+91 8590 373975
https://eucharistiamcbs.com/public/storage/images/JKdJIbiTPZJ7zNNy7FXARhfNLdXTSiRRdUcQ3OU5.jpg

കുടുംബബന്ധത്തെ ശാക്തീകരിക്കുന്ന വി. കുർബ്ബാന

പ്രശസ്ത സൈക്കോതെറാപ്പിസ്റ്റും പരിശീലകയും 'പുനരധിവാസ സാമൂഹിക പ്രവർത്തക'യുമായ സി. ഡോ. ജോവാൻ ചുങ്കപ്പുര (MMS) കേരളത്തിന്റെ പൊതുസമൂഹത്തിന് നൽകിയിട്ടുള്ള സംഭാവനകൾ നിരവധിയാണ്. കുടുംബം, കൗൺസിലിങ്, അഡിക്ഷൻ, അതിജീവനം തുടങ്ങിയ വിഷയങ്ങളിലായി അനേകം പുസ്തകങ്ങൾ രചിച്ചിട്ടുള്ള സി. ജോവാൻ, നിലവിൽ കോട്ടയത്തുള്ള ട്രാഡ (TRADA) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ പ്രിൻസിപ്പലാണ്. ഈ മേഖലകളിലെ അവരുടെ പ്രവർത്തനത്തിന് അംഗീകാരമായി അനേകം അവാർഡുകളും സി. ജോവാനെ തേടിയെത്തിയിട്ടുണ്ട്.  സി. ഡോ.  ജോവാൻ ചുങ്കപ്പുരയുമായി ഫാ. മനോജ് പ്ലാത്തോട്ടത്തിൽ (MCBS), 'കുടുംബങ്ങളുടെ ശാക്തീകരണത്തിന് വി. കുർബ്ബാന' എന്ന വിഷയത്തെ ആസ്പദമാക്കി 'എവുക്കരിസ്തിയ'യ്ക്കുവേണ്ടി നടത്തിയ അഭിമുഖം.

1. ഒത്തിരിയേറെ കുടുംബ പ്രശ്നങ്ങൾ നേരിട്ടറിയുകയും ഇടപെടുകയും ചെയ്ത സി. ജോവാൻ, ഐക്യത്തിന്റെ കൂദാശകൾ എന്ന നിലയിൽ വി. കുർബ്ബാനയും വിവാഹവും തമ്മിലുള്ള ബന്ധത്തെ എങ്ങനെയാണ് കാണുന്നത്? 

വിവാഹവും വി. കുർബ്ബാനയും സ്നേഹത്തിൽ ഐക്യപ്പെട്ടിരിക്കുന്ന കൂദാശകളാണ്. വി. കുർബ്ബാനയിൽ മാനവകുലത്തിനുവേണ്ടി സ്വയം മുറിയപ്പെട്ടവന്റെ സ്നേഹമാണെങ്കിൽ വിവാഹത്തിൽ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കുവേണ്ടി സ്വയം നൽകുന്ന മാതാപിതാക്കളുടെ ഐക്യത്തെ ഉളവാക്കുന്നത് ദൈവിക സ്നേഹമാകുന്നു. ഇത് മറ്റൊരു വ്യക്തിയുടെ ആത്മാവിനോടുള്ള ഐക്യമാണ്. ഈ ഐക്യത്തിൽ ഈശോയുടെ സാദൃശ്യം കണ്ടുകൊണ്ട് ഒരു ആയുഷ്കാല ഉടമ്പടി രൂപപ്പെട്ടുവരുന്നു; വി. കുർബ്ബാനയിലെ ഈശോയെപോലെ സ്വയം നൽകലിന്റെ ഉടമ്പടി. ഏതു സാഹചര്യത്തിലും പൂർണ്ണമായും കൊടുക്കുമ്പോഴാണ് ഈ ഉടമ്പടി യാഥാർഥ്യമാകുന്നത്.

