ക്രൈസ്തവ ഭക്തിഗാനരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഗാനരചയിതാവാണ് ബേബി ജോൺ കലയന്താനി. ദൈവത്തിന്റെ കൈയ്യൊപ്പുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ അനേകായിരങ്ങൾക്ക് ആത്മീയസന്തോഷവും സങ്കടങ്ങളിൽ ആശ്വാസവും ജീവിത പ്രതിസന്ധികളിൽ പ്രത്യാശയും പ്രദാനം ചെയ്യുന്നു. തന്റെ വിശ്വാസജീവിതത്തിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത ബേബി ജോൺ കലയന്താനി എല്ലാ ദിവസവും വി. കുർബ്ബാനയിൽ പങ്കെടുത്ത് ആത്മീയ നിറവിലായിരിക്കാൻ പരിശ്രമിക്കുന്ന ഒരു വ്യക്തിയാണ്. ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ഫാ. നിതിൻ ചെറുപുഷ്പഭവൻ 'വി. കുർബ്ബാനയും കുടുംബവും' എന്ന വിഷയത്തിൽ അദ്ദേഹവുമായി നടത്തിയ അഭിമുഖം കുടുംബജീവിതക്കാര്‍ വി. കുര്‍ബ്ബാനയെ കൂടുതല്‍ അറിയാനും സ്നേഹിക്കാനും അനുഭവത്തില്‍ വളരാനുമായി ‘എവുക്കരിസ്തിയ' പങ്കുവയ്ക്കുന്നു.
1. ക്രൈസ്തവ ജീവിതത്തിൽ വി. കുർബ്ബാനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള വ്യക്തിപരമായ കാഴ്ചപ്പാടെന്താണ്?
ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണല്ലോ വി. കുർബ്ബാന. ഈശോ ഇങ്ങനെ പറയുന്നു: "എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധ്യമല്ല." എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധ്യമല്ല എന്ന് ഈശോ പറയുമ്പോൾ, കർത്താവ് കൂടാതെ ക്രൈസ്തവ ജീവിതം സാധ്യമല്ല എന്നാണർത്ഥം. അഥവാ, ദൈവം എന്തിനുവേണ്ടി നമ്മെ സൃഷ്ടിച്ചോ അതിന്റെ പൂർണ്ണതയിലേക്ക് ആ ഹിതത്തിൽ നീങ്ങണമെങ്കിൽ അവിടുത്തോടുള്ള ബന്ധം, ദിവ്യകാരുണ്യ ബന്ധം നമുക്ക് ആവശ്യമാണ് എന്നാണ് ധ്വനി. ദിവ്യകാരുണ്യം ഹൃദയത്തിലുണ്ടെങ്കിൽ മാത്രമേ ഒരു വിശ്വാസിക്ക് തന്റെ ജീവിതം ദൈവഹിതപ്രകാരം ക്രമപ്പെടുത്താൻ സാധിക്കുകയുള്ളൂ. ദൈവത്തിന്റെ ഹിതമനുസരിച്ച് നീങ്ങണമെങ്കിൽ ഈശോയുടെ സാന്നിധ്യവും സാമീപ്യവും ഈശോയുടെ വാസവും നമുക്ക് അനുഭവവേദ്യമാകേണ്ടതുണ്ട്. "ഇനി ഞാനല്ല, ക്രിസ്തു എന്നിൽ ജീവിക്കുന്നു" (ഗലാ 2:20) എന്ന് പറയാൻ തക്കവിധം ദിവ്യകാരുണ്യം നമ്മിൽ ലയിക്കണം എന്നതാണ് എന്റെ വിനീതമായ അഭിപ്രായം.
2. വി. കുർബ്ബാന താങ്കളുടെ അനുദിന ജീവിതത്തിൽ ഒരു അനുഭവമായി മാറിയത് എങ്ങനെയാണ്?
ഞാൻ ഒരു സൺഡേസ്കൂൾ അധ്യാപകനായിരുന്നു. ഒപ്പം, മിഷൻ ലീഗ്, സൊഡാലിറ്റി തുടങ്ങിയ ഭക്തസംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഇടവകയിലെ കുഴപ്പമില്ലാത്ത ഒരു പയ്യൻ എന്ന സർട്ടിഫിക്കറ്റുള്ളയാൾ എന്ന നിലയ്ക്ക് വി. കുമ്പസാരവും വി. കുർബ്ബാനയുമൊക്കെ പേരിനെങ്കിലും ജീവിതത്തിന്റെ ഭാഗമായിരുന്നു. അതിനാൽത്തന്നെ എല്ലാ ഞായറാഴ്ചകളിലും മുടക്കമില്ലാതെ വി. കുർബ്ബാനയിൽ പങ്കെടുത്തിരുന്നു. എന്നാൽ, എന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളോട് കൈകൂപ്പി ഭക്തിയോടെ വി. കുർബ്ബാനയിൽ പങ്കെടുക്കാൻ പറയുമ്പോഴും ഞാൻ വി. കുർബ്ബാനയിൽ പലപ്പോഴും പങ്കെടുത്തിരുന്നത് അലസതയോടെ അലക്ഷ്യമായൊക്കെയാണ്.
