ഭാരതീയ സംസ്കാരത്തിൽ വളർന്ന് തുടങ്ങിയ കാലംമുതൽക്കേ, വി. കുർബ്ബാനയുടെ അനവദ്യമായ ലാവണ്യവും പ്രസരിപ്പിച്ചുകൊണ്ടാണ് ക്രിസ്തുമതം മുന്നോട്ട് പോകുന്നത്. ആചാരാനുഷ്ഠാനങ്ങളിലൂടെ അവതരിപ്പിച്ചും, ജീവിതസാഹചര്യങ്ങളിൽ ജീവൻ കൊടുത്തും, ജീവിതംകൊണ്ട് ഏറ്റുപറഞ്ഞും ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമായ വി. കുർബ്ബാനയെ സഹജീവികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഭാരതക്രൈസ്തവർ കഴിഞ്ഞ രണ്ടായിരത്തോളം വർഷങ്ങളായി ശ്രമിച്ചിട്ടുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ലെന്ന് പറയാതെ വയ്യ.
പലപ്പോഴും നമുക്ക് അന്യമെന്നും അപ്രാപ്യമെന്നുമൊക്കെ തോന്നുമെങ്കിലും ഭാരത സംസ്കാരത്തോടും ആധ്യാത്മികതയോടും ചേർന്നുപോകുന്നതും ഭാരതീയ ചിന്ത എത്തിച്ചേരേണ്ടതുമായ ഒരു ദർശനമാണ് വി. കുർബ്ബാന. ക്രിസ്തുമതത്തിന്റെയോ പാശ്ചാത്യ ദർശനങ്ങളുടെയോ ദാർശനിക ഫ്രയിമുകൾക്കുള്ളിൽ മാത്രം നിൽക്കുന്ന ഒരു ദൈവശാസ്ത്ര പാരികല്പനയല്ല അപ്പം ദൈവിക ഉടലെടുക്കുന്ന വി. കുർബ്ബാന. അത് സാർവ്വത്രികവും വർണ്ണ-വർഗ്ഗ ഭേദമില്ലാതെ എല്ലാവരെയും അഭിസംബോധന ചെയ്യുന്നതുമാണ്.
സനാതനവും ദൈവികവുമായ വി. കുർബ്ബാനയെ എത്രത്തോളം മനസ്സിലാക്കാം, മനസ്സിലാക്കിക്കൊടുക്കാം എന്നുള്ളത് വ്യക്തമായ ഉത്തരമില്ലാത്ത ചോദ്യമാണ്. എന്നാൽ മനുഷ്യർ ജീവിക്കുകയും ഇടപെടുകയും ചെയ്യുന്ന മേഖലകളെയും ജീവിതയാഥാർഥ്യങ്ങളെയും വി. കുർബ്ബാനയുടെ കണ്ണോടെ നോക്കിക്കാണാനും വ്യാഖ്യാനിക്കാനും വി. കുർബ്ബാനയിൽ ജീവിതത്തിന്റെ ലക്ഷ്യവും അർത്ഥവും കണ്ടെത്താനും ക്രൈസ്തവർക്ക് സാധിക്കുന്നതനുസരിച്ച് വി. കുർബ്ബാനയെ പരിചയപ്പെടുത്താൻ എളുപ്പമായിരിക്കും. വി. ജോൺ പോൾ രണ്ടാമൻ പറയുന്നതുപോലെ "മനുഷ്യ ജീവിത സാഹചര്യങ്ങളിൽ വി. കുർബ്ബാനയുടെ ദർശനങ്ങൾക്ക് ജീവൻകൊടുക്കാനും ജീവിത സംഭവങ്ങളിലൂടെ അവയ്ക്ക് രൂപം നൽകാനും കഴിയുമ്പോഴേ ക്രൈസ്തവ ജീവിതങ്ങൾ നൂറുമേനി ഫലം പുറപ്പെടുവിക്കുകയുള്ളൂ."
