+91 8590 373975
https://eucharistiamcbs.com/public/storage/images/1qovUiNjNHbWI13JwVxbZq8wkTYEMkaZ8uawz5Au.jpg

പ്രപഞ്ചത്തിന്റെ അതിരുകളിലേക്ക് വളരുന്ന ദിവ്യസാന്നിധ്യം

‘ക്രിസ്തീയ ജീവിതത്തിൻറെ മുഴുവൻ ഉറവിടവും പാരമ്യവുമായ’ (LG, 11) വി. കുർബ്ബാന 'സ്നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമാണ്' (SC, 47). ക്രൈസ്തവ ജീവിതത്തിന്റെ ആധാരവും വിശ്വാസത്തിന്റെ ആവിഷ്കാരവുമായ ഈ വിശുദ്ധ കൂദാശ, 'പരിസ്ഥിതിയെക്കുറിച്ചുള്ള നമ്മുടെ കരുതലിന് പ്രചോദനത്തിന്റെയും പ്രകാശത്തിന്റെയും ഉറവിടമാണ്' (LS, 237) എന്ന് ഫ്രാൻസിസ് മാർപ്പാപ്പ ഉദ്ബോധിപ്പിക്കുന്നു. വി. കുർബ്ബാന കേന്ദ്രമാക്കി വളരേണ്ട ഒരു പാരിസ്ഥിതിക ദർശത്തെക്കുറിച്ചുള്ള ചില ദൈവശാസ്ത്ര വിച്ചിന്തനങ്ങളാണ് ഈ ലേഖനത്തിലെ പ്രതിപാദ്യ വിഷയം.

മാംസമായി മന്നിലവതരിച്ച വചനം അപ്പമായി മനുഷ്യരോടൊത്ത് വസിക്കുന്നതാണല്ലോ ദിവ്യകാരുണ്യം. ദൈവസ്നഹത്തിന്റെ പരമമായ ആവിഷ്കാരവും ദൃശ്യമായ സാന്നിദ്ധ്യവുമായാണ് നാം വി. കുർബ്ബാനയെ കാണുന്നതും. പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ കാൾ റാനർ ദൈവം തന്റെ സ്നേഹത്തിന്റെ ആവിഷ്കാരം നടത്തിയ രണ്ട് സന്ദർഭങ്ങളെപ്പറ്റി പറയുന്നുണ്ട്: ഒന്നാമത് സൃഷ്ടിയുടെ സമയമാണ്; രണ്ടാമത്തേതാകട്ടെ, മനുഷ്യാവതാരത്തിന്റെയും. സ്നേഹം തന്നെയായ ദൈവം തന്റെ സ്നേഹം ആവിഷ്കരിച്ചപ്പോൾ തന്നിൽ നിന്നും വേറിട്ട മറ്റൊരു യാഥാർത്ഥ്യം സന്നിഹിതമായി. അങ്ങനെ ദൈവസ്നേഹത്തിന്റെ ദൃശ്യമായ പ്രകടനവും മൂർത്തമായ സാന്നിദ്ധ്യവുമായി ഈ പ്രപഞ്ചവും ഇതിലെ സ്രഷ്ടവസ്തുക്കളും നിലനിൽക്കുന്നു.

