശ്വസിച്ചു. ദൈവത്തിന് നന്ദിയർപ്പിക്കുന്നതിനുള്ള അവസരമായി ഓരോ ആരാധനവേളയേയും ദിവ്യകാരുണ്യ സ്വീകരണത്തെയും പ്രയോജനപ്പെടുത്തി. തിരുസക്രാരിയിൽ സന്നിഹിതനായിരിക്കുന്ന  ഈശോയ്ക്ക് മുന്നിൽ നിശബ്ദതയിൽ ചിലവഴിച്ച നിമിഷങ്ങൾ ജീവിതത്തിലെ ഏറ്റവും ഭാഗ്യപ്പെട്ട നിമിഷങ്ങളായി അവൻ കരുതി. ആരാധനയുടെ വേളകളിൽ തന്റെ ജീവിതം മുഴുവൻ ഈശോയ്ക്ക് സമർപ്പിക്കാനും നന്മകൾക്ക് നന്ദി ചൊല്ലാനും അതിലുപരി തന്റെ പ്രിയ കൂട്ടുകാരനെ കൂടുതലായി സ്നേഹിക്കുവാനും അവൻ പരിശ്രമിച്ചു. തന്റെ ഇണയെ കരുതുന്ന പ്രാണപ്രിയനെപോലെ അവൻ ഈശോയെ അത്രമേൽ സ്നേഹിക്കുകയും നിശബ്ദമായി ലാളിക്കുകയും ചെയ്തു. അണപൊട്ടിയൊഴുകുന്ന ദിവ്യകാരുണ്യ സ്നേഹത്തിൽ കാർലോസ് ഒഴുകി നടക്കുകയായിരുന്നു. ഓരോ ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷവും അവൻ ഇപ്രകാരം പ്രാർത്ഥിച്ചു: “എൻറെ ഈശോയെ നിനക്ക് സ്വാഗതം, എൻറെ ഹൃദയത്തെ നിൻറെ സ്വന്തം ഭവനമാക്കി മാറ്റണമേ.”

കാർലോസിന്റെ ദിവ്യകാരുണ്യ ഭക്തി വി. ബലിയർപ്പണത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല. വി. ബലിക്ക് മുമ്പ് അവൻ വളരെ നേരം നിശബ്ദതയിൽ ഈശോയുടെ സ്നേഹം അനുഭവിച്ച് ആരാധന നടത്തിയിരുന്നു. താൻ ഒത്തിരി സ്നേഹിക്കുകയും എപ്പോഴും കൂടെ ആയിരിക്കാൻ ആഗ്രഹിക്കുകയും ചെയ്ത ഈശോയുടെ സ്നേഹ സാന്നിധ്യത്തിൽ സന്തോഷത്തോടെ പ്രാർത്ഥനയിൽ ആയിരിക്കാൻ ആ ബാലൻ എന്നും സമയം കണ്ടെത്തി. ദിവ്യകാരുണ്യ സ്നേഹവലയത്തിലായിരുന്ന് ദിവ്യകാരുണ്യ രഹസ്യങ്ങളെ മനസ്സിലാക്കാൻ ദിവ്യകാരുണ്യമായവൻ തന്നെ വാഴ്ത്തപ്പെട്ട കാർലോസിനെ ക്ഷണിച്ചിരുന്നു എന്നതാണ് വാസ്തവം. ദിവ്യകാരുണ്യ ആരാധനയുടെ നിമിഷങ്ങളായിരുന്നു ആത്മീയതയെ പരിപോഷിപ്പിച്ച് ഈശോയോടുള്ള സ്നേഹത്തിൽ വളരാൻ കാർലോസിനെ സഹായിച്ചത്.  ദൈനംദിന ജീവിതത്തിനുള്ള ശക്തി അവൻ കണ്ടെത്തിയത് ദിവ്യകാരുണ്യത്തിനു മുന്നിൽ  ചിലവഴിച്ച നിമിഷങ്ങളിലൂടെയാണ്. അതിനാൽതന്നെ ഈശോയോടുള്ള സൗഹൃദം കൂടുതൽ ആഴമുള്ളതാക്കാനും സാധിക്കുമ്പോഴെല്ലാം ദൈവാലയത്തിലെ തിരുസക്രാരിക്ക് മുമ്പിൽ സമയം ചെലവഴിക്കാനും അവൻ ശ്രമിച്ചു. എല്ലാവരെയും അകമഴിഞ്ഞ് സ്നേഹിക്കാനും സഹായിക്കാനും കാർലോസിനെ പ്രേരിപ്പിച്ചത് അവനിൽ കത്തിജ്വലിച്ചിരുന്ന ദിവ്യകാരുണ്യ ചൈതന്യമായിരുന്നു.

