+91 8590 373975
https://eucharistiamcbs.com/public/storage/images/amEYQCI2GKGITmCt0XZx8P8RW6YPmv1PdwXYuLrM.jpg

വി. കുർബ്ബാന സമൃദ്ധജീവന്റെ കൂദാശ

യേശു വി. കുർബ്ബാനയെക്കുറിച്ച് പറഞ്ഞത് ജീവൻ നല്കുന്ന തന്റെ ശരീരമാകുന്ന അപ്പമെന്നാണ്. വി. കുർബ്ബാന പ്രദാനം ചെയ്യുന്ന ജീവനെക്കുറിച്ചും സമൃദ്ധ ജീവനെക്കുറിച്ചുമാണ് ഈ ലേഖനം പഠിക്കുക.
1. ജീവിക്കുന്നതും ജീവൻ നൽകുന്നതുമായ അപ്പം

വി. കുർബ്ബാന, അപ്പത്തിൽ ജീവിക്കുന്ന യേശുക്രിസ്തുവാണെന്ന്  വി. യോഹന്നാൻ രേഖപ്പെടുത്തിയിട്ടുണ്ട്: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്‌. ഞാന്‍ ജീവന്റെ അപ്പമാണ്‌. നിങ്ങളുടെ പിതാക്കന്‍മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്‌ഷിച്ചു; എങ്കിലും അവര്‍ മരിച്ചു. ഇതാകട്ടെ, മനുഷ്യന്‍ ഭക്‌ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്‌. ഇതു ഭക്‌ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍ന്റെ  ശരീരമാണ്‌. ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്‍െറ ശരീരം നമുക്കു ഭക്‌ഷണമായിത്തരാന്‍ ഇവന്‌ എങ്ങനെ കഴിയും എന്ന്‌ അവര്‍ ചോദിച്ചു. യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ  രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും" (യോഹ 6 : 47-57).

യേശുവിന്റെ പ്രസ്താവനയെ ഇങ്ങനെ ചുരുക്കാം: "ഞാൻ ജീവന്റെ അപ്പം" ആണ് ("ജീവനുള്ള അപ്പം ഞാനാണ്"). "എന്നെ ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും." "ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌." "എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും." വിശുദ്ധ കുർബ്ബാനയിൽ   വിശ്വാസി കൗദാശീകമായി സ്വീകരിക്കുന്നതും ഭക്ഷിക്കുന്നതും  ജീവനുള്ള യേശുക്രിസ്തുവിനെയാണ് എന്ന് യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം വ്യക്തമാക്കുന്നുണ്ട്. അക്കാര്യം ഇവിടെ വ്യക്തമായി കണ്ടതിനാൽ കൂടുതൽ പഠനവിഷയമാക്കുന്നില്ല. വിശുദ്ധ കുർബ്ബാന ജീവന്റെ കൂദാശയാണ്. വി. കുർബ്ബാന ജീവനും സമൃദ്ധ ജീവനും നിത്യജീവനും (ഉയിർപ്പും) നല്കുന്നു.

2. ജീവനിൽ നിലനിർത്തി വളർത്തുന്ന അപ്പം

ഭക്ഷണവും ജീവനും വേർതിരിക്കാൻ പാടില്ലാത്ത പോലെ ബന്ധപ്പെട്ട യാഥാർത്ഥ്യമാണ്. ഇസ്രയേൽക്കാരെ പട്ടിണിമരണത്തിൽ നിന്ന് രക്ഷിച്ചത് ദൈവം മരുഭൂമിയിൽ അത്ഭുതകരമായി പൊഴിച്ച മന്നയാണ്. ഇസ്രയേൽ മക്കളുടെ ജീവൻ നിലനിർത്തിയ മന്ന വി. കുർബ്ബാനയുടെ പഴയനിയമ പ്രതീകമാണെന്നു യേശു തന്നെ വ്യക്തമാക്കിയല്ലോ (യോഹ 6:49-50). പുറപ്പാടിന്റെ പുസ്തകം ഇക്കാര്യം വിവരിക്കുന്നു: "ഇസ്രായേല്‍ക്കാര്‍ അതിനു മന്നാ എന്നു പേരു നല്‌കി. അതു കൊത്തമ്പാലരി പോലെയിരുന്നു. വെളുത്തതും തേന്‍ ചേര്‍ത്ത അപ്പത്തിന്റെ രുചിയുള്ളതുമായിരുന്നു.
 ഇസ്രയേല്‍ക്കാര്‍ മനുഷ്യവാസമുള്ള സ്‌ഥലത്തെത്തുന്നതുവരെ നാല്‍പതു വര്‍ഷത്തേക്കു മന്നാ ഭക്‌ഷിച്ചു. കാനാന്‍ ദേശത്തിന്റെ അതിര്‍ത്തിയിലെത്തുന്നതുവരെ മന്നായാണ്‌ അവര്‍ ഭക്‌ഷിച്ചത്‌"
 (പുറ 16 : 31-35). സ്വർഗ്ഗീയ കാനാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ദൈവം അയച്ചുകൊടുക്കുന്ന ജീവൻ നല്കുന്ന സ്വർഗ്ഗീയ അപ്പമാണ് വി. കുർബ്ബാന. മരുഭൂമിയിൽ മന്നാ അത്ഭുതകരമായി നല്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇസ്രായേൽക്കാരുടെ മരണം നിശ്ചയമായിരുന്നു. മരുഭൂമിയിലെ പരീക്ഷകളെ അതിജീവിച്ച യേശു ദിവ്യകാരുണ്യ സാന്നിധ്യമായി വിശ്വാസിയിൽ വസിച്ച് പ്രലോഭനങ്ങളെ തരണം ചെയ്തു സ്വർഗ്ഗീയ ജീവനിലേക്ക്, അവനിൽ വിശ്വസിക്കുന്നവരെ, വി. കുർബ്ബാന വഴി നയിക്കുന്നു. യേശു വഴിയും സത്യവും മാത്രമല്ല ജീവൻ കൂടിയാണ് (യോഹ 14:6).
 
