+91 8590 373975
https://eucharistiamcbs.com/public/storage/images/4TP7cUU2MrUnQrnli5OMA7waPIqaEzdMgWYVr7X5.jpg

കര്‍ത്താവിന്റെ അത്താഴം: ആദിമസഭയിലെ ക്രിസ്തു സാന്നിധ്യത്തിന്റെ അപാരത

വി. കുർബ്ബാനയെക്കുറിച്ചുള്ള ആഴമായ പഠനങ്ങളിലൂടെ കഴിഞ്ഞാ ഒന്നര പതിറ്റാണ്ടാണ്ടുകളായി വളരെ ശ്രദ്ധിക്കപ്പെടുന്ന അമേരിക്കന്‍ ബൈബിള്‍ പണ്ഡിതനാണ്‌ ഡോ. ബ്രാന്റ്‌ പിട്രെ. കോളേജ്‌ പഠനകാലത്താണ്‌ അദ്ദേഹത്തിന്റെ വിവാഹം നടന്നത്‌. ഭാര്യ എലിസബത്ത്‌ സതേൺ  ബാപ്റ്റിസ്റ്റ്‌ സമൂഹത്തിലെ ഒരംഗമായിരുന്നു. വിവാഹ കര്‍മ്മങ്ങള്‍ എലിസബത്തിന്റെ ദൈവാലയത്തിൽ നടത്താന്‍ തീരുമാനിച്ച അവരിരുവരും അതേക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഒരു ദിവസം പാസ്റ്ററുടെ അടുത്തെത്തി. എലിസബത്തിന്റെ മുത്തച്ഛന്‍ സ്ഥാപിച്ച ദൈവാലയമായിരുന്നതിനാൽ എല്ലാം പെട്ടെന്ന്‌ സാധിക്കുമെന്ന്‌ വിചാരിച്ച അവര്‍ കടുത്ത കത്തോലിക്കാ വിരോധിയായ ഒരു യുവപാസ്റ്ററിനെയാണ്‌ അവിടെ കണ്ടത്‌.

കത്തോലിക്കാ സഭയും തന്റെ സമൂഹവും തമ്മില്‍ വിശ്വാസപരമായി നിലനില്‍ക്കുന്ന വ്യത്യാസങ്ങളിലൂന്നിയ ഒട്ടനവധി ചോദ്യങ്ങള്‍ പാസ്റ്റര്‍ പിട്രെയോട്‌ ചോദിച്ചതിനാല്‍ നിശ്ചയിക്കപ്പെട്ടിരുന്ന പതിനഞ്ച്‌ മിനിറ്റായി നിശ്ചയിച്ചിരുന്ന മീറ്റിംഗ്‌ മൂന്നു മണിക്കൂറോളം നീളാനിടയായി. തീക്ഷ്ണമതിയായ ഒരു വിശ്വാസിയായിരുന്നതിനാല്‍ പിട്രെയ്ക്ക്‌ പല ചോദ്യങ്ങൾക്ക് മുൻപിലും പിടിച്ചു നില്‍ക്കാനായെങ്കിലും അദ്ദേഹത്തെ കഷ്ടപ്പെടുത്തിയത്‌ വി. കുർബ്ബാനയെക്കുറിച്ചുള്ള ചോദ്യമായിരുന്നു: “അപ്പവും വീഞ്ഞും ശരിക്കും ക്രിസ്തുവിന്റെ ശരീരവും രക്തവുമാണെന്ന്‌ കത്തോലിക്കര്‍ പറയുന്നത്‌ എന്തൊരു വിഡ്ഡിത്തമാണ്‌?” പാസ്റ്റര്‍ തുടര്‍ന്നു, “ഇങ്ങനെയെങ്കില്‍ ഇത്‌ ഭക്ഷിക്കുന്ന നീയും ക്രിസ്തുവാകില്ലേ?” അവസാനം പാസ്റ്റര്‍ എലിസബത്തിനോട്‌ പറഞ്ഞു നിര്‍ത്തി: “നീ ഇങ്ങനൊരു അവിശ്വാസിയുമായി ചേരുന്നതില്‍ ഞാന്‍ ഖേദിക്കുന്നു.” പിട്രെയും എലിസബത്തും കരഞ്ഞുകൊണ്ടാണ്‌ അവിടെ നിന്ന്‌ തിരികെ വീട്ടിലേയ്ക്ക്‌ പോയത്‌.

