+91 8590 373975
https://eucharistiamcbs.com/public/storage/images/bhCsNq3TI8Vjdx4RrKy8scXMC3JYiKWRRdjXnEyH.jpg

ഡെസിഡേറിയോ ഡെസിഡെറാവി (ആഗ്രഹത്താൽ ആഗ്രഹിച്ചു - ലൂക്ക 22:15) ഫ്രാൻസിസ് മാർപ്പാപ്പാ

ദൈവാരാധനയിലുള്ള ദൈവജനത്തിന്റെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പായുടെ അപ്പസ്തോലിക പ്രബോധനമാണ് ഡെസിഡേറിയോ ഡെസിഡെറാവി. 2022 ജൂൺ 29 - ന്, പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിൽ, പ്രസിദ്ധീകരിക്കപ്പെട്ട ഈ പ്രബോധനത്തിൽ ക്രൈസ്തവാരാധനയുടെ സൗന്ദര്യവും സത്യവും ദൈവജനത്തിന് ധ്യാനിക്കാനുതകുന്ന സൂചനകളും ചിന്തകളും പങ്കുവയ്ക്കുന്നു.

ആരാധനക്രമം: രക്ഷാകര ചരിത്രത്തിന്റെ 'ഇന്ന്(2-9)

പ്രബോധനത്തിന്റെ ഒമ്പത് വരെയുള്ള ഖണ്ഡികകളിൽ ആരാധാനാക്രമത്തെ രക്ഷാകര ചരിത്രത്തിന്റെ ഇന്നാകലായാണ് മാർപ്പാപ്പാ കാണുന്നത്. "നിങ്ങളോടൊപ്പം ഈ പെസഹാ ഭക്ഷിക്കാൻ ഞാൻ അത്യധികം ആഗ്രഹിച്ചു" (ലൂക്ക 22:15) എന്ന് അന്ത്യത്താഴ വേളയിൽ ഈശോ പറഞ്ഞ വാക്കുകൾ പരി. ത്രിത്വത്തിന് നമ്മോടുള്ള തീവ്രവും ആഴവുമായ സ്നേഹം വെളിപ്പെടുത്തുന്നതാണ്. തനിക്കുവേണ്ടി പെസഹാ ഭക്ഷണമൊരുക്കാൻ ഈശോ പത്രോസിനെയും യോഹന്നാനെയുമാണ് അയക്കുന്നതെങ്കിലും ഒരർത്ഥത്തിൽ സൃഷ്ടപ്രപഞ്ചം മുഴുവനും ഇതിനായി ഒരുങ്ങുകയായിരുന്നു. ശിഷ്യർ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയില്ലെങ്കിലും അവിടെ സന്നിഹിതരായിരുന്നു. ഈ ദാനവും ഇത് സ്വീകരിക്കുന്നവരും തമ്മിൽ വലിയ അന്തരമുണ്ടെങ്കിലും അവരുടെ സാന്നിധ്യം അത്യന്താപേക്ഷിതമായിരുന്നു. കാരണം, ദൈവകരുണയാൽ, ഈ മഹത്തായ ദാനം എല്ലാ മനുഷ്യരിലുമെത്താൻ അപ്പസ്തോലന്മാർക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നു.

ഈശോയ്‌ക്കൊപ്പം ആദ്യ പെസഹാ ഭക്ഷണത്തിന് എത്തിയവരാരും സ്വന്തം യോഗ്യതയാലല്ല, അവന്റെ അദമ്യമായ ആഗ്രഹത്താൽ വലിച്ചടുപ്പിക്കപ്പെട്ടതിനാലാണ് എത്തിയത്. അവൻ തന്നെ പെസഹാക്കുഞ്ഞാടായിരുന്നു എന്നതാണ് അന്ത്യത്താഴത്തിന്റെ വ്യതിരക്തത. നമ്മോടൊന്നായിരിക്കാനുള്ള തീവ്രമായ ആഗ്രഹമാണ് അതിന് നിദാനം. എല്ലാ ജനതകളും (വെളി 5:9) ഒന്നായിത്തീരുമ്പോൾ മാത്രമാണ് അവന്റെ ആഗ്രഹം പൂർണ്ണമാകുന്നത്. അതിനുവേണ്ടിയാണ് അവൻ അർപ്പിച്ച പെസഹാ ഓരോ വി. കുർബ്ബാനയിലും നാം പുനരർപ്പിക്കുന്നത്.