ദൈവസ്നേഹത്തിന്റെ ഈ ദൃശ്യസാന്നിദ്ധ്യത്തെക്കുറിച്ചുള്ള അവബോധമുള്ളതുണ്ടാണ് പ്രപഞ്ചത്തിന്റെ സാകല്യതയെ ധ്യാനിക്കുന്ന ഒരാൾക്ക് അതിന്റെ ഉടയവനിലേക്ക് എത്തിച്ചേരാൻ കഴിയുമെന്ന് സഭാപിതാക്കന്മാർ പഠിപ്പിക്കുന്നത്. "ലോക സൃഷ്ടി മുതൽ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്" (റോമ 1, 20) എന്ന പൗലോസ് ശ്ലീഹായുടെ ലേഖനഭാഗത്തെ വ്യാഖ്യാനിച്ച വി. അത്തനേഷ്യസ് എഴുതി: "ഈ പ്രപഞ്ചത്തിൽ കാണുന്ന സൂര്യനെയും ചന്ദ്രനെയും ഇതര നക്ഷത്രജാലങ്ങളെയും അവയുടെ ക്രമാനുഗതമായ ചലനത്തെയും നിരീഷിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ഒരാൾക്ക് അവയുടെ ഉടയവനും നിയന്താവുമായ ഒരു ദൈവത്തിൽ എത്തിചേരാൻ കഴിയും." ഈ ദൃശ്യപ്രപഞ്ചത്തെ ദൈവത്തിന്റെ 'കല' (Art) യായി കാണുന്ന വി. ബേസിലും പ്രപഞ്ചധ്യാനത്തിലൂടെ ദൈവാസ്തിത്വത്തെക്കുറിച്ചുള്ള അവബോധത്തിലേയ്ക്ക് വളരേണ്ടതിനേകുറിച്ച് ഉപാസിക്കുന്നുണ്ട്. ഈ ലോകത്തിലെ സ്രഷ്ടവസ്തുക്കളെ 'ദൈവത്തിന്റെ പ്രതീകങ്ങൾ' (Symbols of God) എന്നാണ് വി. ഐറേണിയൂസ് വിശേഷിപ്പിക്കുന്നത്. പ്രതീകങ്ങളിലൂടെ യാഥാർത്ഥ്യങ്ങളിലേക്ക് കടന്നുവരാനും അവയെ അനുഭവതലത്തിൽ സാക്ഷാത്ക്കരിക്കാനുമാണ് കൂദാശകൾ നമ്മെ പഠിപ്പിക്കുന്നത്. ദൃശ്യമായ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും അദൃശ്യനായ ദൈവവുമായി കണ്ടുമുട്ടുന്ന വ്യക്തി,  കൂദാശകൾ വഴി ദൈവത്തിന്റെ കൃപ തന്നിലേക്ക് സ്വീകരിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായത്തിൽ “ദൈവം പ്രകൃതിയെ സ്വീകരിച്ച്  അതിസ്വാഭാവിക ജീവൻ പ്രദാനം ചെയ്യാനുള്ള മാധ്യമമായി സവിശേഷമായി അതിനെ ഉയർത്തുന്നതാണ് കൂദാശകൾ. ദൈവാരാധനയിലൂടെ  മറ്റൊരു തലത്തിൽ നിന്നുകൊണ്ട് ലോകത്തെ മുഴുവൻ പുൽകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ജലം, എണ്ണ, തീ, നിറങ്ങൾ തുടങ്ങിയവയെ എല്ലാം അവയുടെ പ്രതീകാത്മക ശക്തിയോടുകൂടിതന്നെ സ്വീകരിച്ച് നമ്മുടെ സ്തുതിയുടെ പ്രവർത്തികൾ ഉൾചേർന്നിരിക്കുന്നു” (LS, 235).

സൃഷ്ടപ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും അവയുടെ യഥാർത്ഥ സാക്ഷാത്കാരം കണ്ടെത്തുന്നത് അവതരിച്ച വചനത്തിലാണെന്ന് തന്റെ ചാക്രികലേഖനത്തിൽ ഫ്രാൻസിസ് മാർപാപ്പ സമർപ്പിക്കുന്നുമുണ്ട്. പദാർത്ഥത്തെ തള്ളിപ്പറയാത്ത ക്രിസ്തീയത ശാരീരികതയെ (Fleshness) അതിന്റെ സമഗ്രമൂല്യത്തോടുകൂടി ആരാധനക്രമ അനുഷ്ഠാനങ്ങളിൽ പരിഗണിക്കുന്നു, സൃഷ്ടവസ്തുക്കളെല്ലാം അതിന്റെ ഏറ്റവും ഉന്നതമായ മഹത്വം കൈവരിക്കുന്നത് വി. കുർബ്ബാനയിലാണെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം (LS, 236). കർത്താവ് ഒരു പദാർത്ഥശകലം വഴി നമ്മുടെ ആന്തരിക ആഴങ്ങളിലേക്ക് ഇറങ്ങാൻ തയ്യാറായത് ഈ ലോകത്തിൽ നമ്മൾ അവിടുത്തെ കണ്ടെത്തേണ്ടതിനാണ്.

