(ഈ ഡോക്യുമെന്ററി കാണാൻ സാധിച്ചിട്ടില്ല. ട്രെയിലറും ഏതാനും ഹ്രസ്വമായ വാർത്താശകലങ്ങളുമല്ലാതെ ഇതിന്റെ പൂർണ്ണരൂപം യാതൊരു പ്ലാറ്റ്ഫോമിലും ഇന്ത്യയിൽ ഇതുവരെയും ലഭ്യമായിട്ടില്ല. ഇതു സംബന്ധിച്ച വാർത്തകളും വിലയിരുത്തലുകളും സമാഹരിച്ച് എവുക്കരിസ്ത്യയുടെ വായനക്കാർക്കുവേണ്ടി 2022 ജൂൺ ആദ്യ ആഴ്ച്ചയിൽ തയാറാക്കിയ ഒരു പരിചയപ്പെടുത്തലാണ് ഈ കുറിപ്പ്)
ബോസ്കോ ഫിലിംസ് സ്പാനിഷ് ഭാഷയിൽ പുറത്തിറക്കിയ ഒരു ഡോക്യുമെൻററി സിനിമയാണ് "Alive: Who is There". കഴിഞ്ഞവർഷം സ്പെയിനിൽ ആണ് ഈ സിനിമ പ്രദർശനം ആരംഭിച്ചത്. മെക്സിക്കോയിലും സ്പാനിഷ് സംസാരിക്കുന്ന മറ്റു തെക്കൻ അമേരിക്കൻ രാജ്യങ്ങളിലും ചെറുതല്ലാത്ത ഓളങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഈ സിനിമ അമേരിക്കയിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും എത്തിയിരിക്കുകയാണിപ്പോൾ. കഴിഞ്ഞ ഏപ്രിൽ 25 - ന് അമേരിക്കയിലെ തീയേറ്ററുകളിൽ ഒരു ദിവസത്തെ പ്രീമിയർ പ്രദർശനമാണ് ഈ സിനിമയ്ക്ക് ഉണ്ടായിരുന്നത്. ജൂൺ മാസത്തിൽ തിയേറ്ററുകളിലേക്ക് വീണ്ടും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻറർനെറ്റ് പ്ലാറ്റ്ഫോമുകളിൽ ഒതുങ്ങിനിൽക്കുന്ന സാധാരണ ഡോക്യുമെന്ററികളിൽ നിന്ന് വ്യത്യസ്തമായി ഈ ഒരെണ്ണം എങ്ങനെയാണ് സ്പെയിനിൽ നാലുമാസം തിയേറ്ററുകളിൽ തുടർച്ചയായി ഓടിയത്? അല്ലെങ്കിൽ മെക്സിക്കോയിൽ ആഴ്ചകളോളം 'Top Ten' ലിസ്റ്റിൽ കയറിപ്പറ്റിയത്? എന്താണീ ഡോക്യുമെന്ററിയുടെ പ്രത്യേകത? ആളുകളെ ഇത്രമാത്രം ആകർഷിക്കുന്ന എന്ത് കഥയാണിതു പറയുന്നത്?
ഈ ഡോക്യുമെൻററി യുടെ ട്രെയിലറിനോട് ചേർന്ന ചിത്രം കണ്ടപ്പോൾ ആദ്യം തോന്നിയത് 2016 - ൽ ഫ്രാൻസിലെ ഒരു പള്ളിയിലെ ബലിയർപ്പണ മധ്യേ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാൽ രക്തസാക്ഷിയാക്കപ്പെട്ട ഫാദർ ഴാക്ക് ഹാമലിനെ കുറിച്ചുള്ള ഡോക്യുമെന്ററി ആണോ ഇതെന്നായിരുന്നു. ചിത്രത്തിൽ തിരുവോസ്തി ഉയർത്തി നിൽക്കുന്ന ഒരു വൃദ്ധ വൈദികന് ഫാദർ ഹാമലിനിന്റെ ഛായ ഉണ്ടായിരുന്നു. പിന്നീടാണ് മനസ്സിലായത് ഇതൊരു സ്പാനിഷ് ഡോക്യുമെന്ററി ആണെന്നും, ജീവിതത്തിന്റെ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും വന്ന അഞ്ചു വ്യക്തികളുടെ ജീവിതങ്ങളുടെ രണ്ട് ഘട്ടങ്ങളുടെ വ്യക്തിഗത സാക്ഷ്യങ്ങളാണ് ഈ ഡോക്യുമെൻററി സിനിമയുടെ ഇതിവൃത്തം എന്നും.