തിരിച്ചറിയുന്നില്ലെങ്കിലും എല്ലാവരും കുഞ്ഞാടിന്റെ വിരുന്നിന് ക്ഷണിക്കപ്പെട്ടവരാണ്. ഈ വിരുന്നിൽ പ്രവേശിക്കാൻ ആവശ്യമായ കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി വെളുപ്പിച്ച വസ്ത്രം എല്ലാവർക്കും നൽകേണ്ടത് സഭയാകയാൽ സഭയ്ക്ക് വിശ്രമിക്കാൻ സമയമില്ല. പ്രേഷിത തീക്ഷ്ണതയാൽ സകലരെയും കുഞ്ഞാടിന്റെ വിരുന്നുമേശയിലേയ്ക്ക് എത്തിക്കേണ്ടത് സഭയുടെ ദൗത്യമാണ്. ഓരോ വി. കുർബ്ബാനയിലും നാം പങ്കുകാരാവുന്നത് ഈശോയുടെ ആഗ്രഹമായതിനാൽ ക്ഷണിക്കപ്പെട്ടവരായ നാം ആ ആഗ്രഹത്തിന് സ്വയം സമർപ്പിച്ച്‌ അവനാൽ ആകർഷിക്കപ്പെടാൻ വിട്ടുനൽകണം.

കുരിശിലെ ബലിയുടെ അർഥം മനസ്സിലാക്കാൻ ഏറ്റവും സഹായിക്കുന്നത് മുറിയപ്പെടുന്ന അപ്പമാണ്. എമ്മാവൂസിലേയ്ക്ക് പോയ ശിഷ്യന്മാർക്കും ഗലീലി തടാകത്തിൽ മീൻപിടിക്കാൻ പോയ ശിഷ്യന്മാർക്കും കണ്ണുകൾ തുറക്കപ്പെട്ടത് അപ്പം വാഴ്ത്തി മുറിച്ചപ്പോഴാണ്. പെന്തക്കുസ്തായ്ക്ക് ശേഷം ജറുസലെമിൽ ക്രിസ്തുവിനെ കണ്ടുമുട്ടണമെന്ന് വിചാരിച്ചാൽ അതിനുള്ള മാർഗ്ഗം അവന്റെ ശിഷ്യസമൂഹത്തെ സന്ധിക്കുക, അഥവാ ക്രിസ്തുവിന്റെ ഓർമ്മയാചരിക്കുന്ന സമൂഹത്തിലായിരിക്കുക എന്നതായിരുന്നു. ഇക്കാരണത്താലാണ് "ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ" എന്ന കൽപ്പന സഭ അതീവ ജാഗ്രതയോടെ മുറുകെപ്പിടിച്ചിരിക്കുന്നത്. അവിടുത്തെ വാക്കുകളും പ്രവർത്തികളും അവതരിച്ച വചനത്തിന്റെ പൂർണ്ണതയും ഓരോ വി. ബലിയിലും ഉൾച്ചേർന്നിരിക്കുന്നു.

ആരാധനക്രമം: ക്രിസ്തുവിനെ കണ്ടുമുട്ടുന്ന ഇടം (10-13)

