+91 8590 373975
https://eucharistiamcbs.com/public/storage/images/uLJIVB4Oqc1IZzd1gwGyOzHJtW5WhCHfKxMvCcwp.png

വി. കുർബ്ബാന: തിരുവചന പശ്ചാത്തലത്തിൽ - 3; കുർബ്ബാന എന്ന പദത്തിന്റെ അർത്ഥം

വി. കുർബ്ബാന വിവിധ പേരുകളിൽ ഇന്ന് അറിയപ്പെടുന്നുണ്ട്.  അവയിൽ രണ്ടു പ്രധാനപ്പെട്ട പേരുകളാണ് ‘കുർബ്ബാന,’ ‘ദിവ്യകാരുണ്യം’ എന്നിവ. ഈ മഹാരഹസ്യത്തിൻറെ  വ്യത്യസ്തമായ അർത്ഥങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും  വിരൽചൂണ്ടുന്നവയാണിവ. ‘കുർബ്ബാന’ എന്ന വാക്കിൻറെ ഉൾപ്പൊരുൾ മനസ്സിലാക്കാനാണ് ഈ ലേഖനത്തിൽ നാം ശ്രമിക്കുന്നത്.

‘കുർബ്ബാന’ എന്നപദം വ്യത്യസ്തമായ രീതിയിൽ നാം ഇന്ന് ഉപയോഗിക്കാറുണ്ട്. അൾത്താരയിലെ വി.  ബലിയർപ്പണത്തെ സൂചിപ്പിക്കാനായി  പൊതുവായി ഉപയോഗിക്കുന്ന  വാക്കാണിത്. ഈ അർത്ഥത്തിലാണ് "ഞാൻ കുർബ്ബാനയിൽ പങ്കെടുക്കാൻ പോകുന്നു" എന്നു പറയുന്നത്.  ഈശോയുടെ ശരീരരക്തങ്ങളായി രൂപാന്തരപ്പെട്ട അപ്പത്തെയും വീഞ്ഞിനെയും സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കുന്നു. "ഞാൻ ഇന്ന്  വിശുദ്ധ  കുർബ്ബാന സ്വീകരിച്ചു" എന്നു പറയുന്നത് ഈ അർത്ഥത്തിലാണ്. തിരുസക്രാരിയിൽ സൂക്ഷിച്ചിരിക്കുന്ന ഈശോയുടെ തിരുശരീരത്തെ സൂചിപ്പിക്കാനായും ഇതേ പദം തന്നെ നാം ഉപയോഗിക്കാറുണ്ട്.  "ഞാൻ വി. കുർബ്ബാന  ആരാധന നടത്തി" എന്നുപറയുമ്പോൾ ഇതാണ് ഉദ്ദേശിക്കുന്നത്.

