+91 8590 373975
https://eucharistiamcbs.com/public/storage/images/UKOqEOcZEg62S9nLnIhHpB8KttI95DvtWWfDVBK2.jpg

വിശപ്പിലെ സുവിശേഷവുമായ് ‘അഞ്ചപ്പം’

‘അഞ്ചപ്പം’ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് സുവിശേഷത്തിലെ ആ ബാലനാണ്. അമ്മ കരുതലോടെ ഏൽപ്പിച്ച അഞ്ചപ്പം യേശുവിന്റെ കരങ്ങളിൽ നൽകിയപ്പോൾ അത് ആയിരങ്ങളുടെ വിശപ്പടക്കിയ കഥപറയുന്ന സുവിശേഷത്തിലെ ബാലൻ. കരുതിവെയ്ക്കാതെ പങ്കുവയ്ക്കുന്ന ഇടങ്ങളിൽ അത് സമൃദ്ധിയുടെയും നിറവിന്റെയും അനുഭവങ്ങൾ സമ്മാനിക്കുന്നുവെന്ന് കാലം നമ്മെ ഒത്തിരി പഠിപ്പിച്ചതാണ്.

കേരളത്തിൽ പരക്കെ അറിയപ്പെട്ടുവന്നുകൊണ്ടിരിക്കുന്ന ‘അഞ്ചപ്പം’ എന്ന ആശയത്തെയും, അതിന്റെ പിന്നിൽ ചുക്കാൻ പിടിക്കുന്ന ബോബി ജോസ് കട്ടിക്കാടച്ചനെയും കുറിച്ചാണ് പറഞ്ഞു വരുന്നത്.  അന്നവും അക്ഷരവും ആദരവോടെ എന്ന ആശയത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ് അഞ്ചപ്പം എന്ന ഭക്ഷണശാല. തീർത്തും ഭക്ഷണശാല എന്ന് അതിനെ വിളിക്കാനാകില്ല. കാരണം, പുസ്തകങ്ങളുടെ ലോകമായ ഒരു വായനശാലയും കൂടിയാണത്. വായനയുടെയും, ചർച്ചകളുടെയും, സംവാദങ്ങളുടേതുമായ അറിവിന്റെ വിശാല ലോകം കൂടി സമ്മേളിക്കുമ്പോഴാണ് അഞ്ചപ്പം എന്ന ആശയം പൂർണമാവുക. വയറിന്റെ വിശപ്പിനും അറിവിന്റെ വിശപ്പിനും ഇവിടെ ഉത്തരമുണ്ടെന്നതാണ് ഇത് വ്യത്യസ്ഥമാക്കുന്നത്.

ചങ്ങനാശ്ശേരിയിൽ വരുന്നവരാരും വിശന്നിരിക്കരുത് എന്ന വാശിയിൽ നിന്നുമാണ് അഞ്ചപ്പം എന്ന ഭക്ഷണശാലയുടെ ആരംഭം. വിശപ്പെന്ന വലിയ സത്യത്തിന്റെ മുൻപിൽ മനുഷ്യരെല്ലാം നിസ്സഹായരാണ്. അതിനുള്ള മറുപടി ഒരു നേരത്തെ അന്നം തന്നെയാണ്. ജനക്കൂട്ടത്തെ കണ്ടപ്പോൾ ഗുരുവിന് അനുകമ്പ തോന്നിയതുപോലും വിശപ്പിന്റെ തളർച്ചയിൽ നിൽക്കുന്ന അവരുടെ വാടിയ മുഖത്തിന്റെ മുമ്പിലായിരുന്നു. “നിങ്ങൾ തന്നെ അവർക്ക് ഭക്ഷണം കൊടുക്കുവിൻ” (മത്താ 14:17) എന്ന കാർക്കശ്യത്തോടെയുള്ള നിർദ്ദേശം അവൻ വിശപ്പിനെ എത്ര ഗൗരവത്തോടെയാണ് കണ്ടതെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്.

ഒന്നുമില്ലാത്തവരുടെ പക്ഷം ചേരുന്ന ദൈവത്തെയാണ്, പഴയ നിയമവും പുതിയ നിയമവും ഒരുപോലെ പരിചയപ്പെടുത്തുന്നത്. അന്ത്യവിധിയെക്കുറിച്ചുളള വിവരണത്തിൽ, വിശക്കുന്നവന് അന്നം നിഷേധിച്ചവർക്കു ലഭിക്കുന്ന ശിഷാവിധിയും,  തങ്ങൾക്കുള്ളത് പങ്കു വയ്ക്കുന്നവരെ കാത്തിരിക്കുന്ന പ്രതിഫലവും എത്ര വ്യക്തമായാണ് യേശു നിർവ്വചിക്കുന്നത്. “നീ ധർമദാനം ചെയ്യുമ്പോൾ അതു രഹസ്യമായിരിക്കേണ്ടതിന്‌ നിന്റെ വലത്തുകൈ ചെയ്യുന്നത്ഇ ടത്തുകൈ അറിയാതിരിക്കട്ടെ” (മത്താ 6:3-4) എന്ന ഓർമ്മപ്പെടുത്തൽപോലും ദാനം സ്വീകരിക്കുന്നയാളുടെ ആത്മാഭിമാനത്തെ അവൻ എത്രകണ്ട് മാനിക്കുന്നുണ്ട് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്.

വിശപ്പിന്റെ മുൻപിൽ തകർന്നു നിൽക്കുമ്പോഴും മനുഷ്യൻ അർഹിക്കുന്ന ആദരവുണ്ട്. ഒരു വ്യക്തി ഏത് നിസ്സഹായാവസ്ഥയിലായാലും മനുഷ്യനെന്ന മഹനീയ സ്ഥാനത്തിന് കോട്ടം വരാതെ നോക്കുക തന്നെ ചെയ്യണം. നിന്റെ മുമ്പിൽ കൈ നീട്ടേണ്ട ഗതികേടിലും  ആ വ്യക്തിയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താതെ എത്ര കമനീയമായി നിനക്ക് അയാളെ സഹായിക്കാനാകും.

