+91 8590 373975
https://eucharistiamcbs.com/public/storage/images/7xayArJkaoJ7x7pDNi9BzD2lniV7hzjLoAjSiqVk.jpg

കുർബ്ബാന നിയോഗവും കുർബ്ബാനപ്പണവും

കർത്താവിന്റെ പീഡാനുഭവ മരണോ ത്ഥാനങ്ങളുടെ ഓർമ്മയാചരണവും അനുഷ്ഠാനവുമാണ് ഓരോ ദിവ്യബലിയർപ്പണവും. ഈ ദിവ്യബലിയർപ്പണത്തിൽ ഈശോയുടെ വിലയേറിയ തിരുശരീര-രക്തങ്ങളെ നാം സമീപിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു.  ഈശോയുടെ തിരുശരീര രക്തങ്ങൾ വിലയേറിയതാണെങ്കിൽ (invaluable and priceless) കുർബ്ബാനപ്പണം (Mass Offering), കുർബ്ബാന നിയോഗം (Mass Intention) - എന്നിവയുടെ അർത്ഥമെന്താണ്? 

1. കുർബ്ബാനപ്പണം (Mass Offering)

ആമുഖത്തിൽ തന്നെ പറയട്ടെ, ഈശോയുടെ തിരുശരീര രക്തങ്ങളുടെ അഥവാ, വി. കുർബ്ബാനയുടെ വിലയല്ല, പിന്നെയോ ദൈവജനം തിരുസഭയ്ക്കും വി. കുർബ്ബാനയർപ്പിക്കുന്ന വൈദികനും നൽകുന്ന കാഴ്ചയാണ്, ദാനമാണ് കുർബ്ബാനപ്പണം (കുർബ്ബാനധർമ്മം). വിശ്വാസസമൂഹം ഈശോയോടു ചേർന്ന് പിതാവായ ദൈവത്തിന് നൽകുന്ന ആരാധനയാണ്/സമർപ്പണമാണ് കുർബ്ബാനയർപ്പണം. കാൽവരിയിൽ തന്നെത്തന്നെ പിതാവിനർപ്പിച്ച ഈശോമിശിഹാ തന്നെയാണ് ഇവിടെ ബലിവസ്തുവായി മാറുന്നത്. കുർബ്ബാനയർപ്പണത്തെ സമർപ്പണമായി കണക്കാക്കുമ്പോൾ ഒരു വിശ്വാസിയുടെ തന്റെ അസ്തിത്വത്തിലുള്ള സമർപ്പണത്തിന്റെയും മുറിയപ്പെടലിന്റെയും പങ്കുവയ്ക്കലിന്റെയും അടയാളം കൂടിയാണ്  കാഴ്ചയായി സമർപ്പിക്കുന്ന കുർബ്ബാനപ്പണം. ഈ കാഴ്ച്ചപ്പണം, ബലിയർപ്പിക്കുന്ന പുരോഹിതനും ദൈവജനവും തമ്മിലുള്ള ബന്ധത്തെയും സൂചിപ്പിക്കുന്നു. വി. പൗലോസിന്റെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്: "ദൈവാലയ ജോലിക്കാർക്കുള്ള ഭക്ഷണം ദൈവാലയത്തിൽനിന്നാണെന്നും അൾത്താരശുശ്രൂഷകർ ബലിവസ്തുക്കളുടെ പങ്കുപറ്റുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ?" (1 കോറി 9:13). പോൾ ആറാമൻ മാർപ്പാപ്പാ ഇപ്രകാരം പറയുന്നു, "തങ്ങൾക്കുള്ളതിൽനിന്ന് തിരുസഭയുടെ വിവിധങ്ങളായ ആവശ്യങ്ങൾക്കും വൈദികരുടെ ജീവസൻധാരണത്തിനും നൽകിക്കൊണ്ട് ക്രൈസ്തവർ യേശുവിന്റെ സ്നേഹബലിയിൽ സജീവമായി പങ്കുകൊള്ളുന്നു” (Paul VI, Motu Proprio, Firma in Traditione, 1974). ചുരുക്കത്തിൽ, ദൈവമഹത്വത്തിനായി, സഭയെ പിന്തുണയ്ക്കുന്നതിനായി, പുരോഹിതരുടെ ഉപജീവനത്തിനായി, പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വിശ്വാസികൾ നൽകുന്ന സംഭാവനയായിട്ടാണ് കുർബ്ബാനപ്പണത്തെ നാം കാണേണ്ടത്. 

