രക്ഷാകര ചരിത്രത്തിൽ വി. കുർബ്ബാനയ്ക്ക് അതുല്യമായ ഒരു സ്ഥാനം ഉണ്ട്. തൻറെ അന്ത്യത്താഴവേളയിൽ ഈശോ സ്ഥാപിച്ച വി. കുർബ്ബാന കേവലം ഏതാനും മണിക്കൂറുകൾ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു സംഭവമോ ആഘോഷമോ അല്ല, മറിച്ച് എല്ലാ കാലങ്ങളെയും ദേശങ്ങളെയും കൗദാശികമായി ഉൾക്കൊള്ളുന്ന രഹസ്യമാണ്. അതിനാൽ വി. കുർബ്ബാനയെ ക്രൈസ്തവ ജീവിതത്തിൻറെ ഉറവിടവും ഉച്ചിയും എന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ വിശേഷിപ്പിക്കുന്നത് (തിരുസഭ, 11). നാം ഇന്ന് അൾത്താരയിലർപ്പിക്കുന്ന വി. കുർബ്ബാന ദൈവത്തിന്റെ രക്ഷാകര കർമ്മത്തിന്റെ അനുസ്മരണവും ആഘോഷവുമാണ്. ഈ ആശയത്തെ വിശദീകരിക്കുമ്പോൾ പഴയനിയമ പശ്ചാത്തലത്തെ മാറ്റിനിർത്താനാവില്ല. കാരണം, വി. കുർബ്ബാനയുടെ വേരുകൾ രക്ഷാകര ചരിത്രത്തിന്റെ പ്രാരംഭം വരെ എത്തിനിൽക്കുന്നതാണ്.
പഴയനിയമ പ്രതീകങ്ങളും ഓർമ്മകളും
ഈശോ അന്ത്യഅത്താഴ സമയത്ത് സ്ഥാപിച്ച വി. കുർബാന, ഈശോയുടെ ജീവിതത്തിലെ ഒരു സംഭവം എന്ന നിലയിൽ അവിടുത്തെ വർത്തമാനകാല (Present) ത്തിൽ നടന്ന ഒരു കാര്യമാണ്. എന്നാൽ പഴയനിയമത്തിൽ വി. കുർബ്ബാനയുടെ ചില പ്രതീകങ്ങൾ (Figures) നമുക്ക് കാണാനാകും. മെൽക്കിസെദേക്കിന്റെ കാഴ്ച്ചയർപ്പണം, മന്നാ, ജെറമിയായുടെ പ്രവചനം, മലാക്കിയുടെ പ്രവചനം, പാപപരിഹാര ബലി, പെസഹാവിരുന്ന്, തിരുസാന്നിധ്യ അപ്പം എന്നിവയെല്ലാം പ്രതീകങ്ങളുടെ ഉദാഹരണങ്ങളാണ്. പ്രതീകങ്ങൾ എന്ന നിലയിൽ ഇവ യാഥാർത്ഥ്യത്തെ അതിന്റെ പൂർണ്ണതയിൽ, അഥവാ സത്തയിൽ സംവഹിക്കുന്നില്ലെങ്കിലും യാഥാർഥ്യത്തിന്റെ ചില വശങ്ങളെ ഇവയിൽ വ്യക്തമായി കാണാം. ആ രീതിയിൽ രക്ഷാകരചരിത്രത്തിലെ ദൈവത്തിന്റെ ഇടപെടലുകൾ എന്ന നിലയിൽ ഈ പ്രതീകങ്ങൾ പ്രാധാന്യം അർഹിക്കുന്നുണ്ട്. പഴയനിയമത്തിലെ ഈ പ്രതീകങ്ങൾ ഈശോ വി. കുർബ്ബാന സ്ഥാപിച്ചതിന്റെ ഭൂതകാല (Past) ത്തിലാണ് കാണാൻ സാധിക്കുന്നത്. വി. കുർബ്ബാനയുടെ പശ്ചാത്തലത്തിൽ ഈ പ്രതീകങ്ങളെ വിലയിരുത്തുമ്പോൾ ഇവ ചില ഓർമ്മകളാണ് നമുക്ക് നൽകുന്നത്. വി. കുർബ്ബാനയിലെ കാഴ്ചവസ്തുക്കൾ മെൽക്കിസെദേക്കിന്റെ കാഴ്ച്ചയർപ്പണത്തിലേയ്ക്കും, മരുഭൂമിയിലെ യാത്രയിൽ ദൈവം ഇസ്രയേൽ ജനത്തിനു നൽകിയ സ്വർഗ്ഗീയഭക്ഷണമായ മന്നായിലേയ്ക്കും, വി. കുർബ്ബാനയർപ്പണത്തിന്റെ സ്വഭാവം ജെറമിയായുടെയും മലാക്കിയുടെയും പ്രവചനങ്ങളിലേയ്ക്കും പെസഹ ആഘോഷത്തിലേയ്ക്കുമൊക്കെ ഓർമ്മകളിലൂടെ നമ്മെ എത്തിക്കുന്നു. എന്നാൽ ഈശോ വി. കുർബ്ബാന സ്ഥാപിച്ച ശേഷം ഭാവി (Future) യിൽ, അതായത് സഭയുടെ കാലഘട്ടത്തിൽ വി. കുർബ്ബാന ഒരു കൂദാശയായി നിലകൊള്ളുന്നു. ഇവിടെ ഓർമ്മകളുടെ തേരിലേറി നാം ഈശോയുടെ ജീവിതത്തിലേക്കും രക്ഷാകരചരിത്രത്തിലെ ദൈവത്തിന്റെ ഇടപെടലുകളിലേയ്ക്കും എത്തുകയും അവയെ അനുഭവിക്കുകയും ചെയ്യുന്നു.
ഓർമ്മയ്ക്കായി ചെയ്യേണ്ടത്
വി. കുർബ്ബാനയുടെ സ്ഥാപന വിവരണങ്ങൾ വി. ഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത് പെസഹ ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ്. ഈശോ തൻറെ ശിഷ്യരോടൊത്തുള്ള അവസാന അത്താഴ സമയത്ത് തൻറെ സ്നേഹത്തിൻറെയും സ്വയം ദാനത്തിൻറെയും അടയാളമായി "അപ്പമെടുത്ത്, വാഴ്ത്തി, മുറിച്ച്, ശിഷ്യന്മാർക്ക് കൊടുത്തുകൊണ്ട് അരുൾചെയ്തു: എടുത്തു ഭക്ഷിക്കുവിൻ ഇത് എന്റെ ശരീരമാകുന്നു. അനന്തരം, പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവർക്കു കൊടുത്തുകൊണ്ട് പറഞ്ഞു: എല്ലാവരും ഇതിൽനിന്ന് പാനം ചെയ്യുവിൻ. എന്തെന്നാൽ, ഇത് പാപമോചനത്തിന് അനേകർക്കുവേണ്ടി ചിന്തപ്പെടുന്ന, ഉടമ്പടിയുടെ എൻറെ രക്തമാണ്" (മത്താ Mt 26:26-28). "എൻറെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ" (ലൂക്ക 22:19) എന്ന ഈശോയുടെ ആഹ്വാനം നെഞ്ചേറ്റിയ സഭ അപ്പസ്തോലന്മാരുടെ കാലംമുതൽ ഇന്നോളം അത് തുടർന്നുകൊണ്ടേയിരിക്കുന്നു. ഈശോയുടെ ഈ ആഹ്വാനം പഴയ നിയമത്തിലെ ആദ്യത്തെ പെസഹായോട് അനുബന്ധിച്ചുള്ള, “കർത്താവ് തന്റെ വാഗ്ദാനമനുസരിച്ച് നിങ്ങൾക്ക് തരുന്ന സ്ഥലത്ത് ചെന്നുചേർന്നതിനു ശേഷവും ഈ കർമ്മം ആചരിക്കണം. ഇതിന്റെ അർത്ഥമെന്താണെന്ന് നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ പറയണം” (പുറ 12:25-26) എന്ന കൽപനാവാക്യത്തിലേക്കാണ് നമ്മുടെ ശ്രദ്ധ കൊണ്ടുപോകുന്നത്