ഭാരത ക്രിസ്ത്യാനിയുടെ ദൗത്യവും മറ്റൊന്നല്ല. വി. കുർബ്ബാനയുടെ ദൈവശാസ്ത്രത്തിലേയ്ക്കും അതിന്റെ ആചാരപരമായ അവതരണത്തിലേയ്ക്കും സാംസ്കാരികാനുരൂപണങ്ങൾ കൂട്ടിച്ചേർക്കുന്നതിനേക്കാൾ, വി. കുർബ്ബാനയുടെ ആധ്യാത്മികതയുടെ കാമ്പും കരളും ഭാരത സംസ്കാരത്തിലും ചിന്തയിലും പ്രയോഗിച്ചുകാണിക്കുകയാണ് ഭാരത ക്രൈസ്തവർ ചെയ്യേണ്ടത്. ഭാരതത്തിന് ക്രൈസ്തവർ നൽകുന്ന വലിയൊരു സംഭാവനകൂടിയാകുമത്. എന്തുകൊണ്ടെന്ന് ചോദിച്ചാൽ, ആർഷഭാരതത്തിന്റെ "അസതോമാ സദ്ഗമയ..." (ബൃഹദാരണ്യകോപനിഷത്ത്) തുടങ്ങിയ പ്രാർത്ഥനകളും വേദോപനിഷത്തുകളും ധ്യാനമനനങ്ങളും, 'എല്ലാം പൂർണ്ണമായ ബ്രഹ്മമാണെന്ന' (ഈശാവാസ്യോപനിഷത്) താത്വിക പഠനങ്ങളും എത്തിച്ചേരേണ്ടത് ദൈവികതയുടെ സമ്പൂർണ്ണതയായ വി. കുർബ്ബാനയിലാണെന്ന തിരിച്ചറിവിലേക്ക് ഭാരത സംസ്കാരത്തെയും ആധ്യാത്മികതയെയും നയിക്കുകയെന്നത് ഭാരത ക്രൈസ്തവരുടെ പ്രേഷിതപ്രവർത്തനത്തിന്റെ നട്ടെല്ലാണ്.
രക്ഷാകരചരിത്രത്തിന്റെ കേന്ദ്രം
രക്ഷാകര ചരിത്രത്തിൽ വംശാവലിയുടെ കേന്ദ്രം, ലക്‌ഷ്യം ക്രിസ്തുവാണ്. മത്തായിയുടെ സുവിശേഷത്തിൽ ക്രിസ്തുവിന്റെ വംശാവലി ഇങ്ങനെയാണ് നീങ്ങുന്നത്: "അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു... മാഥാൻ യാക്കോബിന്റെ പിതാവായിരുന്നു... യാക്കോബ് മറിയത്തിന്റെ ഭർത്താവായ യൗസേപ്പിന്റെ പിതാവായിരുന്നു. അവളിൽ നിന്ന് ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന യേശു ജനിച്ചു..." (മത്താ 1:1-17). ഇവിടെ വംശാവലി അവസാനിക്കുകയാണ്. കാരണം, ക്രിസ്തുവാണ് അവസാന കണ്ണി (The, എല്ലാറ്റിന്റെയും പൂർത്തീകരണം. എന്നാൽ, രക്ഷാകര ചരിത്രത്തിന്റെ, പഴയ-പുതിയ നിയമങ്ങളുടെ ലക്ഷ്യവും പൂർത്തീകരണവും വി. കുർബ്ബാനയിലാണ്. അതിന്റെ തുടർച്ചയും വി. കുർബ്ബാനയിൽത്തന്നെ. അതിന്റെ ആരംഭമാകട്ടെ, ദൈവത്തിന്റെ "ഉണ്ടാകട്ടെ" എന്ന വാക്കിലൂടെ ഉദ്ഭൂതമായ പ്രപഞ്ചവിസ്മയങ്ങളായിരുന്നു. ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതും, തന്റെ ഏകജാതനെ നൽകാൻ തക്കവിധം ഈ ലോകത്തെ സ്നേഹിച്ചതും, രക്ഷകനെ വാഗ്ദാനം ചെയ്തതും, ഈശോ മനുഷ്യനായിപ്പിറന്നതും അപ്പം ദൈവമായി മാറിയ, ദൈവം അപ്പമായി മാറിയ വി. കുർബ്ബാനയായിത്തീരാൻ വേണ്ടിയായിരുന്നു. ക്രിസ്തു, അപ്പാവതാരത്തിന്റെ ആത്മീയ സാധ്യതകളിലേക്ക് തന്നെത്തന്നെ ഉണർത്തിയത് തന്നിലുള്ള കാരുണ്യത്തെ, കാരുണ്യത്തിലെ പരിപാലനയെ, പരിപാലനയിലെ സ്നേഹത്തെ, സ്നേഹത്തിലെ കരുതലിന്റെ അത്രമേൽ ലഹരിയോടും സൗന്ദര്യത്തോടുംകൂടി വാറ്റി പാകപ്പെടുത്തിക്കൊണ്ടായിരുന്നു. അതുകൊണ്ടാണ്, കാഴ്ചയിൽ വെറും അപ്പമാണെങ്കിലും ഒരു ദൈവിക പ്രക്രിയയുടെ എല്ലാ അംശങ്ങളും ഉൾപ്പെടുന്ന വലിയൊരു രൂപാന്തരത്തിന്റെ മഹാസംഭവമായി വി. കുർബ്ബാന സംഭവിക്കുന്നതും ദൈവശാസ്ത്രജ്ഞർ വി. കുർബ്ബാനയെ രൂപാന്തരത്തിന്റെ കലയായി (Art of transformation) വിശേഷിപ്പിക്കുന്നതും.
