+91 8590 373975
https://eucharistiamcbs.com/public/storage/images/txwuVkrcsxwDs6hOtBeVsj4oTs4rAlRjUk6fUGaB.jpg

കെടാവിളക്ക്

ക്രൈസ്തവ ദൈവാലയങ്ങളിൽ കെടാവിളക്കിന് വളരെ സവിശേഷമായ സ്ഥാനമുണ്ട്. ദൈവാലയത്തിന്റെ മദ്ബഹയിൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന കെടാവിളക്ക് വിശ്വപ്രകാശമായ ഈശോയുടെ സാന്നിധ്യം വെളിവാക്കുന്നു. സീറോ-മലബാർ സഭയിലെ ദൈവാലയങ്ങളേക്കുറിച്ചുള്ള പഠനത്തിലായിരിക്കുന്ന നമുക്ക് കെടാവിളക്കിന്റെ പ്രാധാന്യത്തെയും ദൈവാരാധനയിൽ ഇതിനുള്ള സ്ഥാനത്തെയും കുറിച്ച് ഈ ലക്കത്തിൽ പരിശോധിക്കാം.

1. സമാഗമകൂടാരത്തിലെ കെടാവിളക്ക് 

വാഗ്ദത്തഭൂമിയിലേക്കുള്ള ഇസ്രായേൽജനത്തിന്റെ പ്രയാണത്തിൽ അവർക്ക് ദൈവസാന്നിധ്യത്തിന്റെ കേന്ദ്രമായി നിലകൊണ്ടത് സാക്ഷ്യപേടകം സ്ഥിതിചെയ്തിരുന്ന സമാഗമകൂടാരമാണ്. ഈ സമാഗമകൂടാരത്തിലെ ദൈവസാന്നിധ്യത്തിന്റെ മൂന്ന് അടയാളങ്ങളെക്കുറിച്ച് പുറപ്പാട് 25:3 - ൽ പ്രതിപാദിക്കുന്നുണ്ട്. വാഗ്ദാനപേടകം (Ark of the Covenant), സ്വർണ്ണക്കാലുകളുള്ള തിരികൾ (Manora), തിരുസാന്നിദ്ധ്യ അപ്പം (The Bread of Presence) എന്നിവയാണവയായിരുന്നു അവ. 

തങ്ങളുടെ സ്രഷ്ടാവും പരിപാലകനുമായ യാഹ്‌വെയുടെ മഹനീയ സാന്നിധ്യത്തെ അവർ പൂജ്യമായി കരുതുകയും ആരാധിക്കുകയും ചെയ്തുപോന്നു. അതിനായി, ദൈവം നിശ്ചയിച്ചതനുസരിച്ച് മോശ പുരോഹിതരെ നിയോഗിക്കുന്നതായി പുറപ്പാട് പുസ്തകത്തിൽ നാം കാണുന്നുണ്ട്. ദൈവത്തിന് ബലികളും കാഴ്ചകളും സമർപ്പിക്കേണ്ട പുരോഹിതന്റെ കടമകളിൽ സുപ്രധാനമായ ഒന്നായിരുന്നു സമാഗമകൂടാരത്തിൽ വിളക്കുകൾ തെളിക്കുകയെന്നത്: "സമാഗമകൂടാരത്തിനുള്ളിൽ സാക്ഷ്യപേടകത്തിന് മുൻപിലുള്ള തിരശ്ശീലയ്ക്ക് വെളിയിൽ വിളക്ക് സന്ധ്യമുതൽ പ്രഭാതംവരെ കർത്താവിന്റെ മുൻപിൽ കത്തിനിൽക്കാൻ അഹറോനും അവന്റെ പുത്രന്മാരും ശ്രദ്ധിക്കട്ടെ" (പുറ 27:21). വിളക്ക് അണയാതെ കത്തിനിന്നത് സമാഗമകൂടാരത്തെ പ്രകാശപൂരിതമാക്കി. ഇത് ഇരുട്ടിൽ നടന്നിരുന്നവർക്ക് പ്രകാശമായി ദൈവസാന്നിധ്യം നിറഞ്ഞുനിന്നതിനെ സൂചിപ്പിക്കുന്നു.