പെസഹയുടെ ഓർമ്മ
ദൈവം കല്പിച്ച പ്രകാരം നിസാൻ മാസം പതിനാലാം തീയതിയാണ് യഹൂദർ പെസഹ തിരുനാൾ ആഘോഷിച്ചിരുന്നത്. പെസഹ തിരുനാൾ യഹൂദർക്ക് ദൈവം ചരിത്രത്തിൽ തങ്ങളുടെ രക്ഷയ്ക്കായി അത്ഭുതാവഹമായി ഇടപെട്ടതിൻറെ ഓർമ്മയും തങ്ങളുമായി ദൈവം സ്ഥാപിച്ച ഉടമ്പടിയുടെ പ്രഘോഷണവും ആയിരുന്നു. വാഗ്ദത്ത നാട്ടിലെത്തിയശേഷമുള്ള ഇസ്രയേൽ ജനത്തിന്റെ പെസഹ ആഘോഷം തങ്ങളുടെ സ്വത്വത്തിന്റെ ഭാഗമായിരുന്നു. അതിനാൽ ആരാധനാപരമായ ബലിയും സമർപ്പണവും വിരുന്നും ഉൾച്ചേർന്നിരുന്ന പെസഹ ആഘോഷം തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ സമൂഹാത്മകതയുടെ പ്രകടനവും അവരുടെ ജീവിതത്തിൽ ദൈവം ഇടപെട്ടതിനറെ അനുസ്മരണവും ആയിരുന്നു. ഓരോ പെസഹ ആഘോഷത്തിലും യഹൂദർ തങ്ങളുടെ പിതാക്കന്മാരുടെ ജീവിതത്തിൽ ദൈവം അത്ഭുതാവഹമായി ഇടപെട്ടത് - ഈജിപ്തിൽനിന്നുള്ള സ്വാതന്ത്ര്യവും പുറപ്പാട് സംഭവത്തിലെ അത്ഭുതാവഹമായ ദൈവിക ഇടപെടലുകളും - അനുസ്മരിക്കുകയും തങ്ങളുടെ ആരാധനയുടെ ഭാഗമാക്കുകയും അതിനെക്കുറിച്ച് പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കുകയും (Haggadah) ചെയ്തിരുന്നു. എത്ര വർഷങ്ങളും നൂറ്റാണ്ടുകളും കഴിഞ്ഞാലും ഈ ദൈവീക ഇടപെടലുകളെ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എന്നപോലെ നന്ദിയോടും സന്തോഷത്തോടുകൂടി അനുസ്മരിച്ചിരുന്ന യഹൂദർക്ക് തങ്ങളും ദൈവവുമായുള്ള ബന്ധത്തിൻറെ അനുസ്മരണവും ദൈവത്തിനുള്ള ഒരു “ഓർമ്മപ്പെടുത്തലും” കൂടിയായിരുന്നു പെസഹാതിരുനാൾ; തങ്ങൾ ദൈവത്തിന്റെ സ്വന്തം ജനമാണെന്ന ഓർമ്മപ്പെടുത്തൽ. ഒപ്പം, വരാനിരിക്കുന്ന മിശിഹായുടെ ഇടപെടലുകൾകായുള്ള കാത്തിരിപ്പിന്റെ അവസരവും (cf. ഏശ 11). ഇങ്ങനെ പെസഹായെയും പുറപ്പാടിനെയുമെല്ലാം ഇന്നിന്റെ അനുഭവമായി കണ്ടിരുന്ന യഹൂദർക്ക് ദൈവത്തിലേക്ക് തങ്ങളുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താനുള്ള സന്ദർഭം കൂടിയായിരുന്നു പെസഹ ആഘോഷം.