ഉറങ്ങാന്‍ കിടന്ന പിട്രെയ്ക്ക്‌ ആ രാത്രി ഭീകരമായി തോന്നി. പാസ്റ്ററുമായുള്ള വാഗ്വാദ വിഷയങ്ങളെല്ലാം കണ്‍മുമ്പില്‍ തെളിഞ്ഞതിനാല്‍ ഉറക്കം വന്നേയില്ല. പറയാന്‍ പറ്റാതിരുന്ന പലതുമോര്‍ത്ത്‌ പിട്രെ പരിതപിച്ചു. ചെറുപ്പം മുതലെ തന്റെ വിശ്വാസജീവിതത്തിന്റെ ക്രേന്ദേമായിരുന്ന വി. കുർബ്ബാനയിലെ ക്രിസ്തു സാന്നിധ്യത്തെ പരിഹാസ്യമാക്കിയത്‌ പിട്രെയെ സംബന്ധിച്ചിടത്തോളം തകര്‍ത്തു കളയുന്ന ഒരനുഭവമായിരുന്നു. എന്നാല്‍ “ഇനി എന്ത്‌?” എന്ന ആ രാത്രിയിലെ ഒരു ചോദ്യം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു “U-turn” ആയിരുന്നു. കുർബ്ബാനയെക്കുറിച്ച്‌ ബൈബിള്‍ എന്തു പറയുന്നു എന്നറിയാന്‍ പിട്രെ കിടക്കയില്‍ നിന്നെഴുന്നേറ്റു. തന്റെ സ്ഥൈര്യലേപനദിവസം മാതാപിതാക്കളില്‍ നിന്നും സമ്മാനമായി കിട്ടിയ ബൈബിള്‍ തുറന്നു. പിട്രെയ്ക്ക്‌ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ആദ്യപേജില്‍ തന്നെ അദ്ദേഹം വായിച്ചത്‌ യോഹ 6:53-54 ആണ്‌: “മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പഠനം ചെയ്യുകയും ചെയ്യുന്നവന്‍ നിത്യജീവനുണ്ട്‌. അവസാനദിവസം അവനെഞാന്‍ ഉയിര്‍പ്പിക്കും".

ആ ദിനം രണ്ടാം പ്രാവശ്യം പിട്രെയുടെ കവിളുകളില്‍ കണ്ണീര്‍ ചാലുകള്‍ കീറി. പക്ഷേ രണ്ടാമത്തേത്‌ സന്തോഷാശ്രുക്കളായിരുന്നു. ചെറുപ്പം മുതലുള്ള തന്റെ വിശ്വാസം പാസ്റ്റര്‍ പറഞ്ഞപോലെ ബൈബിളിനെതിരല്ലെന്ന്‌ മനസ്സിലാക്കിയ സന്തോഷാധികൃത്തിന്റെ കണ്ണീര്‍. ചിന്തിക്കുന്തോറും അത്‌ അത്ഭുതമായി മാറി. ഇത്‌ പിട്രെയുടെ ജീവിതത്തെയും താല്‍പര്യങ്ങളെയും മാറ്റിമറിച്ചു. ഇംഗ്ലീഷ്‌ പ്രധാനവിഷയമാക്കിരുന്ന അദ്ദേഹം തിയോളജിയിലേയ്ക്ക്‌ ചുവടുമാറ്റി. തുടര്‍ന്ന്‌ നോട്രരഡാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ്‌ നേടിയ പിട്രെ ഇപ്പോള്‍ നോട്രഡാം സെമിനാരി പ്രഫസറായും മറ്റനേകം യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ്‌ പ്രഫസറായും ജോലിചെയ്യുന്നു. 