വി. കുർബ്ബാനയാകുന്ന അപ്പം
അപ്പം മനുഷ്യന്റെ ഒടുക്കമില്ലാത്ത വിശപ്പിന്റെ ശമനോപാധിയാണ്; ആഗ്രഹങ്ങളുടെ, സൗഹൃദങ്ങളുടെ പ്രകടനമാണ്. അതിലുമുപരി, മനുഷ്യന്റെ അസ്തിത്വത്തിന്റെ പ്രതീകം കൂടിയാണ്. അതുകൊണ്ടുതന്നെ, ഊട്ടുശാലയുടെ പശ്ചാത്തലത്തിൽ അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രതീകാത്മകതയിൽ അവതരിപ്പിച്ച അത്താഴം ഈശോയെ സംബന്ധിച്ച് സ്വാഭാവികവും ജൈവികവുമായിരുന്നു. മാത്രമല്ല, അപ്പം, "ഞാൻ ജീവന്റെ അപ്പമാകുന്നു" (യോഹ 6:35) വെന്ന വചനത്തിന്റെ പൊരുളും, ദൈവം തന്റെ വാത്സല്യം പ്രകടമാക്കാൻ ഇസ്രയേൽ ജനത്തിന് നൽകിയ മന്നായുടെ (ജ്ഞാനം 16:21) പൂർത്തീകരണവുമായിത്തീർന്നു.
അപ്പം അതിന്റെ വ്യത്യസ്ത രൂപങ്ങളിൽ നിലനിൽക്കുന്നുണ്ടെങ്കിലും ബലിപീഠത്തിൽ അർപ്പിക്കപ്പെടുന്ന അപ്പം ക്രിസ്തുവിന്റെ ശരീരമായിത്തീരുന്നുവെന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനശിലയാണ്; ലോകത്തിന്റെ ജീവനുവേണ്ടി ക്രിസ്തു നൽകുന്ന അപ്പം അവിടുത്തെ ശരീരമാകുന്നു (cf. യോഹ 6:51). മനുഷ്യന്റെ അസ്തിത്വവുമായി ഇഴചേർന്ന് നിൽക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരമായിത്തീരുമ്പോൾ അത് ആത്മാവിന്റെ ഭക്ഷണമാകുന്നു; ശരീരത്തിനും മനസ്സിനും പോഷണമാകുന്നു. അപ്പസത്തയിൽനിന്ന് ദൈവസത്തയിലേക്കുള്ള ഈ പരിണാമം മനസ്സിലാക്കാൻ ദുഷ്കരമാണെങ്കിലും, ക്രൈസ്തവന്റെ കുർബ്ബാനാനുഭവത്താൽ സ്പുടം ചെയ്യപ്പെട്ട വിശ്വാസം ഈ വലിയ യാഥാർഥ്യത്തിന്റെ ലാവണ്യമനുഭവിക്കാൻ അവനെ/അവളെ പ്രാപ്തമാക്കുന്നുണ്ട്.