1995 - ൽ എന്റെ കോളേജ് ജീവിതമൊക്കെ കഴിഞ്ഞ് ഒരു ധ്യാനത്തിൽ പങ്കെടുക്കുമ്പോഴാണ് ഈ അപ്പം ജീവന്റെ അപ്പമാണെന്നും ഈ അപ്പമാണ് എന്റെ ജീവിതത്തിന്റെ സ്പന്ദനമെന്നുമുള്ള ഒരു തിരിച്ചറിവ് ഉണ്ടാകുന്നത്. എന്റെ ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും വളരെ ആകുലതകളും ഉത്കണ്ഠതകളും എന്നെ അലട്ടിയിരുന്ന ആ സമയത്ത് ഒരു ദിവ്യകാരുണ്യ ആരാധനാ വേളയിൽ "നിങ്ങളുടെ ജീവിതത്തിലെ ദുഖങ്ങളും ദുരിതങ്ങളും വേദനകളും ആകുലതകളും ഉത്കണ്ഠതകളുമെല്ലാം ഇറക്കിവയ്ക്കാനും അവ കണ്ടറിയാനും ചേർത്തു പിടിക്കാനുമുള്ള ഒരേ ഒരു വ്യക്തി പരിശുദ്ധ പരമ ദിവ്യകാരുണ്യമായ നാഥനാകയാൽ എല്ലാം അവനോട് പങ്കുവയ്ക്കുവിൻ" എന്ന് ധ്യാനഗുരു വിളിച്ചുപറഞ്ഞ് ഒരു പ്രത്യേക നിമിഷത്തിൽ ഞാൻ പൊട്ടിക്കരഞ്ഞുപോയി." ഉടനെ തന്നെ ഇരു കൈകളും ഉയർത്തിപ്പിടിച്ച് ദിവ്യകാരുണ്യത്തെ നോക്കി ഞാൻ ചോദിച്ചു, "ജീവിക്കുന്ന ദൈവമാണോ അങ്ങ്? തിരുവോസ്തിരൂപനെ, ഇതിൽ വല്ല സത്യവുമുണ്ടോ?" തുടർന്ന്, "എന്റെ ജീവിതത്തെ അങ്ങേയ്ക്ക് ഞാൻ നൽകുകയാണ്, അങ്ങേയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യുക" എന്ന് പറഞ്ഞ് എല്ലാം മറന്ന് ജീവിതത്തെ ഈശോയ്ക്ക് വിട്ടുകൊടുത്ത് ഞാൻ സ്തുതിക്കാൻ തുടങ്ങി. ആ സമയത്ത് ധ്യാനഗുരു വിളിച്ചുപറഞ്ഞു: "ഇപ്പോൾ തന്റെ ജീവിത നൊമ്പരങ്ങളും ആകുലതകളും പങ്കുവയ്ക്കുന്ന ഒരു യുവാവിനോട് കർത്താവ് പറയുന്നു, 'ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്. ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു, ഞാൻ നിന്റെ വലതുകരം പിടിച്ചിരിക്കുന്നു, നിന്നെ ഞാൻ വളർത്തും, നിന്നെ ഞാൻ പണിതുയർത്തും, നിന്നെ ഞാൻ നാട്ടുനനയ്ക്കും.''' ഇത് കേട്ടപ്പോൾ എന്റെ ഹൃദയം തുടിക്കുകയും ഒരു വലിയ ശാന്തിയും സമാധാനവും എന്നിൽ നിറയുകയും ചെയ്തു. സ്‌കൂളിലും കോളേജിലും കുറച്ചൊക്കെ എഴുതുമായിരുന്ന ഞാൻ അന്ന് വൈകിട്ട് ആ അനുഭവം എന്റെ ഡയറിയിൽ കുറിച്ചുവച്ചു. പിന്നീട് അല്പം കവിതാത്മകമായി ഇങ്ങനെ എഴുതി:
'ഭയപ്പെടേണ്ടാ, മകനെ മകളേ ഞാൻ നിന്റെ ദൈവമല്ലേ,
കരയരുതേ ഇനിയെൻ കൺമണിയേ ഞാൻ നിന്റെ കൂടെയില്ലേ?'