കുർബ്ബാന’ - കൊർബാൻ

‘കുർബ്ബാന’ എന്ന പദത്തെക്കുറിച്ചുളള പഠനം വി. കുർബ്ബാനയുടെ അർത്ഥതലങ്ങൾ കൂടുതലായി മനസ്സിലാക്കാൻ നമ്മെ സഹായിക്കും.  ഹീബ്രു ഭാഷയിലെ  ‘കൊർബാൻ’ എന്ന പദത്തിൻറെ  അരമായ/സുറിയാനി ഭാഷാന്തരമാണ് ‘കുർബ്ബാന.’ പഴയനിയമത്തിൽ ബലികളുടെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിരുന്ന ഒരു പദമായിരുന്നു ‘കൊർബാൻ.’ പുരാതന യഹൂദസമൂഹത്തിൻറെ  മതജീവിതത്തിലെ  അവിഭാജ്യ ഘടകങ്ങളായിരുന്നു  കർത്താവിനായി അർപ്പിച്ചിരുന്ന ബലികൾ. ലേവ്യരുടെ പുസ്തകത്തിലെ ആദ്യ ഏഴധ്യായങ്ങളിൽ യഹൂദർ അർപ്പിച്ചിരുന്ന വിവിധങ്ങളായ ബലികളെക്കുറിച്ചുള്ള വിവരണമുണ്ട്. അവയെ ഗ്രന്ഥകർത്താവ് അഞ്ചായി തരം തിരിക്കുന്നു:  ദഹനബലി, ധാന്യബലി, സമാധാനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി  എന്നിവയാണവ. ഇതിൽ പ്രതിപാദിക്കപ്പെടുന്ന ഓരോ ബലിയും മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായിരുന്നെങ്കിലും, അവയെ പൊതുവായി വിളിച്ചിരുന്ന പേരായിരുന്നു ‘കൊർബാൻ’ (ലേവ്യ൪ 1:2, 3, 10, 14; 2:1, 4, 7, 12; 3:1; 4:23, 28, 32; 5:11; 7:38, etc.). ഹീബ്രുഭാഷയിൽ ‘സമീപിക്കുക,’ ‘അടുത്തു കൊണ്ടുവരിക’ എന്നൊക്കെ അർത്ഥമുള്ള ‘ഖറ’  എന്ന ക്രിയാധാതുവിൽ നിന്നാണ് ഈ പദം ഉണ്ടായിരിക്കുന്നത്.  ‘കാഴ്ചവെപ്പ്,’ ‘അർപ്പണം,’ ‘സമർപ്പണം’ എന്നൊക്കെയാണ് സാധാരണയായി ഇതിനെ തർജ്ജമ ചെയ്യുന്നതെങ്കിലും, ‘സമീപത്തേക്ക് കൊണ്ടുവന്നത്,’ ‘അടുപ്പിച്ചത്’ എന്നൊക്കെയാണ് ഇതിൻറെ പദാനുപദ വിവർത്തനം.  ദൈവാലയത്തിൽ വസിക്കുന്ന ദൈവത്തിൻറെ പക്കലേക്കാണ്  ബലിയർപ്പിക്കുന്ന വ്യക്തി ബലി വസ്തുക്കളുമായി വരുന്നത്. ദൈവത്തിനു കാഴ്ചവെക്കാനുള്ളവയുമായി ഇങ്ങനെ ബലിപീഠത്തെ സമീപിക്കുന്നതിനെയാണ്  ‘ഖറ’  എന്ന ക്രിയാപദം സൂചിപ്പിച്ചിരുന്നത്.  ദൈവാലയത്തിലെ ബലിപീഠം ദൈവത്തെ പ്രതിനിധാനം ചെയ്യുമ്പോൾ അതിൽ അർപ്പിക്കപ്പെടുന്ന ബലിവസ്തു  ബലിയർപ്പിക്കുന്ന വ്യക്തിയുടെ പ്രതീകമാണ്.  ബലിവസ്തു ബലിപീഠത്തിൽ അഗ്നിയാൽ ദഹിപ്പിക്കപ്പടുമ്പോൾ  അർപ്പിക്കുന്നയാളെ ദൈവം പരിപൂർണ്ണമായി സ്വീകരിക്കുകയും അയാൾ ദൈവത്തോട് അനുരഞ്ജനപ്പെടുകയും ചെയ്യുന്നുവെന്ന് ഇസ്രായേൽജനം വിശ്വസിച്ചു. ബലിയർപ്പിക്കുന്ന വ്യക്തി വിശുദ്ധീകരിക്കപ്പെട്ട്  ദൈവത്തോടടുക്കുന്നതിനെയാണ് ‘കൊർബാൻ’ എന്ന പേരിൽ പൊതുവായി അറിയപ്പെട്ടിരുന്ന ബലികൾ സൂചിപ്പിച്ചിരുന്നത്.