ഈ സ്വയം കൊടുക്കലിൽ ഒരാൾ തനിത്തന്നെ കണ്ടെത്തുന്നു. മരണത്തിലും വേർപിരിയാത്ത സ്നേഹഉടമ്പടിയാണ് വി. കുർബ്ബാനയിലും വിവാഹത്തിലും ഉള്ളത്. അതോടൊപ്പം ഐക്യത്തിന്റെയും പരസ്പരം അലിഞ്ഞുചേരലിന്റെയും കൂദാശകളാണിവ. വി. കുർബ്ബാന, വിവാഹമെന്ന കൂദാശയിൽ വളരാൻ വിശ്വാസിയെ സഹായിക്കുന്നു. വി. കുർബ്ബാനയിൽ നമ്മുടെ ശരീരവും മനസ്സും ആത്മാവും നാം മുഴുവനായും ഈശോയുമായി ഒന്നായിത്തീരുന്നു. ഇതുപോലെ, വിവാഹത്തിൽ ഭാര്യാഭർത്താക്കന്മാർ ഒന്നായിത്തീരുന്നു. അവർ പരസ്പരം പൂർണ്ണമായി കൊടുക്കുമ്പോൾ സ്വയം നൽകലിന്റെ ദിവ്യകാരുണ്യം അവരുടെ കുടുംബത്തിലും ഒരു അനുഭവമായി മാറുന്നു.

2. ആധുനിക കുടുംബങ്ങളിലെ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്? 

ആധുനിക കുടുംബങ്ങളിൽ പരസ്പരമുള്ള ബന്ധത്തെ ദൃഢപ്പെടുത്തുന്ന കൊടുക്കൽ വാങ്ങലുകൾ ജീവിതപങ്കാളികൾക്കിടയിൽ കുറഞ്ഞുപോയി എന്നത് ഒരു യാഥാർഥ്യമാണ്. എപ്പോഴും കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന ഓരോ ഈഗോ സംസ്കാരം നമ്മുടെ കുടുംബങ്ങളിൽ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം മാധ്യമങ്ങളുടെ അതിപ്രസരമാണ്. അതിനാൽ കുടുംബങ്ങളെ തകർക്കാനിടയുള്ള എല്ലാ മേഖലകളിലും ചില ബൗണ്ടറികൾ അഥവാ അതിർവരമ്പുകൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. പണത്തിനും കരിയറിനും പ്രാധാന്യം നൽകുന്ന ഒരു ട്രെൻഡ് ആധുനിക  കുടുംബങ്ങളിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. എന്നാൽ കരിയറിനെയോ പ്രൊഫഷനെയോ അല്ല വിവാഹം ചെയ്യുന്നത്, മറിച്ച്‌ വ്യക്തിയെയാണെന്നും, പരസ്പരമുള്ള ബന്ധത്തിനും കുടുംബത്തിനാണ്  പ്രഥമ സ്ഥാനം നൽകേണ്ടതെന്നും ദമ്പതികൾ മനസ്സിലാക്കേണ്ടതുണ്ട്. കുടുംബത്തിൽ ഒരുമിച്ചുള്ള ഭക്ഷണം, പ്രാർത്ഥന, സംസാരം, കളികൾ എന്നിവയെല്ലാം സ്നേഹത്തോടെ ചെയ്യുമ്പോഴാണ് കുടുംബബന്ധങ്ങൾ ആഴപ്പെടുന്നത്. അതുപോലെതന്നെ, ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ജീവിതപങ്കാളിയുടെ കുടുംബാംഗങ്ങളെ കൂടി സ്നേഹിക്കുകയും സപ്പോർട് ചെയ്യുമ്പോൾ അവർക്കിടയിലെ ബന്ധവും ഐക്യവും ദൃഢമാകുന്നത് തീർച്ചയായും കാണാനാകും.

കുടുംബബന്ധങ്ങളുടെ ശിഥിലീകരണത്തിനുള്ള മറ്റൊരു പ്രധാന കാരണം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗമാണ്. ഇത് മറ്റു പല തിന്മകളിലേയ്ക്കും അഡിക്ഷനുകളിലേക്കും നയിക്കുകയും കുടുംബബന്ധത്തിൽ വിള്ളലുകൾ വീഴിക്കുകയും ചെയ്യും. കുഞ്ഞുങ്ങളെ സ്വീകരിക്കുന്നതിനുള്ള വിമുഖതയും വേറൊരു പ്രശ്നമാണ്. ദാമ്പത്യജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയെന്നത്. എന്നാൽ, കുഞ്ഞുങ്ങൾ വേണ്ട, ഒരു കുഞ്ഞു മതി തുടങ്ങിയ തീരുമാനങ്ങൾ ഇന്ന് പല കുടുംബങ്ങളുടെയും തകർച്ചയ്ക്ക് കാരണമായിത്തീരുന്നു. അതിനാൽ ആധുനിക കുടുംബങ്ങളിൽ ഭാര്യാഭർത്താക്കന്മാരുടെ ജീവിതശൈലിയിലും നിലപാടുകളിലും തിരഞ്ഞെടുപ്പുകളിലുമൊക്കെ ശ്രദ്ധയും കരുതലും ആവശ്യമായിരിക്കുന്നു.

3. സിസ്റ്റർ ജോവാനയുടെ അഭിപ്രായത്തിൽ കൗദാശിക ജീവിതത്തിൻറെ കുറവ് ക്രൈസ്തവ കുടുംബബന്ധങ്ങളെ തകരാറിലാക്കാറുണ്ടോ?  

കുടുംബങ്ങളുടെ നിലനിൽപ്പിനും കുടുംബബന്ധങ്ങളുടെ വളർച്ചയ്ക്കും കുടുംബാംഗങ്ങളുടെ കൗദാശിക ജീവിതം അത്യാവശ്യമാണ്. മാമോദിസ എന്ന കൂദാശയിലൂടെയാണ് ഒരു വ്യക്തി തന്റെ ക്രൈസ്തവ ജീവിതം ആരംഭിക്കുന്നത്. തുടർന്നുള്ള ഓരോ കൂദാശയും ഒരു വ്യക്തിയിലെ ക്രൈസ്തവ ജീവനെ വളർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നവയാണ്. കുടുംബജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ വി. കുർബ്ബാന, വി. കുമ്പസാരം എന്നിവയിലൂടെ പുതിയ ചൈതന്യത്തിലേക്ക് കുടുംബാംഗങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കും. ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം എന്നും ഒരുമിച്ച് നിൽക്കും. കൗദാശിക ജീവിതം വ്യക്തികളെ സ്നേഹിക്കാനും സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ക്ഷമിക്കാനും  സഹിക്കാനും   പരസ്പരം തെറ്റ് തിരുത്താനുള്ള കഴിവുള്ളവരാക്കി തീർക്കുന്നു. കൗദാശിക ജീവിതമെന്ന് പറഞ്ഞാൽ ഈശോയിൽ ഒന്നായി ജീവിക്കുക എന്നാണല്ലോ അർത്ഥമാക്കുന്നത്. സ്നേഹം തന്നെയായ ഈശോ സ്നേഹത്തിൽ ജീവിക്കാൻ നമ്മെ സഹായിക്കും.

4. പരസ്പരം ക്ഷമിക്കാനും സ്നേഹിക്കാനും വി. കുർബ്ബാന എങ്ങനെയാണ് ഒരു കുടുംബത്തെ സഹായിക്കുന്നത്?

വ്യവസ്ഥകൾ ഇല്ലാതെ നമ്മെ സ്നേഹിക്കുകയും അപാരമായ ഒരു സ്നേഹത്തിലേക്ക് നമ്മെ ക്ഷണിക്കുകയും ചെയ്തുകൊണ്ട് സ്വയം മുറിച്ചു നൽകുന്നതാണ് വി. കുർബ്ബാന. പാപികൾ ആയിരുന്നിട്ടും നമ്മെ തൻറെ ചങ്കിൽ ചേർത്ത് സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഈശോ മറ്റുള്ളവരോടും ക്ഷമിച്ച് അവരെ സ്നേഹിക്കാൻ നമ്മെ ഓർമ്മപ്പെടുത്തുന്നു. ആ സ്നേഹത്തിൻറെ നിഴലാണ് ഒരു വ്യക്തിക്ക് തൻറെ ജീവിതപങ്കാളി. ആ വ്യക്തിയിൽ ഈശോയെ ദർശിച്ചുകൊണ്ട് ഉൾക്കൊള്ളാനും ക്ഷമയോടും കരുതലോടും  സ്നേഹത്തോടും അയാളോട് ഇടപഴകി വിശ്വാസത്തിൽ ശക്തിപ്പെടാനും ഓരോ വി. കുർബാനയും ഓർമ്മപ്പെടുത്തുന്നു.