അങ്ങനെയാണ് ഭക്തിഗാനരംഗത്തെ എന്റെ ആദ്യത്തെ ഗാനം രൂപം കൊണ്ടത്. അതൊരു ചുവടുവയ്പായിരുന്നു, പിന്തിരിഞ്ഞ് നോക്കാത്ത എന്റെ ദിവ്യകാരുണ്യ നാഥനെ മാത്രം നോക്കിയുള്ള ഒരു പ്രയാണം നടത്തുവാനുള്ള ചുവടുവയ്പ്പ്. കൃത്യമായി പറഞ്ഞാൽ 1995 ഡിസംബർ പതിനൊന്നു മുതൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളിലധികമായി ഒരു ദിവസം പോലും ഞാൻ വി. കുർബ്ബാന മുടക്കിയിട്ടില്ല. ഞാൻ അവിശ്വസ്തനായിരുന്നാലും ലോക്ക്ഡൗൺ കാലത്തുപോലും എന്റെ കർത്താവ് വിശ്വസ്തതയോടെ എന്നെ തേടിവരുന്നു.
3. ഗാനരചന, സംഗീതം, വി. കുർബ്ബാന എന്നിവയെ എങ്ങനെയാണ് സമന്വയിപ്പിക്കുന്നത്?
വലിയ രചനാ വൈഭവമോ സംഗീതാത്മകതയോ അടിസ്ഥാനപരമായി എനിക്കില്ല. കോളേജിൽ അടിസ്ഥാന വിഷയം മലയാളമായിരുന്നതിനാൽ കഥ, കവിതാ രചനകളിൽ താല്പര്യം കാണിച്ചിരുന്നു. എന്നാൽ ദിവ്യകാരുണ്യ സന്നിധിയിൽ നിന്ന് എനിക്ക് ലഭിച്ച ചില ബോധ്യങ്ങൾ പങ്കുവയ്ക്കട്ടെ.
a) ജറമിയ 15:19 : "വിലകെട്ടവ പറയാതെ സദ്‌വചനങ്ങൾ മാത്രം സംസാരിച്ചാൽ നീ എന്റെ നാവുപോലെയാകും." എന്ത് പറയണം, എങ്ങനെ പറയണം എന്ന സ്വാതന്ത്ര്യം മനുഷ്യനുണ്ടെങ്കിലും ഞാൻ വിലകെട്ടവ പറയാൻ പാടില്ല. അങ്ങനെയെങ്കിൽ ഞാൻ വിലകെട്ടവ എഴുതാനും പാടില്ല. ഞാൻ മുഴുവനായും കർത്താവിന്റേതാകുമ്പോൾ ഞാൻ എങ്ങനെയായിരിക്കണമെന്ന് കർത്താവാണ് തീരുമാനിക്കേണ്ടത്. മുൻപ് റേഡിയോയ്ക്കും മാസികകൾക്കുംവേണ്ടി ലളിതഗാനങ്ങളും കഥകളും കവിതകളുമൊക്കെ എഴുതുമായിരുന്നെങ്കിലും ഞാൻ കർത്താവിന്റേതാണെന്ന ബോധ്യം വന്നപ്പോൾ എന്റെ ദൈവം എന്ത് പറയുന്നോ അത് കുറിക്കുകയാണ് എന്റെ ദൗത്യമെന്ന് എനിക്ക് മനസ്സിലായി.
b) കലാകാരൻ കർത്താവിന്റെ പ്രവാചകനാണ്. അയാൾ കർത്താവിനു വേണ്ടി നിലകൊള്ളണം. ഉദാഹരണത്തിന്, 'ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം...' എന്നെഴുതുമ്പോൾ അത് പറയുന്നത് ദൈവമാണ്. ദൈവത്തിന്റെയും മനുഷ്യരുടെയും മധ്യവർത്തിയായി നിൽക്കേണ്ട വ്യക്തിയാണ് കലാകാരൻ. രചനാ വേദിയിലെല്ലാം ദിവ്യകാരുണ്യ നാഥന്റെ സാന്നിധ്യമാണ് പ്രചോദനമായത്. അങ്ങനെ ഏറെ ഗാനങ്ങളെഴുതാൻ കർത്താവ് കൃപ നൽകി. രചനാ വേളയിൽ മാത്രമല്ല, ഏതു കാര്യത്തിലും കർത്താവ് എന്ത് പറയുന്നുവെന്നറിയാനുള്ള ഒരു ആഗ്രഹം ഉണ്ടായിരുന്നു. അത് ചിലപ്പോൾ തിരുവചനത്തിലൂടെയാകാം വ്യക്തികളിലൂടെയാകാം അധികാരികളിലൂടെയാകാം.