പ്രഘോഷണമാകുന്ന ഓർമ്മ
പഴയനിയമത്തിലെ പെസഹ ആഘോഷം ഇസ്രയേലിന്റെ ചരിത്രത്തിൽ ദൈവം ഇടപെട്ടതിന്റെ ഓർമ്മയും പ്രഘോഷണവുമായിരുന്നെങ്കിൽ ഓരോ വി. കുർബ്ബാനയും ചരിത്രത്തിലെ ക്രിസ്തുവിന്റെ രക്ഷാകരമായ ഇടപെടലിന്റെ ഓർമ്മയും പ്രഘോഷണവും സഭയിലെ സാന്നിധ്യത്തിന്റെ ആഘോഷവുമാണ്. ഓർമ്മയാചരണത്തെ സൂചിപ്പിക്കാൻ 'അനംനേസിസ്' (anamnesis) എന്ന ഗ്രീക്ക് വാക്കാണ് ലൂക്കാ സുവിശേഷകനും പൗലോസ് ശ്ലീഹായും ഉപയോഗിച്ചിരിക്കുന്നത്. വി. ഗ്രന്ഥത്തിൽ 'അനംനേസിസ്' വെറുമൊരു അനുസ്മരണമല്ല, പ്രഘോഷണമാണ്; ദൈവത്തിൻറെ അദ്ഭുതാവഹമായ ഇടപെടലിൻറെ പ്രഘോഷണം. അതിനാൽ ഓർമ്മയാഘോഷം വർത്തമാനകാലത്തിൽ വിശ്വാസത്തിന്റെ തെളിമയുള്ള യാഥാർഥ്യമായി (real) മാറുന്നു. അന്ത്യത്താഴ സമയത്ത് മരണത്തെ മുന്നിൽകണ്ട ഈശോ തന്റെ കടന്നുപോകലിനെ വി. കുർബ്ബാന സ്ഥാപനത്തിലൂടെ അടയാളപ്പെടുത്തി. മനുഷ്യകുലത്തിന്റെ മുഴുവൻ രക്ഷയ്ക്ക് കാരണമാകേണ്ട തന്റെ മരണത്തെ പ്രതീകങ്ങളിലൂടെ അടയാളപ്പെടുത്തിയ ഈശോ അത് തന്റെ ഓർമ്മയ്ക്കായി ചെയ്യാൻ കൽപ്പിച്ചു. ഇന്ന് ഇത് ക്രിസ്തുവിന്റെ ശരീരമായ തിരുസഭ ഓർമ്മിക്കുകയും അനുഷ്ഠിക്കുകയറും ചെയ്യുമ്പോൾ ഈശോയുടെ കുരിശിലെ ബലിയുടെ ഫലം വിശ്വാസികൾക്ക് അനുഭവവേദ്യമാകുന്നു (cf. തിരുസഭ 3). പിതാവായ ദൈവം ക്രിസ്തുവിൽ സാക്ഷാത്കരിച്ച രക്ഷാകര പദ്ധതിയുടെ അനുസ്മരണവും പ്രഘോഷണമാണ് വി. കുർബ്ബാനയിൽ നടക്കുന്നത്.
ഈശോ തൻറെ അന്ത്യത്താഴ സമയത്ത് അപ്പം തന്റെ ശരീരത്തിന്റെയും വീഞ്ഞ് തന്റെ രക്തത്തിന്റെയും പ്രതീകങ്ങളായി ശിഷ്യന്മാർക്ക് നൽകി. അപ്പവും വീഞ്ഞും വേർതിരിച്ച് ആശീര്വദിച്ചു നൽകുന്നത് ഈശോയുടെ കാൽവരിയിലെ സഹനമരണങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ കാൽവരിയും അന്ത്യത്താഴവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. വി. കുർബ്ബാന, ഈശോയുടെ പെസഹായുടെ കടന്നുപോകലിന്റെ (Passover) ഓർമ്മ ആകയാൽ (പെസഹാ ആഘോഷം മാത്രമല്ല ജീവിതം മുഴുവനും) ബലി കൂടിയാണ്. വി. കുർബ്ബാനയുടെ സ്ഥാപനവാക്യങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്. കുരിശിൽ പിതാവിന് ബലിയായി നൽകിയ തൻറെ ശരീരവും രക്തവും തന്നെയാണ് വി. കുർബ്ബാനയിൽ ഈശോ കൗദാശികമായി നൽകുന്നത് (സിഫ്. മതബോധനഗ്രന്ഥം 1365). ഈശോയുടെ ബലിയുടെ അനുസ്മരണത്തിലൂടെ കാൽവരിയിലെ യാഗം നമ്മുടെ അൾത്താരകളിൽ സന്നിഹിതമാകുന്നു. അതിനാൽ അന്ത്യത്താഴം മാത്രമല്ല, ഈശോയുടെ ജീവിതം മുഴുവനാണ് അനുസ്മരിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത്.