തുടർന്ന്, ആരാധനാക്രമത്തെ ക്രിസ്തുവിനെ കണ്ടുമുട്ടുന്ന ഇടമായിട്ടാണ് പാപ്പാ അവതരിപ്പിക്കുന്നത്. ക്രൈസ്തവരായ നമ്മൾ ഒരു ആശയതലത്തിലോ, ഓർമ്മയുടെ പ്രതലത്തിലോ അല്ല ഉത്ഥാനത്തെ കണക്കാക്കുന്നത്. ക്രൈസ്തവ വിശ്വാസം അതിൽതന്നെ ഉത്ഥിതനെ കണ്ടുമുട്ടുന്നതാണ്. ആരാധനക്രമമാണ് ഈ കണ്ടുമുട്ടൽ യാഥാർഥ്യമാക്കുന്നത്. ആരാധനാക്രമത്തിലൂടെയും വി. കൂദാശകളുടെ അനുഷ്ഠാനങ്ങളിലൂടെയും ക്രിസ്തുവിന്റെ രക്ഷാകര ബലിയുടെ എല്ലാ നന്മകളിലും പൂർണ്ണമായും നാം പങ്കാളികളാകുന്നു. മാമ്മോദീസയിലൂടെയാണ് നാം ഇതിലേയ്ക്ക് ആദ്യമായി ക്ഷണിക്കപ്പെട്ടത്‌. മാമ്മോദീസ വേളയിൽ ജലത്തെ ആശീർവദിക്കുന്ന പ്രാർത്ഥനയിൽ ദൈവത്തിന്റെ സൃഷ്ടിയുടെ നിയോഗം വെളിപ്പെടുന്നുണ്ട്. ആദിയിൽ ദൈവം സൃഷ്ടികർമ്മം നടത്തുമ്പോൾ മാമ്മോദീസ എന്ന കൗദാശിക രഹസ്യം അവിടുന്ന് മുൻകൂട്ടി കണ്ടിരുന്നു. ജലത്തിന്മേൽ ദൈവത്തിന്റെ ആത്മാവ് നിവസിച്ചിരുന്നുവെന്ന് വി. ഗ്രന്ഥത്തിന്റെ പ്രാരംഭത്തിൽ (ഉൽപാ 1:2) വായിക്കുന്ന നാം, അവസാനം കുരിശിലെ രക്തത്താലും പിളർക്കപ്പെട്ട ഹൃദയത്തിൽ നിന്നുമൊഴുകിയ രക്തത്താലും ജലത്താലും നാം ക്രിസ്തുവിന്റെ ശരീരത്തോടും നിത്യജീവിതത്തോടും ചേർക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നുവെന്ന് പാപ്പാ പറയുന്നു.

സഭ: ക്രിസ്തുവിന്റെ മൗതിക ശരീരത്തിന്റെ കൂദാശ (14-15)

ആദ്യത്തെ ആദവും പുതിയ ആദവും തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാട്ടി സഭാപിതാക്കന്മാരും പാരമ്പര്യവും പഠിപ്പിച്ച കാര്യങ്ങൾ രണ്ടാം വത്തിക്കാൻ കൗൺസിൽ ഓർമ്മപ്പെടുത്തിയത് മാർപ്പാപ്പാ ഇവിടെ അനുസ്മരിക്കുന്നു. ആദ്യത്തെ ആദത്തിൽനിന്നും ഹവ്വാ രൂപപ്പെട്ടതുപോലെ രണ്ടാമത്തെ ആദമായ മിശിഹായിൽനിന്നുമാണ് സഭ ജന്മമെടുക്കുന്നത്. ക്രിസ്തുവിന്റെ വചനങ്ങളിൽ വിശ്വസിച്ച് മാമ്മോദീസ സ്വീകരിക്കുന്നതിലൂടെ അവന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമായി നാം മാറുന്നു. ഈ ഒന്നുചേരലില്ലാതെ ദൈവത്തെ പൂർണ്ണമായി ആരാധിക്കുക സാധ്യമല്ല. 