ഇസ്രയേൽജനം എപ്രകാരമാണ് ദൈവത്തെ ആരാധിക്കുകയും വണങ്ങുകയും ചെയ്യേണ്ടതെന്ന് വിവരിക്കുന്ന ലേവ്യരുടെ പുസ്തകത്തിൽ കെടാവിളക്കിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പുരോഹിത കർത്തവ്യങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തമായ വിവരണമുണ്ട്. വിളക്കുകൾ അണയാതെ കടത്തുന്നതിന് ഒലിവിൽനിന്നെടുത്ത ശുദ്ധമായ എണ്ണ ഉപയോഗിക്കണമെന്നും അഹരോൻ നിരന്തരം ദൈവസന്നിധിയിൽ ദീപങ്ങൾ ഒരുക്കിവയ്ക്കണമെന്നും ദൈവം മോശയോട് നിർദ്ദേശിക്കുന്നത് (ലേവ്യ 24:1-4) കെടാവിളക്കിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കിത്തരുന്നതാണ്. ബാലനായ സാമുവലിന് ദൈവിക അരുളപ്പാടുണ്ടായപ്പോൾ ദൈവാലയത്തിൽ ദീപം അണഞ്ഞിരുന്നില്ല (സാമു 3:3) എന്നും കാണുന്നു. 

ഇസ്രയേൽ ജനത്തിന്റെ വിശ്വാസപാരമ്പര്യത്തിൽ ദൈവാലയത്തിലെ വിളക്കുകളുടെ പ്രാധാന്യം ചെറുതല്ല. തങ്ങളെ വഴിനടത്തുന്ന യാഹ്‌വെയുടെ സാന്നിധ്യം തങ്ങൾക്ക് സംരക്ഷണവും കവചവുമായി ഒപ്പമുണ്ടെന്ന സത്യം അവരെ ശക്തിപ്പെടുത്തി. ദൈവസാന്നിധ്യത്തോട്‌ എങ്ങനെ പ്രത്യുത്തരിക്കണമെന്ന് കെടാവിളക്ക് അവരെ ഓർമ്മിപ്പിച്ചു. അതിനാൽ ദൈവസാന്നിധ്യം അനുഭവവേദ്യമാക്കുന്ന അടയാളമായി ദൈവാലയത്തിലെ കെടാവിളക്കിനെ നമുക്ക് മനസ്സിലാക്കാം. 

2. ലോകത്തിന്റെ പ്രകാശമാകുന്ന ഈശോ

പുതിയനിയമ വീക്ഷണത്തിൽ, ലോകാവസാനംവരെ നമ്മോടുകൂടെയായിരിക്കുന്ന ഈശോയുടെ സാന്നിധ്യം അവിടുത്തെ മനുഷ്യാവതാരത്തിന്റെ സവിശേഷഫലമാണ്. അന്ധകാരത്തിൽ ആണ്ടുപോയ മനുഷ്യവംശത്തിന് രക്ഷയുടെയും പ്രത്യാശയുടെയും കവാടമായി ഈശോയാകുന്ന പ്രകാശം നിലകൊള്ളുന്നു. നമ്മുടെ ദൈവാലയങ്ങളിലെ കെടാവിളക്കുകൾ വിളിച്ചോതുന്നത് ലോകത്തിന്റെ പ്രകാശമായ ഈശോയുടെ സാന്നിധ്യമാണ്. ഈശോയുടെ പ്രിയ ശിഷ്യനായ യോഹന്നാൻ ഈശോയെ പ്രകാശമായി അവതരിപ്പിക്കുന്നത് സുവിശേഷത്തിൽ ദർശിക്കാനാകും (cf. യോഹ 1:9, 3:19-21, 8:12, 12:36, 12:46). യോഹന്നാന്റെ ലേഖനത്തിൽ 'ദൈവം പ്രകാശമാണ്' എന്ന വ്യക്തമായ പരാമർശം കാണാനാകും (1 യോഹ 1:5). ഭാവി രാജാവിനെക്കുറിച്ചുള്ള ഏശയ്യായുടെ പ്രവചനത്തിലും പ്രകാശത്തിന്റെ ഉദയത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നു (ഏശ 9:2).