 
3. വി. കുർബ്ബാനയും സമൃദ്ധ ജീവനും
 

 യേശു വന്നത് സമൃദ്ധ ജീവൻ നല്കാനാണ്. അതിനാൽ വി. കുർബ്ബാന നമുക്ക് നല്കുന്നത് സമൃദ്ധ ജീവനാണ്. യേശു പറയുന്നു, "മോഷ്‌ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളന്‍ വരുന്നത്‌. ഞാന്‍ വന്നിരിക്കുന്നത്‌ അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്‌ധമായി ഉണ്ടാകാനുമാണ്‌" (യോഹ 10 :10). സമൃദ്ധ ജീവനെ നിത്യജീവനായി മനസ്സിലാക്കാവുന്നതാണ്. സ്വർഗ്ഗത്തിലെ നിത്യമായ ജീവിതത്തെ അത് സൂചിപ്പിക്കുന്നു. ഉത്ഥാനത്തിൽ ലഭിക്കുന്ന മഹത്വമുള്ള ശരീരത്തോടെയുള്ള നിത്യജീവനേയും ഇത് സൂചിപ്പിക്കുന്നുണ്ട്.

സമൃദ്ധ ജീവന് മറ്റൊരു അർത്ഥം കൂടിയുണ്ട്. പാപ പ്രലോഭനത്തെ കീഴടക്കാൻ ശക്തിയുള്ള ആത്മീയ ജീവനാണത്. കിടപ്പ് രോഗിക്ക് ജീവനുണ്ട്; പക്ഷെ മുറിയിൽ കയറി വന്ന വിഷപ്പാമ്പിനെ ഓടിച്ചു വിടാൻ തക്ക ശക്തിയില്ല. എന്നാൽ ആരോഗ്യമുള്ള ഒരു വ്യക്തിക്ക് പാമ്പിനെ ഓടിച്ച് വിടാൻ സാധിക്കും. പ്രലോഭനങ്ങളെ വിജയിക്കാൻ കഴിവുള്ള വ്യക്തി സമൃദ്ധജീവനുള്ള വ്യക്തിയാണ്. വി. കുർബ്ബാന, പാപം ചെയ്യാതെ ജീവിക്കാൻ കൃപ നല്കുന്നു. അത് സാധ്യമാണെന്ന് വി. യോഹന്നാൻ പറയുന്നു: “പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്‌, എന്തെന്നാല്‍, പിശാച്‌ ആദിമുതലേ പാപം ചെയ്യുന്നവനാണ്‌. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്‌ഷനായത്‌. ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട്‌ അവനു പാപം ചെയ്യാന്‍ സാധ്യമല്ല” (1 യോഹ 3 : 8-9). വി. കുർബ്ബാന വഴി ഒരാൾ ദൈവീക ചൈതന്യത്തിന് അർഹമായിത്തീരുന്നു; സമൃദ്ധ ജീവനും. 