ഈ അനുസ്മരണത്തിന്റെ അർത്ഥവും സത്തയും നിർണ്ണയിക്കുന്നത് അന്ത്യത്താഴസമയത്തെ ഈശോയുടെ വാക്കുകളും പ്രവർത്തികളുമാണ്. ദൈവമായ അവിടുന്ന് പരിശുദ്ധാത്മാവിലൂടെ സഭയാകുന്ന തന്റെ ശരീരത്തിൽ, തന്നിൽ വിശ്വസിക്കുകയും താൻ ചെയ്തതിനെ അനുസ്മരിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന സമൂഹത്തിൽ, തന്നെത്തന്നെ അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ ദാനമായി നൽകുന്നു. ഈശോ നൽകിയ ഈ ശക്തമായ ഓർമ്മ അവിടുത്തെ ജീവിതം ഇന്ന് ഈ ലോകത്തിൽ തുടരാൻ വിശ്വാസികളെ പ്രചോദിപ്പിക്കുന്നു. നാം ഈ ഓർമ്മയിൽ പ്രവേശിക്കുമ്പോൾ അതിന്റെ ഫലം നമ്മെയും രൂപപ്പെടുത്തുന്നു.
അൾത്താരയിലെ ഓരോ ബലിയും പുതിയ ബലിയല്ല, കാൽവരിയിൽ ഈശോ അർപ്പിച്ചതും അന്ത്യത്താഴവേളയിൽ കൗദാശികമായി സ്ഥാപിച്ചത്മായ ബലി തന്നെയാണ്. കുരിശിലെ രക്ത ബലിയുടെ സ്ഥാനത്ത് കാലത്തിനും ദേശത്തിനും അതീതമായി അവിടുത്തെ ബലി ഇന്നും കൗദാശികമായി അൾത്താരകളിൽ അർപ്പിക്കപ്പെടുന്നു. അവിടുന്ന് ഇന്നും ജീവിക്കുന്നവനാണെന്നും സമീപസ്ഥനാണെന്നും വി. ബലിയിലൂടെ വിശ്വാസസമൂഹം ഒന്നുചേർന്ന് അനുഭവിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു.
ഈ ബലിയിൽ നാം ഈശോയുടെ ജീവിതത്തെ അനുസ്മരിക്കുന്നതോടൊപ്പം നമ്മുടെ ചരിത്രവും ബലഹീനതകളും പരാജയങ്ങളുമെല്ലാം ഓർമ്മിക്കുന്നു. ജെ. ബി. മെറ്റ്സ് വി. ബലിയെ 'അപകടകരമായ ഓർമ്മ'യെന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം, ഇത് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനത്തെത്തന്നെ തൊടുകയും ഇന്നിന്റെ ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമ്മെ അപകടപ്പെടുത്തുന്ന ചിന്തകളും പ്രചോദനങ്ങളും നൽകുകയും ചെയ്യുന്നു. അതിനാൽ ഈശോ നൽകിയ ഓർമ്മയിൽ ജീവിതഗന്ധിയായ പ്രവർത്തികളും ഉൾച്ചേർന്നിരിക്കുന്നു. ഈശോയുടെ പെസഹയിൽ അടിസ്ഥാനപ്പെടുത്തിയുള്ള സഭയുടെ ദൈവാരാധനയിലൂടെ അവിടുത്തെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ശക്തിയും കൃപയും ആരാധനാ സമൂഹത്തിലേക്ക് പ്രവഹിക്കപ്പെടുന്നു.
