+91 8590 373975
https://eucharistiamcbs.com/public/storage/images/pRrfWWSDclEJ7wLxt9ubqKkC4KHgO6kcLdMDrbMP.jpg

വി. കുർബ്ബാന, ആഘോഷങ്ങളുടെ നിറവാക്കുന്ന കെനിയയിലെ സഭ

ഇരുണ്ട ഭൂഖണ്ഡം, കാപ്പിരികളുടെ നാട് എന്നൊക്കെ നാം വിളിക്കുന്ന ആഫ്രിക്ക ദൈവത്താൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ട ഒരു നാടാണ്. കിഴക്കേ ആഫ്രിക്കയിലെ കൊച്ചു രാജ്യമായ കെനിയ മലകളും കാടുകളും പുഴകളുംകൊണ്ട് സമൃദ്ധവും പ്രകൃതിരമണീയവുമാണ്. ജനസംഖ്യയിൽ എൺപത് ശതമാനത്തിലധികം ക്രൈസ്തവരുള്ള കെനിയയിലെ വിശ്വാസികൾ നിഷ്കളങ്ക വിശ്വാസത്തിന്റെ ഉടമകളാണ്. അവിടെയുള്ള സാധാരണക്കാരുടെ ഒരു സമൂഹത്തിൽ പതിനൊന്നു വർഷങ്ങളോളം ശുശ്രൂഷചെയ്ത് ദിവ്യകാരുണ്യ ഈശോയുടെ സ്നേഹം പങ്കുവയ്ച്ചതിന്റെ അവിസ്മരണീയ ഓർമ്മയിലും ചാരിതാർഥ്യത്തിലും നിൽക്കുമ്പോൾ, ആ സമൂഹത്തിന്റെ വി. കുർബ്ബാനയർപ്പണം അവരുടെ വിശ്വാസത്തിന്റെ ആഘോഷവും ആഘോഷങ്ങളുടെ ആഘോഷമാണെന്ന് എനിക്ക് നിസ്സംശയം പറയാനാകും.

ഈശോയുടെ കുരിശിലെ ബലിയുടെ പുനരവതരണമായ അൾത്താരയിലെ വി. കുർബ്ബാനയിലുള്ള ഈ വിശ്വാസ സമൂഹത്തിന്റെ ഭാഗഭാഗിത്വം നമ്മുടെ നയനങ്ങളെ ചിലപ്പോഴെങ്കിലും ഈറനണിയിക്കാതിരിക്കില്ല. വാഗ്ദാനപേടകത്തിനു  മുൻപിൽ  സർവ്വം മറന്ന് നൃത്തം ചെയ്ത ദാവീദിനെപ്പോലെ ആ മക്കൾ, വി. ബലിയിൽ പങ്കെടുക്കുമ്പോൾ തങ്ങളുടെ ജീവിതത്തിലെ എല്ലാ ദുഖങ്ങളും മറന്ന് നൃത്തച്ചുവടുകൾ വച്ച് ഒരുമയോടെ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് നമ്മെ അതിശയിപ്പിക്കാതിരിക്കില്ല. വി. കുർബ്ബാനയുടെ  പ്രാരംഭഗാനം മുതൽ സമാപനഗാനംവരെ വളരെ ഭക്തിയോടും ശ്രദ്ധയോടും തീക്ഷ്ണതയോടുംകൂടെ പങ്കെടുക്കുന്ന ഈ വിശ്വാസസമൂഹം ഗാനങ്ങൾക്കനുസരിച്ച് നൃത്തച്ചുവടുകളോടും വാദ്യമേളങ്ങളോടുംകൂടെ ദൈവത്തെ ആരാധിക്കുന്നത് കാണുമ്പോൾ മനസ്സിലാകും വി. കുർബ്ബാനയർപ്പണം അവരുടെ ഹൃദയത്തിലെ സന്തോഷത്തിന്റെ ബഹുസ്പുരണമാണെന്ന്. ഹൃദയത്തിലെ ഈ സന്തോഷം അവരുടെ ബലിയെ ആഘോഷമാക്കുന്നു. ഇതിന് അവരെ ഒത്തിരി സഹായിച്ചത്  ഗായകസംഘമായിരുന്നു. ഗായകസംഘം കേവലം രണ്ടോ മൂന്നോ പേരല്ല, മറിച്ച് കുട്ടികളും യുവജനങ്ങളും മധ്യവയസ്കരും വൃദ്ധരുമടങ്ങുന്ന വലിയൊരു സംഘമാണ്. കൂട്ടായ്മയുടെ ശുശ്രൂഷചെയ്യുന്ന ഗായകസംഘത്തോടൊപ്പം വിശ്വാസസമൂഹം മുഴുവൻ ഒന്നുചേരുമ്പോൾ അത് ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും വിലയുള്ള നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും വളരെയേറെ പ്രാധാന്യം നൽകുന്നവരാണ് കെനിയയിലെ വിശ്വാസികൾ. അവുരുടെ ആഘോഷങ്ങളിൽ വി. കുർബ്ബാനയ്ക്ക് അതുല്യമായ ഒരു സ്ഥാനമുണ്ട്. അവരുടെ സന്തോഷങ്ങളുടെയും ദുഖങ്ങളുടെയും നിമിഷങ്ങളെ അനുഗ്രഹപൂർണ്ണമാകാൻ വി. കുർബ്ബാനയെ അവരാശ്രയിക്കുന്നു. ജീവിതത്തിലെ വലിയ തകർച്ചകളെപോലും വി. കുർബ്ബാനയിൽനിന്നും സംഭരിക്കുന്ന ശക്തിയാൽ 'ദൈവത്തിന് ഒരിക്കലും തെറ്റുപറ്റില്ല' എന്ന വിശ്വാസത്തോടെ പരാതികളില്ലാതെ സ്വീകരിക്കുന്ന അവരിൽ നല്ലൊരുഭാഗത്തിന്റെയും വിശ്വാസജീവിതം നമുക്കുമുന്നിൽ ഒരു വെല്ലുവിളിയാണ്. 