ഭാരതീയ ചിന്തയിലെ നിഴലുകൾ
ഗ്രീക്കുചിന്തയുടെ പിൻബലത്തിലാണ് വി. കുർബ്ബാന താത്വികമായി തിരുസഭയിൽ വ്യാഖ്യാനിക്കപ്പെട്ടതെങ്കിലും ഭാരതീയ ചിന്തയ്ക്കും വി. കുർബ്ബാന - അപ്പം = ദൈവം, ദൈവം = അപ്പം - അന്യമല്ലെന്ന് മാത്രമല്ല, അപ്പം ദൈവമാണെന്ന സങ്കല്പം വളരെ ശക്തമായിത്തന്നെയുണ്ട്. ഇവിടെ, വി. കുർബ്ബാനയുടെ ദൈവശാസ്ത്ര ദർശനങ്ങളോട് പൊരുത്തപ്പെടുന്ന ഭാരതീയ ദർശനത്തിലെ ഘടകങ്ങളെ അവതരിപ്പിച്ചുകൊണ്ട്, ഭാരതീയ ദർശനത്തിനുമേൽ താത്വികമായ ഒരു മേൽക്കോയ്മ നേടിയെടുക്കുകയല്ല എന്റെ ഉദ്ദേശ്യം. മറിച്ച്, ഭാരതീയ ദർശനത്തിൽ ഇതൾവിടരുന്ന വിവിധങ്ങളായ ദർശനങ്ങളുടെ, പ്രത്യേകിച്ച് വി. കുർബ്ബാനയെ ബാഹ്യമായും ആന്തരികമായും ധ്വാനിപ്പിക്കുന്ന ദർശനങ്ങളുടെ പൂർത്തീകരണമാണ് വി. കുർബ്ബാനയെന്ന് സമർത്ഥിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. തന്നെയുമല്ല, ഭാരതീയ സംസ്കാരത്തെയും, ആധ്യാത്മികതയേയും നനച്ചൊഴുകുന്ന പുഴയാണ് വി. കുർബ്ബാനയെന്ന് ഭാരതീയരോട് വിളിച്ചുപറഞ്ഞില്ലെങ്കിൽ എന്റെ ക്രൈസ്തവ വ്യക്തിത്വം പൂർണ്ണമാകുന്നത് എങ്ങനെയെന്നും ഞാൻ സംശയിക്കുന്നു.
അന്നം ബ്രഹ്മം
"അന്നം ബ്രഹ്മ"മെന്ന ഉപനിഷത്തിലെ ചിന്ത, ഭാരത സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. കുഞ്ഞുന്നാളിലെ, വാരിത്തരുന്ന ഭക്ഷണത്തോടൊപ്പം കുഞ്ഞിന് അമ്മ നൽകുന്ന മനോഹരമായ ഒരു പാഠമാണിത്: "മക്കളെ, ആഹാരം നഷ്ടപ്പെടുത്തരുത്, അന്നം ബ്രഹ്മമാണ്." പാശ്ചാത്യ സംസ്കാരത്തിൽ ആഹാരത്തെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കുമെങ്കിലും, അന്നം ദൈവമാണെന്നുള്ള പാഠം കുഞ്ഞുമനസ്സുകളിലെത്തുന്നില്ല. "അപ്പം ബ്രഹ്മ"മാണെന്ന ഭാരത സങ്കല്പം സാധാരണ മനുഷ്യരിലും ഉണ്ടായിരുന്നു. രാജവാഴ്ച്ചയുടെ കാലത്ത് മകൻ അമ്മയോട് ചോദിക്കുകയാണ്: "ആരാണമ്മേ, രാജാവ്?" അമ്മ പറഞ്ഞു: "രാജാ പ്രക്ത്യക്ഷ ദൈവം മകനെ." വീണ്ടും മകൻ ചോദിച്ചു: "ആരാണമ്മേ ദൈവം?" അമ്മ പറഞ്ഞു: "അന്നദാതാവായ പൊന്നുതമ്പുരാൻ മകനെ." അന്നം തരുന്നവരിൽ ദൈവത്തിന്റെ മുഖം കാണുന്ന ഭാരതീയ സംസ്കാരത്തിന്റെ ഇടവഴികളിൽ, ദൈവം അപ്പമായിത്തീരുന്ന വി. കുർബ്ബാന ജ്വലിച്ചു നിൽക്കുന്ന പ്രകാശം തന്നെയാണ്.