ഈശോ സ്ഥാപിച്ച വി. കുർബ്ബാനയെക്കുറിച്ച്‌ ക്രൈസ്തവര്‍ക്കിടയില്‍ ഇന്ന്‌ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്‌. ആദിമസഭയായ അപ്പസ്തോലന്മാരുടെ ചെറിയ ഒരു സമൂഹം ലോകമാസകലം ഇന്ന്‌ പന്തലിച്ചു കിടക്കുന്ന ചെറുതും വലുതുമായ ക്രൈസ്തവ സഭകളിലേക്ക് വളര്‍ന്നപ്പോള്‍ വി. കുർബ്ബാനയെന്ന രഹസ്യത്തെ - ക്രിസ്തു സാന്നിധ്യം, ബലിദാനം, പങ്കുപറ്റല്‍, ആരാധന - തുടങ്ങിയ തലങ്ങളിൽ  മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും വ്യത്യാസങ്ങള്‍ ഉണ്ടായി. എന്നാല്‍ കത്തോലിക്കാ സഭയുടെ പ്രത്യേകത, വിവിധ റിത്തുകളിലുള്ള (Rites) കുർബ്ബാനയര്‍പ്പണങ്ങള്‍ ഉണ്ടെങ്കിലും വി. കുർബ്ബാനയില്‍ അടിസ്ഥാനപരമായുള്ള വിശ്വാസം ഒന്നാണെന്നതാണ്‌. വി. കുർബ്ബാനയില്‍ ക്രിസ്തു സത്യമായും യഥാര്‍ത്ഥമായും സത്താപരമായും സന്നിഹിതനാണെന്ന്‌ (the whole Christ is truly, really and substantially present) തിരുസഭ പഠിപ്പിക്കുന്നു. (CCC 1374)

വി. കുർബ്ബാനയിലെ ഈശോയുടെ കദാശിക സാന്നിധ്യം വിശ്വാസംകൊണ്ട്‌ മാത്രം മനസ്സിലാക്കാവുന്ന ഒരു കാര്യമാണ്‌. മദ്ധ്യനൂറ്റാണ്ടുകളില്‍ വി. കുർബ്ബാനയിലെ സാന്നിധ്യത്തേയും കാഴ്ച്രദവ്യങ്ങളായ അപ്പത്തിലും വീഞ്ഞിലും ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചും ദൈവശാസ്ത്രജ്ഞന്മാര്‍ വൃത്യസ്ത (ധുവങ്ങളില്‍ നിന്നുകൊണ്ട്‌ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ അവയ്ക്കുത്തരമായാണ്‌ സത്താപരമായ മാറ്റം (Transubstantiation) എന്ന്‌ ഈ കൗദാശിക സാന്നിധ്യത്തെ നിര്‍വചിച്ചത്‌ (Lateran Council IV, 1215). ഈ ചരിത്രത്തിലേയ്ക്ക്‌ നീങ്ങും മുമ്പ്‌ ഈശോയുടെ മരണശേഷം അപ്പസ്തോലരും ആദിമ ക്രൈസ്തവ സമൂഹവും അവിടുത്തെ സാന്നിധ്യം എങ്ങനെ അനുഭവിക്കുകയും മനസ്സിലാക്കുകയും ചെയ്തുവെന്ന്‌ മനസ്സിലാക്കേണ്ടത്‌ അത്യാവശ്യമാണ്‌. 