1.1 കുർബ്ബാനപ്പണം നിശ്ചയിക്കുന്നത് ആരാണ്? 

ഓരോ സ്വയാധികാര സഭയുടെയും പ്രത്യേക നിയമത്തിന്റെ പരിധിക്കുള്ളിൽ, കുർബ്ബാനപ്പണം എത്രയെന്ന് തീരുമാനിക്കാനുള്ള അവകാശം രൂപതാദ്ധ്യക്ഷനുണ്ടെന്ന് പൗരസ്ത്യ കാനൻ നിയമവും (CCEO 1013§1), രൂപതാദ്ധ്യക്ഷന്മാരുടെ പ്രാദേശിക കൂട്ടായ്മകളാണ് ഈ തുക നിശ്ചയിക്കുന്നതെന്ന്‌ ലത്തീൻ നിയമവും (CIC 1264 § 2) പറയുന്നുണ്ട്. നിശ്ചയിക്കപ്പെട്ടിരിക്കുന്ന കുർബ്ബാനപ്പണത്തിൽ കൂടുതൽ വാങ്ങാൻ വൈദികർക്ക് അവകാശമില്ല. 

1.2 കുർബ്ബാനപ്പണം വാങ്ങാതെ കുർബ്ബാനയർപ്പിക്കാമോ?

പാവപ്പെട്ടവർക്കുവേണ്ടി, പ്രത്യേകിച്ച് കുർബ്ബാനപ്പണം നൽകാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്കായി, കുർബ്ബാനപ്പണം സ്വീകരിക്കാതെതന്നെ പുരോഹിതൻ കുർബ്ബാനയർപ്പിക്കണമെന്ന് ലത്തീൻ നിയമം നിഷ്കർഷിക്കുന്നുണ്ട് (CIC 945 §2). ഇതിനെക്കുറിച്ച് പൗരസ്ത്യ കാനൻനിയമം 716 രണ്ടു കാര്യങ്ങൾ ഊന്നിപ്പറയുന്നു: ഒന്നാമതായി, പാവപ്പെട്ട ഒരു വിശ്വാസി നൽകുന്ന കുർബ്ബാനപ്പണം വാങ്ങി (അത് നിശ്ചയിച്ചിരിക്കുന്ന കുർബ്ബാനപ്പണത്തെക്കാളും കുറവാണെങ്കിലും) വി. കുർബ്ബാനയർപ്പിക്കുന്ന രീതി നടപ്പാക്കാൻ മെത്രാന്മാർക്ക് ശുപാർശചെയ്യാവുന്നതാണ്; രണ്ടാമതായി, കുർബ്ബാനധർമ്മം നൽകാൻ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് അവരുടെ നിയോഗങ്ങൾക്കായി കുർബ്ബാനധർമ്മം വാങ്ങാതെതന്നെ കുർബ്ബാനയർപ്പിക്കാം.  