സദാ ഈശോയോടു കൂടെ (മൊഴിമുത്തുകൾ)

വാഴ്ത്തപ്പെട്ട അക്വിറ്റിസ് ഇപ്രകാരം പറഞ്ഞു: “ദൈവം നമുക്കായി അദ്വിതീയവും ആവർത്തിക്കാത്തതുമായ ഒരു ചരിത്രം രചിച്ചിട്ടുണ്ട്. പക്ഷേ, അതിൻറെ അവസാനം കുറിക്കാൻ അവൻ നമുക്ക് സ്വാതന്ത്ര്യം നൽകി.” ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ജീവിതം നയിക്കാൻ അവൻ തന്റെ ജീവിതം പൂർണ്ണമായും ദിവ്യകാരുണ്യത്തിനു സമർപ്പിച്ചു. ദിവ്യകാരുണ്യം മാനവമക്കളോടുള്ള ദൈവത്തിൻറെ അനന്തസ്നേഹത്തിൻറെ പരമമായ പ്രകടനമായിരുന്നെങ്കിൽ, കാർലോസിന് തൻറെ ജീവിത ലക്ഷ്യത്തെ കാണിച്ചുകൊടുക്കുന്ന വഴിവിളക്കായിരുന്നു അത്. ഈശോ ഉത്ഥിതനായി പിതാവിന്റെ വലതുവശത്ത് ഉപവിഷ്ടനായെങ്കിലും, ഭൂമിയിൽ അനുദിനം നമ്മുടെ രക്ഷക്കായി പിതാവിന് സ്വയം സമർപ്പിച്ച് വി. കുർബ്ബാനയായി  ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നു.

ഗൗരവമായ പഠനത്തിന്റെ നാളുകളിൽ, സുഹൃത്തുക്കളും വിനോദങ്ങളും മറ്റു നിരവധിയായ പ്രവർത്തനങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്ന ജീവിതത്തിൽ, ദിവ്യകാരുണ്യത്തിന്  എങ്ങനെ ഒന്നാം സ്ഥാനം നൽകാമെന്ന് കാർലോസിന് അറിയാമായിരുന്നു. നിശബ്ദതയിൽ ഈശോയോടൊത്തായിരുന്ന് അവൻ ഹൃദയം തുറന്ന് പറയുമായിരുന്നു: “നാഥാ, അരുൾ ചെയ്താലും നിന്റെ ദാസൻ ശ്രവിക്കുന്നു.” ദിവ്യകാരുണ്യനാഥന്റെ മുന്നിൽ ചിലവഴിച്ച നിശബ്ദ മണിക്കൂറുകൾ, അവിടുത്തെ സ്നേഹത്തിന്റെ അർത്ഥവും ആഴവും ഗ്രഹിക്കാനുള്ള അവസരമായി കാർലോസ് കരുതി. തന്റെ കൂടെയായിരുന്ന്  ശക്തിപ്പെടുത്തുന്ന ആ അദൃശ്യശക്തിയുടെ സാന്നിധ്യം അവൻ അടുത്തറിഞ്ഞു. ഈശോയുമായുള്ള ഈ അഗാധസ്നേഹബന്ധമായിരുന്നു നന്മപൂർണവും വിശുദ്ധവുമായ ജീവിതത്തിലേക്കും എല്ലാവരോടുമുള്ള സ്നേഹ സൗഹൃദങ്ങളിലേയ്ക്കും കാർലോസിന് വഴി തെളിച്ചത്. അവന്റെ നന്മയും, ആന്തരികസൗന്ദര്യവും, വിശുദ്ധിയുമെല്ലാം ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ നിശബ്ദതയിൽ ചിലവഴിച്ച നിമിഷങ്ങളുടെ ഫലമായിരുന്നു എന്നതാണ് വാസ്തവം.