ആരാധനാക്രമത്തിന്റെ ദൈവശാസ്ത്രം (16)

ആരാധനാക്രമത്തിന്റെ ദൈവശാസ്ത്ര തലങ്ങളെ വീണ്ടും കണ്ടെത്താനും സഭാജീവിതത്തിൽ ഫലപ്രദമായി ഉൾച്ചേർക്കാനും രണ്ടാം വത്തിക്കാൻ കൗൺസിലിന് സാധിച്ചെന്ന് പാപ്പാ അനുസ്മരിക്കുന്നു. എല്ലാ ക്രൈസ്തവരും യഥാർത്ഥ ക്രിസ്തീയത സ്വന്തമാക്കേണ്ട പ്രഥമവും ഒഴിവാക്കാനാവാത്തതുമായ സ്രോതസ്സാണ് ആരാധനക്രമമെന്ന കൗൺസിൽ   പഠനത്തെ (Sacrosanctum Concilium) ഓർമ്മപ്പെടുത്തിക്കൊണ്ട്, രക്ഷാകര രഹസ്യത്തിന്റെ ആഘോഷത്തിന്റെ തനിമയെ വീണ്ടും കണ്ടെത്താനും സംരക്ഷിക്കാനും അതിന് സാക്ഷ്യംകൊടുത്ത് ജീവിക്കാനും പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു. ഒരു കാരണവശാലും ഈ ആഘോഷത്തിന്റെ തനിമയും സൗന്ദര്യവും കൈമോശം വരാൻ പാടില്ലെന്ന് പറയുന്ന പാപ്പാ ‘അവരെല്ലാവരും ഒന്നായിരിക്കണ’മെന്ന ഈശോയുടെ പ്രാർത്ഥന വി. കുർബ്ബാനയിലുള്ള നമ്മുടെ വിഭാഗീയതകളെ വിധിക്കുമെന്ന താക്കീതും നൽകുന്നു.

ആരാധനാക്രമം: ആത്മീയ ലൗകികതയ്‌ക്കെതിരെയുള്ള മറുമരുന്ന് (17-23)

ആത്മീയതയെ നശിപ്പിക്കുന്ന ഗ്നോസ്റ്റിസിസം, നിയോപെലാജിയനിസം എന്നീ തിന്മകളെക്കുറിച്ച് 'സുവിശേഷത്തിൽ ആനന്ദം' എന്ന പ്രബോധനത്തിൽ പരാമർശിച്ചത് സൂചിപ്പിക്കുന്ന പാപ്പാ, ഇവയ്ക്കുള്ള മറുമരുന്നാണ് ആരാധനാക്രമമെന്നു പറയുന്നു. ഒരാളെ തന്നിലേക്ക് തന്നെ ഗ്നോസ്റ്റിസിസം ഒതുക്കുമ്പോൾ ഒരു സമൂഹത്തിലായിരുന്നുകൊണ്ട് ഒന്നുചേർന്ന് ദൈവികാരഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലാൻ ആരാധനക്രമം സഹായിക്കുന്നു. ഒരുവന് രക്ഷ സ്വയം സാധ്യമാണെന്ന് നിയോപെലാജിയനിസം ചിന്തിക്കുമ്പോൾ ആരാധനാക്രമം യാഥാർഥ്യമെന്തെന്ന് വ്യക്തമാക്കിത്തരുന്നു. നമ്മുടെ അയോഗ്യതകളെ ഓർമ്മപ്പെടുത്തുന്ന വി. ബലിയർപ്പണം നമ്മുടെ വിളി അവിടുത്തെ ആഗ്രഹമാണെന്ന് വീണ്ടും വീണ്ടും മനസ്സിലാക്കിത്തരുന്നു. ആരാധനാക്രമത്തോട് വിശ്വസ്തത പുലർത്തി അതിന്റെ തനിമയിൽ മുന്നോട്ടുപോകുമ്പോൾ ഈ രണ്ടു തിന്മകളെയും തീർച്ചയായും മറികടക്കാൻ സാധിക്കുമെന്ന് പറയുന്ന പാപ്പാ അനുഷ്ഠാനങ്ങളുടെ കൃത്യത മാത്രം നമ്മുടെ പങ്കാളിത്തം പരിപൂർണ്ണമാക്കും എന്നൊരർത്ഥമില്ലെന്നും പറഞ്ഞുവയ്ക്കുന്നു.