മനുഷ്യർ വല്ലാതെ വ്യത്യസ്തരാണ്. വിശപ്പുകൊണ്ട് കൈനീട്ടുന്നവരുണ്ട്, ആത്മാഭിമാനം കൊണ്ട് കൈനീട്ടാനാവാതെ വിശപ്പ് കടിച്ചമർത്തി നടക്കുന്നവരുമുണ്ട്. ഇവിടെയാണ് അഞ്ചപ്പം എന്ന ഭക്ഷണശാലയുടെ പ്രസക്തി. ഇവിടെ ഭക്ഷണം സൗജന്യമോ, ഔദാര്യമോ അല്ല. മാന്യമായി ഭക്ഷണം കഴിക്കാം, അതിന് പണം നൽകി മടങ്ങാം. അതിനു മുഴുവനുമുള്ളത്, ഇല്ലെങ്കിൽ ഉള്ളത് നൽകാം. ഇനി അതു പോലുമില്ലെങ്കിലും വയറു നിറഞ്ഞ് യാത്രയാകാം. ആരും ചോദിക്കാനോ, പരിഹസിക്കാനോ വരില്ല. ആരുടെയൊക്കെയോ നല്ല മനസ്സിലും പങ്കുവെപ്പിലും നിനക്കും പങ്കുചേർന്ന് തൃപ്തിയോടെ മടങ്ങാം, ജാള്യത തെല്ലുമില്ലാതെ.

ബോബി അച്ഛന്റെ നേതൃത്വത്തിൽ ‘അപ്പക്കൂട്ടം,’ ‘അക്ഷരക്കൂട്ടം’ എന്നീ രണ്ട് കൂട്ടായ്മകളാണ് ഈ സംരംഭത്തെ മുന്നോട്ടുനയിക്കുന്നത്. അപ്പക്കൂട്ടമാണ് ഭക്ഷണശാലയുടെ കാര്യങ്ങൾ ക്രമപ്പെടുത്തുന്നത്. ആർഭാടങ്ങളില്ലാതെ, എന്നാൽ മാന്യമായി വിശപ്പടക്കാൻ കഴിയുന്ന വിധത്തിലാണ് ഇവിടുത്തെ ഭക്ഷണം ക്രമപ്പെടുത്തിയിരിക്കുന്നത്. യാതൊരു വിധത്തിലുള്ള ഫണ്ടിങ് ഏജൻസികളുടെയും ധനസഹായം അഞ്ചപ്പം സ്വീകരിക്കുന്നില്ല. ജനങ്ങളുടെ ചെറിയ ഔദാര്യങ്ങളുടെ സമാഹരണത്തിലൂടെയും ഭക്ഷണ സാധനങ്ങളുടെ വിൽപ്പനയിലൂടെയും ഓരോ ഔട്ട്‌ലെറ്റും സ്വയം പര്യാപ്തമാക്കുകയാണ് അഞ്ചപ്പം ലക്‌ഷ്യം വയ്ക്കുന്നത്. അക്ഷരക്കൂട്ടമാണ് വായനശാലയുടെ കാര്യങ്ങൾ നോക്കുന്നത്. സായാഹ്നങ്ങളിൽ ഈ ഭക്ഷണശാല അറിവിന്റെ ലോകമായി മാറുകയാണ്. ആർക്കും കടന്നുവരികയും, പുസ്തകങ്ങൾ വായിക്കുകയും സംസാരങ്ങളിൽ ഏർപ്പെടുകയുമാവാം. അങ്ങനെയാണ് ‘അക്ഷരവും അന്നവും ആദരവോടെ’ എന്ന ആശയത്തിന് ജീവൻ കൊടുക്കുന്നത്.

ഉള്ളവനും ഇല്ലാത്തവനും തമ്മിൽ വലിയ അന്തരമുള്ള ഈ കാലഘട്ടത്തിൽ ഇരുകൂട്ടരെയും ഒരു മേശയ്ക്ക് ചുറ്റും അണിനിരത്തുകയാണ് അഞ്ചപ്പം ചെയ്യുന്നത്. നിന്റെ സമൃദ്ധി നിന്നെ പങ്കുവയ്ക്കാൻ കൂടി പഠിപ്പിക്കുമ്പോഴാണ് നീ ഒരു സമൂഹ ജീവിയായി മാറുന്നത്. മറ്റുള്ളവരുടെ സമൃദ്ധിയിൽ നിന്നും നല്ല മനസ്സിൽ നിന്നുമുള്ള പങ്കുവെയ്പ്പിൽ ഒന്നുമില്ലാത്തവർക്കും പങ്കുചേരാനാകുന്നു. ആരുടേയും ആത്മാഭിമാനത്തെ തെല്ലും മുറിപ്പെടുത്താതെ വിശപ്പിനുമേൽ ഉത്തരമാവുകയാണ് അഞ്ചപ്പം. അഞ്ചപ്പം പങ്കുവെച്ച ബാലന്റെ പങ്കുവെയ്പ്പ് സമൃദ്ധി ആയതുപോലെ ഇവിടെ പങ്കുവെയ്പ്പുകൾ അനേകർക്ക് സമൃദ്ധിയായി പെയ്തിറങ്ങുന്നു.

ഫാ. എൽവിസ് കോച്ചേരി MCBS_image
ഫാ. എൽവിസ് കോച്ചേരി MCBS

ജീവാമൃത ആശ്രമം, മലമ്പുഴ