കൊർബാനും ശുദ്ധതയും

ദൈവാലയത്തിൽ കൊർബാൻ അർപ്പിക്കുമ്പോൾ ഇസ്രായേൽജനം ചില നിഷ്ഠകൾ പുലർത്തേണ്ടിയിരുന്നു. അതിലാദ്യത്തേത്  ബലിവസ്തുവിൻറെ പൂർണ്ണതയുമായി ബന്ധപ്പെട്ടവയായിരുന്നു. ബലിയർപ്പണത്തിനായി തിരഞ്ഞെടുക്കുന്ന വസ്തുക്കളും മൃഗങ്ങളും  ഊനമറ്റവയായിരിക്കണം. അവ ബലിയർപ്പകനു സാധ്യമായവയിൽവച്ച്  ഏറ്റവും മെച്ചപ്പെട്ടവ ആയിരിക്കണം. അവ പൂർണ്ണഹൃദയത്തോടെയും സ്വതന്ത്രമായും ദൈവത്തിനർപ്പിക്കണം. കായേൻറെയും ആബേലിൻറെയും  ബലികൾ തമ്മിലുള്ള വ്യത്യാസം  ഇവയോട് ബന്ധപ്പെട്ടതായിരുന്നു  (ഉല്പത്തി 4:1-7). ആന്തരികവിശുദ്ധിയുടെ പ്രതീകമായി  ദൈവാലയത്തിൽ പ്രവേശിക്കുന്നതിനു മുൻപ്  പുരോഹിതനും ബലിയർപ്പിക്കുന്ന വ്യക്തിയും കുളിച്ച് ദേഹശുദ്ധി വരുത്തണമായിരുന്നു.

ഇസ്രായേൽജനം  ബലിയർപ്പണത്തിനായി ദൈവാലയത്തിലേക്കു കൊണ്ടുവരുന്ന ബലിവസ്തുക്കളും ബലിമൃഗങ്ങളും ഊനമറ്റവയാണെന്ന് ദൈവാലയ കവാടത്തിൽ വെച്ച്  പുരോഹിതന്മാർ ഉറപ്പു വരുത്തിയിരുന്നു. അതിനു ശേഷമായിരുന്നു  അവയെ ബലിപീഠത്തിലേക്കു കൊണ്ടുവരാൻ അനുവദിച്ചിരുന്നത്. ബലിയർപ്പണ സമയത്ത് ബലിയർപ്പിക്കുന്നയാൾ ബലിപീഠത്തിന് സമീപത്തേക്കുവന്ന്, ബലിയർപ്പിക്കാനുള്ളവയെ ബലിയർപ്പണത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന പുരോഹിതന് പ്രാർത്ഥനയോടെ കൈമാറുമായിരുന്നു. പാപപരിഹാര ബലിയാണെങ്കിൽ  അർപ്പിക്കുന്ന മൃഗത്തിൻറെ തലയിൽ കൈകൾ വച്ച് ബലിയർപ്പകൻ തൻറെ പാപങ്ങൾ ഏറ്റുപറയണമായിരുന്നു.  ഇവയെല്ലാം  ദൈവത്തോടടുക്കുന്ന ബലിയർപ്പകനെയാണ് സൂചിപ്പിക്കുന്നത്.

