+91 8590 373975
https://eucharistiamcbs.com/public/storage/images/B2ZSYAgXffzW04Jxh78tzb2w5UHeQawMwCrE4407.jpg

വി. കുർബ്ബാനയും സന്യാസജീവിതവും

ദൈവത്തിന്റെ അനന്തസ്നേഹം അപ്പമായവതരിച്ച്‌ മധുബിന്ദുവായ്‌ മനുഷ്യമക്കളുടെ നാവിൽ അലിയുന്ന അത്ഭുതത്തിന്റെ കലവറയാണ് വി. കുർബ്ബാന. അന്നം അന്യമാകുമ്പോൾ വിശപ്പനുഭവപ്പെടാം. അതിന് ആശ്വാസമേകാൻ ആഗതനായവൻ അരുളുന്നു, "ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു. ഈ അപ്പം ഭക്ഷിക്കുന്നവൻ എന്നേയ്ക്കും ജീവിക്കും" (യോഹ 6:51). നിത്യജീവൻ പ്രാപിക്കാൻ ഈശോ നൽകുന്ന ദിവ്യഭോജനമാണ് തന്റെ ശരീരവും രക്തവുമായ വി. കുർബ്ബാന. രചനകൾക്കും വാക്കുകൾക്കും അതീതമായ ദിവ്യാനുഭൂതി പകരുന്ന, ശ്രുതി, ലയ, ഭാവ, രാഗ, താള സമന്വയമായ, വിശ്വേയ്ശില്പിയുടെ നിറസാന്നിധ്യമാണ് വി. കുർബ്ബാന. ഈ പ്രപഞ്ചം മുഴുവൻ അവിടുത്തെ ദിവ്യകാരുണ്യത്തിൽ ആമഗ്നമാക്കപ്പെട്ടിരിക്കുന്നു. സർവ്വമഹത്വവും മറച്ചുവച്ച്, രൂപഭാവങ്ങൾ വെടിഞ്ഞ് വെറുമയായിത്തീർന്നിരിക്കുന്ന സ്‌നിഗ്‌ദ്ധ സാന്നിധ്യം കുഞ്ഞപ്പമായ്  നമ്മുടെ കരങ്ങളിൽ താണിറങ്ങുമ്പോൾ ഒരു ആനന്ദനിർവൃതിയുണ്ട്, ആത്മഹർഷമുണ്ട്, സ്നേഹത്തിന്റെ വശ്യതയാർന്ന ആന്ദോളനമുണ്ട്. സമാധാനത്തിന്റെ തുറമുഖമാണ് ദിവ്യകാരുണ്യ സന്നിധി. ഈ നദിക്കരയിൽ നങ്കൂരമടിക്കുന്നവർക്ക് സ്വസ്ഥതയും ശാന്തതയും ലഭിക്കും. ഈ നങ്കൂരമിടൽ തന്നെയാണല്ലോ സംന്യാസജീവിതം. 

1. സന്ന്യാസം: ദൈവതേജസിന്റെ പ്രസരണി

നിത്യവസന്തം പൂത്തുനിൽക്കുന്ന മനോഹരമായ ഒരു പൂങ്കാവനമാണ് സന്യാസജീവിതം. സന്യാസത്തിന്റെ ഉൾപ്പൊരുൾ തേടിയലയുമ്പോൾ നാം ചെന്നെത്തുന്നത് അതിരില്ലാത്ത സ്നേഹത്തിന്റെ കടൽത്തീരത്താണ്. ഈ സ്നേഹത്തിന് ആൾരൂപമായി അവതരിക്കാൻ വിളിക്കപ്പെട്ടവരാണ് സന്യസ്തർ. നിത്യസാന്നിധ്യത്തിന്റെ കൂടാരത്തിലൂടെയുള്ള ഈ യാത്ര അനന്തതയുടെ ആഴപ്പരപ്പിലേയ്ക്ക് നമ്മെ ചെന്നെത്തിക്കും. 

മറ്റൊരർത്ഥത്തിൽ സന്യാസം ഒരു സമരമുഖമാണ്. അത് ആവേശഭരിതമെങ്കിൽ കൂടുതൽ ഫലദായകമാകുന്നു. കൂടെയുള്ളവ കൂടപ്പിറപ്പായി കാണാനും സ്വീകരിക്കാനും ഒരു സമരസപ്പെടൽ കൂടിയേതീരൂ. കൂർത്ത മൂർത്ത മുള്ളുകൾ തേഞ്ഞുതീരുമ്പോൾ മൃദുവായ രൂപഭാവങ്ങളോടുകൂടിയ ശിൽപം രൂപപ്പെടും. 