വി. കുർബ്ബാനയിൽ നടക്കുന്ന ഭൗതികമായ വിവാഹത്തെക്കുറിച്ച് (Mystical Marriage) വി. അപ്രേം തന്റെ കീർത്തനത്തിൽ പാടുന്നുണ്ട്. ഈ മൗതിക വിവാഹത്തിൻറ മാധ്യമമാണ് ദൈവാരാധന. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ പ്രപഞ്ചത്തിലെ സകല സൃഷ്ടിജാലങ്ങളെയും ആരാധനയിലൂടെ ദൈവസന്നിധിയിലേക്ക് ഉയർത്തുന്ന മാധ്യമം (Mediation) ആയി വി. കുർബ്ബാന നിലകൊള്ളുന്നു. വി. കുർബ്ബാനയിൽ ഉപയോഗിക്കപ്പെടുന്ന അടയാളങ്ങളും പ്രതീകങ്ങളുമെല്ലാം ഭൗതികമാണ്. ജീവന്റെയും വിശുദ്ധിയുടെയും പ്രതീകമായ  ജലവും, മനുഷ്യപ്രയത്നത്തിന്റെ പ്രതീകമായ വിഞ്ഞും, ജീവന്റെ പോഷണമായ അപ്പവും പാദാർത്ഥിക ലോകത്തിന്റെ പരിമിതിയിൽ നിന്നും ആത്മീയ മണ്ഡലത്തിന്റെ അതുല്യതയിലേക്ക് വി. കുർബ്ബാനയുടെ നിമിഷങ്ങളിൽ പരിവർത്തനപ്പെടുത്തുന്നു. പ്രപഞ്ചത്തിലെ എല്ലാ യാഥാർത്ഥ്യങ്ങളുടെയും ആന്തരികതയിൽ ലീനമായിരിക്കുന്ന ഒരു സാധ്യതയുടെ അടയാളമായി അതിനെ വ്യാഖ്യാനിക്കുന്ന സഭാപിതാക്കന്മാരും ഉണ്ട്. 