ആഘോഷപൂർവ്വമായ വി. ബലിയർപ്പണം അവർക്ക് ഒരു ദിവസം നീണ്ടുനിക്കുന്ന ആഘോഷമാണ്. വി. കുർബ്ബാന എത്ര നീണ്ടുപോയാലും അവർക്ക് പരിഭവമോ പരാതിയോ മടുപ്പോ ഇല്ല. അപ്പോഴൊക്കെ രാവിലെ വരുന്നവർ വൈകുന്നേരങ്ങളിലാണ് ഭവനങ്ങളിലേയ്ക്ക് തിരിച്ചുപോകാറുള്ളത്. അങ്ങനെ, വി. കുർബ്ബാന ആഘോഷമായി അർപ്പിച്ചതിന്റെ സന്തോഷത്തിൽ അവർ വീടുകളിലേക്ക് നീങ്ങുന്നത് ഏവരുടെയും മനസ്സുനിറയ്ക്കുന്ന ഒരു കാഴ്ചയാണ്.  

ചില അവസരങ്ങളിൽ, പ്രത്യേകിച്ച് മൃതസംസ്കാരത്തോടനുബന്ധിച്ച്‌, കെനിയയിലെ വിശ്വാസികൾ അവരുടെ ഭവനങ്ങളിൽ വേണ്ട ക്രമീകരണങ്ങളൊക്കെ നടത്തി വി. ബലിയർപ്പിക്കാറുണ്ട്. അവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കുന്നത് മിക്കവാറും അവരുടെ വീടുകളോട് ചേർന്നുതന്നെയാണ്. മൃതസംസ്കാര ശുശ്രൂഷകൾ അവരെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിക്ക് നൽകുന്ന ഏറ്റവും വലിയ യാത്രയയപ്പാണ്. അന്നേദിനം ബന്ധുക്കളും മിത്രങ്ങളും  അയൽക്കാരുമെല്ലാം ആ വീട്ടിൽ സമ്മേളിച്ച് കന്നുകാലിയെയൊക്കെ കൊന്ന് വലിയ സദ്യയൊരുക്കുന്നു. ഈ ആഘോഷത്തിലെ പ്രധാനഘടകം വി. കുർബ്ബാനതന്നെയാണ്.