ഓർമ്മയിൽ ഒന്നാകുന്ന സമയവും സ്ഥലവും
ഒരിക്കൽ ഒരു വൈദിക സുഹൃത്തിന്റെ മാതാപിതാക്കളുടെ വിവാഹ വാർഷികാഘോഷത്തിൽ പങ്കെടുക്കാനിടയായി. ഭവനത്തിൽ ഒരുക്കിയ ലളിതമായ ആ ആഘോഷത്തിൽ മക്കളും കുഞ്ഞുമക്കളും ഇടവകയിലെ വികാരിയച്ചനും സിസ്റ്റേഴ്‌സുമടക്കം ഇരുപത്തഞ്ചോളം ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാതാപിതാക്കളെ അഭിനന്ദിച്ചും കളിയാക്കിയും തമാശകളും ഗാനങ്ങളുമൊക്കെ കോർത്തിണക്കി മക്കളും കുഞ്ഞുമക്കളും ചേർന്ന് ആ സന്ധ്യ ഗംഭീരമാക്കി. ഭക്ഷണത്തിനുശേഷം എല്ലാവരും പിരിയുമ്പോൾ സന്തോഷാശ്രുക്കളോടെ എല്ലാവരെയും യാത്രയാക്കിക്കൊണ്ട് ആ കുടുംബനാഥൻ പറഞ്ഞു: "കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ ഒത്തിരിയേറെ ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട്. അദ്ധ്വാനിച്ചപ്പോൾ ദൈവം ഒത്തിരിയേറെ അനുഗ്രഹിച്ചു. സന്തോഷമായി, എല്ലാവർക്കും നന്ദി." ജീവിതത്തിലുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളിലേയ്ക്കും പ്രതികൂല സാഹചര്യങ്ങളിലേയ്ക്കും ചികഞ്ഞിറങ്ങിയ അദ്ദേഹം ആ ഓർമ്മകളിൽ ജീവിച്ചുകൊണ്ടും ഇപ്പോഴെന്നപോലെ അനുഭവിച്ചുകൊണ്ടുമാണ് സന്തോഷത്തിന്റെ ഈ നിമിഷങ്ങളിൽ നിന്നത്. ഓർമ്മകൾക്ക് സമയത്തിന്റെ സാധ്യതയുടെ തേരിൽ ചില സംഭവങ്ങളിലേയ്ക്കോ കാലഘട്ടങ്ങളിലേയ്ക്കോ ഊഴ്ന്നിറങ്ങാനുള്ള കഴിവുണ്ട്. ആ യാഥാർഥ്യത്തെ ക്രിസ്തുവിന്റെ ശരീരമായ സഭ അനുഭവിക്കുന്ന നിമിഷങ്ങളാണ് വി. കുർബ്ബാനയർപ്പണത്തിന്റേത്.
പെസഹായുടെ പശ്ചാത്തലത്തിൽ ഈശോയുടെ അന്ത്യത്താഴവും അവിടുത്തെ രക്ഷാകരമായ സഹന-മരണങ്ങളുമാണ് പ്രധാനമായും വി. കുർബ്ബാനയിൽ നാം ഓർക്കുന്നതെങ്കിലും മഹത്വത്തിൽ ആയിരിക്കുന്ന ക്രിസ്തുവാണ് വി. കുർബ്ബാനയിൽ തന്നെതന്നെ നൽകുന്നത്; സമ്മാനിക്കുന്നത് (ഗിഫ്റ്റിങ് ഹിംസ്എൽഫ്). ഇവിടെ സമയത്തിന്റെയും (ടൈം) സ്ഥലത്തിന്റെയും (സ്പേസ്) സംയോഗം നടക്കുന്നു. മഹത്വീകൃതനായ ക്രിസ്തു സ്ഥല-കാല പരിമിതികൾക്കതീതനാണ്. വിശ്വാസികളുടെ കൂട്ടായ്മയാണ് അഥവാ സഭയാണ് ദൈവ-മനുഷ്യ സമാഗമത്തിന് വേദി (divine space) യായി മാറുന്നത്. നമ്മുടെ സമയവും ദൈവത്തിൻറെ സമയവും സഭയർപ്പിക്കുന്ന വി. കുർബ്ബാനയിൽ സന്ധിക്കുന്നു. നമ്മുടെ ജീവിതം വർഷങ്ങളും മാസങ്ങളും ആഴ്ചകളും ദിവസങ്ങളും മണിക്കൂറുകളും മിനിറ്റുകളും നിമിഷങ്ങളും ചേർന്നതാണ്. ഇന്ന് നാം വർത്തമാന കാലത്തിൽ (Present) പറയുന്നതും ചെയ്യുന്നതും നാളെ ഭൂതകാലത്തിൽ (Past) ആകുന്നു. നമ്മുടെ ജീവിതം നോക്കുമ്പോൾ ഇന്ന് നാം പഠിക്കുന്ന പലതുമായിട്ടാണ് നാളെയിലേക്ക് നാം പ്രവേശിക്കുന്നത്. അതായത്, Past - നെ നാം Present - ലേക്ക് കൂടെ കൂട്ടുന്നു. അതായത്, ഇന്ന് ലൈസൻസ് കിട്ടി ഡ്രൈവറായിരിക്കുന്ന ഒരാൾ ഇന്നലെകളിൽ ആർജിച്ചെടുത്തവയുമായിട്ടാണ് ഇന്ന് തന്റെ ദൗത്യം നിർവ്വഹിക്കുന്നത്; ഇന്നത്തെ ഒരു ടീച്ചർ ഇന്നലെകളിൽ പഠിച്ചു നേടിയെടുത്ത ഡിഗ്രിയും സ്വായത്തമാക്കിയ കഴിവുകളും ഉപയോഗപ്പെടുത്തിയാണ് ഇന്ന് പഠിപ്പിക്കുന്നത്. മറ്റൊരു വാക്കിൽ പറഞ്ഞാൽ വിവാഹവാർഷികത്തിൽ സന്തോഷാശ്രുക്കൾ പൊഴിച്ച കുടുംബനാഥൻ തന്റെ ജീവിതത്തിലെ വ്യഥകളുടെ ഓർമ്മകളും ഹൃദയത്തിൽ പേറിയിരുന്നു.