തൈത്തീരിയോപനിഷത്തിൽ തത്വചിന്തയുടെ മറുപടിയായിട്ടാണ് "അന്നം ബ്രഹ്മ"മെന്ന അവതരിപ്പിക്കുന്നത്. "അന്നം ബ്രഹ്മേതി വ്യജനാത്. അന്നാദ്ധ്യേവ ഖല്വിമാനി ഭൂതാനി ജായന്തേ" (അന്നത്തെ ബ്രഹ്മമറിഞ്ഞു; അന്നത്തിൽ നിന്നാണല്ലോ ഈ ഭൂതങ്ങളെല്ലാം ഉണ്ടണ്ടാകുന്നത്). "അന്നം ബ്രഹ്മ"മാണ് എന്ന ഉപനിഷദ് ചിന്തയ്ക്ക് ദൈവികമായ ആവിഷ്കാരം നൽകുന്നത്, മാംസം കൊടുക്കുന്നത് ക്രിസ്തുവാണ്. സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നതിലൂടെ (യോഹ 6:51) "അന്നം ബ്രഹ്മ"മെന്ന ഭാരതീയ ദർശനത്തിന്റെ പൂർത്തീകരണമാകുകയാണ് ക്രിസ്തു. 'താൻ ജീവനുള്ള അപ്പമാണെന്നും' (യോഹ 6:35), 'മനുഷ്യന് ജീവനുണ്ടാകാനും, അത് സമൃദ്ധിയായുണ്ടാകാനാണ് താൻ വന്നിരിക്കുന്നതെന്നും' (യോഹ 10:10) ക്രിസ്തു വെളിപ്പെടുത്തുമ്പോൾ "അന്നം ബ്രഹ്മ"മെന്ന ഭാരതീയ ചിന്തയുടെ ദൈവികമായ ആവിഷ്കാരത്തിന്റെ ആഘോഷമായി വി. കുർബ്ബാന മാറുകയാണ്.
അന്നത്തിൽനിന്നാണ് സർവ്വ ഭൂതങ്ങളും ഉണ്ടാകുന്നത് എന്ന ദർശനം ഭഗവത്ഗീതയും പങ്കുവയ്ക്കുന്നുണ്ട്. "അന്നാദ്ഭവന്തി ഭൂതാനി" (അന്നത്തിൽ നിന്ന് ഭൂതങ്ങളെല്ലാം ഉണ്ടാകുന്നു. ഭഗവത്ഗീത, കർമ്മയോഗം 14). അപ്പമാണ് ജീവൻ നൽകുന്നതും ജീവൻ നിലനിർത്തുന്നതും. അപ്പമില്ലാത്ത അവസ്ഥ ജീവനില്ലാത്ത അവസ്ഥയാണ് എന്ന് ഭാരതീയ ചിന്ത വളരെ താത്വികമായിത്തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട്. ക്രൈസ്തവർക്ക് ദൈവം അപ്പമായിത്തീരുന്നവനാണ്, അന്നം തന്നെയാണ്. അന്നത്തിലൂടെയാണ്, ദൈവത്തിലൂടെയാണ് ജീവൻ ഉണ്ടാകുന്നത്; അന്നം ഭക്ഷിക്കുന്നതിലൂടെയാണ്, പങ്കുവയ്ക്കുന്നതിലൂടെയാണ് ജീവൻ നിലനിൽക്കുന്നത്. "ഉതാശിതമുപഗച്ഛന്തി മൃതുവാ:" (കൊടുക്കാതെ ഭക്ഷിക്കുന്നവൻ മരണങ്ങൾ പ്രാപിക്കുന്നു. ഋഗ്വേദം 8-6-22). തനിയേ ഭക്ഷിക്കുന്നവൻ പാപത്തെ ഭുജിക്കുന്നുവെന്നാണ് മഹാഭാരതം പറയുന്നത്. വി. പൗലോസ് കോറിന്തോസുകാരെ ഓർമ്മിപ്പിക്കുന്നതും ഇതേകാര്യം തന്നെയാണ് (1 കോറി 11:30).