1.3 കുർബ്ബാനപ്പണം ഇല്ലാതെയുള്ള  വികാരി കുർബ്ബാന

ലത്തീൻ കാനൻ നിയമത്തിലും (CIC 534) പൗരസ്ത്യ സഭകളുടെ കാനൻ നിയമത്തിലും (CCEO 294) ഇടവക വികാരിമാർക്ക് തങ്ങളുടെ ഇടവക സമൂഹത്തിനുവേണ്ടി കുർബ്ബാനധർമ്മം വാങ്ങിക്കാതെ ചില അവസരങ്ങളിൽ കുർബ്ബാന ചൊല്ലാനുള്ള കടപ്പാടിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇപ്രകാരമുള്ള കുർബ്ബാനയെ 'വികാരികുർബ്ബാനയെന്നാണ് പറയുന്നത്. ലത്തീൻ നിയമമനുസരിച്ച് എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഇടവക വികാരിമാർ ഇടവക സമൂഹത്തിനുവേണ്ടി കുർബ്ബാന ചൊല്ലണമെന്ന് നിർദ്ദേശമുണ്ട്. ഓരോ സ്വയാധികാര സഭയുടെയും പ്രത്യേക നിയമമനുസരിച്ച് കുർബ്ബാന ചൊല്ലണമെന്നാണ് പൗരസ്ത്യ സഭാനിയമം പറയുന്നത്. ഇതനുസരിച്ച്, ഒരു ഇടവക വികാരി ഒരു വർഷം പത്ത് കുർബ്ബാന ഇടവക സമൂഹത്തിനുവേണ്ടി ചൊല്ലണമെന്നാണ് സീറോ-മലബാർ സഭയുടെ പ്രത്യേക നിയമവും (No. 27) സീറോ-മലങ്കര സഭയുടെ പ്രത്യേക നിയമവും (No. 138) നിർദ്ദേശിക്കുന്നത്. സീറോ-മലബാർ സഭയുടെ പ്രത്യേക നിയമമനുസരിച്ച്, ഓരോ രൂപതയ്ക്കും ഈ പത്ത് ദിവസങ്ങളേവയെന്ന് നിശ്ചയിക്കാം; എന്നാൽ, സീറോ-മലങ്കര കത്തോലിക്കാസഭയുടെ പ്രത്യേക നിയാമം 138 - ൽ ഈ പത്ത് ദിവസങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വികാരിതന്നെ ഒന്നിലധികം പള്ളികളുടെ ശുശ്രൂഷ നടത്തുന്നുണ്ടെങ്കിൽ തന്റെ കീഴിലുള്ള എല്ലാ ഇടവക സമൂഹങ്ങൾക്കുംവേണ്ടി ആകെ പത്ത് കുർബ്ബാന ചൊല്ലിയാൽ മതിയെന്നാണ് സീറോ-മലബാർ സഭയുടെ പല രൂപതാനിയമാവലിയിലും പറയുന്നത്. വികാരികുർബ്ബാന, ഇടയനും സമൂഹവും തമ്മിലുള്ള ആദ്ധ്യാത്മിക ബന്ധത്തിന്റെ മകുടോദാഹരണമാകയാൽ, ഈ ദിവസം ഇടവക സമൂഹത്തെ മുൻകൂട്ടി അറിയിക്കുന്നത് നല്ലതാണ്.

2. കുർബ്ബാനനിയോഗം

ഒരു വിശ്വാസി കുർബ്ബാനപ്പണം ഒരു വൈദികനെ ഏൽപ്പിക്കുന്നത് ഒരു പ്രത്യേക നിയോഗത്തോടെയാണ്. ഈ നിയോഗത്തിനുവേണ്ടി കുർബ്ബാനയർപ്പിക്കാൻ കുർബ്ബാനപ്പണം സ്വീകരിക്കുന്ന വൈദികൻ കടപ്പെട്ടിരിക്കുന്നു. ചില സാഹചര്യങ്ങളിൽ കുർബ്ബാനപ്പണം നൽകുമ്പോൾ വിശ്വാസികൾ നിയോഗം കൃത്യമായി പറഞ്ഞിട്ടുണ്ടാകണമെന്നില്ല. അങ്ങനെയുള്ള അവസരങ്ങളിൽ 'ദാതാവിന്റെ നിയോഗാർത്ഥം' (ad intentionem dantis) എന്നെങ്കിലും വൈദികൻ കുർബ്ബാനയിൽ ഓർക്കേണ്ടതാണ്. 