5. കുടുംബ ജീവിതക്കാർക്ക് തങ്ങളുടെ കടമകളുടെ നിർവഹണത്തിന് (ഉദാ: മാതാപിതാക്കൾക്ക് മക്കളോടുള്ള കടമകൾ, മക്കൾക്ക് മാതാപിതാക്കളോടുള്ള കടമകൾ, ദമ്പതികൾക്ക് പരസ്പരമുള്ള കടമകൾ) വി. കുർബ്ബാന എപ്രകാരം പ്രയോജനം ചെയ്യുന്നു?

അഞ്ചപ്പം അയ്യായിരം പേർക്ക് നൽകിക്കൊണ്ട് ഈശോ വി. കുർബ്ബാനയുടെ പങ്കുവെയ്‌പിന്റെ ചൈതന്യം കാണിച്ചുതന്നു. ദൈവം നൽകിയ ദാനമാണ് ജീവിതപങ്കാളിയും മക്കളും. അനുദിന കടമകളെ സ്നേഹത്തോടെയും കരുതലോടെയും പങ്കുവെയ്ക്കുന്ന മനോഭാവത്തോടെ, ജീവിത പങ്കാളിക്കും മക്കൾക്കും, ഒപ്പം മാതാപിതാക്കൾക്കുമായി നൽകാൻ "ഇത് എൻറെ ശരീരമാകുന്നു... ഇത് എൻറെ രക്തം ആകുന്നു..." എന്നു പറഞ്ഞ് സ്വയം മുറിച്ച് തന്നവൻ നമ്മെ ഓർമ്മപ്പെടുത്തുന്നു. കടമകളെ സ്നേഹത്തോടെ നിർവ്വഹിച്ച്‌ പൂർണ്ണതയിലേക്ക് കടന്നുവരാൻ ഈശോ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു. ആ പൂർണ്ണത സ്വന്തമാക്കാൻ സ്നേഹത്തിൻറെയും ഐക്യത്തിന്റെയും അരൂപിയായ പരിശുദ്ധാത്മാവ്   വി. കുർബ്ബാനയിലൂടെ നമ്മെ സഹായിക്കുന്നു.

6. വാർദ്ധക്യത്തിൽ ഒറ്റപ്പെടുന്ന വ്യക്തികളെ എങ്ങനെയാണ് ദിവ്യകാരുണ്യ സ്നേഹത്തിൽ ആശ്വസിപ്പിക്കുന്നത്?

വാർദ്ധക്യത്തിൽ ഒറ്റപ്പെടുന്ന വ്യക്തികൾക്ക് വി. കുർബ്ബാന തണലായി മാറുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമാണ് ഒറ്റപ്പെടലിന്റേത്. ഒരു നേരത്തെ ആഹാരം കിട്ടാത്തതിനേക്കാൾ ബുദ്ധിമുട്ടേറിയതാകാം ഇത് സൃഷ്ടിക്കുന്ന ഏകാന്തത; താൻ ഒറ്റപ്പെടുന്നു എന്ന തോന്നൽ. ഇവിടെ തൻറെ എല്ലാ ക്ലേശങ്ങളിലും ദൈവംകൂടെയുണ്ട് എന്ന ബോധ്യം വി. കുർബ്ബാന നൽകുന്നു. വി. കുർബ്ബാനയിൽ പങ്കെടുക്കുകയും വി. കുർബ്ബാന സ്വീകരിക്കുകയും ചെയ്യുന്നതുവഴി, ഞാൻ ഒറ്റയ്ക്കല്ല എന്ന ബോധ്യത്തിൽ വളരാനും ഉയരാനും വിശ്വാസിക്ക് സാധിക്കുന്നു. കൂടാതെ, വി. കുർബ്ബാന ധൈര്യവും പ്രത്യാശയും  നൽകുന്നു.

