+91 8590 373975
https://eucharistiamcbs.com/public/storage/images/Oc0z2jlZoLG97dhu8wAVDPW808H8d6rmQSRhYIe0.jpg

വെളിപാടുകളുടെ ദാർശനിക ഗ്രന്ഥം

വി. ബലിയുടെ അന്തരാർത്ഥങ്ങളിലേക്ക് നയിക്കുന്ന "ദൈവത്തിൻറെ ഭാഷ: വിശുദ്ധ കുർബ്ബാന" എന്ന സാജു പൈനാടത്തച്ചന്റെ കൃതി ഒരു ദാർശനിക ഗ്രന്ഥമാണ്. ദൈവത്തിനു വേണ്ടി വിശക്കുന്നവർക്ക് വിശിഷ്ട വിഭവങ്ങൾ അണിനിരത്തുന്ന സദുദ്യമമാണ് ഈ ഗ്രന്ഥമെന്ന്  റവ. ഫാ. മാർട്ടിൻ ശങ്കുരിക്കൽ അവതാരികയിൽ പറയുന്നു. വെളിപാട് ഒന്ന്, രണ്ട്, എന്നിങ്ങനെ പേരിട്ടിരിക്കുന്ന 7 അദ്ധ്യായങ്ങളാണ് കൃതിയിലുള്ളത്. വി. കുർബ്ബാന സമ്പൂർണ്ണതയാണ്, സാന്നിധ്യമാണ്, മരണമാണ്, രൂപാന്തരമാണ്, അനുഗ്രഹമാണ്, അനന്യമാണ്, ആയിത്തീരലാണ് എന്നിങ്ങനെയുള്ള വെളിപാടുകൾ ഓരോന്നും ഏകഭാവ കേന്ദ്രീകൃതമാണ്. 

ദിവ്യകാരുണ്യം ഒരു നേരാണ്. ആ നേരിന്റെ കൃപാമഴയിൽ സ്നാനപ്പെട്ടവനാണ് സാജു അച്ചൻ. അതിലൂടെ കൈവന്ന വെളിപാടിന്റെ ദർശനങ്ങൾ ഈ കൃതിക്ക് ദാരുബലവും മൂലധനവും നൽകുന്നുവെന്ന്  അവതാരിക സാക്ഷ്യപ്പെടുത്തുന്നു. പ്രപഞ്ചം നിറഞ്ഞുനിൽക്കുന്ന ദൈവത്തിൻറെ ആവിഷ്കാരങ്ങളിൽ മനോഹരമായതും വാക്കുകൾക്കപ്പുറം നിൽക്കുന്ന സൂക്ഷ്മ സത്യവുമായ വി. കുർബ്ബാന എന്ന വിസ്മയത്തിലേക്ക് സഹജീവികളെ സാജുവച്ചൻ ക്ഷണിക്കുന്നു. സങ്കീർണമായ ഒരു വെളിപാടിനെ പുസ്തകരൂപത്തിൽ ആകുമ്പോൾ എഴുത്തുകാരൻ നേരിടുന്ന ധാർമിക പ്രതിസന്ധി - സർഗാവിഷ്കാര വ്യഥ - ഗ്രന്ഥകാരൻ നന്നായി അനുഭവിച്ചിട്ടുണ്ട്.