ദൈവത്തിന്റെ ശൂന്യവൽക്കരണത്തിന്റെ ഏറ്റവും ഉദാത്തവും മനോഹരവുമായ ദൃശ്യരൂപമാണ് ദിവ്യകാരുണ്യം. മനുഷ്യാവതാരത്തിലൂടെ മാംസം ധരിച്ച ദൈവം ദിവ്യകാരുണ്യത്തിലൂടെ തന്റെ ശൂന്യവൽകരണത്തെ ആഴപ്പെടുത്തുകയും തീവ്രമാക്കുകയും ചെയ്തു (Radical Kenosis). സമസ്ത സൃഷ്ടികളോടുമുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രകടനമായാണ് ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ ജോൺ സ്‌കോട്ടസ് വിശേഷിപ്പിക്കുന്നത്. തന്റെ സത്തയെ ത്യജിച്ച് അപരത്വത്തെ പുണരാനുള്ള ദൈവത്തിന്റെ ഒരു ശൂന്യവത്കരണത്തെ 'ഉജ്ജ്വലമായ ഒരു മരണം' (Super Death) ആയി കാണാനാണ് ഫോൺ ബൽത്താസർ ഇഷ്ടപ്പെടുന്നത്. ഈ ത്യജിക്കലും ശൂന്യമാക്കലും കേവലം വൈകാരികമായ ഒരു സ്നേഹപ്രകടനമോ സ്വയം ഇല്ലാതാകുന്നതിന്റെ ഒരു തൃപ്തി തേടലോ അല്ല; മറിച്ച് ജീവൻ സമൃദ്ധമായി നൽകുവാനുള്ള ആത്മസമർപ്പണമാണ്. തന്റെ ആത്മത്യാഗത്തിലൂടെയും ശൂന്യവത്ക്കരണത്തിലൂടെയും ക്രിസ്തു സാക്ഷാത്കരിച്ചത് പുതിയ ജീവനുള്ള സാധ്യതയായിരുന്നു.  ഇത് ദിവ്യകാരുണ്യ ആത്മീയതയുടെ കാതലാണ്. മനുഷ്യന് ഉൾക്കൊള്ളാനുള്ള ഭോജ്യമായി മാറുന്ന ദിവ്യകാരുണ്യം നിത്യജീവന്റെ 'പാഥേയ'മാണ്. വിശാലമായ അർത്ഥത്തിൽ ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാനഭാവവും ഈ ശൂന്യവത്ക്കരണമാണ്. മണ്ണിൽ അഴുകി ചേർന്ന് ഇല്ലാതാകുന്ന വിത്തിൽ നിന്നും മുളപൊട്ടുന്ന പുതിയ മുകുളമാണ് ജീവന്റെ സാധ്യതകൾ തേടി ഭൂമിയിൽ ഉയിർകൊള്ളുന്നത്. മരണത്തിലൂടെ ജീവനിലേക്കു പ്രവേശിക്കുന്ന ദൈവവിജ്ഞാനീയത്തിന്റെ ദൃശ്യ പാഠങ്ങളാണ് ഭൂതലത്തിൽ ഉയിർകൊള്ളുന്ന പുതിയ നാമ്പുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ദിവ്യകാരുണ്യം ദൈവത്തിന്റെ മഹാദാനവും ഔദാര്യമാണ്. മനുഷ്യന്റെ യോഗ്യതയോ ബുദ്ധിയോ വിശുദ്ധിയോ അല്ല ദൈവത്തിന്റെ അനന്തസ്നേഹവും കാരുണ്യവുമാണ് ഈ ദാനത്തിന്റെ ആധാരമായി നിലകൊള്ളുന്നത്.  ഈ മഹാദാനം സ്വീകരിച്ച് സ്വന്തമാക്കുന്നവർ തങ്ങളുടെ ജീവിത സമർപ്പണം വഴി ഈ കരുണയുടെ വക്താക്കളായി മാറണം. പാരിസ്ഥിതിക മാനസാന്തരത്തിന്റെ അനിവാര്യതയെക്കുറിച്ച് പറയുന്ന ഫ്രാൻസിസ് മാർപാപ്പ പ്രപഞ്ചത്തിൽ ആകമാനം നിറയുന്ന ഉദാരതയുടെ ആർദ്രതയെക്കുറിച്ച് നമ്മെ ഓർമിക്കുന്നുമുണ്ട്. ലോകം ദൈവത്തിന്റെ സ്നേഹദാനമാണെന്നും നമ്മുടെ ആത്മ ദാനത്തിലൂടെയും സത്പ്രവൃത്തികളിലൂടെയും ബഹളമില്ലാതെ അവിടുത്തെ ഉദാരത അനുകരിക്കുന്നതിനായാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു (LS, 220). ദൈവത്തിന്റെ സൗജന്യ ദാനം സ്വീകരിക്കുമ്പോൾ ഉള്ളിൽ നിറയുന്ന കൃതജ്ഞതയുടെ മനോഭാവമാണ് പാരിസ്ഥിതിക മാനസാന്തരത്തിന്റെ ആദ്യപടി. പ്രപഞ്ചത്തെ ദൈവത്തിന്റെ ദാനവും ഔദാര്യവുമായി സ്വീകരിക്കുന്ന ഒരാൾ കാരുണ്യത്തോടും കരുതലോടും കൂടിയേ ഇതിൽ വ്യാപരിക്കുകയുള്ളൂ.  അർഹമായത് തനിക്ക് ലഭിച്ചു എന്ന അഹംകൃതിയുടെ ബലമില്ലാതെ അവിടുത്തെ ഔദാര്യത്തിൽ ഞാൻ പങ്കുചേരുകയാണ് എന്ന  ഉൾകാഴ്ചയിൽ വ്യാപരിക്കാനായാൽ പ്രപഞ്ചത്തിൻറെ താളലയവുമായുള്ള സാത്മ്യംകൊള്ളൽ എളുപ്പമാകും.