2.1 ഒരു കുർബ്ബാന നിയോഗം - ഒരു കുർബ്ബാനപ്പണം 

പൗരസ്ത്യ സഭകളിൽ വൈദികൻ സാധാരണയായി ഒരു പ്രത്യേക നിയോഗത്തിനായി കുർബ്ബാനയർപ്പിക്കുകയും അതിന്റെ കുർബ്ബാനപ്പണം സ്വീകരിക്കുകയുമാണ് പതിവ്. എന്നാൽ ലത്തീൻ സഭയിൽ മേലധികാരികളുടെ അനുവാദത്തോടെ വികാരിമാർ ആഴ്ചയിലെ ഒന്നോ രണ്ടോ ദിവസങ്ങളിൽ ഒരു കുർബ്ബാനയിൽ ഒന്നിലധികം നിയോഗങ്ങൾക്കായി കുർബ്ബാനയർപ്പിക്കാറുണ്ട്. എന്നിരുന്നാൽത്തന്നെയും ഒരു കുർബ്ബാനധർമ്മമേ ആ വൈദികന് എടുക്കാനാവൂ. ബാക്കി നിയോഗങ്ങളുടെ എണ്ണവും കുർബ്ബാനപ്പണവും കൃത്യമായി രേഖപ്പെടുത്തി, കുർബ്ബാന നിയോഗങ്ങൾ ഇല്ലാത്ത ദിവസം ആ നിയോഗങ്ങൾക്കായി കുർബ്ബാനയർപ്പിക്കുകയോ, അതല്ലെങ്കിൽ രൂപതയിൽ ഏൽപ്പിക്കുകയോ, കുർബ്ബാന നിയോഗങ്ങൾ ഇല്ലാത്ത ഇടവക വൈദികർക്കോ സന്യാസ വൈദികാധികാരികൾക്കോ നൽകേണ്ടതുമാണ്. പൗരസ്ത്യ സഭകളിൽ ഈ പതിവ് വളരെ പ്രചാരത്തിലായിട്ടില്ല. 

2.2 ഒരു ദിവസം ഒന്നിൽ കൂടുതൽ കുർബ്ബാനയും കുർബ്ബാനപ്പണവും 

അജപാലനാവശ്യം കണക്കിലെടുത്ത് പ്രത്യേക അനുവാദത്തോടെ ചില ദിവസങ്ങളിൽ വികാരിമാർ മുഖ്യകാർമ്മികരായി ഒന്നിൽ കൂടുതൽ കുർബ്ബാന അർപ്പിക്കാറുണ്ട്. അങ്ങനെയുള്ള കുർബ്ബാനകൾക്ക് binated Mass (രണ്ട് കുർബ്ബാന ഒരു ദിവസം), trinated Mass (മൂന്ന് കുർബ്ബാന ഒരു ദിവസം) എന്നാണ് പറയാറുള്ളത്. ഇങ്ങനെയുള്ള ഓരോ കുർബ്ബാനയിലും കുർബ്ബാന നിയോഗം വയ്ക്കുകയും നിയോഗങ്ങൾ പൂർത്തീകരിക്കുകയും (fulfilled) ചെയ്യുന്നു. എന്നാൽ ഒരു കുർബ്ബാനയുടെ കുർബ്ബാനപ്പാനമേ ഈ വൈദികന് എടുക്കാനാവൂ. ബാക്കിയുള്ള കുർബ്ബാനപ്പണം രൂപതാമേലധികാരികൾ പറയുന്ന രീതിയിൽ ചെലവഴിക്കണം. വൈദികരുടെ ക്ഷേമഫണ്ട്, സെമിനാരിക്കാരുടെ ഫണ്ട് എന്നിവയിൽ നിക്ഷേപിക്കാനാണ് സാധാരണയായി രൂപതാധ്യക്ഷന്മാർ പറയാറുള്ളത്. 

2.3 ഒരു വൈദികന് ഏതെങ്കിലും ദിവസം ഒന്നിൽ കൂടുതൽ കുർബ്ബാനയർപ്പിക്കാനും അവയുടെ നിയോഗം/കുർബ്ബാനപ്പണം എടുക്കാനും കഴിയുമോ?

ലത്തീൻ സഭയിൽ കഴിയും. ഒരു വൈദികൻ ക്രിസ്തുമസ് ദിവസം മൂന്നു കുർബ്ബാനയർപ്പിക്കുന്നതും മൂന്നു കുർബ്ബാനപ്പണം സ്വീകരിക്കുന്നതും ലത്തീൻ സഭയിൽ പണ്ടുമുതൽക്കേയുള്ള ഒരു പാരമ്പര്യമാണ്. 1983 - ലെ ലത്തീൻ കാനൻ നിയമത്തിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ട് (CIC 951§1). എന്നാൽ ഇതിനു സമാന്തരമായ ഒരു പാരമ്പര്യവും കാനൻ നിയമവും പൗരസ്ത്യസഭകൾക്കില്ല. 

ഡോ. ജോസ് പതിയാമൂല MCBS_image
ഡോ. ജോസ് പതിയാമൂല MCBS

കാനൻ നിയമ അധ്യാപകൻ, സനാതന ദിവ്യകാരുണ്യ വിദ്യാപീഠം