രക്ഷാകര രഹസ്യത്തോടുള്ള വിസ്മയ ഭാവം: ആരാധനാക്രമത്തിൽ അനിവാര്യം  (24-26)

വിസ്മയം എന്നതിന് രഹസ്യാത്മകത എന്ന അർത്ഥമല്ല, ക്രിസ്തുവിൽ വെളിപ്പെടുത്തപ്പെട്ട രക്ഷാകര പദ്ധതികളോടുള്ള ആശ്ചര്യഭാവമാണിത്. അപ്പോഴാണ് അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും കൂടുതൽ ആഴത്തിൽ പെസഹാ ആചാരണത്തിൽ പങ്കെടുക്കാൻ നമുക്ക് സാധിക്കുന്നത്.

ആരാധനാക്രമ അടിസ്ഥാനത്തിൽ ആത്മീയ രൂപീകരണം അനിവാര്യം (27-47)

അടയാളങ്ങളെയും പ്രതീകങ്ങളെയും അടിസ്ഥാനമാക്കിയുള്ള ആരാധനാരീതികൾക്ക് നഷ്ടപ്പെട്ട പ്രാധാന്യം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ ആരാധനാക്രമത്തിന് അത്രമേൽ പ്രാധാന്യം കൊടുത്തതെന്നും മാർപ്പാപ്പാ ഇവിടെ അഭിപ്രായപ്പെടുന്നു. എന്നാൽ ആഗ്രഹിച്ച ലക്ഷ്യത്തിലെത്താൻ സാധിച്ചില്ലെന്നും പലയിടങ്ങളിലും വിഭാഗീയത നിലനിൽക്കുന്നുവെന്നും അംഗീകരിക്കുന്ന പാപ്പാ, ഈ സാഹചര്യത്തിൽ പെന്തക്കുസ്താ അനുഭവത്തിന്റെ നേർസാക്ഷ്യം ദർശിക്കാൻ കഴിയുന്ന ജറുസലെമിലെ മാളികമുറിയിലേയ്ക്ക് നമ്മുടെ ശ്രദ്ധ തിരിയേണ്ടിയിരിക്കുന്നുവെന്ന് പറയുന്നു. ഇത്തരമൊരു പെന്തക്കുസ്താ അനുഭവത്തിലൂടെ കടന്നുപോകുമ്പോൾ മാത്രമേ ഞാനെന്ന ഭാവം വെടിഞ്ഞ് ദൈവത്തോടും സഹോദരങ്ങളോടും നമുക്ക് പൂർണ്ണബന്ധത്തിലായിരിക്കാൻ സാധിക്കൂ.

ആരാധനാക്രമത്തിന്റെ രൂപീകരണവും ആരാധനാക്രമത്താലുള്ള രൂപീകരണവും ഇവിടെ പ്രധാനപ്പെട്ടതാണ്. ആരാധനാക്രമത്തെപ്പറ്റി പഠിക്കാനും പരിശീലിക്കാനും എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണം. അതിനാൽ സെമിനാരികളിൽ അതീവ പ്രാധാന്യത്തോടെ വേണം ആരാധനാക്രമം രൂപീകരണം നടത്താൻ. ദൈവശാസ്‌ത്രത്തിലെ എല്ലാ വിഷയങ്ങൾക്കും ആരാധനാക്രമവുമായുള്ള അഭേദ്യബന്ധം മനസ്സിലാക്കിവേണം സെമിനാരി പരിശീലനം മുന്നോട്ട് പോകാൻ. പാഠ്യവിഷയങ്ങളിൽ മാത്രം ഈ പരിശീലനം ഒതുങ്ങാതെ ജീവസ്സുറ്റ ആരാധനാക്രമ ആഘോഷത്തിലൂടെ അതിൽ സജീവമായി പങ്കെടുത്തുകൊണ്ട് ദൈവൈക്യത്തിലേയ്ക്ക് വളരണമെന്ന് മാർപ്പാപ്പാ നിർദ്ദേശിക്കുന്നു. ഇത്തരത്തിലുള്ള പരിശീലനം മാമ്മോദീസ സ്വീകരിച്ച എല്ലാവർക്കും ആവശ്യമാണ്. നമ്മുടെ ബുദ്ധിശക്തിക്കതീതമായ ഈ രഹസ്യങ്ങളെ ധ്യാനിക്കുന്നതാകയാൽ തീർച്ചയായും ഇത് നിരന്തരമായ ഒരു പരിശീലനം ആവേണ്ടതുണ്ട്. ആരാധനാക്രമത്തെ ഒരിക്കലും അറിവിന്റെ തലത്തിൽ മാത്രമായി ഒതുക്കി നിർത്താൻ സാധിക്കില്ല. അത് സ്തുതിയുടെയും ജീവിതമാണ്. ആരാധനാക്രമത്തിലൂന്നിയുള്ള നമ്മുടെ രൂപാന്തരീകരണം പൂർത്തിയാകുമ്പോൾ അത് ക്രിസ്തുവിൽ നമ്മെ ഒന്നാക്കി   രൂപാന്തരപ്പെടുത്തും. ദൈവത്തിന്റെ മഹത്വത്തിലേയ്ക്ക് മർത്യരായ നമുക്ക് കൂടുതൽ മഹത്വമൊന്നും ചേർക്കാനാവില്ലെങ്കിലും പാപംമൂലം മൃതരായ നമുക്ക് ദൈവത്തെ പ്രകീർത്തിക്കാനുള്ള അവസരം ആരാധനാക്രമം നൽകുന്നു. സൂര്യനെ സഹോദരനെന്ന് വിളിക്കാൻ ദൃഷ്ടിയുയർത്തിയ ഫ്രാൻസിസ് അസ്സീസ്സിയുടെ കാഴ്ചപ്പാടൊക്കെ ആധുനിക സമൂഹത്തിന് നഷ്ടമായിരിക്കുന്നു. അത് തിരികെക്കൊണ്ടുവരികയാണ് ആരാധനാക്രമ രൂപീകരണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