ജെയ്മി, കാർലോസ്, ആൻഡ്രിയ, അന്റോണിയോ, സൻസൊളേസ് എന്ന അഞ്ച് വ്യക്തികളാണ് തങ്ങളുടെ ജീവിത സാക്ഷ്യം നൽകുന്നത്. സെലബ്രിറ്റി പരിവേഷമൊന്നുമില്ലാത്ത വെറും സാധാരണക്കാർ. ഇവരെ ഒന്നിപ്പിക്കുന്ന ഘടകം ഇവർ അഞ്ചുപേരും ദൈവനിഷേധകർ ആയിരുന്നുവെന്നതാണ്. മാത്രമല്ല ഇവർ അഞ്ചുപേരുടെയും ജീവിതത്തെ കീഴ്മേൽ മറിച്ച അദൃശ്യശക്തിയും ഒന്നുതന്നെയാണ്. ജീവിതത്തിന്റെ ഒരു അവിചാരിത സന്ദർഭത്തിൽ, മനപ്പൂർവ്വമല്ലാതെ, ദിവ്യകാരുണ്യ ആരാധന നടക്കുന്ന ചില ഇടങ്ങളിൽ എത്തിപ്പെടുകയും, ഈ നിമിഷങ്ങളുടെ മാസ്മരിക ശക്തി പിന്നീടുള്ള അവരുടെ ജീവിതങ്ങളെ വേട്ടയാടുകയും, ഏതോ ഒരു അദൃശ്യ ശക്തിയാൽ നയിക്കപ്പെട്ട് പിന്നീട് നിരവധി തവണ ദിവ്യകാരുണ്യ ആരാധനകളിൽ പങ്കെടുക്കുകയും, വിശുദ്ധ കുർബാനയിലെ ഈശോ അത്ഭുതകരമായി ഇവരുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുകയും ചെയ്ത അത്ഭുത വഴികളാണ് ഈ ഡോക്യുമെന്ററി വരച്ചു കാണിക്കുന്നത്. അൾത്താരയിൽ ഉയർത്തപ്പെട്ട, ആളുകൾ ഭയഭക്തി പുരസ്കരം താണുവണങ്ങി നിശബ്ദമായി ആരാധിക്കുന്ന ഈ വെളുത്ത അപ്പം കണ്ട് 'അവിടെ ആരാണ്' എന്ന അന്വേഷണവും 'സജീവനായ' ദൈവമാണ് അവിടെ കുടികൊള്ളുന്നതെന്ന തിരിച്ചറിവുമാണ് 'Alive: Who is There' എന്ന സിനിമയുടെ നാമകരണത്തിനു പുറകിലെ ചേതോവികാരം. തങ്ങൾ അഞ്ചുപേർ മാത്രമല്ല തങ്ങളെപ്പോലെ അനേകമനേകം വ്യക്തികൾ സമാന അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് ഈ അഞ്ചുപേരുടെയും സാക്ഷ്യം.
ഈ ഡോക്യുമെന്ററി പ്രേക്ഷകരിൽ എത്തിച്ച ബോസ്കോ ഫിലിംസ് ജീവിത, ധാർമ്മിക, ആത്മീയ മൂല്യങ്ങൾ മാത്രം പ്രസരിപ്പിക്കുന്ന സിനിമകൾ പുറത്തിറക്കുന്നവരാണ്. പരി. അമ്മയുടെ അത്‌ഭുത പരമ്പരകളുടെ കഥപറയുന്ന ‘ലൂർദ്ദ്’ എന്ന പേരിലുള്ള അവരുടെ ചിത്രവും ഉടനെ പ്രേക്ഷകരിലെത്തുന്നതാണ്. ബോസ്കോ ഫിലിംസിന്റെ അമരക്കാരി ലൂസിയ ഗോൺസാലസ് EWTN ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് അവിശ്വസനീയമായിരുന്നു ഈ സിനിമയുടെ ജനസ്വീകാര്യത എന്നായിരുന്നു. മഹാമാരിക്ക് ശേഷം ആത്മീയ വിഷയങ്ങളോട് ആളുകൾക്കുണ്ടായ ഒരു അസാധാരണമായ തുറവിയുടെ ഫലമാണ് ഈ വിജയം എന്നുമവർ സാക്ഷ്യപ്പെടുത്തുന്നു.
പരി. കുർബ്ബാനയാണ് ഒരു ക്രൈസ്തവ ജീവിതത്തെ ആത്യന്തികമായി രൂപപ്പെടുത്തുക എന്ന സത്യം ഒരിക്കൽ കൂടി ആധുനികലോകത്തിൽ സധൈര്യം പ്രഖ്യാപിക്കുകയാണ് ഈ സിനിമ ചെയ്യുന്നത്. കത്തോലിക്കാ വിശ്വാസ ക്രമത്തിൽ ആത്മീയതയുടെയും ഭക്തിയുടെയും നാനാ വിചാരധാരകൾ നിലവിലുണ്ടെങ്കിലും പരി. കുർബ്ബാനയിൽ ചെന്നു മുട്ടാതെ അവയൊന്നും സമ്പൂർണ്ണമാവില്ല എന്ന തിരിച്ചറിവ് അനേകായിരങ്ങളിലുളവാകാൻ ജോർജ് പരേജ എന്ന സംവിധായകന്റെയും ബോസ്കോ ഫിലിംസിന്റെയും ഈ സദുദ്യമം കാരണമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഫാ. സേവ്യർ തെക്കനാൽ MCBS