അസാന്നിധ്യത്തിലെ സാന്നിധ്യം (Presence in the absence)

ആഴ്ചയുടെ ആദ്യദിവസം സുഗന്ധദ്രവ്യങ്ങളുമായി കല്ലറയിങ്കല്‍ ചെന്ന ഗലീലയില്‍ നിന്നുള്ള സ്ത്രീകള്‍ ഈശോയുടെ ശരീരം അവിടെ കണ്ടില്ല. അമ്പരന്നു നിന്ന അവരോട്‌ ദൂതന്‍ ചോദിച്ചു: “ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നത്‌ എന്തിന്‌? അവന്‍ ഇവിടെയില്ല, ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു" (ലൂക്ക 24:5). ജീവിച്ചിരിക്കുന്ന (കിസ്‌തുവിനെ ഇനി എവിടെ അന്വേഷിക്കണമെന്നതിന്റെ ഉത്തരമാണ്‌ ലൂക്കാ സുവിശേഷത്തിലെ തുടര്‍ന്നുള്ള ഭാഗം. വി. കുർബ്ബാനയുടെ ഘടനയില്‍ (വചനം, അപ്പം മുറിക്കല്‍) വിരചിതമായ എമ്മാവൂസിലേയ്ക്ക്‌ പോയ രണ്ട്‌ ശിഷ്യന്മാരുടെ കഥ പറയുന്ന ഈ ഭാഗത്ത്‌ (ലൂക്ക 24:13-35) അവര്‍ ഉത്ഥിതനായ ഈശോയെ അനുഭവിച്ചതിന്റെ തീവ്രത വ്യക്തമാക്കുന്ന രണ്ട്‌ അവസരങ്ങള്‍ കാണാം. 1) ശിഷ്യരോടൊപ്പം ഭക്ഷണത്തിനിരുന്ന അപരിചിതനായ അതിഥി അപ്പമെടുത്ത്‌ ആശീര്‍വദിച്ച്‌ മുറിച്ചു കൊടുത്തപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെടുകയും തങ്ങളുടെ ഗുരുവാണെന്ന്‌ അവര്‍ തിരിച്ചറിയുകയും ചെയ്തു (ലൂക്ക 24:31). 2) തുടര്‍ന്നുള്ള സംഭാഷണത്തില്‍ അവര്‍ പരസ്പരം പറയുന്നു: “വഴിയില്‍ വെച്ച്‌ അവന്‍ വിശുദ്ധ ലിഖിതം വിശദികരിച്ചുകൊണ്ട്‌ നമ്മോട്‌ സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ”? (ലൂക്ക 24:32). ഇവ രണ്ടും ഒരിക്കലും വേര്‍തിരിച്ചു കാണാനാവില്ല.

“അവരുടെ കണ്ണ്‌ തുറക്കപ്പെട്ടു” (ലൂക്ക 24:31) എന്ന്‌ തിരുവചനം പറയുമ്പോഴും അവരുടെ കണ്ണുകള്‍ക്ക്‌ മുമ്പില്‍ ശൂന്യതയായിരുന്നു. അവര്‍ കണ്ടല്ല തങ്ങളുടെ ഗുരുവിനെ അനുഭവിച്ചത്‌. കാരണം, അതുവരെ കൂടെ നടന്നവന്‍, കൂടെ താമസിക്കാന്‍ വന്നവന്‍, അപ്പം മുറിച്ച്‌ പങ്കുവെച്ചവന്‍ കണ്ണുതുറക്കപ്പെട്ടപ്പോള്‍ അവരുടെ മുമ്പിലുണ്ടായിരുന്നില്ല. എന്നാല്‍ ഈ ‘അസാന്നിധ്യ’ത്തിന്റെ സാന്നിധ്യത്തില്‍ തങ്ങളുടെ ഗുരുവിന്റെ സാന്നിധ്യം ഏറ്റവും ശക്തമായി അവര്‍ തിരിച്ചറിഞ്ഞു. ഈ സാന്നിധ്യാനുഭവത്തില്‍ നില്‍ക്കുന്ന ശിഷ്യരാണ്‌ തിരുവചനത്തിന്റെ പൊരുള്‍ ഗ്രഹിക്കുന്നതും ഹൃദയത്തിന്റെ ജ്വലനം തിരിച്ചറിയുന്നതും. ഗുരു ചെയ്തത്‌ - വചനം പങ്കുവെച്ചതും അപ്പം മുറിച്ചതും - ആണ്‌ അവിടുത്തെ ‘അസാന്നിധ്യ'ത്തിലും അവിടുത്തെ തിരിച്ചറിയാനും സാന്നിധ്യത്തിന്റെ തീവ്രത മനസ്സിലാക്കാനും അവരെ സഹായിച്ചത്‌. വി. കുർബ്ബാനയിലെ ഈശോയുടെ കൗദാശിക സാന്നിധ്യത്തിന്റെ അന്തസത്ത ഇതാണ്‌. ഇവ രണ്ടും ഇനി ക്രിസ്തുവിന്റെ കൂദാശയായ സഭയിലും ഒന്നിച്ചു കാണേണ്ടതാണ്‌. വചനത്തില്‍ പങ്കുവെയ്ക്കപ്പെട്ടവനെ, വെളിപ്പെടുത്തപ്പെട്ടവനെ, ആ അനുഭവത്തിന്റെ പൂര്‍ത്തിയില്‍ അഥവാ അത്യുച്ചത്തിലെത്തിക്കുന്നത്‌ അവന്‍ ചെയ്ത കര്‍മ്മത്തിലൂടെയാണ്‌- അപ്പം എടുത്ത്‌, ആശീര്‍വദിച്ച, മുറിച്ച്‌, കൊടുക്കുമ്പോള്‍ ((ലൂക്ക 24:30).