ഈശോയുടെ ബലി: പഴയനിയമ ബലികളുടെ പൂർത്തീകരണം

പഴയനിയമ  ബലികളിൽ മൃഗങ്ങളും മറ്റു ബലിവസ്തുക്കളും അർപ്പിക്കപ്പെട്ടത് അർപ്പകരായ  വിശ്വാസികൾക്കു  പകരമായിരുന്നു. ബലി വസ്തുക്കൾ അൾത്താരയിൽ ദഹിപ്പിക്കപ്പെടുമ്പോൾ അർപ്പകരെ ദൈവം സ്വീകരിക്കുന്നതായി യഹൂദർ വിശ്വസിച്ചുപോന്നിരുന്നു. എന്നാൽ പഴയനിയമ ബലികളെക്കുറിച്ച് ഹെബ്രായർക്കെഴുതപ്പെട്ട ലേഖനം  പറയുന്നത് "അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാന്‍ കഴിവില്ലാത്ത കാഴ്ചകളും ബലികളുമാണ് ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്" (ഹെബ്രായര്‍ 9:9) എന്നാണ്. അതായത്, പഴയനിയമ ബലികൾ മനുഷ്യനെ പരിപൂർണ്ണമായും ദൈവത്തോടനുരഞ്ജിപ്പിക്കാൻ പര്യാപ്തങ്ങളായിരുന്നില്ല എന്നാണ്  ഗ്രന്ഥകർത്താവുദ്ദേശിക്കുന്നത്.  തൻറെ സമകാലീന  സമൂഹത്തിൻറെ ബലിയർപ്പണത്തിൽ ദൈവം ആഗ്രഹിച്ചിരുന്ന  മാനസാന്തരവും ജീവിത  നവീകരണവും  സംഭവിക്കാതിരുന്നതാകാം  ഇങ്ങനെ എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 

പഴയനിയമ ബലികളുടെയെല്ലാം പൂർത്തീകരണമാണ് ഈശോ കാൽവരി മലയിൽ കുരിശിലർപ്പിച്ച അവിടുത്തെ ജീവിത ബലി.  ഇവിടെ ബലിയർപ്പകനും ബലിവസ്തുവും പുരോഹിതനും ഒരാൾ തന്നെയാണ്,  മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ക്രിസ്തു. പാപത്തിൻറെ കളങ്കമേശാത്ത അവിടുന്ന് (ഹെബ്രായര്‍ 4:15) സകല മനുഷ്യരുടെയും രക്ഷക്കായി തന്നെത്തന്നെ ബലിയർപ്പിച്ചു. ബലിയർപ്പകനും ബലിവസ്തുവും തമ്മിലുള്ള വ്യത്യാസം അവിടെ ഇല്ലാതായിത്തീർന്നു. മാത്രമല്ല ദൈവവും മനുഷ്യനും തമ്മിലുള്ള അകലം അപ്രത്യക്ഷമാവുകയും ചെയ്തു.

ദൈവത്തോടടുപ്പിക്കുന്ന കുർബ്ബാന

താൻ കുരിശിൽ നേടിയെടുത്ത രക്ഷ സകലർക്കും സംലഭ്യമാക്കാനായി ഈശോ സ്ഥാപിച്ച കൂദാശയ്ക്ക് പഴയനിയമ  ബലികളുടെ പൊതുനാമമായ ‘കൊർബാനി’നു തത്തുല്യമായ  ‘കുർബ്ബാന’ എന്ന പദം  ഉപയോഗിക്കുന്നത് തികച്ചും യുക്തമാണ്. പഴയനിയമ  ബലികളുടെ അന്തസത്തയായ കൊർബാൻ അഥവാ ദൈവത്തോടടുക്കൽ അതിൻറെ പൂർണ്ണ അർത്ഥത്തിൽ നിറവേറുന്നത് വി. കുർബ്ബാനയിലാണ്. കാരണം, വി. കുർബ്ബാനയിൽ ബലിവസ്തുവും ബലിയർപ്പകനും പുരോഹിതനും മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ക്രിസ്തുവാണ്. തൻറെതന്നെ ശരീരവും രക്തവുമാണ് വി. കുർബ്ബാനയിൽ അവിടുന്ന് പിതാവായ ദൈവത്തിനർപ്പിക്കുന്നത്.  അതായത്, സകല മനുഷ്യരുടെയും രക്ഷക്കായി വി. കുർബ്ബാനയിൽ അർപ്പിക്കപ്പെടുന്നത് പഴയനിയമ ബലികകളിലെപോലെ അപൂർണ്ണങ്ങളായ  സൃഷ്ടവസ്തുക്കളല്ല, മനുഷ്യാവതാരം ചെയ്ത ദൈവപുത്രൻ തന്നെയാണ്.