ഭാരതീയ ആധ്യാത്മിക മണ്ഡലത്തിൽ ശ്രീ ജ്ഞാനേശ്വർ (Saint Dnyaneswar 1275-1296) എഴുതിയ ഭഗവദ്ഗീതയുടെ വ്യാഖ്യാനത്തിൽ (ശ്രീ ജ്ഞാനേശ്വരി) അദ്ദേഹം പറയുന്നതും "അന്നം ബ്രഹ്മ"മാണെന്നാണ് (Dnyaneswari 3:33). പദ്മ മഹാപുരാണവും (5.79.48) അന്നം ബ്രഹ്മമാണെന്ന അറിവ് പങ്കുവയ്ക്കുന്നുണ്ട്.
സദാ ബൃഹത്തായ ബ്രഹ്മം അന്നമാണെന്ന ഭാരതീയ ചിന്ത ഉയർന്നൊരു തത്വമായിത്തന്നെ ഇന്നും നിലകൊള്ളുമ്പോൾ, ദൈവത്തിന്റെ ബൃഹത്തീകരണത്തിന്റെ സൂക്ഷ്മവും സാന്ദ്രവും അഭൗമികവുമായ പരികല്പനയായ വി. കുർബ്ബാനയാകട്ടെ, ദൈവികാവിഷ്കാരത്തിന്റെ പൂർണ്ണതയായി ഭൂമിയിൽ ജീവിക്കുകയാണ്. തെയ്യാർ ദെ ഷെർദാൻ (Teilhard de Chardin) നിരീക്ഷിച്ചതുപോലെ സർവ്വം ഉൾക്കൊണ്ടുനിൽക്കുന്ന സനാതന തത്വമായ ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സാന്നിധ്യമാകുന്നു വി. കുർബ്ബാനയിൽ. മറ്റൊരു വാക്കിൽ, പ്രപഞ്ചത്തിലുള്ള എല്ലാറ്റിന്റെയും യാത്ര ദൈവികതയുടെ മൂർത്ത രൂപമായ വി. കുർബ്ബാനയിലേക്കാണ്.
വ്യതിയാനം ആവശ്യമാണ്
"അന്നം ബ്രഹ്മ"മെന്ന ഭാരതീയ ചിന്ത എത്തിച്ചേരേണ്ട സമുദ്രമാണ് വി. കുർബ്ബാന. ഭാരതത്തിനും പ്രസക്തമാകത്തക്കരീതിയിൽ ക്രിസ്തുമതത്തെ അവതരിപ്പിക്കാൻ പലതരത്തിലുള്ള സാംസ്കാരികാനുരൂപണങ്ങൾ (Inculturation) സ്വീകരിച്ചുകൊണ്ടാണ് ക്രിസ്തുമതം മുന്നോട്ട് പോയത്. നൂറ്റാണ്ടുകളായി ക്രൈസ്തവ പ്രേഷിതപ്രവർത്തനത്തിന്റെ ഭാഗമായി നാം നടത്തുന്ന സാംസ്കാരികാനുരൂപണങ്ങളും, ക്രൈസ്തവ ഭാരതീയ സംസ്കാരങ്ങളുടെ കൊടുക്കൽ വാങ്ങലുകളും ശരിയായ ദിശയിലാണോ എന്നൊരു സ്വയം വിമർശനത്തിന് നാം തയ്യാറാകേണ്ടിയിരിക്കുന്നു. സാംസ്കാരികാനുരൂപണങ്ങളുടെ പ്രസക്തിയും മനോഹാരിതയും മനസ്സിലാക്കിക്കൊണ്ടുതന്നെ പറയട്ടെ, നാം, ഭാരതസഭ, ഒരു നിദര്ശന വ്യതിയാനത്തിലൂടെ (Paradigm Shift) കടന്നുപോകേണ്ടിയിരിക്കുന്നു. സാംസ്കാരികാനുരൂപണങ്ങളിലൂടെയല്ല വി. കുർബ്ബാനയുടെ ദർശനങ്ങളിലൂടെയാണ് ക്രിസ്തുവിനെ നാം ഭാരതത്തിന് നൽകേണ്ടത് എന്ന ചിന്താമാറ്റം കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. അതായത്, ഭാരതീയ ചിന്തയുടെയും സംസ്കാരത്തിന്റെയും പൂർത്തീകരണം (fulfillment) വി. കുർബ്ബാനയാണെന്ന മഹത്തായ ദർശനം സൈദ്ധാന്തികമായും പ്രായോഗികമായും നൽകേണ്ടിയിരിക്കുന്നു. ഭാരതീയ സംസ്കാരത്തോടുള്ള നമ്മുടെ തുറവിയും ബഹുമാനവും സൃഷ്ടിക്കുന്ന ആധ്യാത്മിക പരിസരങ്ങളിൽ ഈ സത്യം നാം വിളിച്ചുപറയണം. സാംസ്കാരികാനുരൂപണങ്ങളിലേയ്ക്കല്ല, വി. കുർബ്ബാനയുടെ ദർശനം നല്കുന്നതിലേക്കാണ് നമ്മുടെ ഊർജ്ജവും ശ്രദ്ധയും നാം ചെലവഴിക്കേണ്ടത്.