സഭയുടെ പ്രാരംഭം മുതലേ വചനത്തിന്റെയും അപ്പത്തിന്റെയും രണ്ട്‌ മേശകള്‍ സഭ തന്റെ മക്കള്‍ക്കായി ഒരുക്കുന്നെന്ന്‌ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ “കര്‍ത്താവിന്റെ അത്താഴം” എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ പറയുന്നു. വചനമേശ ദൈവവചനത്തിന്റെ സാര്‍വ്വത്രികത സൂചിപ്പിക്കുകയും വചനത്തിന്‌ സാക്ഷികളും പങ്കുകാരുമാകാന്‍ നമ്മെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. അപ്പത്തിന്റെ മേശയിലൂടെ ക്രിസ്തു നമ്മോടൊന്നാകാൻ തന്നെത്തന്നെ സമര്‍പ്പിക്കുന്നു. 

കര്‍ത്താവായ യേശുവിന്റെ ഓര്‍മ്മയ്ക്കായി ഓരോ പ്രാവശ്യവും സഭ അപ്പമെടുത്ത്‌, ആശീര്‍വദിച്ച്‌, മുറിച്ച്‌ നല്‍കുമ്പോള്‍ അവന്‍ തന്നെയാണ്‌ സഭയിലൂടെ ഇത്‌ ചെയ്യുന്നത്‌. കാരണം, സഭയില്‍ അവന്‍ ജീവിക്കുന്നു. ഈ വിശ്വാസമാണ്‌ സഭയെ മുന്നോട്ട്‌ നയിക്കുന്നത്‌.

ഉപ്പിന്റെ ഉറപ്പ്‌

ഈശോയുടെ പുനരുത്ഥാന വെളിപ്പെടുത്തലുകളെ (cf. ലൂക്ക 24:30-31; യോഹ 20:14-16) സൂചിപ്പിക്കുന്നതിന്‌ ‘ഒഫ്തേ’ (Ophthe-appeared;  he made himself seen) എന്ന ഗ്രീക്ക്‌ പദമാണ്‌ വിശുദ്ധ ഗ്രന്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌. പഴയ നിയമത്തില്‍ ദൈവത്തിന്റെയോ ദൈവദൂതന്റെയോ വെളിപ്പെടുത്തലുകളെയാണ്‌ ‘ഒഫ്തേ’ സൂചിപ്പിക്കുന്നത്‌. മാമ്രേയുടെ ഓക്കുമരത്തിനു സമീപം കര്‍ത്താവ്‌ അബ്രാഹത്തിന്‌ പ്രതൃക്ഷപ്പെടുന്നതും (ഉല്‍പ 18:1) മൂള്‍പ്പടര്‍പ്പില്‍ ദൈവദൂതന്‍ മോശയ്ക്ക്‌ പ്രത്യക്ഷപ്പെടുന്നതും (പുറ 3:2) ഇതിനുദാഹരണങ്ങളാണ്‌. ഉത്ഥാനശേഷം ശിഷ്യരെ ധൈര്യപ്പെടുത്തുന്നതിന്‌ പലയാവര്‍ത്തി ശിഷ്യര്‍ക്ക്‌ പ്രത്യക്ഷപ്പെട്ട ഈശോ അവര്‍ക്കൊപ്പം ഭക്ഷിച്ചു (cf. ലൂക്ക 24:30, 43; യോഹ 21:12; അപ്പ 1:4). ഉത്ഥിതനായ ഈശോയുടെ സാന്നിധ്യം ശിഷ്യര്‍ പ്രത്യേകമാംവിധം അനുഭവിച്ച അവസരങ്ങളായിരുന്നു അവ.