7. വ്യക്തിജീവിതത്തിലെ ആത്മസംഘർഷങ്ങൾ കുറയ്ക്കാൻ വി. കുർബ്ബാന എങ്ങനെ സഹായിക്കുന്നു?

ആന്തരികമായ ഉണർവിന്റെയും ഉന്മേഷത്തിന്റെയും ആത്മീയ ഉറവയാണ് വി. കുർബ്ബാന. "ഞാൻ നിൻറെ കൂടെയുണ്ട്, ഭയപ്പെടേണ്ട" എന്ന വചനത്തിലൂടെ മനസ്സിന്റെ കോളിളക്കം ഇല്ലാതാക്കുന്നു. ക്രിസ്തു ദിവ്യകാരുണ്യമായി നമ്മോടൊപ്പം വസിക്കുന്നു, നമ്മെ സ്നേഹിക്കുന്നു എന്ന ബോധ്യം സംഘർഷങ്ങളെ ഇല്ലാതാകുന്നു. കടലിനെ ശാന്തമാക്കിയവൻ, പീഡാസഹന വേളയിലൂടെ കടന്ന് ഉയിർത്തെഴുന്നേറ്റ് സമാധാനം ആശംസിച്ചവൻ, എമ്മാവൂസിന്റെ വഴിത്താരയിലൂടെ നടന്ന് വി. കുർബ്ബാനയുടെ മഹനീയത വെളിപ്പെടുത്തിയവൻ - ആണ് കുർബ്ബാനയായി നമ്മുടെ കൂടെയുള്ളത്.  വി. കൊച്ചുത്രേസ്യ, വി. അൽഫോൻസാ, വാ. കാർലോസ് അക്വിറ്റിസ് തുടങ്ങിയ വിശുദ്ധാത്മാക്കൾ ഈ മഹനീയ രഹസ്യത്തെ നെഞ്ചിലേറ്റിയവരാണ്. ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം ക്രിസ്തുവിന്റെ പാദാന്തികത്തിൽ സമർപ്പിക്കുമ്പോൾ, ഇവരെപ്പോലെ നാം ക്രിസ്തുവിൻറെ മഹനീയ രഹസ്യങ്ങൾ ഉൾക്കൊള്ളുന്നു. എല്ലാറ്റിനും ആശ്വാസമായും സാന്ത്വനമായും വി. കുർബ്ബാനയായ ഈശോ നമ്മോടൊപ്പമുണ്ട്.

8. ദിവ്യകാരുണ്യം അലിഞ്ഞ് തീരേണ്ടതിനാണെങ്കിൽ, വിവാഹം ജീവിച്ചു തീരേണ്ടതിനാണ്. ഈ ആശയത്തെ വിശദീകരിക്കാമോ?

വി. കുർബ്ബാന നമ്മിൽ അലിഞ്ഞില്ലാതാകുന്നു. ഇത് ഈശോയുടെ ശൂന്യവത്കരണത്തെ ഏറ്റവും ശക്തമായി അവതരിപ്പിക്കുന്ന, ഈശോയുടെ സ്നേഹം ജീവനായി അനുഭവവേദ്യമാക്കുന്ന കൂദാശ. വിവാഹ ജീവിതത്തിലും ഈ അലിഞ്ഞു ചേരലുണ്ട്. ജീവിതപങ്കാളികൾ ഈ കൂദാശയിലൂടെ മാനസികമായും ശാരീരികമായും ഒന്നാകുന്നു. ഇത് പൂർണതയിലേക്കുള്ള ഒരു വിളിയാണ്. ദിവ്യകാരുണ്യത്തിന്റെ ഭാവങ്ങളായ ക്ഷമയുടെയും സ്നേഹത്തിൻറെയും കാരുണ്യത്തിന്റെയും ഭാവങ്ങൾ കുടുംബജീവിതത്തിൽ ഉണ്ടാകുമ്പോൾ ആ കുടുംബങ്ങൾ ഏതു പ്രതിസന്ധികളെയും അതിജീവിക്കും. ദൈവം നൽകിയിരിക്കുന്ന ആയുസ്സ് ജീവിച്ച് തീർക്കുന്നത് ഈ കുടുംബങ്ങളിൽ ആനന്ദമായി മാറുന്നു.