c) ദിവ്യകാരുണ്യം ഉൾക്കൊള്ളുമ്പോൾ ഈശോ ഹൃദയത്തിൽ വരും. പിന്നെ എഴുതേണ്ട വിഷയങ്ങൾ കർത്താവ് എഴുതിക്കൊള്ളും. നാം അതിന്റെ ഉപകരണങ്ങൾ ആയാൽ മാത്രം മതി. എന്റെ കൈയ്യിൽ പേന ഇരിക്കുന്നതുപോലെ ദിവ്യകാരുണ്യത്തിന്റെ കൈയ്യിൽ ഞാനിരിക്കുന്നു. എല്ലാം ദൈവം ചെയ്യും, ദൈവത്തിനു മഹത്വം.
4. അനുദിന ബലിയർപ്പണം കുടുംബജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു ?
ഭാര്യ ബിന്ദുവും രണ്ടു മക്കളും അടങ്ങുന്നതാണ് എന്റെ കുടുംബം. ആദ്യനാളുകളിൽ ഭാര്യ എപ്പോഴും ചോദിക്കുമായിരുന്നു, "എല്ലാ ദിവസവും വി. കുർബ്ബാനയ്ക്ക് പോകേണ്ടതുണ്ടോ? എന്ന് . അപ്പോൾ, "എനിക്ക് നിന്നെ തന്നതും മക്കളെ തന്നതും ദൈവമാണ്; അത് ദൈവത്തിന്റെ കൃപയുമാണ്" എന്നൊക്കെ ഞാൻ പറഞ്ഞു മനസിലാക്കുമായിരുന്നു. പിന്നീട് രചനാ മേഖലയിലുള്ള എന്റെ പ്രയാണവും മക്കൾ പള്ളിയിൽ പോകുമ്പോൾ കേൾക്കുന്ന അപ്പ എഴുതിയ പാട്ടുകളുമൊക്കെ രൂപപ്പെട്ടത് ഞാൻ ഇങ്ങനെ വി. കുർബ്ബാനയ്ക്ക് പോകുന്നത് കൊണ്ടാണെന്ന് ക്രമേണ അവർക്ക് മനസിലായി. വി കുർബ്ബാനയുടെ ഈ പ്രതിഫലനം വീട്ടിലും കാണാൻ തുടങ്ങി. അതിന് എന്റെ ഭാര്യയോടും മക്കളോടും എനിക്ക് ഒത്തിരി കടപ്പാടുണ്ട്.
എന്റെ അമ്മച്ചി പരി. കുർബ്ബാനയുടെ ഒരു വലിയ ഭക്തയായിരുന്നു. ചെറുപ്പത്തിൽ ഒത്തിരി കഷ്ടപ്പാടുകൾ ഉണ്ടായിരുന്നതുകൊണ്ട് അമ്മച്ചിയോടൊപ്പം പള്ളിയിൽ പോകുമ്പോൾ ദിവ്യകാരുണ്യം ഉയർത്തുന്ന നേരം അമ്മ കരയുന്നതു കാണാമായിരുന്നു. "എന്തിനാണമ്മ കരയുന്ന ? എന്ന ചോദ്യത്തിനു മറുപടിയായി അമ്മച്ചി പറയും, "ഈശോയാണെല്ലാം, ഈശോ തരുന്നതേ നമുക്കുള്ളൂ." 'അമ്മ പറഞ്ഞ കാര്യം പിന്നീട് ഞാൻ ഗാനാമമാക്കി മാറ്റി:
'അമ്മ മടിയിൽ ചേർത്തിരുത്തി അന്നെന്നോടു പറഞ്ഞു...'
അതുപോലെ
'അമ്മച്ചി മാതാവിൻ ജപമാലയൊരെണ്ണം എൻ കുഞ്ഞു കൈകളിൽ വാങ്ങിത്തന്നു...' എന്ന ഗാനം അമ്മച്ചിയുടെ മാതൃഭക്തിയെ ഓർമപ്പെടുത്തുന്ന ഗാനമാണ്. 2019 ജൂൺ 20 - ന് ദിവ്യകാരുണ്യ തിരുനാൾ ദിനത്തിൽ തന്നെ അമ്മച്ചി ദിവ്യകാരുണ്യ നാഥന്റെ അരികിലേക്ക് യാത്രയായി.