അതീവ ഗഹനമായ ഒരു വെളിപാട് അവതരിപ്പിക്കുമ്പോൾ, വായനക്കാരന്റെ ബോധ്യത്തിൻറെ ഭാഗമാക്കി അതിനെ മാറ്റാൻ, ലളിതമായ ഭാഷ - നമ്മോട് അടുത്തുനിന്നു സംസാരിക്കുന്ന സുഹൃത്തിന്റെ ഭാഷ - കൂടിയേ തീരൂ. പരസ്യജീവിതകാലത്ത്, യേശു പാർശ്വവൽക്കരിക്കപ്പെട്ട അതിസാധാരണക്കാരായ ജനവിഭാഗങ്ങളോട് അവരുടെ നിത്യജീവിത വ്യവഹാരങ്ങളോട് ബന്ധപ്പെടുത്തി ഒട്ടും സങ്കീർണ്ണമല്ലാത്ത ലളിതഭാഷയിൽ, ഉപമാകൽപ്പനകളിലൂടെയും, അന്യാപദേശങ്ങളിലൂടെയും, ദൈവരാജ്യ സങ്കല്പത്തെ വെളിപ്പെടുത്തി. സാജു അച്ഛനും വി. കുർബ്ബാന എന്ന ഗഹന തത്വത്തെ, വായനക്കാരോടൊപ്പം ഉപസ്ഥിതനായി കവി സൂക്തങ്ങളെ ഓർമ്മിപ്പിക്കുന്ന ലളിത വാക്യങ്ങളിൽ അവതരിപ്പിക്കുന്നു. വി. കുർബ്ബാന സമ്പൂർണ്ണതയാണ് എന്ന തത്വം വ്യഞ്ജിപ്പിക്കാൻ പ്രകൃതിയോടും പ്രകൃതി ഭാവനകളോടും ചേർന്നുനിന്ന് ലളിതഭാഷയിൽ നടത്തുന്ന ആവിഷ്കാരം ശ്രദ്ധിക്കുക: "ഉയർന്ന മലയിൽ നിന്ന് താഴ്വാരത്തിലേക്ക് ഒന്ന് നോക്കൂ. താഴ്വാരം എത്ര സുന്ദരമാണ്. താഴ്വാരത്തിൽ നിന്ന് ധ്യാനാത്മികമായി നിൽക്കുന്ന മലയിലേക്ക് ഒന്ന് നോക്കൂ. മല എത്ര സുന്ദരമാണ്. എന്നാൽ താഴവാരത്തോട് കൂടിയ മല, മലയോടു കൂടിയ താഴവാരം; വർണ്ണനാതീതമാണ് അതിൻറെ ഭംഗി." പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന  വി. കുർബ്ബാന, സമുദ്രം  മത്സ്യത്തെ പുണർന്നു നിൽക്കുന്ന പോലെയാണ് എന്ന കൽപ്പന ആലോചനാമൃതമാണ്.

ചില ആശയങ്ങളെ കുറിക്കാൻ  ജീവിതഗന്ധിയായ ഉദാഹരണങ്ങൾ നിരത്തുന്നത് കാണാം. ഭൂമിക്ക് കുളിരേകുന്ന മഴമേഘങ്ങൾ തണുപ്പ് ആർജിക്കുന്നത് താപം ഏറ്റുവാങ്ങിയ ശേഷമാണ്, നിലം കിളച്ചൊരുക്കിയിട്ടാണ് കർഷകൻ വിത്തുപാകുന്നത്, കൈവിരൽ പതിയുമ്പോഴാണ് വീണയിൽ നിന്ന് ഗാനാമൃതം നിർഗമിക്കുന്നത്, സ്വർണ്ണപ്പണിക്കാരന്റെ താഡനമേറ്റാണ് തങ്കം മികവാർന്ന ആഭരണമായി മാറുന്നത്, തുടങ്ങിയ നിരീക്ഷണങ്ങൾ, ജീവിതത്തിൽ യഥാർത്ഥ സൗഭാഗ്യം കരഗതമാവുന്നത് ഏറെ പ്രയത്നിച്ചിട്ടാണ് എന്ന പ്രസ്താവനയെ സാധൂകരിക്കുന്നു.

കൽപ്പനാവൈഭവമുള്ള ഗദ്യകാരന്റെ ഭാഷ പലപ്പോഴും അയാൾ അറിയാതെ വികാരം മുറുകി ചുരുങ്ങിയ കാവ്യ ഭാഷയായി മാറും. ഇത്തരം ഗദ്യ കവിതാ സന്ദർഭങ്ങൾ ഈ കൃതിയിൽ ഉടനീളം കാണാം. വി. കുർബ്ബാനയുടെ സാന്നിധ്യം വ്യക്തിയിൽ വരുത്തുന്ന മാറ്റത്തേക്കുറിച്ച് പറയുമ്പോൾ നൃത്തം ആസ്വദിക്കുന്ന ഒരാൾ നർത്തകിയും നൃത്തവുമായി ലയപരിവർത്തനം ചെയ്യപ്പെടുന്ന അവസ്ഥയെക്കുറിച്ച് പറയുമ്പോൾ വിവരണം കാവ്യാത്മകമായി തീരുന്നു. തോമസിനോടുള്ള ഗുരുമൊഴി ശ്രദ്ധിക്കുക: "തോമസ്, നിന്റെ അവിശ്വാസത്തിന്റെ പുഴയുടെ ഒഴുക്കിൽ, വിശ്വാസത്തിൻറെ നിശ്ചലത അന്വേഷിക്കുക; ആത്മബോധത്തിന്റെ ജലധാരയിൽ കുളിച്ച് നിന്ന അയാളെ ഗുരു സാന്നിധ്യം പകർന്ന തൂവൽ സ്പർശനത്തോടൊപ്പം ഒരു ദൈവിക സുഗന്ധം തഴുകിനിന്നു." ഈ കാവ്യ ഭാഷ അസ്ഥിരത, സ്ഥിരത, ധാരാവാഹിത്വം, സൗഖ്യനിർവൃതി തുടങ്ങിയ ആശയങ്ങളെ കുറിക്കാൻ തക്ക ധ്വനനശേഷിയുള്ളവയാണ്.