4. വി. കുർബ്ബാന ജീവനുള്ള ശരീരവും ജീവനുള്ള രക്തവുമാണ്

1996 ആഗസ്റ്റ് 18- ന് വൈകിട്ട് ഏഴ് മണിക്കു അർജന്റീനയുടെ തലസ്ഥാനമായ ബേണസ്‌ ഐറിസിലെ (Buenos Aires)   ഒരു കത്തോലിക്കാ ദേവാലയത്തിൽ  ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഒരു ഓസ്തി ഉപേക്ഷിക്കപ്പെട്ടതായി കണ്ടു. വൈദികൻ അത്  വെള്ളത്തിൽ ഇട്ട് സക്രാരിയിൽ സൂക്ഷിച്ചു. ഒരാഴ്ചക്ക്ശേഷം ആഗസ്റ്റ് 26 – ന് അദ്ദേഹം ആ പാത്രം നോക്കിയപ്പോൾ ഓസ്തി  രക്തനിറത്തിൽ ആയിരിക്കുന്നത് കണ്ടു. രൂപതയിലെ സഹായമെത്രനായിരുന്ന ജോർജ്ജ് ബെർഗോളിയോയെ (Jorge Bergoglio -   ഇപ്പോഴത്തെ പോപ്പ് ഫ്രാൻസീസ്) ഈ വിവരം അറിഞ്ഞു.  പത്തു ദിവസങ്ങൾ കൊണ്ട് ഓസ്തി രക്ത നിറമുള്ള ഒരു മാംസകഷ്ണംപോലെ കാണപ്പെട്ടു. കൂടാതെ അതിന്റെ വലിപ്പം കൂടുകയും ചെയ്തു. ഓസ്തി  സക്രാരിയിൽ ഒരു ടെസ്റ്റൂബിലെ ഡിസ്റ്റിൽഡ് വെള്ളത്തിൽ സൂക്ഷിക്കുകയും  മൂന്ന് വർഷങ്ങൾക്ക് ശേഷം കർദ്ദിനാൾ ബെർഗോളിയോ ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ നിശ്ചയിക്കുകയും ചെയ്തു. 1999 ഒക്ടോബർ 5 - ന് പ്രശസ്ത കാർഡിയോളജിസ്റ്റും ഫോറൻസിക് പതോളജിസ്റ്റും ആയ ഡോ. ഫ്രെഡറിക് സുഗൈബ (Dr. Frederic Zugiba, the well-known cardiologist and forensic pathologist) ഓസ്തി ശാസ്ത്രീയമായി പരിശോധിച്ചു. അദ്ദേഹം ഇത്‌ മനുഷ്യന്റെ മാംസവും മനുഷ്യന്റെ ഡിഎൻഎ അടങ്ങിയ രക്തവും (AB+) ആണെന്ന് കണ്ടെത്തി. 

ഡോ. ഫ്രെഡറിക് സുഗൈബയുടെ കണ്ടെത്തലുകൾ:
 “പരിശോധിച്ച വസ്തുവിൽ മനുഷ്യന്റെ ഹൃദയത്തിന്റെ വാൽവുകളോടു ചേർന്നുള്ള  ഭാഗമാണ്  കണ്ടെത്താന്‍ സാധിച്ചത്. ഹൃദയത്തിന്റെ സങ്കോചവികാസത്തിന് ഈ പേശികൾ കാരണമാകുന്നു.  ഇടതു കാർഡിയാക് വെൻട്രിക്കിൾ (the left cardiac ventricle) ആണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും രക്തം പമ്പുചെയ്യുന്നത്.  ഇതിൽ വെള്ളരക്താണുക്കൾ ഉണ്ടായിരുന്നു. അതിനർത്ഥം സാമ്പിൾ എടുക്കുന്ന സമയത്ത് ഹൃദയം തുടിക്കുന്നുണ്ടായിരുന്നു എന്നാണ്. വെള്ള രക്താണുക്കൾക്കു ജീവിക്കുന്നതിന് ഒരു ജീവപശ്ചാത്തലം ആവശ്യമാണ്.” 

ഒരു വിശ്വാസി അത്ഭുതങ്ങൾ കണ്ട് വിശ്വസിക്കുകയില്ല, അതിനപ്പുറം വിശ്വാസത്തിന്റെ കണ്ണുകൾകൊണ്ട് ഭൗതിക നേത്രങ്ങൾക്കപ്പുറമുള്ളതിനെ കാണുകയാണ് വേണ്ടത്. കൂദാശയെക്കുറിച്ചുള്ള സഭയുടെ നിർവ്വചനവും പ്രതീകങ്ങളിലൂടെ അവയ്ക്കപ്പുറം അവയുൾക്കൊള്ളുന്ന യാഥാർഥ്യത്തെ കാണുന്നതിനാണ് വിശ്വാസിയെ ക്ഷണിക്കുന്നത്. എന്നാൽ കൂദാശയെന്ന അത്ഭുതത്തിലെ ദൈവത്തിന്റെ ‘അത്ഭുതത്തെ’/സത്യത്തെ നമുക്ക് മറച്ചുവയ്ക്കാനാവില്ലല്ലോ. 