അപ്പസ്തോലപ്രവർത്തനങ്ങൾ 1:4 - ല്‍ ഉപയോഗിച്ചിരിക്കുന്ന ‘സിനലൈസോമെനോസ്‌’ (Synalyzomenos) എന്ന ഗ്രീക്ക്‌ പദത്തിന്റെ വാച്യാർത്ഥം ‘അവരോടൊത്ത്‌ ഉപ്പ്‌ പങ്കുവെയ്ക്കുമ്പോള്‍’ എന്നാണ്‌. ഉപ്പ്‌ ഒരു ഗുണം (quality) ആയിട്ടാണ്‌ വി. ഗ്രന്ഥം അവതരിപ്പിക്കുന്നത്‌. ഇവിടെ ഈ അലങ്കാരം സൂചിപ്പിക്കുന്നത്‌ ഈശോയും ശിഷ്യരും തമ്മിലുള്ള ആഴവും ദൃഢവുമായ ബന്ധത്തെയാണ്‌. ഉത്ഥിതനായ ഈശോ ഓരോ പ്രാവശ്യം ശിഷ്യര്‍ക്ക്‌ തന്നെത്തന്നെ വെളിപ്പെടുത്തുകയും അപ്പം മുറിച്ച്‌ പങ്കുവെയ്ക്കുകയും ചെയ്തപ്പോള്‍ ഈശോയും ശിഷ്യരും തമ്മിലും ശിഷ്യന്മാര്‍ പരസ്പരവുമുള്ള ബന്ധത്തില്‍ ആഴപ്പെടുകയും ബലപ്പെടുകയുമായിരുന്നു. തുടര്‍ന്ന്‌ ഓരോ വി. കുർബ്ബാനയര്‍പ്പണത്തിലും ഈശോയുടെ ഭൗതികമായ അസാന്നിധ്യം അപ്പസ്തോല സമൂഹങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും അവിടുത്തെ സാന്നിധ്യം അവര്‍ ശക്തമായി തിരിച്ചറിഞ്ഞു. കാരണം ഓരോ അപ്പം മുറിക്കലും ഈശോയുടെ വാക്കുകളും പ്രവര്‍ത്തികളും അതുല്യമായി സമ്മേളിക്കുന്ന നിമിഷങ്ങളായിരുന്നു.

കര്‍ത്താവിന്റെ അത്താഴം

ഈശോയുടെ പരസൃജീവിതകാലത്ത്‌ ഈശോയൊടൊത്ത്‌ ഭക്ഷിച്ചിരുന്നെങ്കിലും ഉത്ഥിതനായ ഈശോയൊടൊത്തുള്ള ഭക്ഷണത്തിലാണ്‌ തന്നെത്തന്നെ പകുത്തുനല്‍കുന്ന അവിടുത്തെ ആത്മദാനത്തിന്റെ മഹത്വം ശിഷ്യര്‍ രുചിച്ചറിഞ്ഞത്‌. ഇത്‌ അവിടുത്തെ ഓര്‍മ്മ തങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരാനും അവിടുത്തെപ്പോലെ ആത്മദാനമാകുന്നതിന്റെ നിറവ്‌ അനുഭവിക്കാനും ശിഷ്യരെ സജ്ജമാക്കി. 