ആഘോഷത്തിന്റെ കല (48-60)

ആരാധനാക്രമ ആഘോഷത്തിലേക്ക് വരുമ്പോൾ അനുഷ്ഠാനങ്ങളുടെ കൃത്യതയിലേയ്ക്ക് ചുരുങ്ങാൻ പാടില്ല. അത് ജീവിതഗന്ധിയായി മാറുകയും സജീവമായ പങ്കാളത്തത്തിലേയ്ക്ക് നയിക്കുകയും ചെയ്യണം. പരിശുദ്ധാത്മാവിന് നാം സ്വയം സമർപ്പിക്കുമ്പോഴാണ് ആരാധനാക്രമ ആഘോഷം പൂർണ്ണതയിലേക്കെത്തുന്നത്. ഒരു യഥാർത്ഥ കലാകാരൻ/രി കലയെ അറിയുന്നതിലുപരി കലയാൽ നയിക്കപ്പെടുന്ന വ്യക്തിയായിരിക്കും. ദൈവാരാധനയിൽ എല്ലാവരും ഒരുമിച്ച് ഒരേപോലെ പ്രാർത്ഥിക്കുമ്പോഴും കർമ്മങ്ങളിൽ ഏർപ്പെടുമ്പോഴും വ്യക്തികളിലേയ്ക്ക് സമൂഹത്തിന്റെ ശക്തി കടന്നുചെല്ലുന്നു. അതുകൊണ്ടുതന്നെ ഒരു നിയമാവലി പിഞ്ചെല്ലുകയെന്നതിലുപരി ഒരു അച്ചടക്കമുള്ള ശൈലിയാണ് ആരാധനാക്രമത്തിൽ ഉണ്ടാകേണ്ടത്.  

തുടർന്ന്,  ദൈവാരാധനയിൽ നിശബ്ദതയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് മാർപ്പാപ്പാ പങ്കുവയ്ക്കുന്നു. നിശബ്ദത എന്നത് എല്ലാറ്റിൽനിന്നും മാറിനിൽക്കുന്ന ഏകാന്തതയുടെ നിമിഷങ്ങളല്ല, കൂദാശകളുടെ ആഘോഷത്തെ സജീവമാക്കുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിന്റെ അടയാളമാണ്. ലിറ്റർജിയിൽ എല്ലാ വാക്കുകൾക്കും ആംഗ്യങ്ങൾക്കും വ്യക്തമായ അർത്ഥതലങ്ങളുണ്ട്. ഉദാഹരണത്തിന്, മുട്ടുകുത്തുന്നതിന്, ക്ഷമചോദിക്കുക, അഹങ്കാരത്തെ കുറയ്ക്കുക തുടങ്ങിയ സൂചനകളുണ്ട്. അതുകൊണ്ടുതന്നെ, ഓരോ ആംഗ്യത്തിനും ദൃശ്യമായ ഒരു അർത്ഥത്തെക്കാൾ പ്രാധാന്യമുണ്ട്. 