വേണം പ്രേഷിത തിടുക്കം
ദൈവം അപ്പമാകുന്ന വി. കുർബ്ബാനയുടെ ദൈവശാസ്ത്രം ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണെങ്കിലും വി. കുർബ്ബാനയുടെ ദർശനം നമ്മുടെ മാതൃരാജ്യത്തിന് പകർന്നുകൊടുക്കാനുള്ള പ്രേഷിത തിടുക്കം നമുക്കുണ്ടാകുന്നില്ല. പ്രസിദ്ധ കവി മധുസൂദനൻ നായർ തന്റെ 'എച്ചിൽ' എന്ന കവിതയിൽ പാടുന്നു:
"അന്നമേ ബ്രഹ്മമെന്നറിഞ്ഞിട്ടും
ബ്രഹ്മജ്ഞനത് വേണ്ടയോ?
യജ്ഞമെങ്ങന്നമില്ലാതെ?
അണ്ണത്താൽ യാജ്ഞവർധനം."
ദൈവം അപ്പമായി അവതരിച്ചിട്ടും ജ്ഞാനികൾക്കുപോലും ആ ദൈവിക വെളിപാടിലേയ്ക്ക് ഹൃദയം തുറക്കാനാകുന്നില്ലല്ലോയെന്ന് കവി ആവലാതിപ്പെടുകയാണ്. ഇത്തരമൊരു ആവലാതി ക്രൈസ്തവർക്കെല്ലാം ഉണ്ടാകേണ്ടിയിരിക്കുന്നു.
ഭാരതീയ ചിന്തയുടെ ജ്ഞാനപരിസരത്ത് പാകിയിരിക്കുന്ന വി. കുർബ്ബാനയുടെ വിത്താണ് അന്നം ബ്രഹ്മം. മണ്ണിന്റെ ആഴങ്ങളിൽ സ്നേഹത്തിന്റെ ഉറവകൾ പൊട്ടുമ്പോൾ വി. കുർബ്ബാനയുടെ ബോധിവൃക്ഷമായി അത് ഉയർന്നുവരും. ആ വഴിയെയാണ് ഭാരത ചിന്തയും സംസ്കാരവും യാത്രചെയ്യുന്നത്. ഒന്നേ ചെയ്യേണ്ടതുള്ളൂ, വി. കുർബ്ബാനയിലേക്കുള്ള നടത്തം വേഗത്തിലാക്കേണ്ടിയിരിക്കുന്നു. അതിന് ദൈവികതയുടെ സമ്പൂർണ്ണതയായ വി. കുർബ്ബാന, ഭാരതീയ സംസ്കാരത്തിന്റെയും ദർശനങ്ങളുടെയും ആധ്യാത്മികതയുടെയും പൂർത്തീകരണമാണെന്ന അവബോധവിസ്ഫോടനം സംഭവിക്കണം. ഒപ്പം, ഭാരത ക്രൈസ്തവർ വി. കുർബ്ബാനയുടെ വൈകാരികതലത്തിലൂടെ മാത്രം ഒഴുകി നീങ്ങാതെ കുർബ്ബാനയായിത്തീരണം.
ഡോ. സാജു പൈനാടത്ത് MCBS
MCBS ആശ്രമം, ആനപ്പാറ