സുകൃതങ്ങൾ അഭ്യസിക്കാനുള്ള കളരികൂടിയാണ് സന്യാസം. എല്ലാ സുകൃതങ്ങളുടെയും തായ്‌വേര് 'അനുസരണമാണ്.' അത് സ്വന്തമനസ്സിന്റെ ത്യജിക്കലും അടിയറവയ്ക്കലുമാണ്; പരന്റെ ഇഗിതപൂർത്തീകരണത്തിനായുള്ള വ്യവസ്ഥകളില്ലാത്ത സമർപ്പണം. വിശുദ്ധരെ വാർത്തെടുക്കുന്ന മൂശയായ ക്രിസ്തീയജീവിതത്തിന്റെ പുഷ്പിക്കലാണ് സന്യാസം. ഈ സന്യാസാത്മാക്കളിൽനിന്നും അതിർവരമ്പുകളില്ലാത്ത മനസ്സുകൾ രൂപപ്പെടുകയും അതിരുകളില്ലാത്ത സ്നേഹത്തിന്റെ നിർത്ധരി കവിഞ്ഞൊഴുകുകയും ചെയ്യുന്നു. സന്യാസം = വിശുദ്ധിയുടെ വിളനിലം; അത് ഒരു ആയിത്തീരലിന്റെ ബാക്കിപത്രമാണ്. അന്യനും അപരനുമില്ലാത്ത ഒരനുയായി ചെന്നെത്തുന്നത് അപാരതയെ പുൽകിനിൽക്കുന്ന ഈ പരിശുദ്ധ അവസ്ഥയിലായിരിക്കും. സ്നേഹത്തിന്റെ ഉറകൂട്ടപ്പെട്ട ജീവിതത്തിനുമാത്രമേ പുഷ്ടിയുണ്ടാകൂ. സ്നേഹം ചലിപ്പിക്കുന്ന ഇന്ധനമാണ്. എല്ലാവരെയും സ്വന്തമെന്ന് കരുത്തുന്നിടത്തേ മാനുഷികത വളരുകയുള്ളൂ, ദൈവികത ഉടലെടുക്കുകയുള്ളൂ. മനുഷ്യത്വമില്ലാതെ ദൈവികതയെ പുൽകാനാവില്ല. ദൈവതേജസ്സിന് ആൾരൂപം ധരിക്കാൻ സമ്മതം മൂളുക, വിട്ടുകൊടുക്കുക, അടിയറവുവയ്ക്കുക; അർപ്പിതമാവുക, ദൈവതേജസ് പ്രസരിപ്പിക്കുക. അൾത്താരയിൽ കുരുത്ത ജീവിതം വിശുദ്ധമാക്കപ്പെടുകതന്നെചെയ്യും. ജീവിതം അൾത്താരയിലാരംഭിച്ച്, തിരുസക്രാരിയിൽ ഗോപനം ചെയ്യപ്പെട്ട്, വീണ്ടും പൊട്ടിമുളച്ചുവരുന്നതാണ് സന്യാസത്തിലെ വിശുദ്ധജീവിതങ്ങൾ. ജീവിതാനുഭവമാകുന്ന ജപമണികൾ സ്നേഹവും സഹനവുമാകുന്ന പൊട്ടിപ്പോകാത്ത ചരടിന്മേൽ കോർത്തിണക്കി കുരിശിലർപ്പിക്കുന്നിടത്തു സന്യാസം പ്രശോഭിതമാകും.

2. സന്യസ്തരെ ഉൾക്കൊള്ളാൻ മടിക്കുന്ന ലോകം 

ഇന്ന് പലപ്പോഴും സന്യസ്തരെ ഉൾക്കൊള്ളാൻ ലോകത്തിന് സാധിക്കാതെ പോകുന്നു. സാധാരണ മനുഷ്യരിൽനിന്നും അവർ വളരെ അകന്ന് പോകുന്നതുകൊണ്ടാണോ? മാനുഷികഭാവങ്ങളെ വിട്ടകന്ന് കുറേ മതിൽക്കെട്ടുകളും അനുഷ്ഠാനങ്ങളും അരുതുകളുംകൊണ്ട് സന്യസ്തർ യാന്ത്രികതയിലേയ്ക്ക് നീങ്ങുമ്പോൾ മനുഷ്യത്വത്തിന്റെ മഹനീയത മറക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നു. സന്യാസത്തിന്റെ മാംസളഭാഗമാണ് മനുഷ്യത്വം. മനസ്സുകളിൽ മതിലുകളില്ലാത്തയാളായിരിക്കണം സന്യാസി. ദൈവം മനുഷ്യനായി അവതരിച്ചത് മാനുഷിക ഭാവങ്ങളെ ഉൾക്കൊണ്ട് മനുഷ്യരുമായി താദാത്മ്യപ്പെട്ട് ദൈവത്തിലേക്ക് മനുഷ്യകുലം മുഴുവനെയും ആനയിക്കാനാണ്. തങ്ങൾ രൂപാന്തരപ്പെടുന്നതോടൊപ്പം സഹചരെയും സാഹചര്യങ്ങളെയും രൂപാന്തരപ്പെടുത്തി ദൈവോന്മുഖമായി വളർത്തുകയാണ് സന്യസ്തരുടെ ജീവിത നിയോഗം. 