പ്രപഞ്ചത്തിൽ നിറയുന്ന ദൈവസാന്നിദ്ധ്യത്തെക്കുറിച്ച് അവബോധമുള്ള ഒരാൾക്ക് ആദരവോടുകൂടി മാത്രമേ ഈ ഭൂമിയിൽ വർത്തിക്കാൻ കഴിയൂ. ദിവ്യാകാരുണ്യത്തിലെ ദൈവിക സാന്നിദ്ധ്യത്തിന്റെ ഇടമായ ദൈവാലയത്തെക്കുറിച്ചുള്ള അറിവും ഓർമപ്പെടുത്തലുമാണ് ദൈവാലയ പരിസരത്തിന്റെ വിശുദ്ധ സമീപ്യത്തിന്റെ അലങ്കാരം. പ്രപഞ്ചത്തെയാകമാനം ദൈവാലയമായി രൂപകൽപന ചെയ്തിരിക്കുന്ന പാരമ്പര്യം പൗരസ്ത്യ ആത്മീയതയിൽ പ്രകടമായി കാണാവുന്നതാണ്. ദൈവത്തിന്റെ കൃപ ഈ ഭൂമിയിലെങ്ങും ചൂഴ്ന്നു നിൽക്കുന്നുവെന്നു നിരീക്ഷിച്ചത് വി. ഐറേണിയൂസാണ്. ഈ ഭൂമിയും ഇതിലെ വസ്തുക്കളും തമ്മിലുള്ള നമ്മുടെ ഇടതടവില്ലാത്ത ബന്ധമാണ് ദൈവകൃപ സ്വന്തമാക്കുന്നതിനുള്ള മാനദണ്ഡമായി അദ്ദേഹം കാണുന്നതും. പ്രപഞ്ചത്തിലെ മിശിഹായുടെ ഈ സാന്നിദ്ധ്യാവബോധം നിരന്തരമായ ആത്മപരിശോധനയ്ക്കും കർശനമായ ജീവിതശൈലിക്കും ആധാരമായി വർത്തിക്കുകയും ചെയ്യും. ഫ്രാൻസിസ് മാർപാപ്പ പറയുന്നതുപോലെ, "ഓരോ സ്രഷ്ടവസ്തുവിനും ദൈവത്തെ അല്പമായെങ്കിലും പ്രതിഫലിപ്പിക്കാനും നമ്മോട് ഒരു സന്ദേശം പങ്കുവയ്ക്കാനുമുണ്ട്... പരിത്രാണപദ്ധതിയുടെ ഭാഗമായി മിശിഹാ ഈ ഭൗതികലോകത്തെ സ്വീകരിച്ചിരിക്കുന്നുവെന്ന ഉറപ്പും ഉത്ഥിതനായ അവിടുന്ന് ഇപ്പോൾ ഓരോ വസ്തുവിലും ആഴമായി സന്നിഹിതനാണെന്നും തന്റെ വാത്സല്യം കൊണ്ടവയെ വലയം ചെയ്യുന്നുണ്ടെന്നും അവന്റെ പ്രകാശം അവയിലേക്ക് ആഴ്ന്നിറങ്ങുന്നുവെന്ന അവബോധവും ഇവയിൽ ഉൾക്കൊള്ളുന്നു" (LS, 221). പ്രപഞ്ചത്തിൽ നിറയുന്ന ദൈവസാന്നിദ്ധ്യത്തെക്കുറിച്ചുള്ള ഈ അവബോധമായിരിക്കണം പ്രപഞ്ചത്തെയും സമസ്ത സൃഷ്ടികളെയും അതിന്റെ സാകല്യതയിൽ ആശ്ലേഷിക്കാനും സ്നേഹിക്കാനുമുള്ള ഊർജ്ജം ഒരു വ്യക്തിയിൽ നിറയ്ക്കുന്നത്. 