കാർലോസിന്റെ അതിരറ്റ ദിവ്യകാരുണ്യ ഭക്തി അവന്റെ വാക്കുകളിലൂടെ പ്രകടമായിരുന്നു. തിരഞ്ഞെടുത്ത ഏതാനും മൊഴിമുത്തുകൾ:

  • “ദിവ്യകാരുണ്യം സ്വർഗത്തിലേക്കുള്ള എൻറെ രാജപാതയാണ്.” 
  • “അനുദിന ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ മാനവകുലം വിശുദ്ധീകരിക്കപ്പെടുകയും നിരന്തരമായി ശക്തിപ്പെടുകയും ചെയ്യുന്നു. തെറ്റിന്റെ വഴിയിൽ ചരിക്കുന്നവർക്കുള്ള നിത്യരക്ഷയുടെ ഔഷധമാണ് ദിവ്യകാരുണ്യം.”
  • “ഈലോകത്തിലെ എല്ലാ  തിരുസക്രാരികളിലും ദൈവത്തെ അവിടുത്തെ ശരീരത്തോടും ആത്മാവോടും ദൈവത്വത്തോടും കൂടി നമുക്ക് കണ്ടെത്താൻ കഴിയും. നമ്മുടെ ഭൗമികയാത്രയിൽ നമ്മെ സഹായിക്കാൻ അവൻ സ്നേഹപൂർവ്വം രാവും പകലും നമുക്കായി കാത്തിരിക്കുന്നു.”
  • “എല്ലായ്പ്പോഴും ഈശോയുടെ കൂടെ ആയിരിക്കുക, ഈശോയോടൊപ്പം ജീവിക്കുക എന്നതാണ് എന്റെ ജീവിതാഭിലാഷം.” 
  • “ദിവ്യകാരുണ്യത്തിൽ ഈശോ യഥാർത്ഥമായും സന്നിഹിതനാണ്. മനുഷ്യ ശരീരം സ്വീകരിച്ച് ജറുസലെമിലെ തെരുവീഥികളിൽ കൂടി നടന്ന ഈശോയെ അപ്പസ്തോലന്മാർ കണ്ടറിഞ്ഞ് വിശ്വസിച്ചതുപോലെ നമുക്കും ഈശോയെ ദർശിക്കാൻ കഴിയും.”
  • “ദിവ്യകാരുണ്യമായവനെ ഉൾക്കൊണ്ടാൽ നാം നേരെ സ്വർഗ്ഗത്തിലേക്ക് പോകും.”
  • “നാം എത്രത്തോളം ദിവ്യകാരുണ്യത്തോട് അടുക്കുന്നുവോ, അത്രത്തോളം നാം ഈശോയോട് അനുരൂപരാകും. അതുവഴി സ്വർഗ്ഗീയ സൗഭാഗ്യത്തിന്റെ മുന്നാസ്വാദനം നമുക്ക് ഈ ഭൂമിയിൽ വച്ച് തന്നെ സാധ്യമാകും.
  • “സ്നേഹമാകുന്ന ദൈവത്തിൽ നാം ഓരോരുത്തരെയും ദിവ്യകാരുണ്യം അനുരഞ്ജിപ്പിക്കുന്നു.”

എല്ലാം ദൈവമഹത്ത്വത്തിനായ് (പ്രേഷിതത്വം)

കാർലോസ് എന്ന കൗമാരക്കാരനെ വിശുദ്ധിയുടെ മകുടം ചൂടിച്ചത് അവന്റെദിവ്യകാരുണ്യഭക്തി ആയിരുന്നുവെന്ന് അവന്റെ ജീവിതം നമുക്കുമുന്നിൽ വരച്ചുകാട്ടുന്ന വസ്തുതയാണ്. കാർലോസ് അക്വിറ്റിസ് കമ്പ്യൂട്ടർ മേഖലയിലും മറ്റു സാങ്കേതിക വിദ്യകളിലുമുള്ള തന്റെ കഴിവുകൾ ‘ദിവ്യകാരുണ്യ അത്ഭുതങ്ങൾ’പ്രസിദ്ധപ്പെടുത്താനായിരുന്നു പ്രധാനമായും ഉപയോഗിച്ചത്. ദിവ്യകാരുണ്യ അത്ഭുതങ്ങൾ പ്രദർശിപ്പിക്കാനായി കാർലോസ് സ്വന്തമായി നിർമ്മിച്ച വെബ്സൈറ്റാണ് ‘ദി യൂക്കരിസ്റ്റിക്ക് മിറാക്കിൾസ് ഓഫ് ദി വേൾഡ്’ (The Eucharistic Miracles of the World) എന്ന അന്താരാഷ്ട്ര വെബ്സൈറ്റിലേക്ക് പിന്നീട് രൂപാന്തരപ്പെട്ടത്.