നല്ല ഫലം ചൂടിനിൽക്കുന്ന  വൃക്ഷമാവുക. പുഷ്പം സുഗന്ധം വമിപ്പിക്കുന്നു. കാറ്റ് അത് പരത്തുന്നു. സുഗന്ധം അനുഭവിക്കുന്നവർ ഉറവിടം തേടുന്നു. മറ്റുള്ളവർ ആകർഷിക്കുമെന്നും ആസ്വദിക്കുമെന്നും കരുതി ഫലം പുറപ്പെടുവിക്കാതിരുന്നാൽ ദൈവം മഹത്വപ്പെടില്ല. പൂക്കൽ  വിരിഞ്ഞാൽ ഇറുത്തെടുക്കപ്പെടും. ഈ അർത്ഥത്തിലുള്ള സമർപ്പണത്തിന് സജ്ജരായ സന്യസ്തരെ ലോകം പുറംതള്ളില്ല.

3. സന്യാസം: ഉള്ളിലേയ്ക്കുള്ള ഒരു യാത്ര

സന്യാസി, ബ്രഹ്മത്തിൽ ചരിച്ച് ബ്രഹ്മത്തെ ഉൾക്കൊള്ളുന്ന വ്യക്തിയാണ് സന്യാസി. ദൈവഹിതം മാത്രം നിറവേറ്റുകയാണ്‌ സന്യാസിയുടെ വിളിയും ഉത്തരവാദിത്വവും. സർവ്വചരാചരങ്ങളിലും ദൈവീകത ദർശിക്കുന്ന എളിയ ദൈവപൈതലാവുകയെന്നതാണ് കരണീയം. 

ഉണ്മയെ തേടിയുള്ള ഒരു തീർത്ഥാടനമാണ് യഥാർത്ഥത്തിൽ സന്യാസം. സൃഷ്ടിയുടെ ആരംഭംമുതൽ യുഗാന്തംവരെ നീളുന്ന പരമസത്യങ്ങളെ പുൽകി ഒരു പുതുജീവൻ പ്രാപിക്കലാണിത്. ആദിയുമന്ത്യവുമായവനിൽ ലയിച്ചുചേരുന്ന ഈ ഉൾച്ചേരലിൽ ഉള്ളം ഉണ്മയായി മാറുന്നു. അങ്ങനെ, പരന് വിപരീതമായതൊന്നും ഇച്ഛിക്കാതെ, ചിന്ത-വാക്-കർമ്മങ്ങളിൽ വിശുദ്ധി വിളയിക്കുന്ന ജീവിതത്തിനുടമയായി സന്യാസി മാറുന്നു.

'ദാരിദ്ര്യം' സന്യാസത്തിൽ നിറവാണ്; ദൈവത്തെക്കൊണ്ടുള്ള നിറവ്. അവിടെ ആസക്തിയോ അടിമത്തമോ ഇല്ല, സ്നേഹമാണ് ജീവിതശൈലി. ദൈവസ്നേഹവും സഹോദരസ്നേഹവും സംഗമിക്കുമ്പോൾ നന്മയുടെയും വിശുദ്ധിയുടെയും നിറവും സത്യത്തിന്റെ തെളിവും സ്വാതന്ത്ര്യത്തിന്റെ വസന്തവും പങ്കുവയ്ക്കലിന്റെ ചാരുതയുമുണ്ട്. ഈ സന്യാസത്തെ പരിപോഷിപ്പിക്കുന്ന കൂദാശയാണ് വി. കുർബ്ബാന. ഈ തീക്കട്ട ഭക്ഷിക്കുന്ന സന്യാസി തീയായി മാറുന്നു, മറ്റുള്ളവരെക്കൂടി കത്തിജ്വലിപ്പിക്കാൻ, ശുദ്ധീകരിക്കാൻ. അങ്ങനെ ഈ ലോകത്തിൽ കുർബ്ബാനയാകുന്നതാണ് സന്യാസിയുടെ നിയോഗം.

സി. മേരി കൂട്ടിയാനിയ്ക്കൽ SABS_image
സി. മേരി കൂട്ടിയാനിയ്ക്കൽ SABS