ഈശോ പിതാവിനെ വിധേയപ്പെട്ട് ചെയ്ത ഓരോ കാര്യവും, പ്രത്യേകിച്ച് സഹനവും മരണവും പിതാവിങ്കലേക്ക് - നിത്യതയിലേക്ക് എടുക്കപ്പെട്ടു. ഈശോ മഹത്ത്വീകൃതനായത് സഹനത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമാണ്. ദൈവപുത്രനായ ക്രിസ്തു മഹത്ത്വീകൃതനും സ്ഥലകാലങ്ങൾക്ക് അതീതനും ആകയാൽ, അവിടുന്ന് അന്ത്യത്താഴ വേളയിൽ പറഞ്ഞ കാര്യങ്ങളും ചെയ്ത പ്രവർത്തികളും മാത്രമല്ല മഹത്ത്വീകൃതമായ ശരീരത്തിൽ തന്നെ വി. കുർബ്ബാനയിൽ സന്നിഹിതനാകുന്നു. വി. കുർബ്ബാനയിലൂടെ കൗദാശികമായി നാം അവിടുന്നുമായി സമ്പർക്കത്തിലാകുമ്പോൾ നാം അവിടുത്തെ സമയത്തിൻറെ ഭാഗമാകുന്നു. അത് നമ്മെ രൂപാന്തരപ്പെടുത്തുന്നു. നമ്മുടെ past നമുക്ക് ഓർമ്മയാണ്. എന്നാൽ ഈശോ ദൈവം ആകയാൽ അവിടുന്നു ചെയ്തവ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ നമ്മുടെ സമയത്തിൽ സന്നിഹിതമാവുന്നു; വിശ്വാസത്തിൽ നമ്മൾ അവിടുത്തെ ഭാഗമാകുന്നു. അങ്ങനെ, ഈശോയുടെ ഓർമ്മയിലൂടെ വിശ്വാസികളായ നാം വി. കുർബ്ബാനയിൽ അവിടുത്തെ തിരുശരീരരക്തങ്ങളിൽ പങ്കുപറ്റുന്നതോടൊപ്പം അവിടുത്തെ സമയത്തിലേക്കും പ്രവേശിക്കുന്നു. ഒപ്പം, ഈ ഓർമ്മ ആചരണത്തിലൂടെ ഈശോയുടെ കുരിശിലെ ബലിയുടെ ഫലങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. നമ്മുടെ സമയത്തിലും സാഹചര്യങ്ങളിലും ക്രിസ്തു കടന്നുവരുന്നതും നമ്മുടെ ഓർമ്മയുടെ അവൻ രക്ഷ സാധ്യമാക്കിയ സമയത്തിലേയ്ക്കും സാഹചര്യങ്ങളിലേയ്ക്കും കൗദാശികമായി നമുക്ക് പ്രവേശിക്കാമെന്നതും വി. കുർബ്ബാന നമുക്ക് നൽകുന്ന വലിയ സാധ്യതയാണ്. ഈ സാധ്യതയുടെ ഫലമാണ് ക്രിസ്തുവിലേക്കുള്ള നമ്മുടെ രൂപാന്തരീകരണം.
ഡോ. ഷിബി കാട്ടിക്കുളക്കാട്ട് MCBS
ദൈവശാസ്ത്ര അധ്യാപകൻ, സനാതന ദിവ്യകാരുണ്യ വിദ്യാപീഠം, താമരശ്ശേരി