5. വി. കുർബ്ബാന: ജീവന്റെ സുവിശേഷം

സ്വന്തം ജീവനും അയൽക്കാരന്റെ/രിയുടെ ജീവനും സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കാതെ ദിവ്യകാരുണ്യ മേശയെ എങ്ങനെ ഒരാൾ സമീപിക്കും! ദിവ്യകാരുണ്യം മററുള്ളവരോട്, പ്രത്യേകിച്ച് ദരിദ്രരോട്, കരുണ കാണിക്കാനുള്ള ക്ഷണം ഉൾക്കൊള്ളുന്നുണ്ട് (CCC 1397). മനുഷ്യ ജീവൻ മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും ജീവൻ സംരക്ഷിക്കാനുള്ള കടമ വി. കുർബ്ബാനയിലെ ജീവിക്കുന്ന യേശുക്രിസ്തു വിശ്വാസികളെ ഏല്പിക്കുന്നു.

6. വി. കുർബ്ബാനയും പാപം ഉപേക്ഷിക്കുന്നവർക്കുള്ള സമൃദ്ധ ജീവനും

സ്വഭവനം വിട്ട് പാപം ചെയ്തു ജീവിച്ച മകനെ പിതാവ് വിളിച്ചത് മൃതനെന്നാണ്. ധൂർത്ത പുത്രൻ തിരിച്ചു വന്നപ്പോൾ അവന് ജീവൻ ലഭിച്ചു. പിതാവ് പറഞ്ഞു: “എന്റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്‌ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു. അവര്‍ ആഹ്ലാദിക്കാന്‍ തുടങ്ങി” (ലൂക്കാ 15 : 24).

പശ്ചാത്തപിച്ച് ഒരുങ്ങി സ്വീകരിക്കുന്നവർക്ക് ജീവൻ നല്കുന്ന അപ്പമായാണ് വി. പൗലോസ് വി. കുർബ്ബാനയെ മനസ്സിലാക്കിയത്: "കൃതജ്‌ഞതയര്‍പ്പിച്ചതിനുശേഷം, അപ്പം മുറിച്ചുകൊണ്ട്‌ [യേശു] അരുളിച്ചെയ്‌തു: ഇത്‌ നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്‌. എന്റെ ഓര്‍മയ്‌ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്‌ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌. അതിനാല്‍, ഓരോരുത്തരും ആത്‌മശോധനചെയ്‌തതിനുശേഷം ഈ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ”
 (1 കോറി 11 : 24-28).

മരുഭൂമിയിൽ മന്നാ ഭക്ഷിച്ചവരിൽ ചിലർ പാപം ചെയ്ത് സർപ്പദംശനമേറ്റ് മരിച്ചപ്പോൾ കുരിശിലെ യേശുവിന്റെ പഴയനിയമ പ്രതീകമായ നാട്ടപ്പെട്ട പിച്ചള സർപ്പത്തെ പശ്ചാത്താപത്തോടെ നോക്കിയവർ മരണമുഖത്തു നിന്നു് ജീവനിലേക്ക്‌ കടന്നു വന്നു.
 സംഖ്യയുടെ ഗ്രന്ഥത്തിൽ ഇപ്രകാരം വായിക്കുന്നു: "ദൈവത്തിനും മോശയ്‌ക്കുമെതിരായി അവര്‍ സംസാരിച്ചു. ഈ മരുഭൂമിയില്‍ മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്നതെന്തിന്‌? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പം തിന്നു ഞങ്ങള്‍ മടുത്തു. അപ്പോള്‍ കര്‍ത്താവ്‌ ജനത്തിന്റെ ഇടയിലേക്ക്‌ ആഗ്‌നേയ സര്‍പ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ്‌ ഇസ്രായേലില്‍ വളരെപ്പേര്‍ മരിച്ചു... കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട്‌ ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു” (സംഖ്യ 21 : 5-9). മന്നാ ഭക്ഷിച്ചവർ മരിച്ചു എന്നതിനു അവർ പാപം ചെയ്തു എന്നും അർത്ഥമുണ്ടല്ലോ. പശ്ചാത്താപത്തോടെ വി. കുർബ്ബാനയെ സമീപിക്കുന്നവർക്കു ആത്മീയ ജീവനിലേക്കും സൗഖ്യത്തിലേക്കും വരാൻ സാധിക്കുന്നു.