5. കഴിഞ്ഞ 25 വർഷങ്ങളിൽ മുടങ്ങാതെ വി കുർബ്ബാനയിൽ പങ്കെടുത്തപ്പോൾ എപ്പോഴെങ്കിലും വിരസത അനുഭവപ്പെട്ടിട്ടുണ്ടോ? ആവർത്തണമെന്നും, ദീർഘമെന്നും വി കുർബ്ബാനയെക്കുറിച്ച് പരാതി പറയുന്നവരോട് എന്താണ് പറയാനുള്ളത് ?
വി. കുർബ്ബാന എപ്പോഴും അനുഭവമായിക്കൊണ്ടിരിക്കുന്ന ഒരു താളമാണ്. എനിക്കൊരിക്കലും ആവർത്തന വിരസത തോന്നിയിട്ടില്ല. ചിലപ്പോൾ ദീർഘയാത്രയൊക്കെ കഴിഞ്ഞു വരുമ്പോഴുള്ള ക്ഷീണം ശാരീരികമായി തളർത്തിയിട്ടുണ്ടെകിലും മനസ്സു ചേർത്തുവയ്ക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കാരണം, ഈ ദിവ്യകാരുണ്യ നാഥന്റെ കൃപ കൊണ്ടല്ലേ രചനാ മേഖലയിൽ പേര് ചേർക്കാൻ എനിക്ക് സാധിച്ചത്. 'സക്രാരി തന്നിൽ നിത്യം വാഴുന്ന...,' 'പൂർണ്ണ മനസ്സോടും...,' 'പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ...,' 'ബലിയർപ്പിക്കാൻ വരുവിൻ...,' 'സക്രാരിയാണെൻ ഹൃദയം...,' 'സ്നേഹത്തുവാലകൊണ്ട് തുടയ്ക്കാം...,' വാ വാ സ്നേഹ രാജാവേ...,' 'മനുജനായി ഭൂവിലവതരിച്ചു...' തുടങ്ങിയ അനേകം ഗാനങ്ങൾ തന്ന കർത്താവ് ബലിയർപ്പിക്കുമ്പോൾ അവന്റെയടുത്ത് എങ്ങനെ വിരസതയോടെ നിൽക്കാൻ പറ്റും? കണ്ണു നിറഞ്ഞേ നിൽക്കാൻ പറ്റൂ.
അതുമാത്രമല്ല , വി ബലിയർപ്പണത്തിലെ ഒരോ പദങ്ങൾ കേൾക്കുമ്പോഴും ചങ്ക് തുടിക്കും. ഉദാഹരണത്തിന്, 'സകല സൗഭാഗ്യങ്ങളും നിറഞ്ഞു മുടിചൂടി നിൽക്കുന്ന സഭ...': ഞാനാകുന്ന സഭയുടെ കുഞ്ഞ് സകല സൗഭാഗ്യങ്ങളും നിറഞ്ഞ സഭയോട് ചേർന്ന് നിന്നാൽ മാത്രം മതി എന്ന അവബോധം കുർബ്ബാനയിലെ ഈ പ്രാർത്ഥനയിലൂടെ കിട്ടുന്നു.
'സർവ്വാധിപനാം കർത്താവേ...': സകലത്തിന്റെയും അധിപനാണ് കർത്താവ്. എന്റെ ഭാര്യ, മക്കൾ, ജോലി - എന്നിങ്ങനെ ചിന്തിച്ചു അസ്വസ്ഥനാകേണ്ട. കാരണം എന്റെ കർത്താവുണ്ട് . കർത്താവിന്റെ തണലിൽ ഞാൻ നിന്നു കൊടുക്കുകയും അവിടുന്ന് ഏല്പിക്കുന്ന ഉത്തരവാദിത്വം ചെയ്തുകൊണ്ട് അവിടുത്തേക്ക് വിട്ടുകൊടുക്കുകയും ചെയ്താൽ മാത്രം മതി.
'കർത്താവിൽ ഞാൻ ദൃഢമായി ശരണപ്പെട്ടു...': കർത്താവിൽ ശരണപ്പെട്ടാൽ എന്റെ ആകുലതയ്ക്കും ഉത്കണ്ഠയ്ക്കും യാതൊരു പ്രസക്തിയുമില്ല. കാരണം, ഞാൻ കർത്താവിൽ ശരണപ്പെട്ടു കഴിഞ്ഞു. പിന്നെ എന്റെ ദൈവമാണെല്ലാം ചെയ്യുന്നത്.