ഒന്നാം വെളിപാടിലേക്കുള്ള ഒരു പ്രവേശികയായി, 'തുടക്കം ഒരു വിത്താണ്' എന്ന തലക്കെട്ടോടെ, നനുത്ത വേരും ഒരിലയും ആയി മുറിഞ്ഞ ഒരു വിത്ത് കാണാം. വെളിപാടുകൾ അവസാനിക്കുമ്പോൾ 'ഒടുക്കം ഒരു വൃക്ഷമാണ്' എന്ന പരാമർശത്തോടെ ഒരു വൻ വൃക്ഷമുണ്ട്. ഈ ആശയ ചിത്രങ്ങൾ വിത്തിൽ നിന്ന് മഹാവൃക്ഷത്തിലേക്കുള്ള പരിണാമത്തെ കുറിക്കുന്നു. വിത്ത് എന്ന സ്വത്വത്തിൽ നിന്നും വലിയ വൃക്ഷസ്വത്വത്തിലേക്കുള്ള പരിണാമം. വി. കുർബ്ബാനയെന്ന സാന്നിധ്യം വരുത്തുന്ന അത്ഭുതമാറ്റമാണിവിടെ സൂചിതം. 

ഈ കൃതിയിൽ 7 വെളിപാടുകളിലായി 98 കുറിപ്പുകൾ കാണാം. അവയിൽ 79 എണ്ണവും സമ്പൂർണ്ണ ബൈബിളിൽ നിന്നുള്ള ഉദ്ധരണികളും സൂചനകളും ആണ്. കേവല സൂചനകൾക്കപ്പുറം വിഷയാവതരണത്തിന് കരുത്തേകും  വിധം സംഭവങ്ങൾക്ക് സ്വകീയമായ ആഖ്യാന ശൈലി സ്വീകരിക്കുന്ന മാതൃക ശ്രദ്ധേയമായി അനുഭവപ്പെടുന്നു.

ഗ്രന്ഥകർത്താവിന്റെ ചിന്തകൾക്ക് പിൻബലം നൽകുന്ന പൂർവ്വചിന്തകരുടെ വെളിപാടുകൾ, സാഹിത്യ ദർശനങ്ങൾ, ശാസ്ത്ര സത്യങ്ങൾ, കാവ്യശകലങ്ങൾ എന്നിവയെല്ലാം ചേർന്ന് ഈ കൃതിയുടെ ധ്വനനശേഷി പതിമടങ്ങ് വർദ്ധമാനമാകുന്നു. സാജുവച്ഛനിലെ ആർഷിതമായ ഭാരതീയ ദർശനത്തിന്റെ ഉൾക്കാഴ്ച കൃതിയുടെ ആശയ തലത്തിന് കടലാഴം പകരുന്നു. ഋഗ്വേദസൂക്തങ്ങൾ, ബൃഹധാരണ്യകോപനിഷത്ത് ദർശനം, ശ്രീശങ്കരദർശനം, മഹോപനിഷത് സൂക്തം, ഭർതൃഹരിസൂക്തം എന്നിങ്ങനെ ആർഷദർശനങ്ങൾ വെളിപാടുകളുടെ അവതരണത്തെ കൂടുതൽ കരുത്തുള്ളതാക്കുന്നു. ജീവിതം വി. കുർബ്ബാനയുടെ ഉത്സവമാകുമ്പോൾ ആ ഉത്സവത്തിൽ ഈ അസ്ഥിത്വം മുഴുവൻ പങ്കെടുക്കുമെന്ന ദർശനമാണ് 'ദൈവത്തിൻറെ ഭാഷ: വിശുദ്ധ കുർബാന' എന്ന ഗ്രന്ഥം മുമ്പോട്ട് വയ്ക്കുന്ന ആദർശം.

ഡോ. ജെയിംസ് മണിമല_image
ഡോ. ജെയിംസ് മണിമല

മലയാള വിഭാഗം മുൻ അധ്യക്ഷൻ, SB സബ് കോളേജ്, ചങ്ങനാശ്ശേരി