ദൈവാരാധനയിൽ ദൈവജനം മുഴുവനും പ്രാധാന്യമുണ്ടെങ്കിലും പുരോഹിതന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. കാർമ്മികനായ പുരോഹിതന്റെ രീതികൾക്കനുസരിച്ച്‌   ആരാധനാക്രമത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. സമൂഹത്തിന്റെ പ്രീതിയും ശ്രദ്ധയും നേടിയെടുക്കാനുള്ള സ്വാർത്ഥതയുടെ ഘടകങ്ങളാണിന്നതിന് കാരണം. അത്തരത്തിലുള്ള പ്രവണതകൾ അവസാനിപ്പിച്ച്‌ ഉത്ഥിതനായ ക്രിസ്തുവിന്റെ സാന്നിധ്യാവബോധത്തിൽ, തനിക്ക് ലഭിച്ച പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ ആരാധനാക്രമത്തോട് വിശ്വസ്തത പുലർത്തിവേണം ഓരോ പുരോഹിതനും കൂദാശകൾ പാരികർമ്മം ചെയ്യാൻ. ആദിമസഭയിലെ ബലിയർപ്പണത്തിൽ പരി. അമ്മ സന്നിഹിതയായിരുന്നതുപോലെ ഇന്നത്തെ ഓരോ വി. ബലിയിലും പരി. അമ്മ സന്നിഹിതയാണ്. ബലിയർപ്പിക്കുന്ന പുരോഹിതനെ പരി. അമ്മ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നു. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ ഓരോ പുരോഹിതനും സ്വയം വിട്ടുകൊടുക്കണം. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുമ്പോൾ പത്രോസിനെപ്പോലെ താൻ ഒരു പാപിയാണെന്ന എളിയ മനോഭാവത്തോടെ കൂദാശകൾ പാരികർമ്മം ചെയ്യാൻ പുരോഹിതന് സാധിക്കും. ആന്തരികമായി പൂർണ്ണമായി സമർപ്പിക്കുന്ന ഒരു പുരോഹിതന് ഒരിക്കലും തന്റെ ശരീരവും ജീവിതവും മുറിയപ്പെടുന്നതിൽനിന്നും ഒഴിഞ്ഞുമാറാനാവില്ല.  

അവസാനത്തെ അഞ്ച് ഖണ്ഡികകളിൽ (61-65) എല്ലാ വിഭാഗീയതകളും വെടിഞ്ഞ് രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മെ ഓർമ്മപ്പെടുത്തിയ ദൈവാരാധനയുടെ പ്രാധാന്യം മുറുകെപ്പിടിക്കാനും ഐക്യത്തിൽ മുന്നേറാനും നമ്മോടൊപ്പം പെസഹാ ഭക്ഷിക്കാനാഗ്രഹിച്ച നമ്മുടെ കർത്താവിന്റെ ആഗ്രഹത്തിന് വിട്ടുകൊടുക്കാനും പാപ്പാ ദൈവജനത്തെ മുഴുവൻ ക്ഷണിക്കുന്നു.

സംഗ്രഹം തയ്യാറാക്കിയത്: ഫാ. ബാസ്റ്റിൻ പുല്ലന്താനിക്കൽ  MCBS_image
സംഗ്രഹം തയ്യാറാക്കിയത്: ഫാ. ബാസ്റ്റിൻ പുല്ലന്താനിക്കൽ MCBS

MCBS തമിഴ്‌നാട് മിഷൻ