'സർവ്വശക്തനായ പിതാവും...': പിതാവ് സർവ്വശക്തനാണ്. അതുകൊണ്ട് എനിക്കെന്തു ബലക്ഷയം വന്നാലും എന്നെ അവിടുന്ന് എടുത്തു കൊണ്ട് പോയിക്കൊള്ളും. എത്ര ബലഹീനനാണെങ്കിലും എന്നെ പൊക്കിയെടുക്കും. ഞാൻ പാപത്തിന്റെ എത്ര ആഴത്തിൽ ചെന്നാലും എന്റെ കർത്താവിന്റെ കരം കുറുകില്ല.
'നമ്മുടെകൂടെ ബലവാനാം കർത്താവെന്നെന്നേയ്ക്കും...': ഇന്നും നാളെയും മാത്രമല്ല എന്നന്നേയ്‌ക്കുമാണവൻ.
'രാജാവാം ദൈവം നമ്മോടോത്തെന്നും...': എന്റെ ദൈവം എന്റെ രാജാവാണ്. രാജാവിന്റെ മകനായി നിൽക്കുമ്പോൾ ആ അന്തസ്സും പ്രൗഢിയും ഞാൻ കാണിക്കണ്ടേ? എനിക്കൊന്നുമില്ല എന്നു പറഞ്ഞു കരഞ്ഞു വിളിച്ചു നടക്കണ്ടവനല്ല ഞാൻ. കാരണം, എന്റെ കർത്താവ് രാജാവാണ്.
ഇങ്ങനെയുള്ള ബോധ്യങ്ങൾ വി കുർബ്ബാനയിൽ ആദ്യാവസാനം കേട്ടുകൊണ്ടിരിക്കുമ്പോൾ അതെല്ലാം ഉൾചിന്തയോടെ ധ്യാനിക്കാനും മനനം ചെയ്യാനും അതോർത്തു കരയാനും കർത്താവ് കൃപ തന്നിട്ടുണ്ട് . പിന്നെ എങ്ങനെ എനിക്കു വിരസത അനുഭവപ്പെടും?
6. സാറിന്റെ വി കുർബ്ബാന ജീവിതത്തിൽ പരി. അമ്മയുടെ പങ്ക് എത്രത്തോളമുണ്ട് ?
പരി അമ്മയില്ലാത്ത ഒരു ബലിവേദിയില്ല. കാൽവരിയിലെ ബലി മുതലുള്ള എല്ലാ ബലിയർപ്പണങ്ങളിലും പരി. അമ്മയുണ്ട്. പരി. അമ്മയോട് കൂടെയാണ് ബലിയർപ്പിക്കേണ്ടത് എന്ന ബോധ്യം എനിക്കുണ്ട്. എന്റെ ജീവിതത്തിൽ പരി. മാതാവ് കനിഞ്ഞു നൽകിയ നിത്യസഹായം വർണ്ണിക്കാനാവില്ല. അമ്മയുടെ കൂടെയല്ലാതെ ഞാൻ ബലിയർപ്പിച്ചിട്ടില്ല, അർപ്പിക്കുകയുമില്ല. അതൊരു അറിവല്ല, അനുഭവമാണ്. ഞാനെത്രയൊക്കെ പ്രാർത്ഥിച്ചൊരുങ്ങിയാലും ഞാനെന്ന അപൂർണതയെ 'റെക്കമെന്റ്' ചെയ്യാൻ പരി അമ്മയ്‌ക്കേ സാധിക്കൂ. പരി. അമ്മ ഈ അഴുക്കുപിടിച്ചവനെ എടുത്തു ബലിവേദിക്കരികിൽ കൊണ്ടുപോകും. "പരി. മറിയമേ, ഞാൻ മുഴുവനായും നിന്റേതാണ്" എന്ന് വി. ജോൺ പോൾ പാപ്പാ പറഞ്ഞതുപോലെ അമ്മയാണെന്റെയും സർവ്വസ്സ്വവുമെന്ന് എനിക്ക് പറയാതിരിക്കാനാവില്ല. പരി അമ്മയാണ് ദിവ്യകാരുണ്യത്തിലേക്കു എന്നെ ചേർത്തുവയ്ക്കുന്ന ഏറ്റവും നല്ല നിത്യസഹായക.
7. അനുദിന ബലിയർപ്പണം ഒരു ക്രിസ്തു സാക്ഷ്യമാണല്ലോ. ഈ സാക്ഷ്യജീവിതം മറ്റുള്ളവരെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട്? അത്തരം അനുഭവങ്ങൾ?