കേവലം പതിനൊന്ന് വയസ്സ് മാത്രമുള്ളപ്പോഴാണ് ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാൻ കാർലോസിൽ അതിയായ ആഗ്രഹം ജനിച്ചത്. നീണ്ട രണ്ടര വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ കാർലോസ് തന്റെ സ്വപ്നം പൂവണിയിച്ചു. രക്താർബുദത്തിന്റെ അതികഠിനമായ വേദന നിശ്ശബ്ദമായി സഹിച്ച് തന്റെ സ്വപ്നം സഫലമാക്കാൻ യൂറോപ്പിലെ വിവിധ ഭാഗങ്ങളിലെ ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങൾ മാതാപിതാക്കളോടൊപ്പം സന്ദർശിച്ച് അവയെ പറ്റി വിശദമായി പഠിച്ചാണ്  തന്റെ പദ്ധതി പൂർത്തിയാക്കിയത്. വാഴ്ത്തപ്പെട്ട കാർലോസിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഈ ദിവ്യകാരുണ്യ അത്ഭുതപ്രദർശനം ഒത്തിരിയേറെ ആത്മീയഫലങ്ങൾ ഉളവാക്കി. ഈ ദിവ്യകാരുണ്യ അത്ഭുതപ്രദർശനം നാൾക്കുനാൾ അറിയപ്പെടുകയും ഫാത്തിമ, ഗ്വാഡലൂപ്പെ തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലുൾപ്പെടെ അഞ്ചു ഭൂഖണ്ഡങ്ങളിലും പ്രദർശിപ്പിക്കുകയുമുണ്ടായി.

തൻറെ സുഹൃത്തുക്കൾക്കും സഹപാഠികൾക്കും ഇടയിൽ ദിവ്യകാരുണ്യത്തിന്റെ യഥാർത്ഥ പ്രേഷിതനായി മാറിയ കാർലോസ് ലോകമെമ്പാടും നടന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ കഥകൾ പറഞ്ഞുകൊണ്ടായിരുന്നു തൻറെ പ്രേഷിത വേല നിർവഹിച്ചത്. ദിവ്യകാരുണ്യ കേന്ദ്രീകൃത ജീവിതം നയിച്ച വിശുദ്ധാത്മാക്കളുടെ ജീവിതവും കാർലോസ് പഠനവിഷയമാക്കിയിരുന്നു.

ഡിജിറ്റൽ യുഗത്തിന്റെ വശ്യതകൾക്കടിമപ്പെടാതെ, ഹൃദയത്തിന്റെ അന്തരംഗത്തിൽ നിന്നും ഉയരുന്ന പരിശുദ്ധാത്മാവിന്റെ സ്വരത്തിനു കാതോർത്ത് വിശുദ്ധിയുടെ പരിമളം സ്വജീവിതംവഴി പകർന്നു നൽകിയ കാർലോസ് നമ്മെയോരോരുത്തരെയും വെല്ലുവിളിക്കുകയാണ്; ദിവ്യകാരുണ്യത്തിന്റെ ഒരു വിശുദ്ധനാകാൻ/ വിശുദ്ധയാകാൻ  നിനക്ക് സാധിക്കുമോ? വി. കുർബ്ബാനയും കമ്പ്യൂട്ടറും, ദിവ്യകാരുണ്യ ആരാധനയും പാഠപുസ്തകങ്ങളും, ജപമാലയും ഫേസ്ബുക്കും... ഇതായിരുന്നു കാർലോസിന്റെ ലോകം. വിശുദ്ധിയിലേക്കുള്ള വിളി നമുക്കെല്ലാം നൽകപ്പെട്ടിട്ടുണ്ട്. ശാശ്വതവും പരിപാവനവുമായ ഈ വിളി ദൈവഹിതത്തിലുള്ള നമ്മുടെ പങ്കുചേരലാണ്. ദൈവഹിതമനുസരിച്ചു ജീവിക്കാൻ ദൈവസ്വരത്തിന് നാം കാതോർക്കണം, ദൈവ വചനങ്ങളിലൂടെ; ദൈവത്തെ അടുത്തറിയണം, അനുഭവിക്കണം, ദിവ്യകാരുണ്യത്തിലൂടെ. പരിശുദ്ധ അമ്മയുടെ കരം മുറുകെ പിടിച്ച് ഈശോയിലേക്ക്, വിശുദ്ധിയിലേക്ക് നമുക്ക് നടന്നടുക്കാം.

ബ്ര. ആർവിൻ റോയി വള്ളോംകുന്നേൽ MCBS_image
ബ്ര. ആർവിൻ റോയി വള്ളോംകുന്നേൽ MCBS

സനാതന MCBS മേജർ സെമിനാരി, താമരശ്ശേരി