ജറുസലെമിലെ അപ്പസ്തോല സഭയുടെ ഒരു ചിത്രം അപ്പസ്തോലന്മാരുടെ നടപടിപുസ്തകം നല്‍കുന്നുണ്ട്‌: “അവര്‍ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താല്‍പര്യപൂര്‍വ്വം പങ്കുചേര്‍ന്നു” (അപ്പ 2:42). ക്രൈസ്തവ സമൂഹത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന നാല് ഘടകങ്ങള്‍ ഇവിടെ കാണാം: 1) അപ്പംമുറിക്കല്‍; 2) അപ്പസ്തോലന്മാരുടെ പ്രബോധനം; 3) കൂട്ടായ്മ; 4) പ്രാര്‍ത്ഥന. ഇവയില്‍ ഒന്നിനെ മറ്റൊന്നില്‍നിന്ന്‌ സ്വതന്ത്രമാക്കാനാവാത്തവിധം ഒന്നിച്ചു നില്‍ക്കുന്നു. ഇതിനെ ഒരു “സഭാസംഭവം” (Ecclesial Event) എന്ന്‌ വിശേഷിപ്പിക്കാം. വി. കുർബ്ബാനയെന്ന കൂദാശയുടെ നാല് തലങ്ങള്‍ അഥവാ ഘടകങ്ങളാണ്‌ ഇവിടെ കാണുന്നത്‌. മുറിക്കപ്പെടുന്ന അപ്പവും അപ്പസ്തോല പ്രബോധനവും പങ്കുവെയ്ക്കുന്ന കൂട്ടായ്മയുടെ സമൂഹവും പ്രാർത്ഥനയുമെല്ലാം വി. കുർബ്ബാനയില്‍ സമ്മേളിക്കുന്നു. പങ്കുവെയ്ക്കലും ക്രിസ്തു സാന്നിധ്യത്തിലുള്ള വിശ്വാസവും അവരുടെ സമ്മേളനങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി.

ഈശോയൊടൊത്ത്‌ പ്രാര്‍ത്ഥിച്ചതിന്റെയും ഭക്ഷിച്ചതിന്റെയും അനുഭവങ്ങള്‍ അപ്പസ്തോലന്മാര്‍ക്ക്‌ ഉണ്ടായിരുന്നെങ്കിലും ഉത്ഥിതനോടൊത്തുള്ള വിരുന്നിലെ പങ്കുചേരല്‍ എങ്ങനെ ആയിരിക്കണമെന്നതിന്റെ ഒരു മുന്നാസ്വാദനമായിരുന്നു അവസാന അത്താഴം (Last Supper). അതിനാല്‍ അവസാന അത്താഴവും (Last Supper) കര്‍ത്താവിന്റെ അത്താഴവും (Lord’s Supper) അവര്‍ക്ക്‌ ഒന്നായി കാണാന്‍ സാധിച്ചു. ഇത്‌ സാധിച്ചത്‌ പീഡാനുഭവവും മരണവും ഉത്ഥാനവും തമ്മിലുള്ള ബന്ധത്തിലാണ്‌. ഈശോയുടെ സ്വര്‍ഗ്ഗാരോഹണശേഷം, അവിടുത്തെ അവസാന അത്താഴവും ഉത്ഥാനശേഷമുള്ള പന്തിഭോജനങ്ങളും കൂട്ടിയിണക്കിയാണ്‌ അവിടുത്തെ മരണോത്ഥാനങ്ങളുടെ ഓര്‍മ്മ ആചരിച്ചിരുന്നത്‌.