കെനിയയിൽ സഭ വിദ്യഭ്യാസ മേഖലയിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്നും, അവിടുത്തെ വിദ്യാലയങ്ങളിൽ നല്ലഭാഗവും ദൈവാലയങ്ങളോട് ചേർന്നാണ് കാണാൻ കഴിയുന്നത്. അതിനാൽ വി. കുർബ്ബാനയുടെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളെ ബോധ്യപ്പെടുത്താനും അനുഭവിക്കാൻ അവസരങ്ങളൊരുക്കാനും വൈദികരും സന്യസ്തരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സകലവിജ്ഞാനത്തിന്റെയും സ്രോതസ് സർവ്വശക്തനായ ദൈവമാണെന്നും വി. ബലിയാണ് അവിടുത്തെ അനുഗ്രഹങ്ങൾ സ്വന്തമാക്കാനുള്ള ഏറ്റവും വലിയ മാർഗ്ഗമെന്നും പഠിക്കുന്നതിനുള്ള അവസരങ്ങൾ കുഞ്ഞുങ്ങൾക്ക് ചെറുപ്പത്തിലേ ലഭിക്കുന്നു.

ഒരിക്കൽ ഒരു കുഗ്രാമത്തിൽ വി. കുർബ്ബാനയർപ്പിക്കാൻ പോയതോർക്കുന്നു. വൈദികരുടെ ദൗർലഭ്യം ധാരാളമുള്ളതിനാൽ വളരെ വിരളമായേ അവർക്ക് വി. കുർബ്ബാന ലഭിച്ചിരുന്നുള്ളൂ. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പലപ്പോഴും വിശ്വാസികളിലാരുടെയെങ്കിലും വീടുകളിൽ വി. കുർബ്ബാനയർപ്പിക്കുന്ന പതിവാണുള്ളത്. അന്ന് ഞങ്ങൾ ചെല്ലുമ്പോൾ യാതൊരുവിധ ഒരുക്കവും അവർ നടത്തിയിരുന്നില്ല. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന വൈദികൻ വളരെ ശാന്തമായും സൗമ്യമായും അവരോടിടപെടുകയും ഒരു മേശ സംഘടിപ്പിക്കുകയും ചെയ്തു. പെട്ടന്നുതന്നെ വൈദികനോടൊപ്പം എല്ലാവരുംകൂടി വി. കുർബ്ബാനയ്ക്കുള്ള ക്രമീകരണങ്ങൾ നടത്തുകയും അടുത്തുള്ള വീടുകളിൽനിന്നും സ്ഥലങ്ങളിൽനിന്നും ആളുകളെത്തുകയും അന്നത്തെ ബലിയർപ്പണം ഒരു ആഘോഷമാക്കി മാറ്റുകയും ചെയ്തത് പച്ചകെടാതെ ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. 

ഈശോയെ അറിഞ്ഞ് അനുഭവിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അനേകർ കെനിയയുടെ വിവിധ ഭാഗങ്ങളിലുണ്ട്. അവരോടൊപ്പം ബലിയർപ്പിക്കുമ്പോൾ ജീവിതം ധന്യമാകുന്ന അനുഭവമാണ് ലഭിക്കുന്നത്. ദാരിദ്ര്യത്തിന്റെയും ഇല്ലായ്മകളുടെയും വേദനകളുടെയും ദുഖങ്ങളുടെയും നടുവിലും അവിടെ സ്വർഗ്ഗീയവിരുന്ന് ആഘോഷിക്കപ്പെടുന്നു. മുഷിഞ്ഞാ വസ്ത്രമണിഞ്ഞും മാനസിക വിഭ്രാന്തിയുടെ അലസമായും വി. ബലിയ്ക്ക് അണയുന്നവരെപ്പോലും സ്നേഹത്തോടെ ചേർത്തുപിടിച്ച് ബലിയിൽ ഒന്നാകാൻ സഹായിക്കുന്ന നന്മയുള്ള മനസ്സിന്റെ ഉടമകളാണ്‌ കെനിയയിലെ ദൈവജനത്തിൽ മഹാഭൂരിപക്ഷവും. ത്വക്കിന്റെ നിറത്തിനപ്പുറം വെണ്മയുള്ള മനസ്സിന്റെ ഉടമകളാണവർ. അവരുടെ ജീവിതവും ബലിയർപ്പണവും രണ്ടല്ല, ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ജീവിതത്തോടൊപ്പം വി. കുർബ്ബാനയും ആഘോഷമാക്കുന്ന ഈ ദൈവജനം വിശ്വാസജീവിതത്തിൽ നമുക്കും പ്രചോദനമാണ്.  

സിസ്റ്റർ ലിസ്സറ്റ് SABS_image
സിസ്റ്റർ ലിസ്സറ്റ് SABS