തീർച്ചയായും അനുദിന ബലിയർപ്പണം ഒരു ക്രിസ്തുസാക്ഷ്യമാണ്. അത് ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. ഇങ്ങനെ നാം എത്ര ശ്രദ്ധയോടെ നീങ്ങിയാലും പലരും നമുക്കെതിരെ നെറ്റി ചുളിക്കുന്നതു നാം കാണേണ്ടതായി വരും. എന്തെങ്കിലും ഒരു വീഴ്ച വന്നാൽ ഉടനെ കേൾക്കും 'ഉം, എല്ലാ ദിവസവും പള്ളിയിൽ പോകുന്നവനാ.' അതിനാൽ ബോധപൂർവ്വം ശാന്തമാകാനും മനസ്സിൽ തികട്ടിവരുന്ന മനുഷ്യസഹജമായ രോഷം, വെറുപ്പ് മുതലായ പല വികാരങ്ങളും ദിവ്യകാരുണ്യത്തോടുള്ള സ്നേഹത്താൽ നിർവീര്യമാക്കാനും ശ്രമിക്കാറുണ്ട്. 'ഞാനങ്ങനെ പറയുന്നത് ശരിയല്ലല്ലോ' എന്ന ചിന്ത പലപ്പോഴും എന്നെ ആത്മസംയണമാണത്തിലേക്ക് നയിച്ചിട്ടുണ്ട്.
'ഞാൻ വലിയ കുറവുകളുള്ളവനാണ്. മറ്റുള്ളവർക്കൊന്നും വലിയ കുറവുകളില്ല. അതിനാൽ എന്നെ വെള്ളത്തിലിട്ട് അൽപ്പം കുതിർക്കാൻ കർത്താവ് തന്റെ പക്കൽ കൊണ്ടിട്ടു' എന്നാണ് എനിക്ക് എന്നെക്കുറിച്ചുതന്നെ തോന്നിയിട്ടുള്ളത്. എന്തിനാണ് എല്ലാ ദിവസവും വി. കുർബ്ബാനയ്ക്ക് പോകുന്നതെന്ന് ആദ്യമൊക്കെ ആളുകൾ ചോദിക്കുമായിരുന്നു. എന്നാൽ എന്റെ ജീവിതത്തിൽ, പ്രിത്യേകിച്ചു ഗാനരചനാ മേഖലയിലും മറ്റു ശുശ്രുഷാ മേഖലയിലുമൊക്കെ, തമ്പുരാൻ ഒരുക്കിയ വഴികൾ ഓർത്തപ്പോൾ ഈ ദിവ്യകാരുണയോന്മുഖമായ ജീവിതം ഒരു അനുഗ്രഹമായിരുന്നെന്ന് പിന്നീട് അവർക്കു മനസ്സിലായി. പ്രിത്യേകിച്ച് അയൽക്കാർക്കും സഹോദരങ്ങൾക്കുമൊക്കെ അതൊരു അനുഭവമായി.
8. വി. കുർബ്ബാനയോടുള്ള സ്നേഹത്തിൽ നിലനിൽക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?
മഴ നനഞ്ഞ് കിടക്കുന്ന ഭൂമി സൂര്യനുദിക്കുമ്പോൾ വെള്ളം വലിഞ്ഞ് നല്ല പ്രശാന്തമായ ഒരു അനുഭവമുണ്ടാകുന്നു. ദിവ്യകാരുണ്യം ഉൾക്കൊള്ളുകയും ദിവ്യകാരുണ്യ സന്നിധിയിൽ വർത്തിക്കുകയും ചെയ്യുമ്പോൾ ദിവ്യകാരുണ്യ ഈശോ ഞാനെന്ന നനഞ്ഞ ജീവിതത്തിലെ ദൈവത്തിനു നിരക്കാത്ത ചിന്ത, ഭാവന, ബുദ്ധി, അറിവ്, ഞാനെന്ന ഭാവം തുടങ്ങിയ നെഗറ്റീവ് ആയതെല്ലാം ഡിലീറ്റ് ചെയ്ത് എന്നിലുള്ള ഇരുൾ നീക്കുകയും എന്റെ ഹൃദയത്തെ ചൂട് പിടിപ്പിക്കുകയും അവിടുത്തെ ജ്ഞാനംകൊണ്ട് നിറയ്ക്കുകയും ചെയ്യുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ലോകം മുഴുവൻ മാറിമറിഞ്ഞാലും ഏതെല്ലാം ഏതെല്ലാം പ്രശ്നങ്ങളുണ്ടായാലും സാമ്പത്തിക മാന്ദ്യം വന്നാലും പ്രളയമോ വൈറസോ വന്നാലും എന്റെ കർത്താവിനോട് ചേർന്നിരിക്കുകയാണെങ്കിൽ ഇതൊന്നും എന്നെ സ്ഥായിയായി ബാധിക്കില്ല. ലോകത്തിൽ നടക്കുന്ന ചില കാര്യങ്ങൾ കണ്ടിട്ട് സങ്കടമില്ലെന്ന് ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. ദിവ്യകാരുണ്യ ചൂട് ഗ്രസിച്ചു കഴിഞ്ഞാൽ, കർത്താവിന്റെ തിരുരക്തം സിരകളിൽ ഓടിക്കഴിഞ്ഞാൽ വൈറസ് അവിടെ നിർവ്വീര്യമായേ പറ്റൂ. എന്നാൽ കർത്താവ് അനുവദിച്ചു തരുന്ന ചില സഹനവഴികളെ ഞാൻ കണ്ടറിയുകയും കർത്താവിന് നന്ദി പറയുകയും ചെയ്യുന്നു.