കുർബ്ബാനയാകേണ്ട ജീവിതം

പഴയനിയമ ബലികളുടെ തുടർച്ച ഒരു പരിധിവരെ വി. കുർബ്ബാനയിൽ ദർശിക്കാനാവും. പഴയനിയമ ബലികളെപ്പോലെതന്നെ ബലിവസ്തുവിന്റെ പൂർണ്ണതയും അർപ്പകന്റെ പരിശുദ്ധിയും വി. കുർബ്ബാന ആവശ്യപ്പെടുന്നുണ്ട്. "എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍" (ലൂക്കാ 22:19; 1 കോറിന്തോസ് 11:25)  എന്ന ക്രിസ്തുവിൻറെ കൽപ്പന ഓരോ ക്രിസ്ത്യാനിയോടുമുള്ള കുർബ്ബാനയായിത്തീരാനുള്ള ആഹ്വാനമാണ്. "വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുക” എന്നാൽ ആരാധനക്രമത്തിലുള്ള ഭാഗഭാഗിത്വത്തോടൊപ്പം  കുർബ്ബാനയായിത്തീരുക എന്നുകൂടി അർത്ഥമാക്കുന്നുണ്ട്. അതായത് വി. കുർബ്ബാനയിലെ ബലിവസ്തുവും ബലിയർപ്പകനുമായ ഈശോയോടനുരൂപപ്പെടാൻ  ഓരോ ക്രിസ്ത്യാനിയും  കടപ്പെട്ടിരിക്കുന്നു. കുരിശുമരണത്തിൽ പൂർത്തിയായ ഈശോയുടെ കുർബ്ബാനയാകൽ പ്രക്രിയ മനുഷ്യാവതാരത്തിൽ ആരംഭിച്ച്  അവിടുത്തെ ജീവിതം മുഴുവൻ നീണ്ടുനിന്നു. ദൈവഹിതനിർവ്വഹണത്തിനായി സ്വയം എപ്പോഴും സമർപ്പിച്ചു കൊടുത്തുകൊണ്ടാണ് അവിടുന്നതു  നേടിയെടുത്തത്. ദൈവത്തെ മഹത്വപ്പെടുത്താനും സഹോദരങ്ങളെ സ്നേഹിക്കാനുമായി നിരന്തരം പരിശ്രമിച്ച്, ജീവിതം ബലിയാക്കി മാറ്റുമ്പോഴാണ് ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിൽ ഇതു പ്രാവർത്തികമാകുന്നത്. അപ്പോൾ വി. കുർബ്ബാനയിലൂടെ ജീവിതത്തിലേക്കെഴുന്നള്ളി വരുന്ന ക്രിസ്തുവുമായി ഐക്യപ്പെടാൻ അയാൾക്കിടയാകുന്നു. ജീവിതത്തെ മാനുഷിക മൂല്യങ്ങളാലും ദൈവിക പുണ്യങ്ങളാലും നിറച്ച് പരിശുദ്ധി കാത്തുസൂക്ഷിക്കുമ്പോഴേ ഇതു സാധ്യമാവുകയുള്ളൂ. ഇത് ജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രയത്നവും നിതാന്ത ജാഗ്രതയും നമ്മിൽ നിന്നാവശ്യപ്പെടുന്നു. പരിധികളില്ലാത്ത ദൈവ കരുണയിലാശ്രയിച്ചുകൊണ്ട് മാത്രമേ ഈ ലക്ഷ്യം നമുക്കു നേടിയെടുക്കാനാകുകയുള്ളൂ. ജീവിതത്തെ കുർബ്ബാനയാക്കി മാറ്റാൻ ദൈവകരുണയുടെ കൂദാശയായ വി. കുർബ്ബാന നമ്മെ സഹായിക്കും.

ഡോ. പോൾ കുഞ്ഞാനായിൽ_image
ഡോ. പോൾ കുഞ്ഞാനായിൽ

ബൈബിൾ അധ്യാപകൻ, സനാതന ദിവ്യകാരുണ്യ വിദ്യാപീഠം, താമരശ്ശേരി