9. സിസ്റ്ററിന്റെ അഭിപ്രായത്തിൽ അസന്തുഷ്ട കുടുംബങ്ങൾ ഇന്ന് സമൂഹത്തിന് എത്രമാത്രം ബാധ്യതയാകുന്നുണ്ട്?

അസന്തുഷ്ട കുടുംബങ്ങൾ ഉണ്ടാകുന്നതിന് കാരണം സ്നേഹരാഹിത്യം അല്ലെങ്കിൽ സ്നേഹക്കുറവാണ്. കുടുംബാംഗങ്ങളുടെ കുറവുകളും ബലഹീനതകളും അംഗീകരിക്കാൻ സാധിക്കാതെ വരുമ്പോൾ പ്രശ്നങ്ങളുണ്ടാകുന്നു. പരസ്പര സ്നേഹം ഇല്ലെങ്കിൽ ജീവിക്കണമെന്ന ആശ തന്നെ ഇല്ലാതാകുന്നു. വ്യക്തികളുടെ ഈ വൈകാരികപ്രശ്നങ്ങൾ സമൂഹത്തിൽ തിന്മകളും പ്രത്യേകിച്ച് അക്രമവാസനകളും വളർത്തുന്നു. സ്നേഹം ഭരിക്കുന്ന കുടുംബം സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനമാണ്. അസന്തുഷ്ട കുടുംബങ്ങൾ സമൂഹത്തെ ശിഥിലമാക്കുന്നു. 

10. അകമഴിഞ്ഞ സ്നേഹമാണല്ലോ കുടുംബ ജീവിതത്തിന് അടിസ്ഥാനം. എങ്കിൽ അകതാരിൽ അണയുന്ന സ്നേഹമാകുന്ന വി. കുർബ്ബാന ക്രൈസ്തവ കുടുംബത്തിന്റെ അടിസ്ഥാനമാക്കുന്നത് എങ്ങനെയാണ്?

ആത്മദാനം ചെയ്ത ക്രിസ്തു ഓരോ ദിവസവും വി. കുർബ്ബാനയിലൂടെ തന്നെത്തന്നെ നൽകിക്കൊണ്ടിരിക്കുകയാണ്. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരു പ്രവർത്തിയാണ് ഈശോയ്ക്ക് ഈ പങ്കുവയ്ക്കൽ. അതുതന്നെയാണ് കുടുംബജീവിതത്തിലും സംഭവിക്കേണ്ടത്. ഒരുമിച്ച് ജീവിച്ച്‌ മതിയായില്ല, പോര - എന്ന് തോനിക്കുന്ന, അനന്തതയിലേക്ക് നീങ്ങുന്ന സ്നേഹപ്രവാഹം ആയി കുടുംബജീവിതം മാറണമെങ്കിൽ വി. കുർബ്ബാനയുടെ ഒരു മനോഭാവവും, അതേ ഒരു സ്വയം ദാനവും, വൈകാരികതയും കുടുംബജീവിതത്തിലും ഉണ്ടാകണം. സ്വയം നൽകിയാൽ മാത്രമേ ബലിയാകാനാവൂ. ഇതിനുള്ള ശക്തി ഒരു വിശ്വാസിക്ക് ലഭിക്കുന്നത് വി. കുർബ്ബാനയിലൂടെയാണ്. കൂടെ വസിക്കുന്ന ക്രിസ്തുവിന്റെ സ്നേഹം ഇതിന് വിശ്വാസികളെ ശക്തരാക്കുന്നു. "ഇനി ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്" (ഗലാ 2:20) എന്ന് പറയുന്ന പൗലോസ്‌ ശ്ലീഹായെപോലെ ഓരോ വിശ്വാസിയും പറയുമ്പോൾ ക്രൈസ്തവ കുടുംബങ്ങൾ ബലിവേദിയായി മാറുന്നു.

ഫാ. മനോജ് പ്ലാത്തോട്ടത്തിൽ MCBS/ സി. ഡോ.  ജോവാൻ ചുങ്കപ്പുര MMS_image
ഫാ. മനോജ് പ്ലാത്തോട്ടത്തിൽ MCBS/ സി. ഡോ. ജോവാൻ ചുങ്കപ്പുര MMS