9. പ്രത്യേക സാഹചര്യങ്ങൾ കാരണം ഇന്ന് വി. ബലിയിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് എപ്പോഴെങ്കിലും ചിന്തിക്കേണ്ടി വന്നിട്ടുണ്ടോ?
ഇല്ല. നമ്മൾ തയ്യാറാണെങ്കിൽ കർത്താവ് തയ്യാറാണ് എന്നൊരു ബോധ്യം കിട്ടിയിട്ടുണ്ട്. അതെവിടെയാണെന്നോ എങ്ങനെയാണെന്നോ ഇല്ല, നമ്മൾ ആഗ്രഹിച്ചാൽ ദൈവം തരിക തന്നെ ചെയ്യും. സ്നേഹത്തിന്റെ തീവ്രതയോടെ നമ്മൾ ഒരു കാര്യം വേണമെന്ന് നിർബ്ബന്ധം പിടിച്ചാൽ നമ്മുടെ സ്നേഹത്തിനു മുന്നിൽ കർത്താവ് കീഴടങ്ങുകതന്നെ ചെയ്യും. വിശ്വാസവർഷത്തിൽ ഒരു പരിപാടിക്ക് അമേരിക്കയിൽ പോകുന്നതിനു മുൻപ് നെടുമ്പാശേരിക്ക് അടുത്തുള്ള ഒരു ദൈവാലയത്തിൽ ഞങ്ങൾ രാത്രി ഒരു മണിക്ക് വി. ബലിയർപ്പിച്ചു. വിത്സൺ പിറവവും പീറ്റർ ചേരാനല്ലൂരും മിന്മിനിയും ദലീമയും ആ സംഘത്തിലുണ്ടായിരുന്നു. ഞങ്ങൾ രാത്രിയിൽ വി. ബലിയർപ്പിച്ച് രാവിലെ നാല് മണിക്കുള്ള ഫ്ലൈറ്റിൽ യാത്രതിരിച്ചു. പിന്നെ ന്യൂയോർക്കിൽ ചെന്ന് അടുത്ത ദിവസം ബലിയർപ്പിച്ചു. അങ്ങനെ എല്ലാ ദിവസവും ദൈവം ഞങ്ങൾക്കായി വി. കുർബ്ബാന ക്രമീകരിച്ചു. ഞങ്ങളോടൊപ്പം ആന്റണി ഉരുളിയാനിക്കലച്ചനും ഉണ്ടായിരുന്നു. നമ്മൾ എത്രത്തോളം തീക്ഷ്ണതയോടെ ഒരുങ്ങുന്നുവോ കർത്താവ് അപ്പോൾ വേണ്ടത് ചെയ്യും. പല സന്ദർഭങ്ങളിലും മുടങ്ങിപോകുമെന്നു തോന്നുമ്പോഴും അവിടെയെല്ലാം 'കർത്താവേ കടന്നുവരണമേ' എന്ന് പ്രാർത്ഥിക്കുമ്പോൾ ബലിയർപ്പണം നടന്ന അനുഭവങ്ങളുണ്ട്. ദൈവം കൂടെ വരും, കൂടെ നിൽക്കും, വിളിച്ചാൽ ഉത്തരമരുളും.
ഫാ. നിതിൻ ചെറുപുഷ്പഭവൻ
ZIM കമ്മ്യൂണിക്കേഷൻസ്, MCBS ആശ്രമം, കൊന്നക്കുഴി