അടിമത്വത്തിൽനിന്നും സ്വാതന്ത്ര്യത്തിലേക്ക് ദൈവം ഇസ്രയേൽ ജനതയെ കൈപിടിച്ച് നടത്തിയതുപോലെ പാപകരമായ ജീവിതത്തിന്റെ അന്ധകാരത്തിൽനിന്നും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് പ്രകാശമാകുന്ന ഈശോ വിശ്വാസികളെ നയിക്കുന്നു. പാപത്തിന്റെ അടിമകളാകാനല്ല, കൃപയുടെ അവകാശികളാകാൻ നമുക്ക് കടമയുണ്ട്. യേശുവാകുന്ന പ്രകാശത്തിൽ സ്വയം നവീകരിക്കാൻ കെടാവിളക്ക് ഓരോ വിശ്വാസിയെയും ക്ഷണിക്കുന്നു. വി. പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു, "ഒരിക്കൽ നിങ്ങൾ അന്ധകാരമയമായിരുന്നു. ഇന്ന് നിങ്ങൾ കർത്താവിൽ പ്രകാശമായിരിക്കുന്നു. പ്രകാശത്തിന്റെ മക്കളെപ്പോലെ വർത്തിക്കുവിൻ. പ്രകാശത്തിന്റെ ഫലം സകല നന്മയിലും നീതിയിലും സത്യത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത് (എഫേ 5:8-9). 

3. കെടാവിളക്ക് മദ്ബഹയുടെ വിശുദ്ധിയെ പ്രതിഫലിപ്പിക്കുന്നു 

ദൈവാലയത്തിലെ അതിവിശിഷ്ടമായ സ്ഥലമാണ് മദ്ബഹ. സഭാപാരമ്പര്യത്തതിൽ ഈ സ്ഥലത്തെ എങ്ങനെ ബഹുമാനിച്ചിരുന്നെന്നു കാണാൻ സാധിക്കും. പാവനമായ ബലിപീഠം സ്ഥിതിചെയ്യുന്ന ഈ സ്ഥലത്ത് പ്രത്യേകം നിയോഗിക്കപ്പെട്ടവർക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. ഈ അതിവിശുദ്ധ സ്ഥലത്താണ് കെടാവിളക്കുകൾ സ്ഥാപിക്കുന്നത്. ആകയാൽ ദൈവസാന്നിധ്യസ്മരണ പകരുന്നതോടൊപ്പം മദ്ബഹയുടെ വിശുദ്ധിയും കെടാവിളക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഇവിടെ ശുശ്രൂഷ ചെയ്യുന്നവർക്ക് പ്രത്യേകമായ ഒരുക്കവും വിശുദ്ധിയും വേണമെന്ന സന്ദേശവും കെടാവിളക്ക് നൽകുന്നു. 

ദൈവസാന്നിധ്യംകൊണ്ട് വിശുദ്ധമാണ് ഓരോ ദൈവാലയവും. ദൈവാലയത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നവയൊക്കെയും ദൈവിക രഹസ്യങ്ങളുടെ അടയാളങ്ങളും ഓർമ്മപ്പെടുത്തലുകളുമാണ്. ഈശോയുടെ പീഡാസഹനവും മരണവും ഉത്ഥാനവും നമുക്ക് രക്ഷ നേടിത്തന്നു. ഈശോയാകുന്ന പ്രകാശത്താൽ നമുക്കും പ്രകാശിതരാകാം. അവിടുത്തെ സാന്നിധ്യം നിറഞ്ഞ ദൈവാലയത്തെ വിശുദ്ധമായി കണക്കാക്കാം.

ഫാ. ജിതിൻ പുൽപേൽ MCBS_image
ഫാ. ജിതിൻ പുൽപേൽ MCBS

ധർമ്മാരാം കോളേജ്, ബെംഗളൂരു