കരകവിഞ്ഞൊഴുകുന്ന സ്നേഹത്തിന്റെയും ആഴമായ ജീവന്റെയും അടയാളമായ പരി. കുർബ്ബാന പ്രപഞ്ചത്തിന്റെ ജീവകേന്ദ്രമായി വർത്തിക്കുന്ന കൂദാശയാണ്. ഈ പരിശുദ്ധകുർബ്ബാനയിൽ സന്നിഹിതനായിരിക്കുന്ന പുത്രനോട് യോജിച്ചുകൊണ്ട് പ്രപഞ്ചം മുഴുവനും ദൈവത്തിന് നന്ദിയുടെയും കൃതജ്ഞതയുടെയും ബലിയർപ്പിക്കുന്നു. വിശ്വസ്നേഹത്തിന്റെ പ്രതീകമായ പരി. കുർബ്ബാന ഒരു ഗ്രാമത്തിലെ ചെറിയ ദൈവാലയത്തിൽ അർപ്പിക്കപ്പെടുമ്പോഴും ലോകം മുഴുവനും ഉൾക്കൊള്ളാൻ പര്യാപ്തമാണ് (LS, 236).  ഇങ്ങനെ സർവ്വാശ്ലേഷിയായ പരി. കുർബ്ബാനയിലുള്ള സജീവമായ പങ്കാളിത്തം വഴി പ്രപഞ്ചത്തിന്റെ അതിരുകൾ വരെയും വളരാനായി ഒരാൾക്ക് കഴിയും.

 വി. കുർബ്ബാനയുടെ മഹനീയവും മഹത്തരവുമായ ഈ ദർശനത്തിലേക്ക് ഉൽചേരാനാകുമ്പോഴാണ് കാൽവരിയിലെ ബലിയുടെ പൂർത്തീകരണത്തിൽ ഒരാൾക്ക് പൂർണ്ണമായും പങ്കുചേരാൻ കഴിയുന്നത്. നമ്മുടെ വ്യക്തിത്വം പരിമിതപ്പെടുത്തുന്ന ചെറിയ ചുറ്റുപാടിൽ നിന്നും മുക്തമായി ഈ പ്രപഞ്ചത്തിലെ വിശാല സ്നേഹത്തിലേക്ക് ഇതിലൂടെ നമുക്ക് വളരാൻ കഴിയും. അൾത്താരയിലെ ബലിസമർപ്പണത്തിന്റെ സർവ്വ കാലികവും പ്രാപഞ്ചികവുമായ ഉൾക്കരുത്തിനെ ധ്യാനിക്കുന്ന ഒരാൾക്ക് ഈ പ്രപഞ്ചത്തിൽ ലീനമായിരിക്കുന്ന ദൈവസ്നേഹത്തിന്റെ അഗാധമായ സ്പർശനം ഓരോ ബലി സമർപ്പണത്തിലും അനുഭവിച്ചറിയാൻ കഴിയും. വി. കുർബ്ബാനയിൽ കേന്ദ്രീകൃതമായ ഒരു പരിസ്ഥിതിദർശനം ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായി മാറുകയും ചെയ്യും.

ഡോ. സജി മാത്യു കണയങ്കൽ CST_image
ഡോ. സജി മാത്യു കണയങ്കൽ CST

ധാർമ്മിക ദൈവശാസ്ത്ര അധ്യാപകൻ