വി. യോഹന്നാൻ ഈ പഴയ നിയമ സംഭവത്തെ യേശുവിന്റെ കുരിശാരോഹണവുമായി ബന്ധിപ്പിച്ച് വിവരിക്കുന്നുണ്ട്: “മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ,
 തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന്‌ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ 3 : 13-17). യേശുവിൽ വിശ്വസിക്കുന്നവരാണ് നശിച്ചുപോകാതെ ജീവിക്കുന്നത്. വിശ്വസിക്കുക എന്നതിന് പാപം ഉപേക്ഷിച്ച് ജീവിച്ച്‌ പ്രവർത്തിയിലൂടെ വിശ്വാസം പ്രകടമാക്കുക എന്ന അർത്ഥമുണ്ട്.  "പ്രവൃത്തികള്‍ കൂടാതെയുള്ള നിന്റെ വിശ്വാസം എന്നെ കാണിക്കുക. ഞാന്‍ എന്റെ പ്രവൃത്തികള്‍ വഴി എന്റെ വിശ്വാസം നിന്നെ കാണിക്കാം" (യാക്കോ 2 : 18). പശ്ചാത്താപത്തോടെ വി. കുർബ്ബാനയെ സമീപിക്കുന്നവർ യേശുക്രിസ്തുവിന്റെ ജീവനിൽ പങ്കുപറ്റുന്നു. യൂദാസ് സ്ക്കറിയോത്ത പശ്ചാത്താപത്തോടെയല്ല വി. കുർബ്ബാന സ്വീകരിച്ചത്.

7. മരണം ജീവൻ നൽകിയ അപ്പം

വി. കുർബ്ബാന ജീവനുള്ള അപ്പമാകാൻ കാരണം യേശുവിന്റെ മരണമാണ്. അന്ത്യത്താഴ സമയത്ത് യേശു തന്റെ കുരിശിലെ മരണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.   അത്താഴത്തിനുശേഷം യേശു പാനപാത്രം എടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്‌തത്തിലുള്ള പുതിയ ഉടമ്പടിയാണ്‌ (ലൂക്കാ 22 : 20). അഴിയുന്ന ഗോതമ്പുമണിക്കേ പുതിയ ജീവൻ നേടി ഫലം പുറപ്പെടുവിക്കാൻ സാധിക്കൂ (യോഹ 12:24). വി. കുർബ്ബാന ത്യാഗപൂർവ്വകമായ അധ്വാനത്തിലൂടെ ജീവിത കടമകൾ നിർവ്വഹിച്ച് വിജയികളാകാൻ വിശ്വാസികളെ ക്ഷണിക്കുന്നു. അലസതയുടെയും സ്വർത്ഥതയുടെയും ജീവൻ മന:പൂർവ്വം കളയുന്നവരാണ് പുതുജീവൻ നേടുന്നത്. യേശു പറഞ്ഞു:  “തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക്‌ അതിനെ കാത്തുസൂക്‌ഷിക്കും” (യോഹ 12 : 25). വി. കുർബ്ബാനയിലെ ജീവൻ ഒരുവന് നേടാനും മറ്റുള്ളവർക്ക് പകരാനും ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ല.

വി. കുർബ്ബാന ജീവന്റെയും സമൃദ്ധ ജീവന്റെയും കൂദാശയാണ്. മന്നാ ഭക്ഷിച്ചവരിൽ പലരും പാപം മൂലം മരിച്ചു. പിച്ചള സർപ്പത്തെ നോക്കിയവർ ജീവനിലേക്ക് വന്നു. കുരിശിലുയർത്തപ്പെട്ട യേശുവിനെ വിശ്വാസത്തോടെ നോക്കുന്നവർ സമൃദ്ധ ജീവൻ സ്വന്തമാക്കുന്നു. മന്നാ അത്ഭുതകരമായി ദൈവത്താൽ നല്കപ്പെട്ടതും ഇസ്രായേൽ ജനത്തിന്റെ ജീവൻ നിലനിർത്തിയതുമായ അപ്പമാണ്; വി. കുർബ്ബാന അത്യത്ഭുതകരമായ അപ്പം മാത്രമല്ല; ക്രിസ്തുവെന്ന വ്യക്തി കൂടിയാണ്. ഈ അപ്പം സമൃദ്ധ ജീവൻ നല്കുന്നു.

ഡോ. ജോൺ എഫ്. ചെറിയവെളി VC

ഡയറക്ടർ, ഡീപോൾ വെൽഫെയർ റിട്രീറ്റ് സെന്റർ, മീനങ്ങാടി