അപ്പസ്തോല സമൂഹത്തിലെ വി. കുർബ്ബാന നുറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അന്തസത്തയില്‍ മാറ്റമില്ല. കര്‍ത്താവിന്റെ സാന്നിധ്യത്തിലുള്ള വിശ്വാസവും അവിടുത്തെ പങ്കുവെയ്ക്കുന്ന മാതൃകയുമാണ്‌ ഇന്നും വിശ്വാസികളെ അവിടുത്തെ മേശയില്‍ ഒന്നുചേര്‍ക്കുന്നത്‌. ഇന്നത്തെപോലെ നിയതമായ രീതിയിലുള്ള വി. കുർബ്ബാനയും വി. ഗ്രന്ഥവും ഇല്ലാതിരുന്നപ്പോഴും അപ്പസ്തോലന്മാരെയും  ആദിമക്രിസ്ത്യാനികളേയും ഒന്നിപ്പിച്ചത്‌ ഉത്ഥിതനായ കര്‍ത്താവിന്റെ സാന്നിധ്യത്തിലുള്ള വിശ്വാസമായിരുന്നു. ഭൗതികമായ അസാന്നിധ്യത്തിലും അവിടുത്തെ ശക്തമായ സാന്നിധ്യം കര്‍ത്താവിന്റെ അത്താഴത്തില്‍ ഒത്തുചേര്‍ന്ന സമൂഹം അനുഭവിച്ചറിഞ്ഞു. അപ്പസ്തേഠാലണ്ടാരുടെ അനുഭവ സാക്ഷ്യവും പ്രബോധനങ്ങളും അതിനുറപ്പേകി.

ദിവ്യകാരുണ്യത്തിലുള്ള തന്റെ വിശ്വാസം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ബ്രാന്റ്‌ പിട്രെ ഉത്തരം കണ്ടെത്തിയത്‌ ഇന്നും ജീവിക്കുന്ന ക്രിസ്തുവിന്റെ വചനത്തിലാണ്‌. “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്‌” എന്ന്‌ പിട്രെയോട്‌ മന്ത്രിച്ച ഈശോ ഓരോ വി. കുർബ്ബാനയിലും അപ്പത്തിന്റെ രൂപത്തിൽ അവനെ കൈകളിലെടുക്കുമ്പോള്‍ നമ്മോട്‌ പറയുന്നു: “വാങ്ങി ഭക്ഷിക്കുവിന്‍; ഇത്‌ എന്റെ ശരീരമാണ്‌”. വിശ്വാസത്തിന്റെ കണ്ണുതുറക്കാനുള്ള ഒരു ക്ഷണമാണിത്‌.

ക്രിസ്തുവിന്റെ സഭയിലെ സാന്നിധ്യം വിശ്വാസസമൂഹം ഇന്ന്‌ ഏറ്റവും ശക്തമായി അനുഭവിക്കുന്നത്‌ വി. കുർബ്ബാനയിലൂടെയും തിരുവചനത്തിലൂടെയുമാണ്‌. ഈ സാന്നിധ്യത്തിന്റെ ശക്തിയില്‍ രൂപപ്പെടുത്തിയ ധാര്‍മ്മികതയിലൂന്നിയ ജീവിത സാക്ഷ്യത്തിലൂടെ എല്ലാറ്റിനേയും ക്രിസ്തുവിലേയ്ക്ക്‌ നയിക്കുന്ന, ഒപ്പം ക്രിസ്തുവിനെ ലോകത്തിനു നല്‍കുന്ന കുദാശയായി നിലകൊള്ളുകയാണ്‌ ഒരു സുഹമെന്ന നിലയില്‍ സഭയുടെയും വ്യക്തിപരമായി ഓരോ വിശ്വാസിയുടെയും ദൗത്യം. 

ഡോ. ഷിബി കാട്ടിക്കുളക്കാട്ട് MCBS_image
ഡോ. ഷിബി കാട്ടിക്കുളക്കാട്ട് MCBS

ദൈവശാസ്ത്ര അധ്യാപകൻ, സനാതന ദിവ്യകാരുണ്യ വിദ്യാപീഠം, താമരശ്ശേരി